Tuesday, May 21, 2019 Last Updated 17 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.06 AM

മറാത്ത മണ്ണില്‍ മോഡിക്കാര്‌ മണികെട്ടും ?

uploads/news/2019/03/294817/d7.jpg

മോഡിയുടെ ഭരണ നേട്ടത്തിനൊപ്പം പാകിസ്‌താനില്‍ നടത്തിയ വ്യോമാക്രമണത്തിലും ഊന്നിയാണ്‌ മഹാരാഷ്‌ട്രയില്‍ ബി.ജെ.പിയുടെ പ്രചാരണം. നോട്ടുനിരോധനവും ജി.എസ്‌.ടിയും അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഗ്രാമീണ കാര്‍ഷിക- ചെറുകിട വ്യാപാര മേഖലയില്‍ സൃഷ്‌ടിച്ച പ്രതിഫലനം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തിയതോടെ തീ പാറുന്ന പോരാട്ടത്തിന്‌ അരങ്ങൊരുങ്ങി കഴിഞ്ഞു.
നയിക്കാന്‍ മോഡിയും പ്രചാരണത്തിനു മോഡിക്കാലത്തെ ഭരണ നേട്ടങ്ങളുമാണ്‌ ബി.ജെ.പി പക്ഷത്തെ കരുത്ത്‌. എന്നാല്‍, പ്രതിപക്ഷ നിരയ്‌ക്ക്‌ കരുത്ത്‌ പകരേണ്ട കോണ്‍ഗ്രസ്‌ ശക്‌തമായ നേതൃത്വമില്ലാതെ വലയുന്നു. ബി.ജെ.പി. - ശിവസേന സഖ്യത്തിന്റെ സീറ്റ്‌ വിഭജനം നേരത്തെ പൂര്‍ത്തീകരിക്കുകയും ഇതുവഴി പ്രചാരണ രംഗത്ത്‌ സജീവമാകാനും സാധിച്ചു. എന്നാല്‍ കോണ്‍ഗ്രസ്‌ - എന്‍.സി.പി സഖ്യത്തിന്റെ സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചിട്ടും തുടരുകയാണ്‌. ആദ്യഘട്ട പ്രചാരണത്തില്‍ ബി.ജെ.പി- സേനാ സഖ്യത്തിന്‌ തന്നെയാണ്‌ മേല്‍ക്കൈ.
പ്രാദേശിക പാര്‍ട്ടികളെ വിഴുങ്ങി സംസ്‌ഥാനങ്ങളില്‍ ആധിപത്യം സ്‌ഥാപിക്കുകയെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷായുടെ തന്ത്രത്തിന്റെ പരീക്ഷണശാല കൂടിയായിരുന്നു മഹാരാഷ്‌ട്ര. ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി മഹാരാഷ്‌ട്രയിലാകെ പടര്‍ന്ന്‌ ആധിപത്യമുറപ്പിച്ച ശിവസേനയെയാണ്‌ ബി.ജെ.പി വിഴുങ്ങിത്തുടങ്ങിയത്‌.
ബാല്‍ താക്കറെയുടെ കാലത്ത്‌ പ്രമോദ്‌ മഹാജനായിരുന്നു സേനയിലേക്കുള്ള ബി.ജെ.പിയുടെ പാലം. താക്കറെയും മഹാജനും വിട പറഞ്ഞതോടെ ഇരു പാര്‍ട്ടിയിലും രൂപപ്പെട്ട തലമുറമാറ്റം കക്ഷി ബന്ധങ്ങളെയും ഉടച്ചുവാര്‍ത്തു. ബാല്‍ താക്കറെയുടെ പിന്‍ഗാമിയായ ഉദ്ധവ്‌ താക്കറെയ്‌ക്ക്‌ മോഡിക്കും അമിത്‌ ഷായ്‌ക്കും മുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ ത്രാണിയില്ലാതായി. ശിവസേനയെ ബി.ജെ.പി പതിയെ വിഴുങ്ങിത്തുടങ്ങി. ഇതോടെ സ്വന്തം തട്ടകത്തില്‍ സേന ക്ഷയിച്ചു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ മത്സരിച്ചെങ്കിലും കേന്ദ്ര മന്ത്രിസഭയില്‍ ഒരംഗത്തെ മാത്രം നല്‍കി മോഡി സേനയെ ഒതുക്കി. അതില്‍ പിന്നെ പ്രതിപക്ഷത്തിന്റെ റോളിലായി ശിവസേന. പ്രതിപക്ഷത്തെക്കാള്‍ കരുത്തോടെ മോഡി സര്‍ക്കാരിനെതിരേ സേന രംഗത്തു വന്നു. ഇതോടെ ബന്ധം വഷളായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതായി മത്സരം.
ഫലം വന്നപ്പോള്‍ ബി.ജെ.പിയായി മുന്നില്‍. നാണക്കേടെങ്കിലും മറ്റൊരു വഴിയുമില്ലാതെ ബി.ജെ.പിക്ക്‌ പിന്തുണ നല്‍കി. ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി നേതാവ്‌ മഹാരാഷ്‌ട്രാ മുഖ്യമന്ത്രി സ്‌ഥാനത്തെത്തി. വിമര്‍ശനം പരിധി വിട്ടതോടെ പിന്തുണ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വെല്ലുവിളി. എന്നാല്‍, ഒന്നും സംഭവിച്ചില്ല. പൊതുതെരഞ്ഞെടുപ്പ്‌ അടുത്തതോടെ ഇരുകൂട്ടര്‍ക്കും സഖ്യം അനിവാര്യമായി.
പകുതിയിലേറെ സീറ്റും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്‌ഥാനവുമായിരുന്നു സേനയുടെ ആവശ്യം. അമിത്‌ ഷാ വാഗ്‌ദാനം ചെയ്‌തതാകട്ടെ 48 ല്‍ 23 സീറ്റ്‌. മുഖ്യമന്ത്രി ആവശ്യത്തില്‍ മിണ്ടാട്ടവുമില്ല. ഗത്യന്തരമില്ലാതെ ഉദ്ധവ്‌ വഴങ്ങിയെങ്കിലും ബന്ധം പഴയപടി ഉഷാറായിട്ടില്ല. താഴെക്കിടയില്‍ ശിവസേനാ- ബി.ജെ.പി. ശത്രുത ശക്‌തമാണ്‌. വീണ്ടും സഖ്യമുണ്ടാക്കിയത്‌ ബി.ജെ.പി ജില്ലാ ഘടകങ്ങളില്‍ പൊട്ടിത്തെറിയുണ്ടാക്കി. എന്നാല്‍, ഇത്‌ മുതലെടുക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ കോണ്‍ഗ്രസും എന്‍.സി.പിയും.
സംഘടനാ ദൗര്‍ബല്യം തന്നെയാണ്‌ കോണ്‍ഗ്രസിന്റെ പ്രധാന ബലഹീനത. പി.സി.സി പ്രസിഡന്റ്‌ അശോക്‌ ചവാനാണ്‌ കോണ്‍ഗ്രസിന്റെ മുന്നണി പോരാളി. 2009 ല്‍ 17 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവലം രണ്ടായി കുറഞ്ഞു. എട്ട്‌ സീറ്റുണ്ടായിരുന്ന എന്‍.സി.പിയുടേതാകട്ടെ പകുതിയായും കുറഞ്ഞു. ഈ സീറ്റുകള്‍ സ്വന്തമാക്കി വിജയകുതിപ്പ്‌ നടത്തിയ ബി.ജെ.പി- ശിവസേനാ സഖ്യം ഇതേ ആധിപത്യം തുടര്‍ന്ന്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നിലനിര്‍ത്തി.അതേസമയം, തെരഞ്ഞെടുപ്പ്‌ അടുത്തതോടെ മറുപക്ഷത്തുനിന്നും നേതാക്കള്‍ ബി.ജെ.പിയിലേക്ക്‌ കൂറുമാറിയെത്തുന്ന പ്രവണത മഹാരാഷ്‌ട്രയിലുമുണ്ട്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും പ്രതിപക്ഷനേതാവുമായ രാധാകൃഷ്‌ണ വിഖെ പാട്ടീലിന്റെ മകന്‍ സുജയ്‌യാണ്‌ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നത്‌. കോണ്‍ഗ്രസ്‌ -എന്‍.സി.പി സീറ്റ്‌ വിഭജന ചര്‍ച്ചയിലെ അതൃപ്‌തിയുണ്‌ ഈ കൂറുമാറ്റത്തിലൂടെ മറനീക്കിയത്‌.
പതിറ്റാണ്ടുകളായി പ്രധാനമന്ത്രി സ്വപ്‌നം കാണുന്ന ശരദ്‌ പവാര്‍, കുടുംബത്തിലെ ഇളം തലമുറയ്‌ക്ക്‌ വഴിയൊരുക്കാന്‍ ഇത്തവണ മത്സര രംഗത്തുനിന്ന്‌ മാറി നില്‍ക്കുകയുമാണ്‌.
എന്‍.സി.പി- കോണ്‍ഗ്രസ്‌ സഖ്യത്തിന്റെ ഭാഗമായി സ്വാധീനമേഖലയായ പാല്‍ഗര്‍ ഉള്‍പ്പെടെ രണ്ട്‌ സീറ്റ്‌ തരപ്പെടുത്താനാണ്‌ സി.പി.എമ്മിന്റെ ശ്രമം. നീക്കം ഫലപ്രദമാകുമെന്ന്‌ സി.പി.എം കരുതുമ്പോഴും സഖ്യത്തിന്റെ സീറ്റ്‌ വിഭജനം എങ്ങുമെത്തിയിട്ടില്ല. 44 സീറ്റില്‍ ധാരണയായെന്ന്‌ അനൗദ്യോഗികമായി നേതാക്കള്‍ പറയുമ്പോഴും അഹമ്മദ്‌ നഗര്‍ അടക്കമുള്ള മണ്ഡലങ്ങളുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്‌. എന്‍.സി.പിയുടെ മണ്ഡലമായ അഹമ്മദ്‌ നഗറിന്‌ കോണ്‍ഗ്രസ്‌ അവകാശവാദം ഉന്നയിച്ചതോടെ ചര്‍ച്ച വഴിമുട്ടി.
കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി വമ്പന്‍ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചതിന്റെ ഗുണം വോട്ടാകുമെന്ന പ്രതീക്ഷയിലാണ്‌ സി.പി.എം. എന്നാല്‍, കര്‍ഷക പ്രക്ഷോഭത്തിന്‌ തുടക്കമിട്ട മേഖലയില്‍ തൊട്ടുപിന്നാലെ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരാന്‍ സാധിച്ചത്‌ ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്‌. പൊതുവേദിയില്‍ പ്രധാനമന്ത്രി മോഡിയെ പുകഴ്‌ത്തി സംസാരിച്ച സംസ്‌ഥാന സെക്രട്ടറിയെ സസ്‌പെന്‍ഡ്‌ ചെയ്യേണ്ടിവന്ന നാണക്കേടിലാണ്‌ സി.പി.എം.
കഴിഞ്ഞ തവണ നിര്‍ണായക ശക്‌തിയായിരുന്ന രാജ്‌ താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മാണ സേന (എം.എന്‍.എസ്‌.) അഞ്ചു വര്‍ഷം കൊണ്ട്‌ ഉപ്പുവെച്ച കലം പോലെയായി. പുനെ, താനെ, നാസിക്‌, മുംബൈ മേഖലകളിലെല്ലാം സ്വാധീനമുണ്ടായിരുന്ന എം.എന്‍.എസിനെ ഇക്കാലം കൊണ്ട്‌ ബി.ജെ.പി വിഴുങ്ങി. ചിലര്‍ ശിവസേനയിലേക്കും മാറി. ഇതോടെ മത്സര രംഗത്തിറങ്ങാന്‍ പോലും ശേഷിയില്ലാതായി പാര്‍ട്ടിക്ക്‌. കഴിഞ്ഞ തവണ ബി.ജെ.പിയോട്‌ ഉടക്കിയ ശിവസേനയെ മാറ്റി നിര്‍ത്തി രാജ്‌ താക്കറെയുമായി രഹസ്യ ചര്‍ച്ച നടത്തിയ നിതിന്‍ ഗഡ്‌കരിയായിരുന്നു ഉദ്ധവ്‌ താക്കറെയുടെ കണ്ണിലെ കരട്‌. ഇത്തവണ മുഖ്യശത്രു മോഡിയായതോടെ ഗഡ്‌കരി മിത്രമായി. മോഡിക്ക്‌ പകരം ഗഡ്‌കരി പ്രധാനമന്ത്രിയാകണമെന്നു വരെ ഉദ്ധവ്‌ നിലപാടെടുത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ വേളയില്‍ നിതിന്‍ ഗഡ്‌കരിയും ഗോപിനാഥ്‌ മുണ്ടെയും തമ്മിലുള്ള ചേരിപ്പോരായിരുന്നു ബി.ജെ.പിയുടെ തലവേദന. മുണ്ടെയുടെ അപകടമരണം സ്‌ഥിതിഗതികള്‍ മാറ്റി. ഗഡ്‌കരിയും പീയൂഷ്‌ ഗോയലും ഒന്നിച്ചുനിന്നാണ്‌ ശിവസേനയെ വരുതിയിലാക്കിയത്‌.
ദളിത്‌ പാര്‍ട്ടിയായ റിപ്പബ്ലിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (അത്താവാല), രാജു ഷെട്ടി നേതൃത്വം നല്‍കുന്ന സ്വാഭിമാനി ഷേത്‌കാരി സംഘടന എന്നിവ കഴിഞ്ഞ തവണ ബി.ജെ.പി -ശിവസേന സഖ്യത്തിന്റെ ഭാഗമായിരുന്നു. ഇത്തവണ ഇവര്‍ക്കൊന്നും സീറ്റില്ല. സ്വാഭിമാന ഷേത്‌കാരി പാര്‍ട്ടി കോണ്‍ഗ്രസിനോട്‌ രണ്ടു സീറ്റ്‌ ചോദിച്ചെങ്കിലും ഒരെണ്ണം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.
പ്രകാശ്‌ അംബേദ്‌കറുടെ ബാരിപ ബഹുജന്‍ മഹാ സംഘ്‌ കോണ്‍ഗ്രസിനോട്‌ 12 സീറ്റായിരുന്നു ആവശ്യപ്പെട്ടത്‌. കോണ്‍ഗ്രസ്‌ കൈ മലര്‍ത്തിയതോടെ 20 സീറ്റില്‍ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ തനിച്ച്‌ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്‌ പാര്‍ട്ടി. കഴിഞ്ഞ തവണ കാടിളക്കി പ്രചാരണം നയിച്ച ആം ആദ്‌മി പാര്‍ട്ടി മഹാരാഷ്‌ട്രയില്‍ ഇത്തവണ ചിത്രത്തിലേയില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ മാത്രം ശേഷിക്കെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം ഇരുപക്ഷത്തിനും നിര്‍ണായകമാണ്‌. നിയമസഭ പിരിച്ചുവിട്ട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ മോഡിയ്‌ക്കും ഷായ്‌ക്കും താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഫട്‌നാവിസ്‌ അനുകൂല നിലപാട്‌ സ്വീകരിച്ചില്ല. ബാലാകോട്ടിലെ മിന്നലാക്രമണം സംസ്‌ഥാനത്ത്‌ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്‌. റാഫേലില്‍ മോഡിക്ക്‌ നേരത്തെ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി വിവാദത്തിലായ ശരദ്‌ പവാര്‍, മിന്നലാക്രമണത്തിലും മോഡിക്ക്‌ അനുകൂല നിലപാടാണ്‌ സ്വീകരിച്ചത്‌. ആര്‍.എസ്‌.എസിന്റെ ജന്മഭൂമിയായ മഹാരാഷ്‌ട്രയില്‍ മോഡിയെ പ്രതിരോധിക്കാന്‍ ആയുധം തികയാത്ത അവസ്‌ഥയിലാണ്‌ പ്രതിപക്ഷം.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 16 Mar 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW