Sunday, June 16, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 02.02 PM

ആ സിനിമയില്‍ നായകനായതോടെ ഒന്നര വര്‍ഷം വീട്ടിലിരുന്നു- സിനിമയി​ലെ മറിമായത്തെപ്പറ്റി മണികണ്ഠന്‍ പട്ടാമ്പി

മണികണ്ഠന്‍ പട്ടാമ്പി സിനിമയില്‍ ചുവടുറപ്പിക്കാന്‍ പ്രയത്‌നിക്കുകയാണ്. സിനിമയിലേക്ക് വന്നിട്ട് 17 വര്‍ഷം പിന്നിടുമ്പോഴും സിനിമയെന്ന മാസ്മരിക ലോകത്ത് പിടിച്ചു നില്‍ക്കാന്‍ നിരന്തരശ്രമം അനിവാര്യമാണെന്ന സാക്ഷ്യപത്രമാണ് മണികണ്ഠന്‍ പട്ടാമ്പി.
uploads/news/2019/03/294749/CiniINWmanikandhanpattabi15.jpg

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയം പഠിച്ച്, നടനവൈഭവം എന്തെന്ന് പ്രാക്ടിക്കലായും തിയററ്റിക്കലായും ഹൃദിസ്ഥമാക്കിയ ശേഷമാണ് മണികണ്ഠന്‍ ക്യാമറയുടെ മുന്നിലെത്തിയത്. ചെറുപ്പം മുതല്‍ക്കേ തിയറിറ്റിക്കല്‍ അനുഭവങ്ങളെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മണികണ്ഠന് സിനിമയെന്ന മാധ്യമത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശരിക്കും പ്രയാസപ്പെടേണ്ടി വന്നു.

മറിമായം എന്ന ടെലിവിഷന്‍ പരിപാടിയുടെ ഭാഗമായില്ലായിരുന്നുവെങ്കില്‍ മണികണ്ഠന്‍ പട്ടാമ്പി ഒന്നുമാവില്ലായിരുന്നുവെന്ന് ഈ അഭിനേതാവ് സ്വയം വിലയിരുത്തുന്നു. സിം എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചതിന്റെ പേരില്‍ സിനിമയില്‍ അവസരമില്ലാതെ ഒന്നര വര്‍ഷമാണ് മണികണ്ഠന് വീട്ടിലിരിക്കേണ്ടി വന്നത്.

തീവ്രമായ അനുഭവങ്ങളുടെ കരിക്കുലത്തില്‍ നിന്നും സ്വായത്തമാക്കിയ യാഥാര്‍ത്ഥ്യബോധത്തില്‍ നിലയുറപ്പിച്ചുകൊണ്ടാണ് മണികണ്ഠന്‍ പട്ടാമ്പി സിനിമയുടെ ഭാഗമാകുന്നത്. മറിമായത്തിലൂടെ കേരളത്തിലെ കുടുംബസദസ്സുകള്‍ക്ക് പ്രിയങ്കരനായ മണികണ്ഠന്‍ പട്ടാമ്പി സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്.കൊല്ലത്ത് തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു മണികണ്ഠന്‍ പട്ടാമ്പിയെ കണ്ടത്.

സമീപകാല സിനിമകളില്‍ സജീവമാവുകയാണോ?


സജീവമാകാന്‍ ആഗ്രഹമുണ്ട്. സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ലഭിക്കണമെന്നുണ്ട്. ഞാന്‍ മേരിക്കുട്ടിയില്‍ പോലീസുകാരന്റെ വേഷമായിരുന്നു. നന്നായി ചെയ്തു എന്ന അഭിപ്രായമാണ് എനിക്കുണ്ടായത്. ഇപ്പോള്‍ തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയില്‍ അര്‍ജുനന്‍ എന്ന നായകന്റെ അച്ഛനായാണ് അഭിനയിക്കുന്നത്.

ടിവി പ്രോഗ്രാമുകളും സിനിമയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നുണ്ടോ?


ബുദ്ധിമുട്ടാണ്. സിനിമയില്‍ സജീവമായി നിലയുറപ്പിക്കാന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ടെലിവിഷന്‍ പരിപാടികളില്‍ നിന്നും ഞാന്‍ മാറി നില്‍ക്കുകയാണ്. 200 എപ്പിസോഡ് പിന്നിട്ട അളിയന്‍ വേഴ്‌സസ് അളിയന്‍ ഞാനിപ്പോള്‍ ചെയ്യുന്നില്ല. മറിമായം മാത്രമാണ് ഇപ്പോള്‍ ചെയ്യുന്ന ഏക പ്രോഗ്രാം.

ലൈഫ് ഉണ്ടാക്കിയ മറിമായം നല്‍കുന്ന ആത്മസംതൃപ്തി?


വല്ലാത്ത സംതൃപ്തി തന്നെയാണ്. മറിമായത്തില്‍ വന്നില്ലായിരുന്നെങ്കില്‍ മണികണ്ഠന്‍ പട്ടാമ്പി എന്ന നടനെ ആരും അറിയില്ലായിരുന്നു. ഞാന്‍ അഭിനയം അല്ലാതെ മറ്റെന്തെങ്കിലും ജോലി തേടി പോകുമായിരുന്നു. അന്നും ഇന്നും എന്നെ നിലനിര്‍ത്തുന്നത് മറിമായമാണ്.

മറിമായത്തിലെ ഓരോ എപ്പിസോഡിലും വ്യത്യസ്ത കഥാപാത്രങ്ങളുടെ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാന്‍ ഹോംവര്‍ക്ക് വേണ്ടിവരാറുണ്ടോ?


മറിമായത്തിലെ കഥാപാത്രങ്ങള്‍ നമ്മുടെ ഇടയിലുള്ളവരാണ്. ഞാന്‍ പ്രധാനമായും അവതരിപ്പിക്കുന്ന മാഷ് വ്യത്യസ്തനായിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കാരണം, നമ്മുടെ മനസ്സില്‍ മാഷ് എന്ന് ചിന്തിക്കുമ്പോള്‍ ഒരുപാട് മാഷുമാര്‍ കടന്നുവരാറില്ലേ. അവരില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മാഷിന് ജീവന്‍ നല്‍കുമ്പോഴാണ് പ്രേക്ഷകര്‍ക്ക് സന്തോഷം ഉണ്ടാകുന്നത്.

സമകാലീനപ്രശ്‌നങ്ങളാണ് മറിമായത്തിലെ വിഷയങ്ങള്‍ എങ്കിലും ഒരിക്കലും നെഗറ്റീവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാറില്ല. ദ്വയാര്‍ഥ പ്രയോഗമുള്ള വള്‍ഗര്‍ ഡയലോഗുകള്‍ പോലും ഉപയോഗിക്കാറില്ല. ഞങ്ങള്‍ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും ചര്‍ച്ചചെയ്ത് ഇംപ്രവൈസ് ചെയ്താണ് ക്യാമറയ്ക്കുമുന്നില്‍ അഭിനയിക്കാറുള്ളത്.

മണ്‍കോലങ്ങള്‍, സിം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായ മണികണ്ഠന് സിനിമയില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ലേ?


ഓരോ സിനിമയും നല്‍കുന്നത് ഓരോ പാഠങ്ങള്‍ ആണ്. നായകനായതോടെ സിനിമയില്‍ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. അതിനുമുമ്പ് എല്ലാ മാസവും ഒരു സിനിമയിലെങ്കിലും അവസരം ലഭിക്കുമായിരുന്നു. സിം ചെയ്ത ശേഷം ഒന്നര വര്‍ഷമാണ് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ ആയത്.
സിനിമയില്‍ കഴിവല്ല പ്രധാനം, ഭാഗ്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭാഗ്യം ഉണ്ടാകുമ്പോള്‍ എല്ലാം താനേ സംഭവിക്കും.

അവസരങ്ങള്‍ ലഭിക്കാതായപ്പോള്‍ തിരക്കഥാരചനയിലും ശ്രദ്ധിച്ചിരുന്നോ?


സിനിമയ്ക്ക് അനുയോജ്യമായ വിഷയങ്ങള്‍ എന്റെ മനസ്സില്‍ എപ്പോഴുമുണ്ട്. ആകെ അറിയാവുന്ന തൊഴില്‍ അഭിനയമാണ്. അതില്ലാതെയാകുമ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകണ്ടേ. മണ്‍കോലങ്ങള്‍ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി കഥ എഴുതിയത്. അന്താരാഷ്ര്ടതലത്തില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മണികണ്ഠന്‍ കഥയെഴുതിയ ഓടും രാജ ആടും റാണി എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായ സ്ത്രീവേഷമായി അഭിനയിച്ചത് മണികണ്ഠന്‍ ആയിരുന്നല്ലോ?


അതെ, എന്റെ സുഹൃത്ത് പറഞ്ഞ കാര്യത്തില്‍ നിന്നാണ് ഓടും രാജ ആടും റാണിയുടെ ഇതിവൃത്തം ഉണ്ടായത്. രണ്ടു സുഹൃത്തുക്കള്‍ ഒരു മുറിയില്‍ ഒരുമിച്ച് താമസിക്കുകയും അതിലൊരാള്‍ സ്‌ത്രൈണ ഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന രസകരമായ കഥയാണ് ഈ ചിത്രത്തിലേത്.

തമ്പുരു എന്ന സ്‌ത്രൈണ ഭാവമുള്ള കഥാപാത്രമായാണ് ഞാന്‍ അഭിനയിച്ചത്. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയി. ഞാന്‍ മേരിക്കുട്ടി ജയസൂര്യ എന്ന നടന്‍ ചെയ്തത് കൊണ്ട് മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. അറിയപ്പെടാത്ത ആരെങ്കിലും അഭിനയിച്ചിരുന്നൂവെങ്കില്‍ പരാജയപ്പെടുമായിരുന്നു. ഇതേ അവസ്ഥ തന്നെയാണ് നാലുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഓടും രാജ ആടും റാണിയ്ക്കും സംഭവിച്ചത്. എന്റെ മനസ്സിനെ ഏറെ ഇഷ്ടപ്പെട്ട ഈ ചിത്രം തമിഴില്‍ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല.

പുതിയ സിനിമകള്‍ക്ക് വേണ്ടിയുള്ള കഥയെഴുത്ത്?


ഇപ്പോള്‍ സിനിമാഭിനയത്തിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. എങ്കിലും പുതിയ സിനിമയ്ക്കുള്ള സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചാണയിലൂടെ കത്രിക മൂര്‍ച്ച കൂട്ടി ജീവിക്കുന്നവരുടെ കഥയാണിത്. ചാണയെന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍.

പുതിയ സിനിമകള്‍?


ഞാന്‍ കേന്ദ്രകഥാപാത്രമായി ചെയ്യുന്ന ചിത്രമാണ് രമേശന്‍ ഒരു പേരല്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സുജിത് വിഘ്‌നേശ്വരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഊബര്‍ ടാക്‌സി ഡ്രൈവറായ രമേശന്റെ ഒരു ദിവസത്തെ ജീവിതമാണ് ഇതിവൃത്തമാവുന്നത്. ഒരുപാട് അഭിനയ സാധ്യതകളുള്ള നല്ലൊരു കഥാപാത്രമാണ്.

ക്യാമറയുടെ മുന്നിലെത്തിയിട്ട് 17 വര്‍ഷം പിന്നിടുമ്പോള്‍ അവഗണനകളൊക്കെ അതിജീവിച്ച് പിടിച്ചു നില്‍ക്കാനുള്ള ആത്മധൈര്യത്തെക്കുറിച്ച്?


അത്തരമൊരു ആത്മധൈര്യം പകര്‍ന്നു തന്നത് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനമാണ്. ആരുടെ മുന്നിലും ഏത് കഥാപാത്രമായും അഭിനയിച്ച് ഫലിപ്പിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും ഞാന്‍ എന്ന നടനെ പ്രാപ്തനാക്കിയത് സ്‌കൂള്‍ ഓഫ് ഡ്രാമയാണ്.

മലയാള സിനിമയിലേക്ക് കടന്നുവന്ന പുതിയ പ്രതിഭകളെക്കുറിച്ച്?


മലയാള സിനിമയില്‍ പുതിയ ചിന്തകളുമായി കടന്നു വന്ന ഒരുപാട് പ്രതിഭകളുണ്ട്. ഇത്തരം ചെറുപ്പക്കാര്‍ സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. വമ്പന്‍ താരങ്ങളില്ലാത്ത പുതിയ ചിന്തകള്‍ക്ക് പിറവി നല്‍കുന്ന ആശയങ്ങള്‍ മലയാള സിനിമയുടെ പൂക്കാലമായി മാറുകയാണ്. അങ്കമാലി ഡയറീസ്, സുഡാനി ഫ്രം നൈജീരിയ എന്നിവയൊക്കെ എന്നെ അത്ഭുതപ്പെടുത്തിയ സിനിമകളാണ്.

ഇനിയുളള സ്വപ്നം?


സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. സിനിമയില്‍ 30% കഴിവും 80% ഭാഗ്യമാണെന്നാണ് എന്റെ വിശ്വാസം. ഭാഗ്യം വരുമ്പോള്‍ എല്ലാം ശരിയാകും.

കുടുംബം?


ഭാര്യ ജലജ. മൂത്തമകള്‍ പെരിന്തല്‍മണ്ണ ആല്‍ഫാ കോളേജില്‍ ബി.ഫാമിന് പഠിക്കുന്നു. രണ്ടാമത്തെയാള്‍ ശ്രേയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥയാണ്. എറണാകുളം തൃപ്പൂണിത്തുറ വടക്കേകോട്ടയിലാണ് ഞാന്‍ താമസിക്കുന്നത്.

കഴിവ് തെളിയിക്കാന്‍ സ്വന്തമായി സിനിമ ചെയ്യണം:

മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. ഇന്ന് സൗഹൃദക്കൂട്ടായ്മകളിലൂടെയാണ് സിനിമ പിറവിയെടുക്കുന്നത്. എന്നെ സംബന്ധിച്ച് പുതിയ ജനറേഷനിലെയും പഴയ ജനറേഷനിലെയും സിനിമാക്കാരുമായി വേണ്ടത്ര സൗഹൃദമില്ല. അതുകൊണ്ടുതന്നെ എനിക്ക് അവസരങ്ങള്‍ ലഭിക്കണമെന്നില്ല.

സൗഹൃദ കൂട്ടായ്മകളിലൂടെ പിറവിയെടുക്കുന്ന സിനിമകളാകട്ടെ, പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കുന്നത്. നമുക്ക് സ്വന്തമായി ഗ്രൂപ്പുകള്‍ ഉണ്ടായാല്‍ സ്വന്തം സിനിമകള്‍ ചെയ്യാം. ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ പട്ടാമ്പിക്കാരനായ മണികണ്ഠന് സിനിമകള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. കഴിവുള്ളവരെ രക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

അഭിനയിക്കാന്‍ കഴിവുള്ളവര്‍ തന്നെ കഴിവ് തെളിയിക്കാന്‍ സ്വന്തമായി സിനിമയെടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ മലയാളസിനിമയില്‍ രൂപംകൊണ്ടിട്ടുള്ള ഗ്രൂപ്പുകള്‍ നല്ല സിനിമകള്‍ക്ക് പിറവി നല്‍കുന്നതിലൂടെ പുതിയ താരങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതില്‍ അതിയായ സന്തോഷവുമുണ്ട്.

എം.എസ്.ദാസ് മാട്ടുമന്ത
വിഷ്ണു ക്യാപ്ച്ചര്‍ ലൈഫ്

Ads by Google
Ads by Google
Loading...
TRENDING NOW