Tuesday, May 21, 2019 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.37 AM

മസൂദ്‌ അസര്‍: ഇന്ത്യ സമ്മര്‍ദ്ദം തുടരണം

uploads/news/2019/03/294712/editorial.jpg

പാകിസ്‌താനിലിരുന്ന്‌ ഇന്ത്യക്കെതിരേ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദ്‌ തലവന്‍ മസൂദ്‌ അസറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കം വീണ്ടും ചൈന യു.എന്‍. രക്ഷാ സമിതിയില്‍ തടഞ്ഞിരിക്കുകയാണ്‌. വിഷയം ചര്‍ച്ചയ്‌ക്ക്‌ വരുമ്പോള്‍ തന്നെ ചൈനയുടെ നിലപാട്‌ ഇതായിരിക്കുമെന്നു കരുതിയിരുന്നതാണ്‌.

കാരണം ഇതിനു മുന്‍പ്‌ മൂന്നു തവണ ഈ ആവശ്യം വന്നപ്പോഴും ചൈന രക്ഷാ സമിതിയില്‍ എതിര്‍ത്തു. സ്‌ഥിരാംഗം എതിര്‍ത്തതിനാല്‍ ആവശ്യം തള്ളിപ്പോവുകയും ചെയ്‌തു. ജെയ്‌ഷെ മുഹമ്മദിനെ യു.എന്‍. ഭീകരസംഘടനയുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും വ്യക്‌തികളെ കരിമ്പട്ടികയില്‍ പെടുത്തുന്നതു സംബന്ധിച്ച്‌ ചൈനയ്‌ക്കു പ്രത്യേക നയമുണ്ടെന്നും പറഞ്ഞാണു ചൈന ഇന്ത്യന്‍ ആവശ്യത്തെ എതിര്‍ക്കുന്നത്‌. രക്ഷാസമിതിയിലെ മറ്റു നാല്‌ അംഗങ്ങളും ഇന്ത്യയുടെ നിലപാടിനെ അംഗീകരിക്കുന്നവരാണ്‌. കരിമ്പട്ടികയില്‍ പെടുത്തിയാല്‍ മസൂദ്‌ അസറിന്‌ യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തുകയും സ്വത്ത്‌ കണ്ടുകെട്ടുകയും ചെയ്യേണ്ടതുണ്ട്‌. ഏറ്റവുമടുത്ത കൂട്ടാളി എന്നനിലയില്‍ പാകിസ്‌താന്റെ താത്‌പര്യത്തിന്‌ എതിരുനില്‍ക്കാന്‍ തയാറല്ലെന്നു ചൈന വീണ്ടും വ്യക്‌തമാക്കിയിരിക്കുകയാണ്‌.

പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തിയപ്പോള്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം ചൈനയും അതിനെ അപലപിച്ചതാണ്‌. എന്നാല്‍, അതോടെ തീര്‍ന്നു ചൈനയുടെ പ്രതികരണം. മേഖലയിലെ തങ്ങളുടെ ഏറ്റവും വലിയ എതിരാളി എന്ന നിലയില്‍ ഇന്ത്യയെ കാണുന്നതിനാല്‍ അവര്‍ക്ക്‌ എന്നും പാകിസ്‌താന്‍ പ്രിയങ്കര രാജ്യമാണ്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ്‌ ൈപ്രസ്‌ഡന്റ്‌ ഷീ ചിന്‍പിങ്ങും പലതവണ ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും പാകിസ്‌താനെ തുണയ്‌ക്കാനുള്ള ഒരോ അവസരവും അവര്‍ വിട്ടുകളയാറില്ല. പാകിസ്‌താന്റെ വ്യോമസേനയില്‍ ഏറ്റവും അധികമുള്ള വിമാനങ്ങളില്‍ ഒന്ന്‌ ചൈനീസ്‌ നിര്‍മിതമായ ജെ.എഫ്‌. 17 ആണ്‌. ഇന്ത്യ ബാലാകോട്ടില്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യന്‍ വ്യോമ അതിര്‍ത്തി ലംഘിക്കാനെത്തിയ പാക്‌ വിമാനങ്ങളില്‍ ജെ.എഫ്‌. 17ഉം ഉണ്ടായിരുന്നു. അനേകം വികസന പ്രവര്‍ത്തനങ്ങളും ചൈന പാകിസ്‌താനില്‍ നടത്തുന്നു. ഇതെല്ലാംകൊണ്ട്‌ പാകിസ്‌താനെ തുണയ്‌ക്കുന്ന നടപടിയേ അവര്‍ കൈക്കൊള്ളൂ.

ബുദ്ധമതാചാര്യന്‍ ദൈലലാമയെ ഇന്ത്യ സംരക്ഷിക്കുന്നതില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ്‌ വെളിവാക്കാനും ചൈന ഈ വിഷയം ഉപയോഗിക്കുന്നുണ്ട്‌. ദൈലലാമയെ അവര്‍ തീവ്രവാദി നേതാവായാണു കാണുന്നത്‌. അദ്ദേഹത്തെ ഇന്ത്യ സംരക്ഷിക്കുമ്പോള്‍ ഇന്ത്യക്ക്‌ തലവേദനയായ തീവ്രവാദി നേതാവിനെ സംരക്ഷിക്കുന്ന രാജ്യത്തെ പിന്തുണയ്‌ക്കും എന്നതാണ്‌ അവരുടെ ന്യായം. ചൈന ഈ നിലപാട്‌ തുടരും തോറും യു.എന്നിന്റെ ഇടപെടലിലൂടെ മസൂദ്‌ അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താം എന്നു കരുതേണ്ട. അസറിന്‌ സംരക്ഷണം നല്‍കുന്നതില്‍നിന്നു പാകിസ്‌താനെ പിന്തിരിപ്പിക്കാന്‍ രാജ്യാന്തര സമ്മര്‍ദം ചെലുത്തുക എന്നതാണ്‌ ഇന്ത്യ ഇനി ചെയ്യേണ്ടത്‌.

Ads by Google
Friday 15 Mar 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW