Friday, March 15, 2019 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.29 AM

തട്ടിക്കൊണ്ടുപോയി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്‌റ്റില്‍

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ അറസ്‌റ്റില്‍. കരമന കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ(21) ആണ്‌ കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തിയത്‌. കൊഞ്ചിറവിള സ്വദേശികളായ കിരണ്‍ കൃഷ്‌ണ (ബാലു), മുഹമ്മദ്‌ റോഷന്‍, അരുണ്‍ബാബു, അഭിലാഷ്‌, റാം കാര്‍ത്തിക്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പ്രതികളെല്ലാവരും ലഹരിക്ക്‌ അടിമകളാണ്‌.
എട്ടുപേര്‍കൂടി പിടിയിലാകാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും സിറ്റി പോലീസ്‌ കമ്മിഷണര്‍ സഞ്‌ജയ്‌ കുമാര്‍ ഗരുഡ്‌ പറഞ്ഞു. ഇവര്‍ തമിഴ്‌നാട്ടിലേക്ക്‌ കടന്നിട്ടുണ്ടാകുമെന്നാണ്‌ പോലീസ്‌ നിഗമനം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മയക്കുമരുന്ന്‌ റാക്കറ്റിലെ കണ്ണികളാണെന്നാണു പോലീസിന്‌ ലഭിച്ച വിവരം. ഉത്സവത്തോടനുബന്ധിച്ച അടിപിടി കേസ്‌ മാത്രമല്ല സംഭവത്തിനു പിന്നിലെന്നാണു പോലീസ്‌ നിഗമനം.
അനന്തുവിന്റെ രണ്ടു കൈഞരമ്പുകളും മുറിച്ചതായും കണ്ണുകളില്‍ സിഗരറ്റുവച്ച്‌ പൊള്ളിച്ചതായും തലയിലും കൈയിലുമടക്കം ആഴത്തില്‍ അഞ്ചു പരുക്കുകള്‍ ഉണ്ടെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. മര്‍ദനമേറ്റു തലയോട്‌ തകര്‍ന്നതാണ്‌ മരണകാരണമെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. കരിക്ക്‌, കല്ല്‌, കമ്പ്‌ എന്നിവ ഉപയോഗിച്ചാണു മര്‍ദിച്ചതെന്നും മൂന്നുമണിക്കൂറോളം അനന്തുവിനെ ക്രൂരമര്‍ദനത്തിനിരയാക്കിയെന്നും പ്രതികള്‍ പോലീസിനു മൊഴി നല്‍കി. തിങ്കളാഴ്‌ച വൈകിട്ട്‌ നാലരയ്‌ക്കാണ്‌ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്‌. പ്രതികള്‍ നീറമണ്‍കരയിലെ കാട്ടിനുള്ളിലിരുന്ന്‌ കഞ്ചാവ്‌ ഉപയോഗിക്കുന്നുവെന്നും ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അതിനിടെ കൊലപാതകം നടത്തിയ സ്‌ഥലത്തുവച്ച്‌ മുഖ്യപ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചു. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടു മുമ്പ്‌ നടന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ്‌ പുറത്തു വന്നത്‌. കൊലപാതകത്തിനുശേഷം അനന്തുവിന്റെ മൃതദേഹം ഉപേക്ഷിച്ചതും ഇതേ സ്‌ഥലത്തുവച്ചാണ്‌.

Ads by Google
Friday 15 Mar 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW