Friday, March 15, 2019 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.11 AM

ജോസഫിനെ ഇടുക്കിയില്‍ പൊതുസ്വതന്ത്രനാക്കാന്‍ കോണ്‍ഗ്രസ്‌ ആലോചന

uploads/news/2019/03/294640/k1.jpg

തൊടുപുഴ : കോട്ടയത്തെ സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ മാണിഗ്രൂപ്പുമായി ഇടഞ്ഞ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പി.ജെ. ജോസഫിനെ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്‌. പൊതുസ്വതന്ത്രനാക്കാന്‍ നീക്കം സജീവം. ജോസഫിനെ കൈയൊഴിഞ്ഞാല്‍ മറ്റുസീറ്റുകളിലെ വിജയസാധ്യതയെ ബാധിക്കുമെന്നതിനാലാണ്‌ കോണ്‍ഗ്രസ്‌ നീക്കം. എന്നാല്‍ ഇതുസംബന്ധിച്ച്‌ കോണ്‍ഗ്രസോ യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളോ ഔദ്യോഗിക നിലപാട്‌ വ്യക്‌തമാക്കിയിട്ടില്ല. അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണു നടക്കുന്നത്‌. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിപ്രഖ്യാപനത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനൊപ്പം ഇടുക്കിയില്‍ പി.ജെ. ജോസഫിനുള്ള വിജയസാധ്യത കൂടി മുന്നില്‍ക്കണ്ടാണ്‌ ഒത്തുതീര്‍പ്പു ഫോര്‍മുലയ്‌ക്കുള്ള നീക്കം.
കേരളാ കോണ്‍ഗ്രസിന്‌ രണ്ടു സീറ്റെന്ന അവസ്‌ഥ ഉണ്ടാകാതിരിക്കാനാണ്‌ പൊതുസ്വതന്ത്രനെന്ന ആശയം മുന്നോട്ടുവച്ചതെന്നു കരുതുന്നു. മൂന്നു സീറ്റിനായി അവകാശമുന്നയിച്ച മുസ്ലിം ലീഗിന്‌ രണ്ടു സീറ്റേ നല്‍കിയിരുന്നുള്ളൂ. ജോസഫിന്‌ ഇത്തരത്തില്‍ സീറ്റ്‌ നല്‍കുന്നതിന്റെ സാംഗത്യം അവരെയും ധരിപ്പിക്കേണ്ടതുണ്ട്‌. ഇന്നു ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയ്‌ക്കുശേഷമേ ജോസഫിന്റെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകൂ.
ജോസഫിനെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കുന്നതിന്‌ കടമ്പകള്‍ ഏറെയുണ്ട്‌. കൂറുമാറ്റനിയമപ്രകാരം അയോഗ്യതാവിഷയം നിലനില്‍ക്കുന്നതിനാല്‍ പരിഹാരം കാണാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ കെ.എം. മാണിയുമായി ചര്‍ച്ച നടത്തിയേക്കും. രണ്ടിലയില്‍ മത്സരിക്കില്ലെന്നും സ്‌ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചാല്‍ അതിനുശേഷം നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച്‌ നടപടിയെടുക്കുമെന്നുമാണ്‌ പി.ജെ. ജോസഫിനോടടുത്ത വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്‌.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ പി.ജെ. ജോസഫ്‌ കോണ്‍ഗ്രസ്‌ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തന്നെ അപമാനിച്ചെന്നും ഒറ്റയ്‌ക്ക്‌ യു.ഡി.എഫില്‍ നില്‍ക്കണമെന്നുമാണ്‌ ജോസഫ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ ഈ നിലയില്‍ തുടരണമെന്നായിരുന്നു യു.ഡി.എഫ്‌. നേതാക്കളുടെ നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണിക്കും ജോസഫിനു ഒരേ തരത്തില്‍ സീറ്റ്‌ നല്‍കാമെന്നു ചര്‍ച്ചയില്‍ നേതാക്കള്‍ വാഗ്‌ദാനം നല്‍കിയിരുന്നു. പി.ജെ. ജോസഫിന്‌ ഇടുക്കി നല്‍കിയാല്‍ കോണ്‍ഗ്രസിനുള്ളിലും എതിര്‍പ്പുയരാനിടയുണ്ട്‌. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നിയോജക മണ്ഡലം പകരം ചോദിക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയരാനിടയുണ്ട്‌.

വിനോദ്‌ കണ്ണോളി

Ads by Google
Friday 15 Mar 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW