Friday, March 15, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.00 AM

അസറിനെതിരായ നീക്കം ചൈന തടഞ്ഞു; മറ്റു വഴികള്‍ നോക്കുമെന്ന്‌ അമേരിക്ക

uploads/news/2019/03/294551/in2.jpg

ബെയ്‌ജിങ്‌/ന്യൂഡല്‍ഹി: പാക്‌ ഭീകരന്‍ മസൂദ്‌ അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം യു.എന്‍. രക്ഷാസമിതിയില്‍ ചൈന തടഞ്ഞു. ഇതു രക്ഷാസമിതിയില്‍ കടുത്ത അമര്‍ഷത്തിന്‌ ഇടയാക്കിയതിനു പിന്നാലെ, അസറിനെതിരേ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌.
പാക്‌ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവനായ അസറിനെ ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്താനുള്ള നീക്കത്തിനു നാലാം തവണയാണു ചൈന തടയിടുന്നത്‌. അസറിനെതിരായ നടപടികളെക്കുറിച്ചു കൂടുതല്‍ വിശകലനം ആവശ്യമാണെന്നും എല്ലാവര്‍ക്കും സ്വീകാര്യവും സ്‌ഥായിയായതുമായ പ്രശ്‌നപരിഹാരത്തിനു കൂടുതല്‍ ചര്‍ച്ച വേണമെന്നുമുള്ള ന്യായമാണു ചൈന ഉന്നയിച്ചത്‌.
ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ഇന്ത്യയടക്കം ബന്ധപ്പെട്ട എല്ലാവരും തമ്മിലുള്ള ആശയവിനിമയം ഏകോപിപ്പിക്കാന്‍ തയാറാണെന്നു ചൈനീസ്‌ വിദേശകാര്യ വക്‌താവ്‌ ലു കാങ്‌ അവകാശപ്പെട്ടു.
ഫ്രാന്‍സ്‌, യു.കെ, യു.എസ്‌. എന്നിവര്‍ സംയുക്‌തമായി അവതരിപ്പിച്ച പ്രമേയത്തിനാണു സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച്‌ ചൈന തടയിട്ടത്‌. ഇതില്‍ ഇന്ത്യ കടുത്ത നിരാശ രേഖപ്പെടുത്തി.
ഇന്ത്യക്കെതിരേ ആക്രമണം നടത്തുന്ന ഭീകരസംഘടനകളുടെ നേതാക്കളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ലഭ്യമായ എല്ലാ വേദികളിലും ശ്രമം നടത്തും. പുല്‍വാമയില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടനയ്‌ക്കെതിരേ നടപടിയെടുക്കാനുള്ള രാജ്യാന്തര സമൂഹത്തിന്റെ നീക്കമാണു തടയപ്പെട്ടതെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ചൈനയുടെ സമീപനത്തിനെതിരേ അസാധാരണമായ കടുപ്പമുള്ള പ്രതികരണമായിരുന്നു അമേരിക്കയുടേത്‌. ഭീകരവാദത്തിനെതിരേ പോരാടുമെന്ന പ്രഖ്യാപനത്തിനു തരിമ്പെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ പാകിസ്‌താനടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ഭീകരരെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കരുതെന്ന്‌ അമേരിക്ക ആവശ്യപ്പെട്ടു.
ചൈനയുടെ സഹായത്തോടെ ഭീകരരെ സംരക്ഷിക്കുന്ന പാകിസ്‌താന്‍ ഭരണകൂടത്തിനെതിരേയും യു.എന്‍. രക്ഷാസമിതിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. അഞ്ചു സ്‌ഥിരാംഗങ്ങളും പത്തു താല്‍ക്കാലിക അംഗങ്ങളുമുള്ള യു.എന്‍. രക്ഷാസമിതിയില്‍ ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്‌ അസറിന്‌ എതിരായിരുന്നെങ്കിലും എല്ലാം അട്ടിമറിക്കാന്‍ ചൈനയുടെ വീറ്റോ അധികാരം മാത്രം മതിയായിരുന്നു.

Ads by Google
Friday 15 Mar 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW