Sunday, May 19, 2019 Last Updated 50 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 04.38 PM

വേനല്‍ക്കാലത്തുണ്ടാകുന്ന രോഗങ്ങള്‍ തടയാം

''രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ആരോഗ്യസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. വ്യക്തി ശുചിത്വം പാലിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താല്‍ വേനല്‍ക്കാലത്തുണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും ഒഴിവാകാം''
uploads/news/2019/03/294527/Summersecionhelthprblm140319.jpg

വേനല്‍ക്കാലം ചര്‍മ്മരോഗങ്ങള്‍ ഉള്‍പ്പെടെ പലവിധ പകര്‍ച്ചവ്യാധികള്‍ ഒന്നൊന്നായി കടന്നു വരുന്നു. രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ആരോഗ്യസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. വ്യക്തി ശുചിത്വം പാലിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താല്‍ വേനല്‍ക്കാലത്തുണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും ഒഴിവാകാം.

രോഗങ്ങള്‍ തടയാം


വേനല്‍ക്കാലത്ത് രോഗങ്ങള്‍ കൂട്ടത്തോടെയെത്തുകയാണ് പതിവ്. പനിയും ജലദോഷവും തുടങ്ങി ചിക്കന്‍പോക്‌സും ഡങ്കുപ്പനിയും വരെ ചൂട് കനക്കുന്നതോടെ പടര്‍ന്നു പിടിക്കും. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന തത്വം നാം ഓര്‍ക്കണം. രോഗം വരാതിരിക്കുകതന്നെ വേണം. അതിനായി വേനല്‍ക്കാലത്ത് ബോധപൂര്‍വമായ ശ്രമം ആവശ്യമാണ്. രോഗം വരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ഇതില്‍ പ്രധാനം. അതിനായി ഒന്നാമത് വേണ്ടത് വ്യക്തി ശുചിത്വമാണ്.

വ്യക്തി ശുചിത്വത്തെക്കുറിച്ച് മലയാളിയെ പ്രത്യേകം ഓര്‍മ്മപ്പെടുത്തേണ്ടതില്ലെങ്കിലും മാറിയ ജീവിത സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മലയാളിയുടെ ശീലങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി വ്യക്തിശുചിത്വത്തിന്റെ കാര്യത്തിലും പരിസര ശുചിത്വത്തിന്റെ കാര്യത്തിലും മലയാളി ഒരു ചുവട് പിന്നോട്ട് പോയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാവിലെയും വൈകിട്ടമുള്ള കുളി ദേഹശുദ്ധി വരുത്തി രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. രോഗങ്ങളുടെ വ്യാപനത്തെയും ഇതു തടയുന്നു.

ആരോഗ്യ മര്യാദകള്‍


പൊതു ഇടങ്ങളില്‍ ആരോഗ്യമര്യാദകള്‍ പാലിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. രോഗവ്യാപനം തടയാന്‍ ഈ ആരോഗ്യമര്യാദകള്‍ സഹായിക്കും. നാലാള്‍ കൂടുന്നിടത്ത് വായും മൂക്കും മറയ്ക്കാതെ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുന്നവര്‍ ഈ മര്യാദ ലംഘിക്കുകയാണ് ചെയ്യുന്നത്. അവര്‍ രോഗത്തെ മറ്റുള്ളവരിലേക്കും എളുപ്പം എത്തിക്കുന്നു.

1. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ വായും മൂക്കും തൂവാലകൊണ്ട് മറച്ച് പൊതു ഇടങ്ങളിലെ മര്യാദ പാലിക്കുക
2. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
3. വഴിയില്‍ തുപ്പാതിരിക്കുക.
4. അലക്ഷ്യമായി മൂക്കു ചീറ്റാതിരിക്കുക.
5. പൊതു കിണറുകള്‍ക്ക് സമീപമോ ടാപ്പുകള്‍ക്ക് സമീപമോ കുളിപാടില്ല.
6. പകര്‍ച്ച രോഗമുള്ളവര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക.
വയറിളക്കം, ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങി പകര്‍ച്ച രോഗങ്ങള്‍ ഇത്തരം ആരോഗ്യമര്യാദകള്‍ വഴി ഒരുപരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.

uploads/news/2019/03/294527/Summersecionhelthprblm140319a.jpg

ചര്‍മ്മരോഗങ്ങള്‍ സൂക്ഷിക്കുക


വേനല്‍ക്കാലത്ത് ചര്‍മ്മ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. വിയര്‍പ്പ് കൂടുതലായതിനാല്‍ വേനല്‍ക്കാലത്ത് ചര്‍മ്മരോഗങ്ങള്‍ ഉണ്ടാകാനും ചര്‍മ്മരോഗികള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന ചര്‍മ്മരോഗം വര്‍ധിക്കാനും സാധ്യതയുണ്ട്. കൂടാതെ അന്തരീക്ഷത്തില്‍ അടിഞ്ഞു കൂടുന്ന പൊടിയും മറ്റ് മാലിന്യങ്ങളും ഉഷ്ണക്കാറ്റുമാകുമ്പോള്‍ ചര്‍മ്മത്തെ അത് സാരമായി ബാധിച്ചേക്കാ.

ചര്‍മ്മരോഗങ്ങള്‍ ഒഴിവാക്കാന്‍ ശരീരം വൃത്തിയായി സൂക്ഷിക്കുകയും ദിവസവും രണ്ടുനേരം കുളിക്കുകയും ചെയ്യുക. കീടാണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്ന നല്ലയിനം സോപ്പുകള്‍ വേണം വേനല്‍ക്കാലത്ത് ഉപയോഗിക്കുവാന്‍. അല്ലാത്ത പക്ഷം ചര്‍മ്മം വരണ്ടതാകാനും മുറിവുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്.

വേനല്‍ക്കാലത്ത് വൃത്തിയുള്ള അടിവസ്ത്രങ്ങളും സോക്‌സുകളും ധരിക്കുക. അവ മുഷിഞ്ഞാല്‍ ഇടയ്ക്കിടെ മാറ്റണം. അടിവസ്ത്രങ്ങളും സോക്‌സുകളും മറ്റുള്ളവരുമായി പങ്കിടരുത്. പരുത്തികൊണ്ടുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ഉത്തമം. സില്‍ക്ക്, നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങിയവകൊണ്ടുള്ള വസ്ത്രങ്ങള്‍ പാടില്ല. കട്ടി കൂടിയതോ കുറഞ്ഞതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കണം.

വേനല്‍ക്കാലത്ത് വിയര്‍പ്പു കൂടുന്നതിനാല്‍ ശരീരത്തില്‍ നിന്നും ധാരാളം ജാലാംശം നഷ്ടമാകുന്നു. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. വേനല്‍ക്കാല ആരോഗ്യസംക്ഷണകാര്യത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

വീട്ടില്‍ നിന്നും തുടങ്ങാം ശുചിത്വശീലം


രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശുചിത്വശീലം അനിവാര്യമാണ്. വൃത്തിയുടെ കാര്യത്തില്‍ മലയാളികള്‍ ഒട്ടും പിന്നിലല്ലെങ്കിലും ചിലപ്പോഴൊക്കെ അത് പാലിക്കപ്പെടാതെ പോകുന്നുണ്ട്. ശുചിത്വ ശീലം വീട്ടില്‍ നിന്നും ആരംഭിക്കണം.

ജലജന്യ രോഗങ്ങളും വിരശല്യവുമെല്ലാം ഉണ്ടാവാനുള്ള പ്രധാന കാരണം വ്യക്തിശുചിത്വം, പരിസരശുചിത്വം, ഭക്ഷണ ശുചിത്വം എന്നിവയിലുണ്ടാകുന്ന പോരായ്മകളാണ്. അതായത് സ്വന്തം ശരീരവും വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ഭക്ഷണരീതിയില്‍ ശുചിത്വം പാലിക്കുകയും ചെയ്യുന്നതോടൊപ്പം വൃത്തി ശീലമാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും വേണം.

മാതാപിതാക്കള്‍ സ്വയം ശുചിത്വശീലങ്ങള്‍ പാലിക്കുന്നത് കുട്ടികള്‍ക്ക് അത് മാതൃകയാക്കാന്‍ സഹായിക്കും. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പറഞ്ഞുമനസിലാക്കുകയും വേണം.

വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം


1. ദിവസേന കുളിക്കുകയും ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
2. രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ലു തേയ്ക്കുക. ഭക്ഷണം കഴിച്ചു കഴിഞ്ഞാലുടന്‍ വായ വെള്ളംകൊണ്ട് നന്നായി കഴുകുക.
3. കൈ കാലുകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. നഖത്തിനടിയില്‍ ചെളി കെട്ടി നില്‍ക്കുന്നത് പല രോഗങ്ങളും പകരാനിടയാക്കും. ടൈഫോയ്ഡ് പോലുള്ള രോഗങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നവരുടെയും വിളമ്പുന്നവരുടെയും കൈകളുടെ വൃത്തിയില്ലായ്മകൊണ്ട് മറ്റുള്ളവരിലേക്ക് പകരാറുണ്ട്.
4. മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ വൃത്തിയായി സോപ്പിട്ടു കഴുകണം.
5. ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. ഇക്കാര്യങ്ങളൊക്കെയും ചെയ്യാന്‍ കുട്ടികളെയും ശീലിപ്പിക്കണം.
6. വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകള്‍ പാചകം ചെയ്യുന്നതിനും മുമ്പും ആഹാരം വിളമ്പുന്നതിനു മുമ്പും കുട്ടികള്‍ക്ക് ഭക്ഷണം കഴിപ്പിക്കുന്നതിനു മുമ്പും സ്വയം ഭക്ഷണം കഴിക്കുന്നതിനു മുമ്പും കൈകള്‍ നന്നായി സോപ്പിട്ടു കഴുകാന്‍ ശ്രദ്ധിക്കുക.
7. ചെറിയ കുട്ടികളുടെ മലമൂത്രവിസര്‍ജ്യങ്ങള്‍ വൃത്തിയാക്കിയ ശേഷം അമ്മമാര്‍ സ്വന്തം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം.
uploads/news/2019/03/294527/Summersecionhelthprblm140319b.jpg

വൃത്തിയുള്ള ഭക്ഷണരീതി


പഴകിയ ഭക്ഷണം, വൃത്തിയില്ലാത്ത ഭക്ഷണം, മലിന ജലം എന്നിവകൊണ്ട് ഭക്ഷ്യവിഷബാധ, വയറിളക്കം, ഛര്‍ദി, വയറുകടി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

1. പാകം ചെയ്ത ആഹാര സാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക.
2. ആഹാരം വിളമ്പാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും സ്പൂണുകളും ഗ്ലാസുകളും തിളച്ചവെള്ളത്തിലോ ശുദ്ധജലത്തിലോ കഴുകി വൃത്തിയാക്കുക.
3. പച്ചക്കറികളും ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളും ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കണം.
4. വേവിക്കാതെ കഴിക്കുന്ന പച്ചക്കറികളും (സാലഡ്) പഴങ്ങളും കഴിക്കുന്നതിനു മുമ്പ് നന്നായി വെള്ളത്തില്‍ കഴുകുക.
5. പഴകിയ ഭക്ഷണ സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.

കുടിവെള്ളം


1. ശുദ്ധജലം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.
2. ഫില്‍ട്ടര്‍ ഉപയോഗിച്ച് അരിച്ചെടുത്തതോ അഞ്ചുമിനിട്ടെങ്കിലും നന്നായി തിളപ്പിച്ച് തണുപ്പിച്ചതോ ആയ വെള്ളം വേണം കുടിക്കാന്‍.
3. കുടിവെള്ളം അടച്ചപാത്രത്തില്‍ വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കുക.
4. പാത്രത്തില്‍ വൃത്തിയില്ലാത്ത ഗ്ലാസോ മറ്റ് പാത്രങ്ങളോ മുക്കി വെള്ളമെടുക്കരുത്. അതിനായി കയിലുപോലുള്ള പാത്രം ഉപയോഗിക്കാം.

പരിസര ശുചിത്വം


വൃത്തിഹീനമായ പരിസരം രോഗാണുക്കള്‍ക്ക് താമസിക്കാനും പെരുകാനും അനുയോജ്യമായ ഇടമാണ്. വേനല്‍ക്കാലത്ത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

1. കുട്ടികള്‍ തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യുന്നത് ഒഴിവാക്കണം.
2. കുടിവെള്ള സ്രോതസുകള്‍ക്ക് സമീപം മലമൂത്ര വിസര്‍ജനം നടത്താനോ കുളിക്കാനോ പാടില്ല.
3. ജലം ശേഖരിക്കുന്ന ഉറവിടങ്ങളുടെ സമീപമോ അടുക്കളയുടെ സമീപമോ കക്കൂസ് നിര്‍മിക്കാതിരിക്കുക.
4. കുളിക്കാനുപയോഗിക്കുന്ന കുളങ്ങളിലോ തോടുകളിലോ ഉള്ള വെള്ളം കുടിക്കരുത.്
5. വീടിന്റെ പരിസരം വൃത്തികേടാക്കുന്ന ചപ്പു ചവറുകളും മാലിന്യങ്ങളും കെട്ടിക്കിടക്കാതെ അവ യഥാസമയം നീക്കം ചെയ്യുകയോ കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യുക.

രോഗങ്ങള്‍ തടയാന്‍ വൃത്തിയുള്ള ജീവിതശൈലി വളരെ പ്രധാനപ്പെട്ടതാണ്. വൃത്തിയുള്ള വീടും പരിസരവുമാണ് ആരോഗ്യമുള്ള സമൂഹത്തിന്റെ അടിത്തറ എന്നകാര്യം ഓര്‍മ്മിക്കുക.

കടപ്പാട്:
ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനന്‍
ഫാമിലി മെഡിസിന്‍, പൂനെ .

Ads by Google
Ads by Google
Loading...
TRENDING NOW