Tuesday, April 23, 2019 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 09.35 AM

അവളുടെ മുറിയിലെന്തിനാ പോകുന്നത്? അവള്‍ വേണമെങ്കില്‍ ഇവിടെ വരട്ടെ; ശോഭനയുമായി പിണങ്ങാനുള്ള കാരണം വ്യക്തമാക്കി ചിത്ര

 about issue

ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായാണ് ചിത്ര മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലുമൊക്കെ ചിത്ര സജീവമായിരുന്നു. തന്റെ സിനിമ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് ചിത്ര. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര തന്നെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞത്.

'' അമ്മയുടെ മരണത്തിന് ശേഷം അച്ഛന്റെ കാര്‍ക്കശ്യം ഒന്നുകൂടി വര്‍ദ്ധിച്ചു. ലൊക്കേഷനില്‍ വച്ച് ആരുമായും സംസാരിച്ചുകൂട. ഷൂട്ടിംഗ് തീര്‍ന്നാല്‍ നേരെ മുറിയിലെത്തണം. ലൊക്കേഷനില്‍ ഇതരനടികളുമായി ഏതൊരു കോണ്‍ടാക്ടും പാടില്ല. അച്ഛന്റെ നിബന്ധനകള്‍ എന്നെ ശ്വാസം മുട്ടിച്ചു. ശരിക്കും തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥ. അമ്മയില്ലാതെ വളരുന്ന മൂന്ന് പെണ്‍കുട്ടികളെക്കുറിച്ചുള്ള ഉത്കണ്ഠയായിരിക്കും അച്ഛനെ അക്കാലം ഭരിച്ചിരുന്നത്. നടിയായതു തന്നെ അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കള്‍ക്ക് പിടിച്ചിട്ടില്ല. പിന്നെ പേരുദോഷം കേള്‍പ്പിച്ചാലുള്ള കാര്യം പറയേണ്ടതില്ലല്ലോ. മാത്രവുമല്ല അത്യാവശ്യം പേരും പ്രശസ്തിയുമുള്ള എന്റെ ജീവിതത്തില്‍ എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചാല്‍ അത് വലിയ വാര്‍ത്തയാകും. അതോടെ ചേച്ചിയുടെയും അനിയത്തിയുടെയും ഭാവിജീവിതവും അവതാളത്തിലാകും. ഇതെല്ലാമായിരിക്കണം അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുക.

ഒപ്പം അഭിനയിക്കുന്ന സീമചേച്ചിയും ഉര്‍വശിയും ശോഭനയും ഉണ്ണിമേരിചേച്ചിയുമെല്ലാം കമ്പനിയടിച്ച് ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ കാണുമ്പോള്‍ എന്റെ സങ്കടം വര്‍ദ്ധിക്കും. സീമചേച്ചിക്ക് പക്ഷേ അച്ഛന്റെ മനസ് വായിക്കാന്‍ കഴിഞ്ഞിരുന്നു. 'സ്‌നേഹം കൊണ്ടാ മോളേ അച്ഛന്‍ നിന്നെ പൊതിഞ്ഞുവച്ചിരിക്കുന്നത് 'എന്നും പറഞ്ഞ് ചേച്ചി ആശ്വസിപ്പിക്കും. ഡോളര്‍ എന്ന ചിത്രത്തിലേക്ക് ഓഫര്‍ വന്നത് അനിയത്തിയുടെ കല്യാണം നിശ്ചയിച്ച കാലത്താണ്. യാതൊരു കാരണവശാലും അച്ഛന് വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. അമേരിക്കയിലാണ് ഷൂട്ടിംഗ്. ഇരുപത് ദിവസത്തെ ഡേറ്റായിരുന്നു നല്‍കിയത്. മനസ്സില്ലാ മനസോടെ എന്നെ തനിച്ച് വിട്ടു. ശരണ്യയുമുണ്ടായിരുന്നു ആ സിനിമയില്‍. അടിച്ചു പൊളിച്ച് അഭിനയിച്ച ഏക ഷൂട്ടിംഗ് സെറ്റ് ഡോളറുടേതായിരുന്നു. ശരണ്യയുമായി അന്ന് തുടങ്ങിയ സൗഹൃദം അതേ തീവ്രതയോടെ ഇപ്പോഴും തുടരുന്നു.

ഒരിക്കല്‍ ഏതോ സിനിമയുടെ സെറ്റില്‍വച്ച് ശോഭന എന്നെ അവരുടെ മുറിയിലേക്ക് വിളിച്ചു. വിവരമറിഞ്ഞ് അച്ഛന്‍ കലിതുള്ളി. 'അവളാരാ, നീയെന്തിനാ അവളുടെ മുറിയില്‍ പോകുന്നത്. അവള്‍ വേണമെങ്കില്‍ നിന്റെ മുറിയില്‍ വരട്ടെ'... ഞാന്‍ മുറിയില്‍ കിടന്ന് പൊട്ടിക്കരഞ്ഞു. ഈ സംഭവം ശോഭന എങ്ങനെയോ അറിഞ്ഞു. ആ കുട്ടിക്ക് പിന്നീട് എന്നോട് മിണ്ടാന്‍ പ്രയാസമായിരുന്നു. പ്രതിഫലം കണക്കു പറഞ്ഞു വാങ്ങുന്ന കാര്യത്തില്‍ അച്ഛന്‍ തികഞ്ഞ പരാജയമായിരുന്നു. ജോലിയുള്ളതിനാല്‍ മകളെ വച്ച് കാശ് സമ്പാദിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നില്ല. നല്ല കഥാപാത്രങ്ങളിലൂടെ എന്റെ കലാപരമായ സിദ്ധി വര്‍ദ്ധിപ്പിക്കാനായിരുന്നു അച്ഛന്‍ ശ്രമിച്ചത്.

ആട്ടക്കലാശത്തില്‍ അഭിനയിച്ചതിന് കിട്ടിയത് അയ്യായിരത്തിയൊന്ന് രൂപയാണ്. കാശ് കിട്ടിയപാടേ എന്നെയും കൂട്ടി ഭീമാജ്വല്ലറിയില്‍ പോയി നല്ല കാഴ്ചയുള്ള ഒരു ജോടി ഇയര്‍റിംഗ് വാങ്ങി തന്നു. വീട്ടിലെ പെണ്‍കുട്ടികള്‍ക്കെല്ലാം പട്ടുപാവാടയ്ക്കുള്ള തുണിയും എടുത്തു. ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്നത് അമരത്തിലെ അഭിനയത്തിനാണ്. ഒരുലക്ഷം രൂപ. ബാക്കി സിനിമകള്‍ക്കെല്ലാം കുറഞ്ഞ പ്രതിഫലമാണ് കിട്ടിയത്. തമിഴില്‍ നിന്ന് കിട്ടിയ വണ്ടിച്ചെക്കുകള്‍ക്ക് എണ്ണമില്ല. എങ്കിലും കിട്ടിയ കാശ് ധൂര്‍ത്തടിക്കാതെ കുടുംബത്തിന്റെ പുരോഗതിയ്പക്ക് ഉപയോഗിക്കുവാന്‍ അച്ഛന്‍ ശ്രദ്ധാലുവായിരുന്നു.'' - ചിത്ര പറയുന്നു.

Ads by Google
Thursday 14 Mar 2019 09.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW