Thursday, March 14, 2019 Last Updated 10 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 07.34 AM

' നമ്മുടെ ആണ്‍കുട്ടികള്‍ക്ക് സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകര്‍ന്നു നല്‍കേണമേ..വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നവനെ നിമിഷം പ്രതി ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണമേ'; ശാരദക്കുട്ടി പറയുന്നു

face book post

പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അക്രമിക്കപ്പെടുന്നത് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത് കേരളത്തെ തന്നെ ഞെട്ടിച്ചിരുന്നു. സംഭവത്തിന് പിന്നാലെ എഴുത്തുകാരി ശാരദക്കുട്ടിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. അച്ഛനമ്മമാരോടും, അധ്യാപകരോടും യാചിക്കുകയാണ് അധികാരത്തിന്റെ ഭാഷയ്ക്ക് പകരം നമ്മുടെ ആണ്‍കുട്ടികള്‍ക്ക് സ്‌നേഹത്തിന്റേയും സഹനത്തിന്റേയും ധൈര്യം പകര്‍ന്നു നല്‍കേണമേ.. വീരപുരുഷന്മാരുടെ കാലം കഴിഞ്ഞുപോയെന്നവനെ നിമിഷംപ്രതി ഓര്‍മ്മിപ്പിക്കേണമേ എന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ഞാനെന്റെ നാട്ടിലെ അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്. അധികാരത്തിന്റെ ഭാഷയ്ക്കു പകരം നമ്മുടെ ആണ്‍കുട്ടികള്‍ക്ക് സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകര്‍ന്നു നല്‍കേണമേ..വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നവനെ നിമിഷം പ്രതി ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണമേ.. തലമുറകളായി നമ്മള്‍ അവന്റെ കണ്ണടച്ചുകെട്ടിയ ആ ആണത്തത്തിന്റെ കറുത്ത കട്ടിശീല അഴിച്ചു മാറ്റേണമേ..

ഞാനെന്റെ ദൈവത്തോട് യാചിക്കുകയാണ്, പെണ്‍കുട്ടികളുടെ വളര്‍ച്ചയെ സമചിത്തതയോടെ നേരിടാനുള്ള ആത്മശേഷി എന്റെ ആണ്‍കുട്ടികളിലുണ്ടാക്കണമേ.. ബലമുള്ളവന്റെ ആ അന്ധത അവനില്‍ നിന്നെടുത്തു മാറ്റേണമേ..

ഞാനെന്റെ ആണ്‍കുട്ടികളോട് യാചിക്കുകയാണ്, നിങ്ങളുടെ കൂടെ വളരുന്ന പെണ്‍കുട്ടികള്‍ക്ക് വഴിയില്‍ മുള്ളുടക്കാത്ത യാത്ര അനുവദിക്കണമേ... അവരുടെ തിളങ്ങുന്ന സ്വപ്നങ്ങളുറങ്ങുന്ന കണ്ണുകളെ ശവക്കുഴികളാക്കരുതേ..

പെണ്‍കുട്ടികള്‍ക്ക് അഗ്‌നിപരീക്ഷകള്‍ ഒരുക്കുന്ന മഹാശിലാശാസനങ്ങളുടെ എല്ലാ ഓര്‍മ്മകളും പാഠങ്ങളും നിങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി പോകട്ടെ എന്ന് എന്റെ ആണ്‍കുട്ടികളേ നിങ്ങളെ നെഞ്ചില്‍ ചേര്‍ത്ത് ഞാന്‍ പ്രാര്‍ഥിക്കുകയാണ്.

എസ്.ശാരദക്കുട്ടി
13.3.2019

Ads by Google
Thursday 14 Mar 2019 07.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW