Tuesday, May 21, 2019 Last Updated 40 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.05 AM

ഇരകളെ സൃഷ്‌ടിക്കുന്ന പ്രണയൈനരാശ്യങ്ങള്‍

uploads/news/2019/03/294427/editorial.jpg

പ്രണയഭംഗത്തിന്‌ കേരളത്തില്‍ ഒരു ഇര കൂടി. പ്രണയത്തില്‍ നിന്ന്‌ അകന്നതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ ഒരു യുവാവ്‌ തിരുവല്ലയില്‍ പട്ടാപ്പകല്‍ പെട്രോളൊഴിച്ചു തീ കത്തിച്ചത്‌ സമൂഹമന:സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്‌. കുത്തിപ്പരിക്കേല്‍പിച്ച ശേഷം യുവാവ്‌ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ൈഡ്രവര്‍മാര്‍ അടക്കമുള്ളവരാണ്‌ തീകെടുത്തി പെണ്‍കുട്ടിയെ രക്ഷിച്ചത്‌. ഇവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടിക്ക്‌ ഗുരുതരമായി പൊള്ളലേറ്റു. യുവാവിന്റെ ഒരു നിമിഷത്തെ പെരുമാറ്റത്തിന്റെ പേരില്‍ രണ്ടു കുടുംബങ്ങളാണ്‌ ഇപ്പോള്‍ നീറി ജീവിക്കുന്നത്‌.

ഇത്തരം അനേകം സംഭവങ്ങളാണ്‌ കേരളത്തില്‍ സമീപകാലത്തുണ്ടായിരിക്കുന്നത്‌. രണ്ടു വര്‍ഷം മുന്‍പ്‌ കോട്ടയത്ത്‌ സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ എജൂക്കേഷനില്‍ ക്ലാസ്‌ മുറിക്ക്‌ അകത്തു വച്ച്‌ ഒരു വിദ്യാര്‍ഥിനിയെ പൂര്‍വ വിദ്യാര്‍ഥി പെട്രോള്‍ ദേഹത്ത്‌ ഒഴിച്ച്‌ തീ കത്തിച്ചത്‌ മറക്കാറായിട്ടില്ല. രണ്ടു പേരും പൊള്ളലേറ്റു മരിച്ചു. ഇതിന്റെ ഓര്‍മ നിലനില്‍ക്കെയാണ്‌ അതേ വര്‍ഷം പത്തനംതിട്ടയില്‍ ഇരുപതു വയസ്സുകാരനായ യുവാവ്‌ ഒരു വീട്ടിലേക്ക്‌ കയറിച്ചെന്ന്‌ പതിനേഴുകാരിയെ പെട്രോള്‍ തലയിലൊഴിച്ച്‌ തീ കത്തിച്ചത്‌. തൃപ്പൂണിത്തുറയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ഒരു യുവാവ്‌ വാക്കത്തിക്ക്‌ വെട്ടിയത്‌ പൊതുനിരത്തില്‍ വച്ചായിരുന്നു. വിവാഹിതര്‍ ഉള്‍പ്പെട്ട ഇത്തരം അക്രമങ്ങളും അനേകം അരങ്ങേറിയിട്ടുണ്ട്‌. എല്ലാ സംഭവങ്ങളിലും യുവതികളും പെണ്‍കുട്ടികളുമാണ്‌ ആക്രമണത്തിനും കൊലക്കത്തിക്കും ഇരയാകുന്നത്‌. മിക്കപ്പോഴും സാധാരണ കുടുംബങ്ങളിലെ അംഗങ്ങളാണ്‌ ഇരകള്‍. എന്തുകൊണ്ടാണ്‌ കേരളത്തില്‍ യുവാക്കള്‍ പ്രണയ നൈരാശ്യത്തിന്റെ പേരില്‍ അക്രമികളാകുന്നത്‌ എന്നതു സംബന്ധിച്ച്‌ ഗൗരവതരമായ പഠനം നടക്കേണ്ടിയിരിക്കുന്നു. ഒരുമിച്ചു താമസിച്ച ദമ്പതിമാര്‍ വരെ വേര്‍പെട്ടശേഷം സൗഹൃദത്തില്‍ തുടരാറുണ്ട്‌. ആ നിലയ്‌ക്ക്‌ പ്രണയ ബന്ധം മുറിയുകയോ പ്രണയാഭ്യര്‍ഥന നിരസിക്കപ്പെടുകയോ ചെയ്‌താല്‍ പെണ്‍കുട്ടികളെ ആക്രമിച്ചു വേണം അതിനു പരിഹാരം കാണാനെന്ന്‌ കുറേ യുവാക്കളെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ മനോനില പരിശോധിക്കേണ്ടതുണ്ട്‌. പ്രണയബന്ധം തകര്‍ന്നാല്‍ അതു ജീവിതത്തിന്റെ അവസാനമല്ലെന്നു മനസ്സിലാക്കാന്‍ യുവാക്കള്‍ക്ക്‌ സാധിക്കേണ്ടതുണ്ട്‌.

ഇത്തരം അക്രമങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ വിപുലമായ ബോധവത്‌കരണം നടത്തണം. കൗമാരകാലത്തെ കൗതുകങ്ങളാണ്‌ പിന്നീട്‌ ഇത്തരം വഴിതെറ്റലുകളിലേക്ക്‌ നയിക്കുന്നത്‌. ഈ സമയത്തെ എടുത്തു ചാട്ടങ്ങളുടെ വരുംവരായ്‌കകള്‍ കുമാരീ-കുമാരന്മാരെയും യുവതീയുവാക്കളെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. വിദ്യാലയങ്ങളില്‍ നിന്നു തന്നെ ഇതിനു തുടക്കം കുറിക്കണം. കുടുംബബന്ധങ്ങളില്‍ കൂടുതല്‍ ഇഴയടുപ്പം ഉണ്ടാക്കിയെടുക്കുന്നതിലും ശ്രദ്ധവേണം. ആരോഗ്യപരമായ ആണ്‍-പെണ്‍ സൗഹൃദം സംബന്ധിച്ച്‌ ചെറുപ്രായത്തില്‍ തന്നെ ബോധവത്‌കരണം നല്‍കണം. സ്വന്തം കാര്യം മാത്രം വലുത്‌ എന്നു ചിന്തിക്കുന്ന തലമുറ വളര്‍ന്നു വരുന്നതാണ്‌ ഇത്തരം സംഭവങ്ങളിലേക്ക്‌ നയിക്കുന്നത്‌. എല്ലാവരും സമൂഹ ജീവികളാണെന്നും സമൂഹികബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ചിന്തയുമാണ്‌ നാടിനു വേണ്ടതെന്നുമുള്ള ബോധ്യം യുവതലമുറയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ ഇതുപോലുള്ള ദാരുണ സംഭവങ്ങള്‍ ഇനിയും ധാരാളം കാണേണ്ടി വരും.

Ads by Google
Thursday 14 Mar 2019 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW