Tuesday, May 21, 2019 Last Updated 20 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.03 AM

കാത്തിരുന്ന്‌ കാത്തിരുന്ന്‌... എല്‍.ഡി.എഫ്‌.

uploads/news/2019/03/294416/bft2.jpg

തിരുവനന്തപുരം, ആറ്റിങ്ങല്‍
തലസ്‌ഥാന ജില്ലയിലെ രണ്ടു മണ്ഡലങ്ങളായ തിരുവനന്തപുരവും ആറ്റിങ്ങലും തെരഞ്ഞെടുപ്പ്‌ ചൂടിലമര്‍ന്നു. രണ്ടു മണ്ഡലങ്ങളിലേയും സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഇടതുമുന്നണി പ്രചാരണത്തില്‍ ഏറെ മുന്നിലാണ്‌. തിരുവനന്തപുരം മണ്ഡലത്തില്‍ സീറ്റുറപ്പിച്ച ശശി തരൂരിനെതിരേ സിറ്റിങ്‌ എം.എല്‍.എ: സി. ദിവാകരനെ ഇറക്കി പൊരുതാനാണ്‌ സി.പി.ഐ. ശ്രമം. അതേസമയം ആറ്റിങ്ങലില്‍ സിറ്റിങ്‌ എം.പിയായ സമ്പത്തിന്റെ ജനപിന്തുണയിലാണ്‌ സി.പി.എം. വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്‌.
തിരുവനന്തപുരത്ത്‌ സി. ദിവാകരന്‍ മണ്ഡലപര്യടനം ആരംഭിച്ചുകഴിഞ്ഞു. താന്‍ പഠിച്ച സ്‌കൂളില്‍ നിന്നും കഴിഞ്ഞദിവസം പ്രചരണം തുടങ്ങിയ ദിവാകരന്‍ പാറശാല മണ്ഡലത്തില്‍ ഒരുവട്ടം പര്യടനം പൂര്‍ത്തിയാക്കി. അതിന്‌ പുറമെ ഉത്സവകേന്ദ്രങ്ങള്‍, വിശേഷസ്‌ഥലങ്ങള്‍ എന്നിവിടങ്ങളിലും അദ്ദേഹം സാന്നിധ്യം അറിയിക്കുന്നു. ദിവാകരനു വേണ്ടിയുള്ള ചുവരെഴുത്തും േപാസ്‌റ്ററുകളും മണ്ഡലത്തിലെമ്പാടും നിരന്നുകഴിഞ്ഞു.
യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ശശി തരൂര്‍ തന്നെയായിരിക്കുമെന്ന്‌ ഉറപ്പുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തത്‌ അവര്‍ക്ക്‌ ചെറിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സാഹചര്യം ഇതാണെങ്കിലും തരൂര്‍ മണ്ഡലത്തില്‍ സജീവമാണ്‌. ഇടയ്‌ക്ക്‌ ചില ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പ്രഖ്യാപനം വന്നശേഷമേ അത്‌ വ്യാപകമാകുകയുള്ളു. പോസ്‌റ്ററുകള്‍ തയാറാണെങ്കിലും പുറത്തിറക്കിയിട്ടില്ല.
കുമ്മനം രാജശേഖരനായിരിക്കും മണ്ഡലത്തിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയെന്ന്‌ ഉറപ്പായിട്ടുണ്ട്‌. അദ്ദേഹത്തിനും പ്രശ്‌നം ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതുതന്നെ. മിസോറം ഗവര്‍ണര്‍ സ്‌ഥാനം രാജിവച്ച കുമ്മനം കഴിഞ്ഞദിവസമാണ്‌ തലസ്‌ഥാനത്ത്‌ എത്തിയത്‌. മണ്ഡലത്തിലെ പ്രമുഖവ്യക്‌തികളെ കാണുന്ന തിരക്കിലാണ്‌ അദ്ദേഹം. കുമ്മനത്തിന്‌ വേണ്ടി ചുവരെഴുത്തുകളും ആരംഭിച്ചിട്ടുണ്ട്‌.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്‌ഥിതി വ്യത്യസ്‌തമാണ്‌. അവിടെ ഇടതു സ്‌ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാത്രമാണ്‌ തീരുമാനമായത്‌. സിറ്റിങ്‌എം.പികൂടിയായ എ. സമ്പത്ത്‌ തന്നെയാണു സ്‌ഥാനാര്‍ഥിയെന്നത്‌ ഇടതുമുന്നണിക്ക്‌ ആത്മവിശ്വാസം പകരുന്നു. മണ്ഡലത്തിലെ വ്യക്‌തിബന്ധം പുതുക്കുന്ന തിരക്കിലാണ്‌ സമ്പത്ത്‌. തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തതോടെ പ്രചാരണത്തിന്‌ സമ്പത്ത്‌ ഔദ്യോഗിക തുടക്കം കുറിക്കുകയും ചെയ്‌തു.
കൊല്ലം
എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ.എന്‍. ബാലഗോപാലും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനും പോരടിക്കുന്ന കൊല്ലത്ത്‌ ഒന്നാംഘട്ട പ്രചാരണത്തില്‍ എല്‍.ഡി.എഫ്‌. മുന്നില്‍. ആദ്യം സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചെങ്കിലും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ പ്രചാരണം തുടങ്ങിയിരുന്നില്ല. ഈ ഇടവേള മുതലെടുത്താണ്‌ കെ.എന്‍. ബാലഗോപാല്‍ കിഴക്കന്‍ മലയോര പ്രദേശമായ പുനലൂരില്‍ നിന്ന്‌ ഒന്നാംഘട്ട പ്രചാരണം ആരംഭിച്ചത്‌.
എല്‍.ഡി.എഫ്‌. പ്രചാരണം ശക്‌തമായതോടെ എന്‍.കെ. പ്രേമചന്ദ്രനും കഴിഞ്ഞ ദിവസം പ്രചാരണത്തിനിറങ്ങി. പരവൂരില്‍ നിന്നാണു പ്രചാരണം ആരംഭിച്ചത്‌. ബി.ജെ.പി. സ്‌ഥാനാര്‍ഥിയെ സംബന്ധിച്ച ഊഹോപോഹങ്ങള്‍ തുടരുകയാണ്‌. ഇതിനിടെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി കൊല്ലത്ത്‌ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന്‌ മുന്‍ ജില്ലാ കലക്‌ടര്‍ സി.വി. ആനന്ദബോസ്‌ വ്യക്‌തമാക്കി. പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍പിള്ള എത്തുമെന്ന അഭ്യൂഹവും ശക്‌തമാണ്‌. കൂട്ടത്തില്‍ സുരേഷ്‌ഗോപിയുടെയും പേരു പറഞ്ഞു കേള്‍ക്കുന്നു.
പത്തനംതിട്ട
പത്തനംതിട്ടയിലും സ്‌ഥിതി വ്യത്യസ്‌തമല്ല. വീണാ ജോര്‍ജ്‌ എം.എല്‍.എയെ കളത്തിലിറക്കി എല്‍.ഡി.എഫ്‌. പ്രചാരണത്തില്‍ കാതങ്ങളോളം മുന്നിലാണ്‌. യു.ഡി.എഫ്‌, എന്‍.ഡി.എ. സ്‌ഥാനാര്‍ഥി നിര്‍ണയം അനന്തമായി നീളുന്നു. പാര്‍ലമെന്റ്‌ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ്‌. കണ്‍വന്‍ഷന്‍ പൂര്‍ത്തിയായി. ഇന്നുമുതല്‍ നിയമസഭാ മണ്ഡലം കണ്‍വന്‍ഷനുകള്‍ തുടങ്ങും.
യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി സിറ്റിങ്‌ എം.പി. ആന്റോ ആന്റണി തന്നെ രംഗത്തെത്തുമെന്നായിരുന്നു തുടക്കം മുതലുള്ള വിശ്വാസം. പക്ഷേ, ആന്റോയെ തളളി ഡി.സി.സി. ജില്ലയിലുള്ളവരുടെ പേരുകള്‍ അടങ്ങിയ പട്ടിക കെ.പി.സി.സിക്ക്‌ സമര്‍പ്പിച്ചപ്പോള്‍ ആശയക്കുഴപ്പമായി. പട്ടികയില്‍ ആന്റോ ആന്റണിയുടെ പേരുകൂടി ഉള്‍പ്പെടുത്തി കെ.പി.സി.സി. ഡല്‍ഹിക്ക്‌ അയച്ചതോടെ ഡി.സി.സിയും വെട്ടിലായി. നിലവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആന്റോ ആന്റണിയുടെയും പേരുകള്‍ക്കാണു മുന്‍ഗണനയെന്നാണു സൂചന.
ഇതിലും കഷ്‌ടമാണ്‌ എന്‍.ഡി.എയുടെ അവസ്‌ഥ. വിജയസാധ്യത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ അത്‌ കെ.സുരേന്ദ്രനാണെന്നാണ്‌ സംസാരം. പക്ഷേ സുരേന്ദ്രന്‌ ലിസ്‌റ്റില്‍ മൂന്നാംസ്‌ഥാനം മാത്രം. ഒന്നാമന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കെ.ശ്രീധരന്‍ പിള്ളതന്നെ. രണ്ടാമന്‍ എം.ടി.രമേശ്‌. ഇവരില്‍ ആരാകും സ്‌ഥാനാര്‍ഥിയെന്നത്‌ ഇപ്പോഴും അവ്യക്‌തം. യു.ഡി.എഫിനും എന്‍.ഡി.എക്കും ഉഗ്രമൂര്‍ച്ചയുള്ള പാരയുമായി പി.സി. ജോര്‍ജും രംഗത്തുണ്ട്‌.

കോട്ടയം
ഊഹാപോഹങ്ങള്‍ക്ക്‌ വിരാമമിട്ട്‌ സ്‌ഥാനാര്‍ഥികളാരെന്ന കാര്യത്തില്‍ തീരുമാനമായെങ്കിലും കോട്ടയത്ത്‌ പ്രചാരണത്തിനു പതിഞ്ഞ താളം. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പരസ്യപ്രചാരണത്തിനിറങ്ങി കൊട്ടിക്കയറാനുള്ള തയാറെടുപ്പിലാണു സ്‌ഥാനാര്‍ഥികള്‍. എല്‍.ഡി.എഫ്‌.സ്‌ഥാനാര്‍ഥി വി.എന്‍.വാസവനും എന്‍.ഡി.എ. സ്‌ഥാനാര്‍ഥി പി.സി. തോമസും പ്രചാരണ രംഗത്തിറങ്ങിയിട്ടു ദിവസങ്ങളായി. ആരാകും സ്‌ഥാനാര്‍ഥിയെന്ന ആശയക്കുഴപ്പത്തിന്റെ കെട്ടുപൊട്ടിച്ചു തോമസ്‌ ചാഴികാടനായതോടെ യു.ഡി.എഫും പ്രചാരണം തുടങ്ങി. ഇടഞ്ഞു നില്‍ക്കുന്ന സ്വന്തം പാര്‍ട്ടിക്കാരെ അനുനയിപ്പിക്കുകയാണ്‌ തോമസ്‌ ചാഴികാടന്റെ പ്രധാന വെല്ലുവിളി.
പി.ജെ. ജോസഫ്‌ സ്‌ഥാനാര്‍ഥിയാകുമെന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു എല്‍.ഡി.എഫും എന്‍.ഡി.എയും തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ഒരുക്കിയിരുന്നത്‌. ചാഴികാടന്‍ രംഗത്തെത്തിയതോടെ ചില പ്രത്യേക മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്‍.ഡി.എഫിനെയും എന്‍.ഡി.എയെയും ചാഴികാടന്റെ വരവു പ്രേരിപ്പിച്ചിരിക്കുകയാണ്‌. വലതു പക്ഷത്തോട്‌ വലിയ കൂറു കാണിച്ചിട്ടുളള മണ്ഡലമാണ്‌ കോട്ടയം. എന്നാല്‍ ചിലപ്പോള്‍ ഇടതിനെ സ്വീകരിക്കാനും മടിച്ചിട്ടില്ല. ഇതിനിടെ പുതിയ രാഷ്‌ട്രീയ സംഭവ വികാസങ്ങള്‍ എങ്ങനെ മുതലാക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ്‌ എന്‍.ഡി.എ.

വയനാട്‌
വയനാട്‌ മണ്ഡലത്തില്‍ ഇടതുസ്‌ഥാനാര്‍ഥി സി.പി.ഐയിലെ പി.പി. സുനീര്‍ തെരഞ്ഞെടുപ്പ്‌ പ്രചരണം തുടങ്ങിയിട്ടും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയെക്കുറിച്ച്‌ അഭ്യൂഹങ്ങള്‍ മാത്രം. പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുത്തു സുനീര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പൗര പ്രമുഖരെ കണ്ട്‌ പിന്തുണ ഉറപ്പിക്കാനും തുടങ്ങി.
എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ്‌ (പി.സി. തോമസ്‌) പ്രതിനിധി ആന്റോ അഗസ്‌റ്റ്യനെയാണ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും മാംഗോ ഫോണ്‍ പാര്‍ട്‌ണര്‍മാരിലൊരാളായ ആന്റോയുടെ സ്‌ഥാനാര്‍ഥിത്വം ഒരു മാസം മുമ്പേ ഉറപ്പിച്ചിരുന്നു.
ആലപ്പുഴ വിട്ട്‌ കെ.സി. വേണുഗോപാല്‍ യു.ഡി.എഫിനായി മത്സരിക്കുമെന്നാണ്‌ ഏറ്റവും ഒടുവിലത്തെ സൂചന. മുസ്ലിം ലീഗിലെ ഒരു വിഭാഗം കെ.സി. വേണുഗോപാലിനായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം തുടങ്ങിക്കഴിഞ്ഞു. എ.ഐ.സി.സി. രാഷ്‌ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്‌മാന്‍, ലോയേഴ്‌സ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ആസിഫലി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അബ്‌ദുള്‍ മജീദ്‌ തുടങ്ങിയവരെ നിര്‍ദേശിച്ച്‌ ഐ ഗ്രൂപ്പും രംഗം കൊഴുപ്പിച്ചിച്ചിട്ടുണ്ട്‌.

കണ്ണൂര്‍
സിറ്റിങ്‌ എം.പി: പി.കെ. ശ്രീമതിക്കെതിരേ കെ.പി.സി.സി. വര്‍ക്കിങ്‌ പ്രസിഡന്റ്‌ കെ. സുധാകരന്‍ ഒരിക്കല്‍ കൂടി അങ്കത്തിനിറങ്ങുമെന്ന്‌ പ്രതീക്ഷയില്‍ കണ്ണൂരില്‍ പ്രചാരണം കൊഴുക്കുന്നു. കണ്ണൂര്‍ വിമാനത്താവളം പ്രധാന വികസന മുദ്രാവാക്യമായ മണ്ഡലത്തില്‍ മൂന്നു മുന്നണികളും ഈ അവകാശവാദം മുറുകെ പിടിക്കുന്നു. സ്‌ഥാനാര്‍ഥി നിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കിയ സി.പി.എം. പ്രചാരണത്തില്‍ ഏറെ മുന്നിലാണ്‌.
തുടക്കത്തില്‍ വ്യക്‌തിപരമായ അസൗകര്യങ്ങള്‍ അറിയിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിന്‌ കാത്തു നില്‍ക്കാതെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി കെ. സുധാകരന്‍ ഇന്നലെ മുതല്‍ പ്രചാരണ രംഗത്തിറങ്ങി. കണ്ണൂരില്‍ കെ.സുധാകരന്റേതല്ലാതെ മറ്റൊരു പേരും ഹൈക്കമാന്‍ഡിനു മുന്നിലില്ലെന്നാണു സൂചന.
സംസ്‌ഥാനത്തുനിന്നുള്ള മുതിര്‍ന്ന നേതാക്കളും ഇതേ വികാരം പങ്കുവച്ച സാഹചര്യത്തിലാണു സുധാകരന്‍ പ്രചാരണത്തിനിറങ്ങിയത്‌. ഇന്നലെ ഡല്‍ഹിയില്‍ നിന്നെത്തിയതിന്‌ പിന്നാലെ സുധാകരന്‍ തന്നെയാണ്‌ സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്‌. സ്‌ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാച്ചില്ലെങ്കിലും തത്വത്തില്‍ അംഗീകരിച്ചതായി സുധാകരന്‍ പറഞ്ഞു. ഒരാഴ്‌ചയോളമായി പി.കെ. ശ്രീമതി പ്രചരണം ശക്‌തമാക്കിയപ്പോള്‍ കുടുംബ സംഗമങ്ങള്‍ നടത്തിയാണ്‌ കോണ്‍ഗ്രസ്‌ അതിനെ പ്രതിരോധിച്ചത്‌.
ബി.ജെ.പി. നിരയില്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്നതു മുതിര്‍ന്ന നേതാവും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭനാണ്‌. ജില്ലയില്‍നിന്നു സംസ്‌ഥാന കോര്‍ കമ്മിറ്റിക്കു നല്‍കിയ പാനലില്‍ സി.കെ.പത്മനാഭന്‍, സംസ്‌ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്‌ജിത്ത്‌, ജില്ലാ പ്രസിഡന്റ്‌ പി.സത്യപ്രകാശ്‌ എന്നിവരാണുള്ളത്‌. കഴിഞ്ഞ തവണത്തേതുപോലെ പുറത്തുനിന്നുള്ള സ്‌ഥാനാര്‍ഥികള്‍ വേണ്ടെന്നാണു ജില്ലാ നേതൃത്വത്തിന്റെ നിലപാട്‌.

(മറ്റു മണ്ഡലങ്ങള്‍ നാളെ)

Ads by Google
Thursday 14 Mar 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW