Thursday, March 14, 2019 Last Updated 28 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.03 AM

പ്രചാരണം മല കയറിയാല്‍കേസുകള്‍ക്ക്‌ വഴിയൊരുക്കും

മതത്തിന്റെ പേരിലുള്ള തെരഞ്ഞെടുപ്പ്‌ പ്രചാരണം പാടില്ലെന്ന മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടീക്കാറാം മീണയുടെ നിര്‍ദേശം തികച്ചും നിയമാനുസൃതമാണ്‌.
ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ലെങ്കിലും അതിന്റെ പേരില്‍ വോട്ടുവാങ്ങുന്നത്‌ തെരഞ്ഞെടുപ്പ്‌ നടപടി ചട്ടങ്ങളുടെ ലംഘനമാകും. മതസ്‌ഥാപനങ്ങളുടെയും ചിഹ്‌നങ്ങളുടെയും അടിസ്‌ഥാനത്തില്‍ വോട്ട്‌ ചോദിക്കുന്നതും പാടില്ല. മതം, വംശം, ജാതി എന്നിവയുടെ അടിസ്‌ഥാനത്തില്‍ വോട്ട്‌ നിഷേധിക്കണമെന്നു പറയുന്നത്‌ 1951ലെ ജനപ്രാതിനിധ്യനിയമം 123(ബി) അനുസരിച്ച്‌ കുറ്റകരമാണ്‌.
ഒരു സ്‌ഥാനാര്‍ഥിക്ക്‌ അനുകൂലമായോ പ്രതികൂലമായോ ഇവയുടെ അടിസ്‌ഥാനത്തില്‍ വോട്ട്‌ ചോദിക്കുന്നത്‌ തെരഞ്ഞെടുപ്പ്‌ അഴിമതിയായി കണക്കാക്കും. ഭരണഘടന തത്വപ്രകാരമാണു ജനപ്രാതിനിധ്യ നിയമം തയാറാക്കിയിട്ടുള്ളത്‌. മതേതരത്വ കാഴ്‌ചപ്പാടില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നത്‌ മതനിരപേക്ഷമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലൂടെയാണ്‌. മതപരമായും ജാതീയമായും വംശീയമായും വോട്ടുചോദിക്കുന്നത്‌ ഭരണഘടനയുടെ അടിസ്‌ഥാന പ്രമാണങ്ങള്‍ക്കെതിരാണ്‌.
ടീക്കാറാം മീണ ചൂണ്ടിക്കാട്ടിയതും ഇതുതന്നെ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളില്‍ ചര്‍ച്ചയാവാം. എന്നാല്‍ വിലക്കാന്‍ കഴിയില്ല. കോടതി വിധി വേറെ, പ്രചാരണം വേറെ. ചര്‍ച്ച ഒരുവശത്തും പ്രചാരണം മറുവശത്തും. രണ്ടിനെയും വേര്‍തിരിച്ചുകാണാന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ കഴിയണം. മതപരമായ വോട്ടുപിടുത്തം കുറ്റകരമാണെന്ന്‌ ഇന്ത്യന്‍ ശിക്ഷാനിയമം 153(എ),153(ബി), 171(സി), 295(എ), 502(2) എന്നീ വകുപ്പുകള്‍ വ്യക്‌തമാക്കുന്നു. ശബരിമല വിധിയുടെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാം. വിധിക്കെതിരായി പ്രവര്‍ത്തിക്കുന്നത്‌ കോടതിയലക്ഷ്യമായി കണക്കാക്കപ്പെടും. രാജ്യത്തെ തെരഞ്ഞെടുപ്പ്‌ ചരിത്രം നോക്കിയാല്‍ എക്കാലത്തും മതവും രാഷ്‌ട്രീയവും കൂട്ടികലര്‍ത്തിയിട്ടുണ്ട്‌. മതങ്ങളുടെയും സമുദായങ്ങളുടെയും കീഴില്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരണവും അത്തരത്തില്‍ ജനത്തെ ആകര്‍ഷിക്കുന്നതോ അത്തരം വിഷയങ്ങള്‍ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നതും മതേതര തത്വങ്ങള്‍ക്കെതിരാണ്‌. 2017ല്‍ ചീഫ്‌ ജസ്‌റ്റിസ്‌ ടി.എസ്‌. ഠാക്കൂര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച്‌ മതത്തെയും സമുദായത്തെയും പ്രചാരണായുധം ആക്കുന്നതും തെരഞ്ഞെടുപ്പ്‌ അഴിമതിയാണെന്ന്‌ വിധിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമം വ്യാഖ്യാനിച്ചാണ്‌ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്‌. ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കാന്‍ ശ്രമിച്ചുവെന്നാണ്‌ സര്‍ക്കാര്‍ വാദം. തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചും സുപ്രീംകോടതിയില്‍നിന്ന്‌ ആവശ്യമായ വിധി നേടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡാണ്‌ ശ്രമിക്കേണ്ടത്‌; അല്ലാതെ സര്‍ക്കാരല്ല. പ്രചാരണം ശബരിമല കയറിയാല്‍ ഭാവിയില്‍ നിരവധി തെരഞ്ഞെടുപ്പ്‌ കേസുകള്‍ക്ക്‌ കാരണമാകുമെന്ന്‌ സംശയമില്ല.

അഡ്വ. പി.കെ. ബാബു

(ലേഖകന്‍ ഹൈക്കോടതി അഭിഭാഷകനാണ്‌)

Ads by Google
Thursday 14 Mar 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW