Tuesday, May 21, 2019 Last Updated 54 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 01.40 AM

ശുദ്ധജലം ജനങ്ങളുടെ അവകാശം

uploads/news/2019/03/294166/editorial.jpg

വേനല്‍ കനക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്‌തതോടെ കേരളത്തിലെങ്ങും കുടിവെള്ള വിതരണം സജീവമായിരിക്കുകയാണ്‌. നാല്‍പത്തിനാല്‌ നദികളുള്ള സംസ്‌ഥാനം ഒരുകാലത്ത്‌ വെള്ളത്തിന്റെ കാര്യത്തില്‍ സുഭിക്ഷമായിരുന്നെങ്കില്‍ ധാരാളം വര്‍ഷങ്ങളായി കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണെന്നത്‌ വിരോധാഭാസമാണ്‌. ഈയവസ്‌ഥയിലേക്ക്‌ നാട്‌ എത്തിയതിനു പിന്നില്‍ അനേക കാരണങ്ങളുണ്ട്‌. എല്ലാം തന്നെ കേരളീയര്‍ സൃഷ്‌ടിച്ച കാരണങ്ങളാണു താനും. അനിയന്ത്രിതമായ വന നശീകരണവും പാരിസ്‌ഥിതിക നാശവും ജലസ്രോതസ്സുകളുടെ മലിനീകരണവും നദികളെയും തോടുകളെയും മലിനമാക്കിയതും ഒക്കെ കുടിവെള്ളക്ഷാമത്തിന്‌ കാരണങ്ങളായി. പരിസ്‌ഥിതി ഭാവിയിലേക്കുള്ള നീക്കിയിരിപ്പാണെന്നും ഭാവി തലമുറകള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്നുമുള്ള ചിന്തയില്ലാതെ അന്നന്നത്തെ കാര്യങ്ങളും സൗകര്യങ്ങളും മാത്രം ചിന്തിച്ച മലയാളി നാടിനെ വരള്‍ച്ചയിലേക്ക്‌ അതിവേഗം നയിക്കുകയായിരുന്നു. ഇതിന്റെ പ്രത്യക്ഷ പ്രതിഫലനമാണ്‌ നാടെങ്ങും തലങ്ങും വിലങ്ങും പായുന്ന കുടിവെള്ള വാഹനങ്ങള്‍.

ടാങ്കറുകളിലും പ്ലാസ്‌റ്റിക്‌ കണ്ടെയ്‌നറുകളിലും വിതരണം ചെയ്യുന്ന കുടിവെള്ളം പൂര്‍ണമായും സുരക്ഷിതമല്ലെന്നാണ്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. തിരുവനന്തപുരത്ത്‌ ടെക്‌നോ പാര്‍ക്കില്‍ വിതരണം ചെയ്‌ത പ്ലാസ്‌റ്റിക്‌ കണ്ടെയ്‌നറുകളിലെ വെള്ളത്തില്‍ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം വലിയ അളവില്‍ കണ്ടെത്തിയത്‌ ഇക്കഴിഞ്ഞയാഴ്‌ചയാണ്‌. കഴിഞ്ഞ ജനുവരിയില്‍ ടെക്‌നോപാര്‍ക്ക്‌ കാമ്പസിലെ വിവിധ ഓഫീസുകളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കണ്ടെയ്‌നറുകളിലെ വെള്ളത്തില്‍ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്‌. കേരളത്തില്‍ ഇത്തരത്തില്‍ വെള്ളം വിതരണം ചെയ്യുന്ന അനേകം കമ്പനികളുണ്ട്‌. നിയമാനുസൃതമായും അല്ലാതെയും പ്രവര്‍ത്തിക്കുന്നവയാണ്‌ ഇവയെല്ലാം. ഈ കമ്പനികളെല്ലാം വിതരണം ചെയ്യുന്ന കുടിവെള്ളം കര്‍ശന പരിശോധന നടത്തിയാല്‍ മാത്രമേ ശുദ്ധജലം വിതരണം ചെയ്യപ്പെടുന്നു എന്ന്‌ ഉറപ്പാക്കാനാവൂ. കുടിവെള്ള വിതരണം ഇത്രമാത്രം വ്യാപകമായതിനാല്‍ വിപുലമായ പരിശോധന അത്ര എളുപ്പമല്ല. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണെന്ന ബോധത്തോടെ വിതരണക്കാര്‍ തന്നെ വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക എന്നതുമാത്രമാണ്‌ കരണീയം. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താതിരിക്കുമ്പോള്‍ ഇങ്ങനെയല്ലാത്ത സ്‌ഥാപനങ്ങളും കൂടി സംശയ നിഴലിലാവുന്ന സാഹചര്യമാണ്‌ ഉരുത്തിരിയുന്നത്‌.

ഞങ്ങള്‍ മുന്‍പും പലവട്ടം പറഞ്ഞിട്ടുള്ളതു പോലെ ജലസംരക്ഷണത്തിന്‌ എല്ലാവരും ഒരുമിച്ച്‌ കൈകോര്‍ത്താല്‍ മാത്രമേ ഇത്തരം പ്രതിസന്ധികളില്‍ നിന്ന്‌ നാടിനു രക്ഷപ്പെടാനാവൂ. ഇത്‌ സര്‍ക്കാരോ അധികൃതരോ മാത്രം ശ്രദ്ധിക്കേണ്ടകാര്യമല്ല. ജല സംരക്ഷണത്തിന്‌ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്‌. മഴക്കുഴികള്‍ നിര്‍മിച്ചും മഴവെള്ളക്കൊയ്‌ത്തു നടത്തിയും കിണര്‍ റീ ചാര്‍ജിങ്ങിലൂടെയും മഴവെള്ള സംഭരണികള്‍ നിര്‍മിച്ചും വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാകും. വേനല്‍ കടുക്കുമ്പോളല്ല, മറിച്ച്‌ ജല സമൃദ്ധിയുള്ളപ്പോളാണ്‌ ജല സംരക്ഷണത്തെക്കുറിച്ച്‌ ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. അതിനായി ഏവരെയും സന്നദ്ധരാക്കുക എന്നതാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. അതിന്‌ വ്യാപകമായ ബോധവത്‌കരണം വേണ്ടിവരും. ഇതോടൊപ്പം ഗുണനിലവാരമില്ലാത്ത കുടിവെള്ളം വിതരണം ചെയ്യുന്ന സ്‌ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ തയാറാകണം.

Ads by Google
Wednesday 13 Mar 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW