Tuesday, May 21, 2019 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Mar 2019 01.11 AM

ഇനി തെരഞ്ഞെടുപ്പിന്റെ ദിനങ്ങള്‍

uploads/news/2019/03/293857/1.jpg

രാജ്യം വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിന്‌ ഒരുങ്ങുകയാണ്‌. അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ ഇന്ത്യയെ ആരു നയിക്കുമെന്ന്‌ അറിയാന്‍ ഇനി മൂന്നുമാസം തികച്ചു വേണ്ട. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ്‌ ഇന്ത്യയുടെ പൊതു തെരഞ്ഞെടുപ്പ്‌. 90 കോടി വോട്ടര്‍മാര്‍ ഒരു രാജ്യത്തിന്റെ രാഷ്‌ട്രീയ ഭാവി തീരുമാനിക്കുന്നത്‌ ലോകത്ത്‌ അപൂര്‍വമാണ്‌. പത്തുലക്ഷം പോളിങ്ങ്‌ ബൂത്തുകളാണ്‌ രാജ്യത്തെമ്പാടും തയാറാക്കുക. ഇത്രയും സ്‌ഥലങ്ങളില്‍ സമാധാനപൂര്‍വം തെരഞ്ഞെടുപ്പ്‌ നടത്തുക എന്നത്‌ ഏറെ ശ്രമകരമായ കാര്യമായതിനാല്‍ പോളിങ്‌ ഏഴു ഘട്ടങ്ങളിലേക്ക്‌ നീളുകയും ചെയ്യും. വോട്ടിങ്‌ യന്ത്രത്തിന്റെ ദുരുപയോഗം സംബന്ധിച്ച്‌ ആരോപണം ഉയര്‍ന്ന ശേഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ്‌ എന്ന പ്രത്യേകത കൂടിയുണ്ട്‌. എല്ലാ പോളിങ്‌ ബൂത്തിലും വി.വി. പാറ്റ്‌ സംവിധാനം ഏര്‍പെടുത്തുന്നു എന്നത്‌ തെരഞ്ഞെടുപ്പ്‌ സുതാര്യമാക്കാന്‍ സഹായിക്കും.
കാലത്തിനനുസരിച്ചുള്ള നിരവധി മാറ്റങ്ങള്‍ ഈ തെരഞ്ഞെടുപ്പിലുണ്ട്‌. എല്ലാ സ്‌ഥാനാര്‍ഥികളും തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ ഉള്‍പെടുത്തണമെന്നത്‌ ഇതിന്റെ ഉദാഹരണമാണ്‌. ഏറ്റവും അധികം പ്രചാരണം നടക്കാനിടയുള്ളത്‌ സാമൂഹ്യമാധ്യമങ്ങളിലാണ്‌. അതിനാല്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളും തെരഞ്ഞെടുപ്പ്‌ ചെലവിന്റെ പരിധിയില്‍ ഉള്‍പെടുത്തുന്നുണ്ട്‌. പെരുമാറ്റച്ചട്ട ലംഘനം കാണുന്ന ആര്‍ക്കും അക്കാര്യം തെരഞ്ഞെടുപ്പ്‌ കമ്മിഷനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്‌ ഏര്‍പെടുത്തുന്നതും പുതുമയാണ്‌. ഇങ്ങനെ കിട്ടുന്ന പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കും. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ ദുരുപയോഗത്തിനും സാധ്യത ഏറെയാണ്‌. വിദ്വേഷ പ്രചാരണമാണ്‌ സ്‌ഥാനാര്‍ഥികള്‍ക്ക്‌ സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വലിയൊരു ഭീഷണി. ഉത്തരവാദിത്വത്തോടെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുക എന്നതാണ്‌ ഇകാര്യത്തില്‍ ചെയ്യാനാവുന്നത്‌. തങ്ങളുടെ എതിര്‍ പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ക്കും സ്‌ഥാനാര്‍ഥികള്‍ക്കും എതിരേ ദുഷ്‌പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നവര്‍ക്കെതിരേ ജാഗ്രത പാലിക്കേണ്ടതുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ നിന്ന്‌ ജനങ്ങള്‍ വിട്ടു നില്‍കുകയാണ്‌ അഭികാമ്യം.
തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഫ്ലക്‌സ്‌ ബാനറുകളും ബോര്‍ഡുകളും ഉപയോഗിക്കുന്നതു തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ്‌ തെരഞ്ഞെടുപ്പ്‌ പരിസ്‌ഥിതി സൗഹൃദമായിരിക്കണമെന്ന സന്ദേശം നല്‍കുന്നതാണ്‌. ഏറെ സ്വാഗതാര്‍ഹമാണ്‌ ഈ തീരുമാനം. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സ്‌ഥാപിക്കുന്ന ബാനറുകളും ബോര്‍ഡുകളും പരിസ്‌ഥിതിക്ക്‌ ഭീഷണിയുയര്‍ത്തി തുടരുന്നതു കാണാം. ബോര്‍ഡുകളും മറ്റും കാലാവധിവച്ച്‌ നീക്കം ചെയ്യണമെന്ന ഉത്തരവ്‌ പാലിക്കാന്‍ വൈമുഖ്യം കാട്ടുന്നതില്‍ കോടതി അതൃപ്‌തി പ്രകടിപ്പിച്ചിട്ടുള്ള നിലയ്‌ക്ക്‌ ഈ ഉത്തരവ്‌ പ്രധാനമാണ്‌. ഇതടക്കം പ്രചാരണങ്ങളൊക്കെ പരിസ്‌ഥിതി സൗഹൃദമാക്കാന്‍ ഓരോ പാര്‍ട്ടിയും ഓരോ സ്‌ഥാനാര്‍ഥിയും ശ്രദ്ധിക്കണം. ഉത്തരവാദിത്വപൂര്‍വം സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന്‌ ഓരോരുത്തരും ഉറപ്പുവരുത്തണം. വിദ്വേഷം പ്രചരിപ്പിക്കാനോ വിഭാഗീയത സൃഷ്‌ടിക്കാനോ താന്‍ ശ്രമിക്കില്ലെന്ന്‌ ഓരോ നേതാവും ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും ഓരോ സമ്മതിദായകനും തീരുമാനിച്ചാല്‍ ഈ തെരഞ്ഞെടുപ്പ്‌ മാതൃകാപരമായി തീരും.

Ads by Google
Tuesday 12 Mar 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW