Friday, June 21, 2019 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 11 Mar 2019 11.25 AM

പരീക്ഷാക്കാലത്തും ആരോഗ്യം മറക്കരുത്

'പരീക്ഷയ്ക്ക് ഒരു മാസം മുമ്പു തന്നെ ശാരീരികവും മാനസികവുമായ തയാറെടുപ്പുകള്‍ തുടങ്ങണം. ഇത് മികച്ച വിജയം കൈവരിക്കാന്‍ സഹായിക്കും''
uploads/news/2019/03/293720/ExamtimeFod110319a.jpg

ജനുവരി മാസം ആരംഭിക്കുന്നതു മുതല്‍ കുട്ടികളുടെയുള്ളില്‍ പരീക്ഷാ പേടി തലപൊക്കും. ഫെബ്രുവരിയില്‍ മോഡല്‍ പരീക്ഷ, മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷ. ഹയര്‍ സ്റ്റഡീസിന്റെ എന്‍ട്രന്‍സ് തുടങ്ങി പരീക്ഷകളുടെ ഒരു മാര്‍ച്ച് തന്നെയാണ് വരുന്നത്.

ഭൂരിഭാഗം കുട്ടികളിലും പരീക്ഷാക്കാലം ഭീതിയുണര്‍ത്തുന്ന ഒരു അധ്യായമാണ്. ശാരീരികമായും മാനസികമായും ഒട്ടനവധി പ്രശ്‌നങ്ങള്‍ ഈ ഘട്ടത്തില്‍ കടന്നുവരുന്നത് സ്വാഭാവികമാണ്.

പരീക്ഷ ഹാളില്‍ കുട്ടികള്‍ക്ക് തലകറക്കമുണ്ടാകുന്നതും ബോധക്ഷയമുണ്ടാകുന്നതും ഇന്ന് സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. ക്രമം തെറ്റിയ ജീവിതശൈലി തന്നെയാണ് ഇതിനു പിന്നില്‍. രാത്രി വൈകിയും രാവിലെ വളരെ നേരത്തെയും ഉണരുന്നതിനാല്‍ ഉറക്കക്ഷീണവും പരീക്ഷ ടെന്‍ഷന്റെയൊപ്പം കൂടും. പരീക്ഷ തിരക്കുകളില്‍ കുടുങ്ങുന്ന കുട്ടികള്‍ അവരുടെ ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കാറില്ല.

ഇത് പരീക്ഷയില്‍ മോശം പ്രകടനത്തിന് കാരണമാകും. പരീക്ഷയ്ക്ക് ഒരു മാസം മുമ്പു തന്നെ ശാരീരികവും മാനസികവുമായ തയാറെടുപ്പുകള്‍ തുടങ്ങണം. ഇത് മികച്ച വിജയം കൈവരിക്കാന്‍ സഹായിക്കും.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍


പരീക്ഷാക്കാലത്തെ ഭക്ഷണ രീതികള്‍ക്ക് വളരെ പ്രധാന്യമുണ്ട്. എപ്പോഴും ആക്ടീവായിരിക്കേണ്ടവരാണ് കുട്ടികള്‍. സമയക്കുറവിന്റെ പേരില്‍ കുട്ടികള്‍ പ്രഭാതഭക്ഷണം ഉള്‍പ്പെടെ ഒഴിവാക്കുക പതിവാണ്. ഇത് തെറ്റായ ഭക്ഷണ ക്രമമുണ്ടാക്കും. ബ്രേക്ക് ഫാസ്റ്റ് നിര്‍ബന്ധമായും കഴിച്ചിരിക്കണം. രാത്രിയിലെ ഭക്ഷണത്തിനു ശേഷം 11 മണിക്കൂറെങ്കിലും കഴിഞ്ഞാണ് പ്രഭാതഭക്ഷണം കഴിക്കുന്നത്. ദിവസം മുഴുവന്‍ ഉണര്‍ന്നിരിക്കാനുള്ള ഊര്‍ജം ലഭിക്കുന്ന ആഹാരവും ഇതാണ്.

പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത സ്‌നാക്‌സുകളും മറ്റ് സ്‌പൈസി ഫുഡുകളും കഴിക്കുന്നത് പരമാവധി ഒഴിവാക്കാം. പരീക്ഷാസമയങ്ങളില്‍ ദോശ, ഇഡ്‌ലി, അപ്പം തുടങ്ങിയ അരിയാഹാരങ്ങളും പുട്ട്, ഇഡിയപ്പം തുടങ്ങി ആവിയില്‍ തയാറാക്കിയ ഭക്ഷണങ്ങളും കഴിക്കുന്നതാണ് നല്ലത്. വളരെ പെട്ടെന്നു ദഹിച്ച് ഊര്‍ജമാകുന്ന ആഹാരം ശരീരത്തിലെ ദഹനപ്രക്രിയ സുഗമമാക്കുവാനും ഗ്ലൂക്കോസിന്റെ നില ബാലന്‍സ് ചെയ്യാനും സഹായിക്കുന്നു.

വറുത്തതും പൊരിച്ചതും വേണ്ട


പെറോട്ട, എണ്ണയില്‍ വറുത്ത വിഭവങ്ങള്‍, കൊഴുപ്പുകൂടിയതും ദഹിക്കാന്‍ പ്രയാസമുള്ളതുമായ ഭക്ഷണയിനങ്ങള്‍, ബിരിയാണി, ചായ, കാപ്പി, മറ്റ് കോളകള്‍ തുടങ്ങിയവ പാടെ ഒഴിവാക്കുന്നതാണ് നല്ലത്. ചൂടുകാലമായതിനാല്‍ വളരെ ലളിതമായ ഭക്ഷണ ക്രമീകരണമാണു വേണ്ടത്. രക്ഷിതാക്കളില്‍ പലരും പരീക്ഷാസമയത്ത് റെഡിമെയ്ഡ് ഫുഡുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
uploads/news/2019/03/293720/ExamtimeFod110319b.jpg

ഫാറ്റി ഫുഡുകള്‍ക്കു പകരം ചെറുമത്സ്യങ്ങളും പച്ചക്കറികളും മുട്ടയുമടങ്ങിയ സമീകൃതാഹാരം ശീലമാക്കുകയാണ് നല്ലത്. ധാരാളം ന്യൂട്രിയന്റ്‌സ് അടങ്ങിയ സമീകൃതാഹാരമാണ് മുട്ട. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കും.

കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുന്നതും ആരോഗ്യത്തെ നിലനിര്‍ത്തും. ഗ്രഹാന്തരീക്ഷത്തില്‍ തന്നെ ലഭിക്കുന്ന ലൈം ജ്യൂസ്, കരിക്കിന്‍ വെള്ളം, സംഭാരം തുടങ്ങിയ പാനീയങ്ങള്‍ ഈ സമയത്ത് കൂടുതല്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

അന്നജം അടങ്ങിയ ഭക്ഷണം


അന്നജത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഭക്ഷണക്രമമാണ് പരീക്ഷയടക്കുമ്പോള്‍ മുഖ്യമായും കുട്ടികള്‍ക്ക് നല്‍കേണ്ടത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വേണ്ടത് ഗ്ലൂക്കോസ് ആണ്. അത് ആവശ്യത്തിനു ലഭിക്കുന്ന ഭക്ഷണമാണ് പരീക്ഷക്കാലത്തെ മികച്ച ഭക്ഷണം.

ബീന്‍സ്, ബ്രഡ്, ബ്രൗണ്‍ ബ്രഡ് എന്നിവ ചേര്‍ത്ത് തയാറാക്കിയ ഭക്ഷണത്തില്‍ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. ഇരുമ്പും അയഡിനും അടങ്ങിയ ആഹാരങ്ങള്‍ ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിനും പഠിക്കുമ്പോള്‍ ഉന്മേഷം പകരുന്നതിനും സഹായിക്കും.

പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍നിന്ന് അകറ്റി നിര്‍ത്തരുത്. പഴസത്തും കൂടുതലായി കഴിക്കണം. ശരീരത്തിനു വേണ്ട ഊര്‍ജം പ്രദാനം ചെയ്ത് മനസിനെ കുളിര്‍മപ്പെടുത്താന്‍ ഇവയ്ക്കു കഴിയും

പച്ചക്കറികള്‍ ഒഴിവാക്കരുത്


പച്ചക്കറികളില്‍ പാവയ്ക്ക, ചുവന്ന ചീര, ഇലക്കറികള്‍, മത്തി, അയല തുടങ്ങിയവപോലുള്ള മീനുകള്‍ വേണ്ടത്ര അയഡിനും ഇരുമ്പും നല്‍കും. വിറ്റാമിന്‍ സി, നാഡികള്‍ക്കു ക്ഷീണമില്ലാതെ പ്രവര്‍ത്തിക്കാന്‍ കരുത്തു പകരുന്ന ജീവകങ്ങളാണ്. പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുന്നത് ഉണര്‍വിനും ഉന്മേഷത്തിനും ഫലപ്രദമാണ്. ഇലക്കറികള്‍, നെല്ലിക്ക, മാതളനാരങ്ങ, ഓറഞ്ച് എന്നിവ പരീക്ഷക്കാലത്തെ മാനസിക പിരിമുറുക്കം അകറ്റി നിര്‍ത്താന്‍ സഹായിക്കും. തലച്ചോറിന് കൂടുതല്‍ ഉത്തേജനം പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.

പരീക്ഷണങ്ങള്‍ വേണ്ട


രാത്രിയില്‍ കുട്ടികള്‍ ചോറാണ് കഴിക്കുന്നതെങ്കില്‍ പരീക്ഷാസമയത്തും അതുതന്നെ കൊടുക്കുക. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറക്കം വരാതിരിക്കാന്‍ ദോശയും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നവരുണ്ട്. എന്നാല്‍ ഇത് ശരിയായ രീതിയല്ല. ചോറ് കഴിക്കുന്ന കുട്ടികള്‍ക്ക് പരീക്ഷക്കാലത്ത് മറ്റ് ആഹാരസാധാനങ്ങള്‍ തേടിപോകേണ്ടതില്ല.
uploads/news/2019/03/293720/ExamtimeFod110319c.jpg

എന്ത് ഭക്ഷണമാണോ കുട്ടി പതിവായി കഴിക്കുന്നത് ആ ഭക്ഷണം തന്നെ പരീക്ഷാസമയത്തും നല്‍കുക. പതിവായി കഴിക്കുന്ന ആഹാരത്തില്‍ പെട്ടെന്ന് മാറ്റം വരുത്തുന്നത് ദഹനക്കേടിന് കാരണമാകാം. കുട്ടികള്‍ക്ക് ധാരാളം വെള്ളം കുടിക്കാന്‍ നല്‍കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. ശരീരത്തിലെ ഊര്‍ജം നഷ്ടപ്പെടാതിരിക്കാനും പ്രസരിപ്പോടെയിരിക്കാനും ഇത് സഹായിക്കും.

മിത ഭക്ഷണം


വിശന്ന വയറുമായി പഠിക്കാനിരിക്കുന്നത് പഠനത്തെ ബാധിക്കും. അതുകൊണ്ട് വിശപ്പ് മാറാനുള്ള ആഹാരം മാത്രം കുട്ടിക്ക് നല്‍കുക. ഭക്ഷണം കൃത്യമായ ഇടവേളകളില്‍ കഴിക്കുകയും വേണം. മിതമായി മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ഉറക്കം വരാതിരിക്കുവാന്‍ ഇടയ്ക്കിടെ കാപ്പിയും ചായയും കുട്ടികള്‍ക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. തല്‍ക്കാല ആശ്വാസം മാത്രമേ അതില്‍ നിന്നും ലഭിക്കുകയുള്ളൂ. നാം കഴിക്കുന്ന ആഹാരം നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നുണ്ട്.

മനസ് ശാന്തമാക്കാന്‍ മെഡിറ്റേഷന്‍


പരീക്ഷക്കാലത്തെ ടെന്‍ഷന്‍ മറികടക്കാന്‍ മെഡിറ്റേഷന്‍ ചെയ്യുന്നത് മികച്ച മാനസിക വ്യായാമമാണ്. ചുറ്റുപാടുകളെ മനസിലാക്കി തലച്ചോറിനെ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നതിന് ഇത് സഹായിക്കും. ശ്വസന ക്രമീകരണത്തിലൂടെ സ്‌ട്രെസ് കുറയ്ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഹോര്‍മോണുകളുടെ അമിത പ്രവര്‍ത്തനം ബാലന്‍സ് ചെയ്യാനും കഴിയുന്നു. ടെന്‍ഷനും ഭയവും അകറ്റി ശരീരം ആക്ടീവാക്കുവാന്‍ ലഘുവ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്. പ്രാര്‍ഥന മനസിന് വളരെ ആശ്വാസം നല്‍കും. മാനസികമായ പിരിമുറുക്കം അയയ്ക്കുവാന്‍ പ്രാര്‍ഥന സഹായിക്കും.

മനസിനെ അറിയുക


പരീക്ഷകളുടെ ബാഹുല്യത്താല്‍ ആത്മവിശ്വാസം കുറയുന്നുണ്ടെങ്കില്‍ മനസിന്റെ വ്യാകുലതകളെ തിരിച്ചറിഞ്ഞ് പരിഹരിക്കുക. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക, ചെയ്യുന്നതും ചെയ്യാനുള്ളതുമായ കാര്യങ്ങള്‍ കൃത്യമായും ചെയ്തു കഴിഞ്ഞതായി സങ്കല്‍പ്പിച്ച് മുന്നോട്ടു പോവുക. ഇത് ടെന്‍ഷന്‍ ലഘൂകരിക്കും. അമിതമായ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന കുട്ടികള്‍ക്ക് കൗണ്‍സലിംഗിലൂടെ വളരെ വേഗം മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിക്കും.
uploads/news/2019/03/293720/ExamtimeFod110319d.jpg

വിശ്രമം വിനോദം


പരീക്ഷയായതു കൊണ്ട് എപ്പോഴും പുസ്തകത്തിനു മുമ്പില്‍ ഇരിക്കരുത്. ദിവസം 6 മണിക്കൂറെങ്കിലും ഉറങ്ങണം. ഉറക്കം ഒഴിവാക്കി പഠിച്ചാല്‍ പരീക്ഷാ ദിവസം ക്ഷീണവും അലസതയും കൊണ്ട് വേണ്ടവിധത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ല. ഇടവേളകളില്‍ ടി.വി കാണുകയോ ഇഷ്ടമുള്ള കായിക വിനോദത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് ശരീരത്തിന് ഉന്മേഷം നല്‍കും.

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്


പരീക്ഷാ തയാറെടുപ്പില്‍ രക്ഷിതാക്കളുടെ സ്വാധീനം വളരെ വലുതാണ്. ഏതു സമയത്തും കുട്ടിയ്ക്കാവശ്യമായ പിന്തുണയും സ്‌നേഹവും നല്‍കേണ്ടത് അവരാണ്. ഇന്ന് പരീക്ഷ എഴുതുന്ന കുട്ടിയേക്കാള്‍ ടെന്‍ഷന്‍ രക്ഷിതാക്കള്‍ക്കാണ്. കുട്ടിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് ഒഴിവാക്കുക.

ഓരോ വ്യക്തികള്‍ക്കും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് ഓരേ രീതിയിലല്ലെന്ന് മനസിലാക്കുക. ആവശ്യമില്ലാത്ത ചിന്തകള്‍ ഒഴിവാക്കി ശാന്തമായ മനസോടു കൂടി പരീക്ഷ എഴുതാന്‍ പ്രോത്സാഹിപ്പിക്കുക. അവരില്‍ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ പഠനരീതി തിരഞ്ഞെടുക്കുവാന്‍ കുട്ടിയ്ക്ക് സ്വാതന്ത്രം നല്‍കണം.

ഇതിനെല്ലാമുപരി സന്തോഷകരമായ കുടുംബാന്തരീക്ഷം നിലനിര്‍ത്തുക എന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ ചുമതല. ആരോഗ്യകരമായ രീതിയിലുള്ള ശാസന കുട്ടിക്ക് തിരിച്ചറിയാന്‍ കഴിയണം. രക്ഷിതാക്കള്‍ ഈ വിധത്തിലുള്ള പരിശീലനം കുട്ടിക്ക് നല്‍കിയിരിക്കണം. മാതാപിതാക്കളുടെ സാമീപ്യം കുട്ടിക്ക് മാനസികമായ ആരോഗ്യവും പോസിറ്റീവ് ചിന്താഗതിയും ഉണ്ടാകുന്നതിന് സഹായിക്കും.

കടപ്പാട്:
ഡോ. കെ.എസ് രാജന്‍
റിട്ട.പീഡിയാട്രീഷന്‍, കോട്ടയം

മേഘ അരുണ്‍
ഡയറ്റീഷന്‍, കൊച്ചി

Ads by Google
Monday 11 Mar 2019 11.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW