Monday, July 01, 2019 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 11 Mar 2019 10.47 AM

‘നീയത്ര വലിയ മിടുക്കൊന്നുമല്ല കാണിച്ചത്’; പെട്ടെന്നൊരു നാള്‍ മരണത്തിന്റെ കൈകളിലേയ്ക്ക് യാത്ര പോയ സന്തോഷ് ജോഗിയെപ്പറ്റി പ്രണയിനി ജിജി

uploads/news/2019/03/293712/jijigogi110319b.jpg

''അകാലത്തില്‍ മരണപ്പെട്ടുപോയൊരു അഭിനേതാവായി മാത്രം ചുരുങ്ങേണ്ടിയിരുന്ന സന്തോഷ് ജോഗിയെ പ്രണയലേഖനങ്ങളിലൂടെ വായനക്കാര്‍ക്ക് തിരികെ സമ്മാനിക്കുകയാണ്. ഈ കത്തുകളിലൂടെ എന്റെ പപ്പുവിന്റെ പ്രണയം അടയാളപ്പെടുത്താനാവും എന്നുതന്നെയാണ് വിശ്വാസം...''

പപ്പൂ...


എല്ലാ ഓര്‍മ്മകളും നിന്നിലേക്കാണ് വന്നുചേരുന്നത്...
പാട്ടുകളും സിനിമകളും പുസ്തകങ്ങളുമെല്ലാംതന്നെ നിന്നെയോര്‍മിപ്പിക്കുന്നു. അന്നൊരിക്കല്‍ ആര്യങ്കാവ് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടയില്‍ കണ്ടത്, അതിരുകളില്ലാതെ പ്രണയിച്ചത്, കൈപിടിച്ച് ഒപ്പം നടന്നത് എല്ലാം ഇന്നുമെന്റെ മനസിലുണ്ട്...

ജിജി ജോഗി പപ്പുവിന് കത്തുകള്‍ എഴുതിക്കൊണ്ടേയിരിക്കുകയാണ്. ഗായിക, എഴുത്തുകാരി, അഭിനേതാവ്, എന്നീ അടയാളപ്പെടുത്തലുകളിലൊന്നും ജിജി ഒതുങ്ങുന്നതേയില്ല. ഗായകനും നടനുമായിരുന്ന സന്തോഷ് ജോഗിയുടെ ഭാര്യ, ചിത്രലേഖയുടെയും കപിലയുടെയും അമ്മ, പ്രണയത്തിന്റെ ആഴക്കടല്‍ മനസില്‍ ഒളിപ്പിച്ച പ്രണയിനി... ജിജി ജോഗിയെ കുറിച്ചുള്ള വാക്കുകള്‍ അവസാനിക്കുന്നില്ല.

സന്തോഷ് ജോഗി എന്ന നടന്‍ സിനിമകളിലൂടെ മലയാളികളുടെ ജീവിതങ്ങളിലേയ്ക്ക് വന്നടുത്തപ്പോഴും ഒരുവാക്ക് പോലും പറയാതെ പെട്ടെന്നൊരു നാള്‍ അദ്ദേഹം മരണത്തിന്റെ കൈകളില്‍ തൂങ്ങി യാത്ര പോയിട്ടും ജിജി തന്റെ പ്രിയപ്പെട്ട പപ്പുവിനെ ഭ്രാന്തമായി സ്നേഹിച്ചുകൊണ്ടേയിരുന്നു.

വടക്കുംനാഥന്റെ മണ്ണില്‍ നിന്ന് മക്കളെ ചേര്‍ത്ത് പിടിച്ച് ജിജി പറഞ്ഞു തുടങ്ങുന്നു, പ്രണയത്തെക്കുറിച്ച്, പുസ്തകത്തെക്കുറിച്ച്, ഏറെ പ്രിയപ്പെട്ട പപ്പുവിനെക്കുറിച്ച്...
എങ്ങനെ ഞാന്‍...

2016 ന്റെ തുടക്കത്തിലാണ് നിനക്കായ് ഞാന്‍ എഴുതിത്തുടങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളേക്കാള്‍ മനസിലെ വികാരങ്ങ ള്‍ പറഞ്ഞു തീര്‍ക്കുക എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. അത് ഏത് രൂപത്തിലായിരിക്കുമെന്ന് തുടക്കത്തില്‍ എനിക്ക് തന്നെ നിശ്ചയമുണ്ടായിരുന്നില്ല.

നിനക്കറിയാമല്ലോ, വായനയും എഴുത്തുമൊക്കെ ഇഷ്ടമായിരുന്നെങ്കിലും കവിതകളോടായിരുന്നു കൂടുതലിഷ്ടമെന്ന്. മുമ്പും ഞാന്‍ ചെറു കവിതകള്‍ കുറിച്ചിരുന്നല്ലോ. അങ്ങനെ ഞാന്‍ എഴുതി തുടങ്ങി നിനക്കുവേണ്ടി. ആ കുറിപ്പുകള്‍ നിനക്കുള്ള കത്തുകള്‍ എന്ന പേരില്‍ പുസ്തകമാക്കി.

uploads/news/2019/03/293712/jijigogi110319a.jpg

ആദ്യമായ് കണ്ടനാള്‍...


നീയോര്‍ക്കുന്നുവോ, നമ്മള്‍ രണ്ടുപേരും പ്രൊഫഷണല്‍ ഗാനമേളകളില്‍ പാടിയിരുന്ന സമയത്താണ് കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. കൃത്യമായി പറഞ്ഞാല്‍ ആര്യങ്കാവ് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടയിലുള്ള യാത്രയ്ക്കിടയില്‍. അവിടെവച്ചല്ലെങ്കില്‍ ഒരിക്കലും നമ്മള്‍ കണ്ടുമുട്ടുമായിരുന്നില്ല. അന്ന് നിന്റെ കൈയിലൊരു പുസ്തകമുണ്ടായിരുന്നു.

നമ്മളിരുവരും ഒരേ സമയം വായിച്ചിരുന്നത് ഒരേ പുസ്തകമാണെന്ന തിരിച്ചറിവാണ് എന്നെ നിന്നിലേക്കടുപ്പിച്ചത്. അതൊരു നിമിത്തമായിരുന്നെന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. ഖലീല്‍ ജിബ്രാന്റെ ദൈവം പ്രണയം സംഗീതം എന്ന പുസ്തകം ഒരേ സമയം വായിച്ചു എന്ന കൗതുകത്തില്‍ നിന്നല്ലേ നമ്മുടെ സൗഹൃദം ജനിച്ചത്. പിന്നീടുള്ള നാളുകളില്‍ നീ പകര്‍ന്നു തന്ന ഭ്രാന്തമായ സ്നേഹം മതിയാവോളം അനുഭവിക്കാനുമായി.

പ്രണയത്തിനിടയില്‍ മൂകാംബികയില്‍ വച്ച് പരസ്പരം തുളസീമാല ചാര്‍ത്തിയെന്നല്ലാതെ ആചാരപരമായോ നിയമപരമായോ ഉള്ള വിവാഹമായിരുന്നില്ല നമ്മുടേത്. പിന്നെ അവരവരുടെ വീടുകളിലായി ജീവിച്ച് ഒടുവില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്റെ പി.ജി പഠനകാലത്താണ് ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചത്...

നീയൊരു പുഴയായ്...


ജീവിതത്തില്‍ ഇനിയൊരിക്കലും നിന്നെപ്പോലെ മറ്റൊരാളെ കണ്ടുമുട്ടാന്‍ യാതൊരു സാധ്യതയുമില്ല. സന്തോഷ് ജോഗിയെന്ന എന്റെ പ്രിയപ്പെട്ട പപ്പുവില്‍ ഇഷ്ടപ്പെട്ട കഴിവുകള്‍ എന്താണെന്ന് ഒറ്റ വാക്കില്‍ പറയാന്‍ കഴിയുന്നില്ല. നന്നായി എഴുതുന്ന, പാടുന്ന, അഭിനയിക്കുന്ന, സംസാരിക്കുന്ന, നിരീക്ഷിക്കുന്ന, സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന, നൃത്തം ചെയ്യുന്ന നിന്നിലെ ഏത് കഴിവിനെയാണ് ഞാന്‍ കൂടുതല്‍ സ്നേഹിക്കേണ്ടത്.

അതോടൊപ്പംതന്നെ അങ്ങേയറ്റം വൈരുദ്ധ്യമുള്ള മറ്റൊരു സ്വഭാവവും നിനക്കുണ്ടായിരുന്നു. നോര്‍മ്മലായ ഒരു മനുഷ്യനെ ഒരിക്കലും നിന്നില്‍ കാണാ ന്‍ കഴിഞ്ഞിരുന്നില്ല. ഒന്നുകില്‍ ഭ്രാന്തുപിടിച്ച അവസ്ഥയില്‍ അല്ലെങ്കില്‍ വളരെ ശാന്തനായി.

ഏതാള്‍ക്കൂട്ട നടുവിലും എത്രപേര്‍ ഒപ്പമുണ്ടായാലും നിനക്ക് കിട്ടുന്ന ശ്രദ്ധ, ആളുകളെ കൈയിലെടുക്കാനുള്ള കഴിവ്, സത്യമെന്ന് വിശ്വസിപ്പിക്കുന്ന നുണകള്‍ പറയാനുള്ള കഴിവ് എല്ലാം നിനക്ക് മാത്രമേയുള്ളൂ. പലപ്പോഴും നീ പറയുന്ന പല ഭാവനകളും ജീവിതത്തോട് ചേര്‍ക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അത്രമേല്‍ നീയെന്നെ മോഹിപ്പിച്ചിരുന്നു. മനോഹരമായ ഒരു കവിത പോലെ, ഒരു ശില്‍പം പോലെയാണ് നീ. ആ ശില്‍പത്തിന്റെ കണ്ണാണോ മൂക്കാണോ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയണം?

ജീവിതത്തില്‍ വളരെയധികം തെറ്റിധരിക്കപ്പെട്ട ആളാണ് നീ. വളരെ സാധാരണക്കാരനായ ഒരാളായി പെരുമാറാനും നിനക്കറിയില്ലായിരുന്നു. സിനിമ മേഖലയില്‍പ്പോലും മുഖം നോക്കാതെ ആളുകളോട് സംസാരിച്ചിരുന്ന ആളായിരുന്നു. നീ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക് ഒരിക്കലും നിന്നോട് ദേഷ്യം തോന്നില്ല. ഇഷ്ടം കൂടുകയേ ഉള്ളൂ. നിന്നെ വളരെ ആഴത്തില്‍ അറിയാവുന്നവര്‍ക്ക് മാത്രമേ നിന്റെ മനസിലെ നന്മയും കഴിവുമൊക്കെ തിരിച്ചറിയാന്‍ സാധിച്ചിരുന്നുള്ളൂ.

uploads/news/2019/03/293712/jijigogi110319c.jpg

ആരാണു ഞാന്‍ നിനക്ക്?


ഞാന്‍ നിനക്കൊരു പ്രണയിനി മാത്രമായിരുന്നില്ലല്ലോ? ഭാര്യ, പ്രണയിനി, അമ്മ, മകള്‍, കൂട്ടുകാരി ചിലപ്പോള്‍ ഏറ്റവും വലിയ ശത്രുപോലുമായി അനുഭവപ്പെട്ടിട്ടില്ലേ? വളരെ ചെറിയൊരു കാലയളവ് മാത്രമേ നീ എനിക്കൊപ്പമുണ്ടായിരുന്നുള്ളൂ. പപ്പൂ, നീ എന്ന വ്യക്തിയെ അതുപോലെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമായിരുന്നില്ലേ നിനക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ എനിക്ക് കഴിഞ്ഞത്.

എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് നിബന്ധനങ്ങള്‍ വച്ച് ഞാന്‍ തീര്‍ത്ത അച്ചില്‍ വാര്‍ത്തെടുക്കുന്ന ഒരാളെ അംഗീകരിക്കാന്‍ എനിക്ക് കഴിയില്ല. വളരെ സാധാരണക്കാരനായിട്ടുള്ള ഒരാളായിരുന്നു നീയെങ്കില്‍, പാട്ടുപാടിയാലും സിനിമയില്‍ അഭിനയിച്ചാലും നിന്നോടെനിക്ക് ഇഷ്ടം തോന്നുമായിരുന്നില്ല. നിന്റെ ഭ്രാന്തന്‍ സങ്കല്‍പ്പങ്ങളും ജീവിതരീതിയുമൊക്കെയാകാം നിന്നോട് ഇഷ്ടം കൂടാന്‍ കാരണം.

മാതൃകാ ദാമ്പത്യം നയിച്ചവരായിരുന്നില്ലല്ലോ നമ്മള്‍. കുടുംബസ്ഥന്റെ ഉത്തരവാദിത്തങ്ങളില്‍ കുടുങ്ങിക്കിടക്കാത്ത ഒരാളായിരുന്നു നീ. നിന്റെ പ്രതിഭയിലാണ് ഞാന്‍ സന്തോഷം കണ്ടെത്തിയത്. വളരെ അപൂര്‍വം സര്‍പ്രൈസുകളേ നീ തന്നിട്ടുള്ളൂ. അതൊക്കെതന്നെ വളരെ വൈകാരികമായ അനുഭവങ്ങളുണ്ടാക്കിയിട്ടുമുണ്ട്.

ഒരുപാടൊരുപാട് സ്നേഹിച്ചാലും ചിലപ്പോള്‍ ചീത്തവിളിക്കുന്ന, ഭയങ്കരമായി ദേഷ്യപ്പെടുന്ന സ്വഭാവവും നിനക്കുണ്ടായിരുന്നു. എങ്കിലും എന്നെ ജീവിതത്തിലേക്ക് പിടിച്ചുവലിക്കാനുള്ള ക്രിയേറ്റീവിറ്റിയും നിനക്കുണ്ടായിരുന്നു.

ഇനിയില്ലിതു പോലൊരു കാലം...


പപ്പൂ നിനക്കൊപ്പം 10 മിനിറ്റ് നടക്കുന്നത് പോലും എന്നെ സംബന്ധിച്ചു ത്രില്ലായിരുന്നു. ഒപ്പം നടക്കുമ്പോള്‍ കഥകള്‍, കവിതകള്‍, പാട്ടുകള്‍, പ്രണയം... അങ്ങനെ അങ്ങനെ നീ സംസാരിക്കാത്ത വിഷയങ്ങളുണ്ടായിരുന്നില്ല. അതെല്ലാം കേട്ട് ഒപ്പം നടക്കാനായിരുന്നു എനിക്കിഷ്ടം. നിനക്കൊപ്പമുള്ള ചെറുതും വലുതുമായ യാത്രകളൊക്കെയും എനിക്കൊരുപോലെയായിരുന്നു.

നീ ഒരു ചുവന്ന പാഷന്‍ബൈക്ക് സ്വന്തമാക്കിയതിന്റെ രണ്ടാമത്തെ ആഴ്ച നമ്മളൊരുമിച്ച് ബൈക്കില്‍ മൂകാംബികയില്‍ പോയതും തിരുവില്വാമലയില്‍ പോയതുമെല്ലാം ഞാനിന്നുമോര്‍ക്കുന്നു. ഇനിയീ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടാനിടയില്ലാത്ത, പകരം വയ്ക്കാനാവാത്ത ഓര്‍മ്മകളാണവ.

uploads/news/2019/03/293712/jijigogi110319.jpg

ഒരു വാക്കു മിണ്ടാതെ...


നീയത്ര വലിയ മിടുക്കൊന്നുമല്ല കാണിച്ചത്. എന്നെ തനിച്ചാക്കി പോകാം എന്നല്ലേ കരുതിയത്. എങ്കില്‍ കേട്ടോളൂ... നിന്റെ ശബ്ദവും ചിത്രങ്ങളും അഭിനയവും എല്ലാം എന്റെയൊരൊറ്റ വിരല്‍ത്തുമ്പിലുണ്ട്.

നീ മരിച്ചു എന്ന് ഞാനറിയുന്നുണ്ടെങ്കിലും നിന്റെ ജീവനില്ലാത്ത ശരീരം ഞാനിതുവരെ കണ്ടിട്ടില്ല. നീ ജീവനോടെയില്ല എന്നതിന് എനിക്കു മുമ്പില്‍ തെളിവുകളൊന്നും തന്നെയില്ല. അല്ലെങ്കില്‍ ഞാന്‍ ആ സത്യത്തില്‍ നിന്ന് മാറിനില്‍ക്കുകയുമാവാം. മുമ്പും പലപ്പോഴും എന്നില്‍ നിന്ന് അകലേക്ക് നീ പോയിട്ടുണ്ട്. എവിടെയാണെന്ന് പോലും പറയാതെ ദൂരങ്ങളില്‍ നിന്നിട്ടുണ്ട്. നിന്റെ സാമീപ്യമില്ലാതെ ജീവിക്കാനുള്ള കരുത്ത് പകരുന്നതിനായിരുന്നോ ആ ഒളിച്ചുകളികള്‍?

മക്കളുടെ കാര്യങ്ങള്‍ പറയാന്‍ കഴിയാതെ വരുമ്പോള്‍, ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ വരുമ്പോഴൊക്കെയാണ് നീ എവിടെയാണെന്ന് ചോദ്യമുയരുന്നത്. എന്നെ പറ്റിച്ച് ഒളിച്ച് നില്‍ക്കാതെ മുമ്പിലേക്ക് വരാന്‍ പറയാന്‍ തോന്നും. ഈ കുറിപ്പുകളെഴുതുമ്പോഴും ഞാന്‍ എഴുതുന്നതും നോക്കി നീ എനിക്കൊപ്പമുണ്ട്.

അമ്മുവിന് (ചിത്രലേഖ) നാലും കപിലയ്ക്ക് രണ്ടു വയസുമുള്ളപ്പോഴാണ് നീ ഞങ്ങളെ വിട്ടുപിരിയുന്നത്. മുമ്പൊക്കെ നീ എടുത്തുകൊണ്ടും നടന്നതും നിന്റെ കൈപിടിച്ചു നടന്നതുമൊക്കെ അമ്മു പറയുമ്പോള്‍ കപിലക്കുട്ടിക്ക് ചെറിയ പരിഭവമൊക്കെ ഉണ്ടായിരുന്നു.

ഇപ്പോള്‍ അമ്മു ഏഴിലും കപില അഞ്ചിലും പഠിക്കുന്നു. എന്നെ വേദനിപ്പിക്കേണ്ടെന്ന് കരുതിയാവണം കപിലയിപ്പോള്‍ പരിഭവമൊന്നും പറയാറില്ല. അല്ലെങ്കില്‍ തന്നെ കാണണമെന്ന് തോന്നുമ്പോള്‍ നീ അഭിനയിച്ച സിനിമകളിലൂടെയോ നിന്റെ ഫോട്ടോകളിലൂടെയോ അവര്‍ക്ക് നിന്നെ കാണാമല്ലോ. അതുകൊണ്ടാവും ഞങ്ങളില്‍ നിന്ന് ഇല്ലാതായ ഒരാളാണ് നീയെന്ന് തോന്നാത്തത്.

കണ്ണാടി ആദ്യമായെന്‍...


മുമ്പും സുഹൃത്തുക്കളുടെ ചില ഷോര്‍ട്ട്ഫിലിമുകളില്‍ ഞാനഭിനയിച്ച കാര്യം നിനക്കറിയാമല്ലോ. ഇപ്പോള്‍ അടുത്ത സുഹൃത്തായ സുസ്‌മേഷ് ചന്ത്രോത്തിന്റെ പുതിയ സിനിമയായ പത്മിനി എന്ന ചിത്രത്തിലും ഞാന്‍ അഭിനയിച്ചു. സീതാറാം ആയുര്‍വേദയിലെ ടെക്‌നിക്കല്‍ മാനേജര്‍ പദവിയുടെ തിരക്കുകള്‍ക്കിടയിലാണീ സാഹസം.

അശ്വതി അശോക്

Ads by Google
Monday 11 Mar 2019 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW