Tuesday, May 21, 2019 Last Updated 29 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 11 Mar 2019 01.16 AM

കര്‍ഷകരുടെ കണ്ണീരു വീഴരുത്‌

uploads/news/2019/03/293696/editorial.jpg

കേരളത്തിലെ കര്‍ഷകര്‍ വലിയൊരു വിപത്തിനെ അഭിമുഖീകരിക്കുമ്പോഴാണ്‌ അവരില്‍ ചിലര്‍ മറ്റൊരു പ്രതിസന്ധികൂടി നേരിടുന്നത്‌. കൃഷിനാശവും കാര്‍ഷിക വിളകള്‍ക്കുള്ള വിലയില്ലായ്‌മയും കര്‍ഷകജീവിതം നരകമയമായിരിക്കുകയാണ്‌. ഗതികെട്ട്‌ കടക്കെണിയിലായ കര്‍ഷകരില്‍ പലരും ജീവനൊടുക്കിക്കൊണ്ടുമിരിക്കുന്നു. കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ 1977 ജനുവരി ഒന്നിനു ശേഷമുള്ള മുഴുവന്‍ കൈയേറ്റ ഭൂമിയും ഒഴിപ്പിക്കണമെന്ന വിധി ശരിവച്ചതോടെ ആയിരക്കണക്കിനു കുടിയേറ്റ കര്‍ഷകരാണു പ്രതിസന്ധിയിലായിരിക്കുന്നത്‌. 2015 ലെ വിധി ശരിവച്ചുകൊണ്ടാണു കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. പന്തീരായിരം ഹെക്‌ടറോളം വനഭൂമിയില്‍ ഇക്കാലയളവില്‍ കുടിയേറ്റം ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. ഹൈറേഞ്ച്‌ മേഖലയിലാണ്‌ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നിട്ടുള്ളത്‌.

മനുഷ്യനടക്കമുള്ള സകലജീവജാലങ്ങളുടെയും നിലനില്‍പിനായി വനം സംരക്ഷിക്കപ്പെടേണ്ടതാണ്‌, അതിന്‌ നമുക്ക്‌ ബാധ്യതയുമുണ്ട്‌. അതിനൊപ്പം ഒരായുഷ്‌കാലം മുഴുവന്‍ മണ്ണില്‍ പണിയെടുത്ത്‌ ജീവിതം മുന്നോട്ടുനീക്കുന്ന കുടിയേറ്റകര്‍ഷകനെ മറക്കാനും പാടില്ല.
കുടിയേറ്റം കൈയേറ്റമോ നിയമവിരുദ്ധ പ്രവര്‍ത്തനമോ അല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ജീവന്‍ കൈയില്‍ പിടിച്ച്‌ കാട്ടുമണ്ണിനെ കൃഷിഭൂമിയാക്കിയവരാണവര്‍. അതിനുവേണ്ടി ഉറ്റവരെ നഷ്‌ടപ്പെട്ടവരും ഒരായുസിന്റെ നല്ലഭാഗം മുഴുവന്‍ മാറ്റിവച്ചവരുമാണ്‌ ആ കര്‍ഷകര്‍. മഹാമാരികളും പ്രകൃതിശക്‌തികളും വന്യമൃഗങ്ങളും അവര്‍ക്കുള്ളതൊക്കെ പലവട്ടം കവര്‍ന്നെടുത്തു. മണ്ണില്‍ പണിയെടുക്കുന്നതിനിടയില്‍ പുറംലോകത്ത്‌ നടക്കുന്നതൊന്നും അറിയാതെ അധ്വാനിച്ചു ജീവിച്ച പതിറ്റാണ്ടുകളുടെ പ്രതിഫലമാണു പലര്‍ക്കും ഇപ്പോള്‍ കൈയിലുള്ള ആ ചെറിയ തുണ്ട്‌ ഭൂമി. ആ അധ്വാനത്തെ കാട്ടുകള്ളന്മാര്‍ക്കു സമമാക്കി അധപ്പതിപ്പിക്കുവാനും അവരെ ഒന്നുമില്ലായ്‌മയിലേക്കു കുടിയിറക്കാനും പാടില്ല. അതിനു വേണ്ട സംവിധാനങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തുകതന്നെ വേണം. 1979 ല്‍ വനം - റവന്യൂ വകുപ്പുകള്‍ സര്‍വേ നടത്തി അതിരു തിരിച്ചിട്ടുള്ള കൃഷിഭൂമിയും കോടതിയുത്തരവ്‌ അനുസരിച്ച്‌ ഒഴിപ്പിക്കപ്പെടേണ്ടവയില്‍പ്പെടും. മാത്രമല്ല, 1977 നു മുമ്പുള്ള ഭൂമിക്കുപോലും പട്ടയം കൊടുത്തു തീര്‍ക്കാനോ നടപടിക്രമം പൂര്‍ത്തിയാക്കാനോ സാധിച്ചിട്ടില്ല. കുടിയേറ്റത്തിന്റെ കാലഗണനപോലും തര്‍ക്കത്തില്‍ കിടക്കുന്ന നിരവധി സംഭവങ്ങളുമുണ്ട്‌.

ഇടുക്കിയില്‍തന്നെ നാലായിരത്തോളം കുടിയേറ്റ കര്‍ഷകര്‍ കുടിയിറക്കു ഭീഷണി നേരിടുകയാണ്‌. മറ്റു ജില്ലകളിലും നിരവധി കുടുംബങ്ങള്‍ സമാന അവസ്‌ഥയിലുണ്ട്‌. അവരൊന്നും വന്‍കിട ഭൂവുടമകളോ കൈയേറ്റ മാഫിയകളോ അല്ല. മണ്ണില്‍ പണിയെടുത്ത്‌ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാധാരണ കര്‍ഷകര്‍ മാത്രം. എന്നാല്‍ കര്‍ഷകരുടെ മറപിടിച്ച്‌ കൈയേറ്റം നടത്തിയിട്ടുള്ളതും തുടരുന്നതുമായ വന്‍കിട മാഫിയകളെ കണ്ടെത്തി നടപടി എടുക്കുകയും ചെയ്യണം.

Ads by Google
Monday 11 Mar 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW