Tuesday, May 21, 2019 Last Updated 28 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 11 Mar 2019 01.16 AM

യുദ്ധസ്‌നേഹം രാജ്യസ്‌നേഹമല്ല

uploads/news/2019/03/293695/bft1.jpg

യുദ്ധമാണ്‌ എല്ലാറ്റിന്റെയും പിതാവും രാജാവും എന്ന ഹെരാക്ലീറ്റസ്‌ എഴുതി. പക്ഷേ, അതിന്‌ എന്തു വ്യാഖ്യാനമാണ്‌ അദ്ദേഹം നല്‌കുക എന്നു വ്യക്‌തമല്ല. ഹേഗല്‍ യുദ്ധമാണു പുരോഗതി, സമാധാനം അധോഗതിയാണെന്നു ചിന്തിച്ചു. ഹേഗലോ ഹേരാക്ലീറ്റസോ ജീവിച്ച ലോകമല്ല നമ്മുടേത്‌. ഇന്ത്യയും പാകിസ്‌താനുമായി യുദ്ധമുണ്ടാക്കുന്ന വല്ലാത്ത ജ്വരം ചിലരില്‍ കാണുന്നുണ്ട്‌.
മഹാഭാരത യുദ്ധത്തിന്റെ നാടാണിത്‌. വ്യാസന്‍ ഈ യുദ്ധകഥ പറഞ്ഞതു യുദ്ധമുണ്ടാക്കാനായിരുന്നില്ല എന്നു ധാരാളം പേര്‍ മറക്കുന്നു. ഹസ്‌തിനപുരത്തിലെ രണ്ടു സഹോദരന്മാര്‍ തമ്മിലുള്ള സ്‌പര്‍ദയും വൈരവും പകയും പിന്‍തലമുറയിലേക്കു പൊട്ടിയൊഴുകി യുദ്ധമായി. ഇതു ഭ്രാതൃയുദ്ധമായിരുന്നു. പക്ഷേ, അതു പാണ്‌ഡവ-കൗരവ വംശത്തെ മുഴുവന്‍ നശിപ്പിച്ച കഥയുമായിരുന്നു. അതിന്റെ തുടക്കവും ഏതു ഭ്രാതൃയുദ്ധത്തിന്റെയും തുടക്കംതന്നെ. സഹോദരീസഹോദരന്മാര്‍ തമ്മിലുള്ള അസൂയയുടെയും മത്സരത്തിന്റെയും ഈ കഥ സര്‍വനാശത്തിന്റെ കഥയായി മാറി. അവിടെ ദൈവത്തിന്റെ ഇടപെടലുണ്ടായിട്ടും വ്യക്‌തികള്‍ സ്‌പര്‍ദ്ദയില്‍നിന്നു ബലിയാടുകളെ ഉണ്ടാക്കുന്ന പ്രാകൃതബലി ചിന്തയില്‍നിന്നും ഉയരുന്നില്ല. വിജയം എന്നു പേരു നല്‌കിയ ഭാരതകഥ വ്യാസന്‍ പറഞ്ഞ്‌ അവസാനിപ്പിക്കുമ്പോള്‍ രണ്ടു കൈകളും ആകാശത്തേക്ക്‌ ഉയര്‍ത്തി നിലവിളിക്കുകയാണ്‌. ധര്‍മം വെടിഞ്ഞു യുദ്ധത്തിന്റെ സര്‍വനാശത്തിനിറങ്ങിയതിലുള്ള വേദനയിലാണു വ്യാസന്‍ നിലവിളിക്കുന്നത്‌. അവിടെ പരമ്പരാഗതമായ ചതുരുപായങ്ങള്‍ ഫലം കണ്ടില്ല. ദണ്‌ഡനമാര്‍ഗമായി യുദ്ധത്തിനിറങ്ങിയവര്‍ക്ക്‌ ആരെയും ദണ്‌ഡനംകൊണ്ട്‌ ഒന്നും പഠിപ്പിക്കാനുമാകില്ല. അറ്റോമിക്‌ യുഗത്തില്‍ ദണ്‌ഡനമാര്‍ഗം ഒരു മാര്‍ഗമേയല്ല. അതു സ്വയം നാശത്തിനുള്ള ന്യായീകരണമായേ കാണാനാകൂ.
നമ്മുടെ കമ്പോളസംസ്‌കാരം അതിമാത്രം അസൂയകലുഷിതവും അക്രമജ്വരം പൂണ്ടതുമാണ്‌. വിദ്വേഷവും സ്‌പര്‍ദയും നിറഞ്ഞുതുളുമ്പുന്ന ഒരു സാംസ്‌കാരികാന്തരീക്ഷം സംജാതമാണ്‌. ജീവിതം ഇരയാകാതെ വേട്ടക്കാരനാകുന്ന വലിയ മത്സരമായിരിക്കുന്നു. വലിയ തോതില്‍ വെറുപ്പും സ്‌പര്‍ദയും നിഷേധവികാരങ്ങളും നമ്മില്‍ അടിഞ്ഞുകൂടുന്നു. ഒരു ധര്‍മക്ഷയത്തിന്റെ പ്രതിസന്ധിയാണിത്‌. അതു തീവ്രവാദങ്ങളായി ചില മതങ്ങളില്‍ പൊട്ടിത്തെറിക്കുന്നുമുണ്ട്‌. ഈ മൗലികവാദത്തിന്റെ ചില മാനങ്ങള്‍ നമ്മുടെ സമൂഹത്തിലുമുണ്ട്‌. വെറുപ്പും വിഭജനചിന്തയും ധാരാളം ഉണ്ടാക്കുന്നവരുമുണ്ട്‌. ഒരു യുദ്ധത്തിലേക്കു ചെന്നുചാടാതിരിക്കാനുള്ള ആത്മബലവും നമുക്കുണ്ട്‌. ഹിറ്റ്‌ലറിന്റെ എന്റെ യുദ്ധം എന്ന പുസ്‌തകം അവസാനിക്കുന്നതു ശ്രദ്ധിക്കുക: ഗോത്രങ്ങളില്‍ വിഷം തീണ്ടുന്ന ഈ യുഗത്തില്‍ അതിന്റെ ഏറ്റവും നല്ല അംശങ്ങളില്‍ സമര്‍പ്പിതമായ ഒരു രാജ്യം ഒരു ദിവസം ലോകത്തിന്റ അധിപനാകണം. ആധിപത്യജ്വരം ബാധിച്ച ഗോത്രത്തിന്റെ ഗോത്രസംഘര്‍ഷം അപകടകരമായ ഊതിവീര്‍പ്പിച്ച അഹന്ത ചെന്നെത്തിയത്‌ എവിടെയാണ്‌ എന്ന നാസിസത്തിന്റെ പരിണാമത്തില്‍നിന്നു എല്ലാവരും പാഠം പഠിക്കണം.
ജര്‍മ്മന്‍ വര്‍ഗമഹിമയില്‍ പങ്കുകാരനായി യൂണിവേഴ്‌സിറ്റിയുടെ വൈസ്‌ ചാന്‍സലറായ ജര്‍മന്‍ ചിന്തകനായിരുന്നു മാര്‍ട്ടിന്‍ ഹൈഡഗര്‍. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഗാഡമര്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രീയനിലപാടിനെ പമ്പരവിഡ്‌ഢിത്വം എന്നു വിശേഷിപ്പിച്ചുകൊണ്ട്‌ എഴുതി: ഈ രാഷ്‌ട്രീയവിഡ്‌ഢിത്തത്തിന്‌ അദ്ദേഹത്തിന്റെ തത്ത്വചിന്തയുമായി ബന്ധമില്ല. ഹൈഡഗര്‍ പിന്നീടു പറഞ്ഞു: തത്വചിന്ത സാദ്ധ്യമായ ഏതു ശാസ്‌ത്രത്തേക്കാള്‍ ശാസ്‌ത്രീയമാണ്‌; അത്‌ എല്ലാ ശാസ്‌ത്രങ്ങളുടെയും ആദിയാണ്‌. തത്വചിന്ത ശാസ്‌ത്രങ്ങളില്‍ മുങ്ങിത്താഴുകയല്ല ശാസ്‌ത്രങ്ങളെ പ്രകാശിപ്പിക്കുകയാണു വേണ്ടത്‌. യുദ്ധം ശാസ്‌ത്രീയമായി മാറിയിരിക്കുന്നു. അവിടെ ശാസ്‌ത്രങ്ങളില്‍ മുങ്ങിപ്പോകാതെ ശാസ്‌ത്രങ്ങളെ വഴിനടത്തേണ്ടതു ദാര്‍ശനികരാണ്‌. അവിടെ അദ്ദേഹം എടുത്തുപറയുന്നതു ശാസ്‌ത്രങ്ങളില്‍ മാത്രം ആശ്രയിച്ചു സ്വയം നശിക്കുകയല്ല, ശാസ്‌ത്രങ്ങളെ ഉയര്‍ത്തി സഹവസിക്കാന്‍ തയാറാകുകയാണു വേണ്ടത്‌ എന്നാണ്‌.
ഹൈഡഗറിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ വസിക്കാന്‍ പഠിച്ചിട്ടില്ല. വസിക്കുക എന്നാല്‍ സഹവസിക്കുകയാണ്‌, ഒത്തുവസിക്കുകയാണ്‌. വസിക്കുക എന്നാല്‍ ആകാശവും ഭൂമിയും ദൈവങ്ങളും മനുഷ്യരുമായി ഒത്തുവസിക്കുന്നതാണ്‌. ഇന്നു നാം കാണുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങളും കോടിക്കണക്കിന്‌ ആളുകളെ അഭയാര്‍ത്ഥികളാക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും എല്ലാം സഹവസിക്കാന്‍ പഠിക്കാത്ത മനുഷ്യദുരന്തങ്ങളാണ്‌. നാസിസത്തിന്റെ തത്ത്വചിന്തകനായി മാറിയതു നീഷേയായിരുന്നു. അതിലേക്കു കാലുവച്ച ഹൈഡഗര്‍ പിന്നീടു പറഞ്ഞു: നീഷേ എന്നെ നശിപ്പിച്ചു.
ഹൈഡഗറില്‍ ഒത്തുവാസത്തക്കുറിച്ചു പറയുമ്പോള്‍ രണ്ടു കാര്യങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിക്കുന്നു. മനുഷ്യവ്യക്‌തികള്‍ ആള്‍ക്കൂട്ടത്തിന്റെ നപുംസകമായ ആരവങ്ങളുടെ പിന്നാലെ പോകാതെ തനിക്കുള്ളില്‍ നിന്നു വരുന്നതും എന്നാല്‍ തന്റേതല്ലാത്തതുമായ മനഃസാക്ഷിയുടെ സ്വരമാണു കേള്‍ക്കേണ്ടത്‌. ഹൈഡഗറിന്റെ ശിഷ്യനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നാസി അനുഭാവത്തിന്റെ ഫലമായി ഇനി ഒരിക്കലും ജര്‍മനിയില്‍ കാലുകുത്തില്ല എന്ന്‌ ശപഥം ചെയ്‌ത യഹൂദചിന്തകനായ ലെവീനാസ്‌ മതാത്മകതയെ ആതിഥ്യമായി നിര്‍വചിച്ച്‌, അപരന്റെ മുഖം അതാണു പ്രാഥമിക വേദം എന്നദ്ദേഹം പഠിപ്പിച്ചു. ഇതു സാര്‍വത്രികമായ ഒരു മാനവികതയിലുള്ള വിശ്വാസമാണ്‌. ദുഷ്‌ടരായ മനുഷ്യരുണ്ട്‌ എന്നു യാഥാര്‍ത്ഥ്യബോധത്തോടെ പറയുന്ന അദ്ദേഹം ലോകസാഹോദര്യത്തില്‍ ദുഷ്‌ടരെ നേരിടാനും മറികടക്കാനും ആവശ്യപ്പെടുന്നു. തെമ്മാടികളുണ്ട്‌, തെമ്മാടി രാജ്യങ്ങളുമുണ്ടാകാം. പക്ഷേ, തെമ്മാടികളെ നേരിടുന്നവര്‍ തെമ്മാടികളില്‍ ഒരു തെമ്മാടിയാകുന്ന കെണിയില്‍ വീഴാതിരിക്കാന്‍ അതീവ കരുതല്‍ വേണം.

റവ. ഡോ. പോള്‍ തേലക്കാട്ട്‌

Ads by Google
Monday 11 Mar 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW