Saturday, May 18, 2019 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 11 Mar 2019 01.15 AM

ഉണര്‍ന്നൂ കുരുക്ഷേത്രം

uploads/news/2019/03/293694/bft2.jpg

തെരഞ്ഞെടുപ്പിന്റെ ഒരാഴ്‌ച മുമ്പ്‌ പോലും രൂപപ്പെടുന്ന സാഹചര്യം രാഷ്‌ട്രീയ പാര്‍ട്ടികളുടെ ജയപരാജയം നിര്‍ണയിക്കുന്ന ഘടകമായി മാറാറുണ്ട്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോഴുള്ള രാഷ്‌ട്രീയ സാഹചര്യം എത്രമാത്രം സ്വാധീനം ചെലുത്തുമെന്നു വിലയിരുത്താനുമാകില്ല. ആയുധം ഏതായാലും സമര്‍ത്ഥമായി പ്രയോഗിക്കാനുള്ള കഴിവും തന്ത്രവും തന്നെയാകും വിജയത്തിന്‌ അടിസ്‌ഥാനമാവുക. ഇനി തന്ത്രങ്ങളുടെ കാലമാണ്‌. ഭരണ- പ്രതിപക്ഷ നിരകളിലെ ചാണക്യന്മാര്‍ അതിനുള്ള നീക്കങ്ങള്‍ക്കു നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. ഇനി നടപ്പാക്കലിന്റെ കാലമാണ്‌. ഇതുവരെ കരുതിവച്ച ആയുധങ്ങള്‍ ഇവയാണ്‌.

ദേശീയത വോട്ടാകുമോ

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, നോട്ട്‌ നിരോധവും ജി.എസ്‌.ടിയും തിടുക്കത്തില്‍ ഏര്‍പ്പെടുത്തുക വഴി രൂപപ്പെട്ട സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്‌മ, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന വില, സാമ്പത്തിക തട്ടിപ്പുകള്‍, പ്രതിരോധ ഇടപാടിലെ ദുരൂഹത തുടങ്ങി പ്രതിപക്ഷത്തിനു ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ വിഷയങ്ങളേറെയായിരുന്നു. എന്നാല്‍ ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ പാക്‌ അതിര്‍ത്തി കടന്നു ഭീകര ക്യാമ്പുകള്‍ക്ക്‌ നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനുശേഷം ഇതെല്ലാം പിന്നിലാവുകയും ദേശീയത എന്ന ഒരൊറ്റ അജന്‍ഡയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ രംഗം ഒതുങ്ങുകയും ചെയ്‌തു.
അജന്‍ഡ നിശ്‌ചയിക്കുന്നതില്‍ അസാമാന്യ പാടവം പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിനായി സംസ്‌ഥാനങ്ങളിലുടനീളം റാലികള്‍ നടത്തി. ഭീകരവാദത്തെ ഇല്ലായ്‌മ ചെയ്യാനാണു മോഡി വോട്ട്‌ ചോദിച്ചത്‌. ദേശീയയിലൂന്നി ഹിന്ദുത്വ സമം ചേര്‍ത്താണു ബി.ജെ.പി നടപ്പാക്കുന്ന തെരഞ്ഞെടുപ്പ്‌ തന്ത്രം. പ്രതിപക്ഷത്തിന്റെ മറ്റെല്ലാ ആരോപണങ്ങളും ഈയൊരു തന്ത്രത്തില്‍ മുങ്ങിപ്പോക്കുമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ മുപ്പത്‌ ദിവസത്തിനിടെ നൂറ്റമ്പതിലേറെ ഉദ്‌ഘാടനങ്ങളാണു മോഡി കശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെയായി നടത്തിയത്‌. ദിവസം ഒരു ഉദ്‌ഘാടനമെന്ന തോതില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രാലയങ്ങള്‍ക്ക്‌ മോഡി നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിക്കുന്നതിന്‌ തൊട്ടുമുമ്പായി പരമാവധി ഉദ്‌ഘാടനങ്ങള്‍ നടത്തി രാജ്യം വികസന കുതിപ്പിലാണെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമമാണു മോഡി നടത്തിയത്‌.
ഉദ്‌ഘാടന മേഖലയോട്‌ ചേര്‍ന്ന്‌ രാഷ്‌ട്രീയ റാലികളും നടത്തി. താന്‍ മുന്നോട്ട്‌ വയ്‌ക്കുന്ന വികസന അജന്‍ഡയില്‍ പരമ്പരാഗത വിഭവമായ അതിദേശീയതയെ പൊതിഞ്ഞു നല്‍കുകയെന്ന തന്ത്രമാണ്‌ ഉദ്‌ഘാടനച്ചടങ്ങുകളും റാലിയും വിളക്കിചേര്‍ത്ത്‌ മോഡി നടപ്പാക്കിയത്‌. മോഡിക്ക്‌ ഉദ്‌ഘാടനം പൂര്‍ത്തിയാക്കാനാണു തെരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിക്കാന്‍ കമ്മിഷന്‍ വൈകിയതെന്നു വരെ പ്രതിപക്ഷം ആരോപിച്ചു.
ഇന്ത്യന്‍ രാഷ്‌ട്രീയ സാഹചര്യത്തില്‍ ദേശീയതയ്‌ക്കുമേല്‍ മറ്റൊന്നിനും ആധിപത്യം സ്‌ഥാപിക്കാനാകില്ലെന്നു ബി.ജെ.പി വിശ്വസിക്കുന്നു. ഇതിനാല്‍ തന്നെ റാഫേലായാലും മിന്നലാക്രമണമായാലും കണക്കും രേഖയും ചോദിക്കുന്നവര്‍ക്ക്‌, വിഷയം ദേശീയതയുമായി ബന്ധപ്പെട്ടവയാകയാല്‍ മിണ്ടരുതെന്നാണു സര്‍ക്കാരിന്റേയും ബി.ജെ.പിയുടേയും താക്കീത്‌. പുല്‍വാമ ആക്രമണത്തിനുശേഷം രാജ്യത്ത്‌ സംജാതമായ പ്രത്യേക രാഷ്‌ട്രീയ/സാമൂഹിക സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയാണു ബി.ജെ.പി ഇക്കാര്യത്തില്‍ തന്ത്രമൊരുക്കുന്നത്‌.
ദേശീയതയിലൂന്നി ബി.ജെ.പി മറുതന്ത്രമൊരുക്കിയാല്‍ തിരിച്ചടിയാകുമെന്ന ആശങ്ക കോണ്‍ഗ്രസ്‌ പാളയത്തുമുണ്ട്‌. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക്‌ കൃത്യമായ മറുപടി നല്‍കാതെ ദേശീയതയെ കൂട്ടുപിടിക്കുന്ന ബി.ജെ.പി. തന്ത്രം കോണ്‍ഗ്രസ്‌ പാളയത്തില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നുമുണ്ട്‌.

ആയുധമായി റാഫേല്‍

ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ആരോപണങ്ങള്‍ വോട്ടെടുപ്പ്‌ ദിനം വരെ സജീവമായി നിര്‍ത്തണമെന്നാണു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ നേതാക്കള്‍ക്കും സംസ്‌ഥാന ഘടകങ്ങള്‍ക്കും നല്‍കിയ നിര്‍ദേശം. റാഫേലിലൂന്നി രാഹുല്‍ ദിനംപ്രതിയെന്നോണം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി ആരോപണങ്ങളും ശക്‌തമായി തന്നെ അവതരിപ്പിച്ചു. പാര്‍ട്ടി നേതാക്കളും സംസ്‌ഥാന ഘടകങ്ങളും അതത്രയും ഏറ്റുപിടിച്ചു. തെളിവുകളുടെ കരുത്തിലല്ല, ആരോപണങ്ങളുടെ പുകമറയില്‍ പ്രധാനമന്ത്രി അസ്വസ്‌ഥനായി.
ഈ സാഹചര്യത്തിലാണു സര്‍ക്കാരിന്‌ക്ല ീന്‍ചിറ്റ്‌ നല്‍കി സുപ്രീംകോടതി വിധിയും തൊട്ടുപിന്നാലെ സി.എ.ജി റിപ്പോര്‍ട്ടും പുറത്തുവരുന്നത്‌. ഇതോടെ പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാരിനു കച്ചിത്തുരുമ്പ്‌ ലഭിച്ച അവസ്‌ഥയായി. എന്നാല്‍ വിവിധ ഹര്‍ജികള്‍ പരിഗണിച്ച്‌ സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്‌ തുറന്ന കോടതിയില്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായി.
ആദ്യഘട്ടത്തില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ റഫാല്‍ രേഖകള്‍ മോഷണംപോയെന്ന സര്‍ക്കാര്‍ നിലപാട്‌ പോലും പ്രതിപക്ഷത്തിനു ശക്‌തമായ ആയുധമായിരുന്നു. തുടര്‍ന്നാണു മോഷണമല്ല പകര്‍പ്പെടുക്കുകയാണു ചെയ്‌തതെന്ന നിലപാട്‌ മാറ്റവുമായി അഡ്വക്കറ്റ്‌ ജനറല്‍ രംഗത്തെത്തിയത്‌.
സുപ്രീംകോടതി പരാമര്‍ശങ്ങളും സി.ബി.ഐ അന്വേഷണങ്ങളുമാണു കഴിഞ്ഞ യു.പി.എ സര്‍ക്കാരിനെ അവസാനകാലത്ത്‌ പ്രതിസന്ധിയിലാക്കിയത്‌. ഈ സാഹചര്യങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചാണ്‌ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി അധികാരത്തിലേറിയത്‌. തെരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിച്ചിരിക്കേ ഇതേ രാഷ്‌ട്രീയ സാഹചര്യം സംജാതമാകുമോയെന്ന ആശങ്കയിലാണു കേന്ദ്ര സര്‍ക്കാര്‍. റാഫേല്‍ കേസില്‍ തുടര്‍വാദം 14 നു നടക്കവേ സുപ്രീംകോടതിയില്‍നിന്ന്‌ എന്തെങ്കിലും തരത്തിലുള്ള പ്രതികൂല പരാമര്‍ശങ്ങളുണ്ടായാല്‍ വലിയ പ്രതിസന്ധിയാകും സംജാതമാകുക.
ബോഫോഴ്‌സ്‌ ഇടപാടാണു ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറയിളക്കിയ പ്രധാന ഘടകം. പ്രതിരോധ മേഖലയില്‍ തന്നെ വിവാദത്തിലായ റാഫേല്‍ ഇടപാടിനെ ആരോപണ ചക്രവ്യൂഹത്തില്‍പൂട്ടി അതുവഴി ബോഫോഴ്‌സിനുള്ള കണക്ക്‌ തീര്‍ക്കാനാണു കോണ്‍ഗ്രസ്‌ നീക്കം. രാഹുലിന്റെ ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ മോഡിക്ക്‌ സമയം കണ്ടെത്തേണ്ടിവന്നു. പ്രതിരോധവുമായി ബി.ജെ.പിയിലെ മുന്‍നിര നേതൃത്വത്തിനുതന്നെ രംഗത്തിറങ്ങേണ്ടിയും വന്നു.
അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുചോദിച്ച്‌ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഏതാണ്ട്‌ എല്ലാ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തുവന്നിട്ടുണ്ട്‌. എന്നാല്‍ റാഫേലില്‍ ആരോപണമുന്നയിക്കാനും സജീവമാക്കി നിര്‍ത്താനും രാഹുല്‍ മാത്രമേ രംഗത്തുള്ളൂവെന്നതാണ്‌ യാഥാര്‍ത്ഥ്യം. "കാവല്‍ക്കാരന്‍ കള്ളനാ"ണെന്ന ആവര്‍ത്തിക്കപ്പെടുന്ന വാചകത്തിനു പിന്നാലെ "എല്ലാം മോഷണം പോയെന്ന" ഒറ്റവരി വിശേഷണവുമായാണു മോഡി ഭരണകാലത്തിന്‌ നേരെ രാഹുല്‍ വിമര്‍ശന ശരംതൊടുക്കുന്നത്‌.
തെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ എന്തും ഏതും പ്രതിപക്ഷത്തിന്‌ ആയുധമാണ്‌. എങ്ങനെ തൊടുക്കുന്നുവെന്നതും എവിടെ കൊള്ളുന്നുവെന്നതിലുമാണു രാഷ്‌ട്രീയ കൃത്യത ഒളിഞ്ഞിരിക്കുന്നതും.
റാഫേല്‍ കരാറില്‍ രാഹുല്‍ അഴിമതി ആരോപിക്കുമ്പോള്‍ റാഫേല്‍ ലഭിക്കാന്‍ വൈകിയതാണു പാക്‌ യുദ്ധവിമാനങ്ങളെ തുരുത്താന്‍ പണിപ്പെടേണ്ടി വന്നതെന്നാണു സര്‍ക്കാര്‍ വാദം. തങ്ങള്‍ക്കെതിരേ ഉയരുന്ന എന്തിനെയും ഏതിനേയും രാജ്യസുരക്ഷയുമായി ചേര്‍ത്തുകെട്ടാനുള്ള സര്‍ക്കാര്‍ നീക്കം, പുല്‍വാമയ്‌ക്കുശേഷം രാജ്യത്ത്‌ ശക്‌തിപ്പെട്ട ദേശീയതാ വാദത്തെ സാധ്യതയാക്കി മാറ്റാനുള്ള തന്ത്രം തന്നെ.

ഇരുപക്ഷത്തിനും നിര്‍ണായകം

ഗാന്ധി - നെഹ്‌റു കുടുംബത്തില്‍നിന്നു മൂന്ന്‌ നേതാക്കളാണ്‌ കോണ്‍ഗ്രസ്‌ പ്രചാരണത്തെ നയിക്കാന്‍ ഇത്തവണ മുന്നിലുള്ളത്‌ - സോണിയ, രാഹുല്‍, പ്രിയങ്ക. പ്രിയങ്കയെന്ന തുറുപ്പ്‌ ചീട്ടിനെ തന്നെ രംഗത്തിറക്കിയത്‌ ഈ തെരഞ്ഞെടുപ്പിനു പാര്‍ട്ടി നല്‍കുന്ന പ്രധാന്യം വിളിച്ചോതുന്നു. രാഹുല്‍ ഗാന്ധിയെന്ന കോണ്‍ഗ്രസ്‌ അധ്യക്ഷന്റെ ജനപ്രീതി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും രാജ്യത്തെ നയിക്കുന്ന സ്‌ഥാനത്തേക്ക്‌ യോഗ്യനാണോയെന്ന്‌ ജനം ഇത്തവണ ആദ്യമായി വിധിയെഴുതുന്നുവെന്നതാണു പ്രത്യേകത.
കഴിഞ്ഞ തവണ തന്നെ രാഹുലിനെ കോണ്‍ഗ്രസ്‌ അവതരിപ്പിച്ചിരുന്നെങ്കിലും സോണിയയിലായിരുന്നു കടിഞ്ഞാണ്‍. ഇത്തവണയും സോണിയ മത്സര രംഗത്തുണ്ടെങ്കിലും രാഹുലിലാണു കടിഞ്ഞാണ്‍. അതേ സമയം തന്നെ
പ്രിയങ്ക ഗാന്ധി വാധ്‌ര എന്ന പുതിയ നേതാവിന്റെ വിലയിരുത്തല്‍ കൂടിയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും മൂവരും ഉള്‍പ്പെടുന്ന കോണ്‍ഗ്രസിലെ ഗാന്ധി കുടുംബത്തിന്‌ "പ്രതിസന്ധി"യൊന്നും ഉണ്ടാകില്ല. എന്നാല്‍, രാഹുലിന്റെ നേതൃപാടവത്തിനു നേരെയുള്ള ചോദ്യ ചിഹ്‌നമായി പരാജയം മാറുമെന്നുറപ്പ്‌.
മോഡി - അമിത്‌ ഷാ ടീമില്‍ കേന്ദ്രീകരിക്കപ്പെട്ട ബി.ജെ.പി, 39 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി അദ്വാനിയെ തെരഞ്ഞെടുപ്പ്‌ രംഗത്തുനിന്നു പൂര്‍ണമായി മാറ്റി നിര്‍ത്തുമോയെന്നാണു രാഷ്‌ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌. അദ്വാനി - വാജ്‌പേയി കൂട്ടുകെട്ടിനു പകരം മോഡി-ഷാ കൂട്ട്‌ കെട്ട്‌ ബി.ജെ.പിയില്‍ ചോദ്യം ചെയ്യാനാകത്തവിധം ശക്‌തിയാര്‍ജിച്ചു കഴിഞ്ഞു. ദ്രാവിഡ പാര്‍ട്ടികള്‍ക്ക്‌ മാത്രം സ്വാധീനമുള്ള തമിഴ്‌നാട്ടിലടക്കം സഖ്യമുണ്ടാക്കാന്‍ സാധിച്ചതിന്റെ ആവേശത്തില്‍ മുന്നേറുന്ന ബി.ജെ.പിക്ക്‌ ഉത്തര്‍പ്രദേശിലെ മഹാ സഖ്യമാണു പ്രധാന ആശങ്ക.
അതേ സമയം, സംസ്‌ഥാന തലങ്ങളില്‍ വിട്ടു വീഴ്‌ചയിലൂടെ പ്രാദേശിക പാര്‍ട്ടികളുമായി രൂപപ്പെടുത്തിയ സഖ്യങ്ങള്‍ വഴി ഗ്രാമീണ ഇന്ത്യയില്‍ നിലനില്‍ക്കുന്ന എതിര്‍വികാരം മറികടക്കാനും യു.പിയില്‍ ഉണ്ടായേക്കാവുന്ന നഷ്‌ടം നികത്താനും സാധിക്കുമെന്നു ബി.ജെ.പി കരുതുന്നു.
മോഡിക്കും അമിത്‌ ഷായ്‌ക്കും നിലവില്‍ പാര്‍ട്ടിയില്‍ എതിര്‍ശബ്‌ദങ്ങളൊന്നുമില്ല. അതുകൊണ്ട്‌ തന്നെ തീരുമാനമെടുക്കാനും നടപ്പാക്കാനും ഇരുവര്‍ക്കും ഞൊടിയിടയില്‍ സാധിക്കുന്നുമുണ്ട്‌. അതേ സമയം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍നിന്ന്‌ പുറത്തായാല്‍ ഇരുവര്‍ക്കുമെതിരേ പാര്‍ട്ടിയിലെ ശത്രുക്കള്‍ ഒരുമിക്കുമെന്നതും വ്യക്‌തം. അതിനാല്‍ തന്നെ മോഡിക്കും ഷായ്‌ക്കും ഈ തെരഞ്ഞെടുപ്പ്‌ ഏറെ നിര്‍ണായകമാണ്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Monday 11 Mar 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW