Friday, June 21, 2019 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 01.33 AM

ജീവിതത്തിലേക്കിറങ്ങാനുള്ള ഇടവഴികള്‍

uploads/news/2019/03/293429/book.jpg

സാഹിത്യരൂപമെന്ന നിലയില്‍ കഥ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ സാക്ഷ്യപത്രമല്ല. ജീവിതത്തെ അതേപോലെ ചിത്രീകരിക്കുന്നില്ല. കല എന്ന നിലയില്‍ കഥയുടെ സവിശേഷതയും മറ്റൊന്നല്ല. കഥയുടെ സ്വഭാവവും അത്‌ ആസ്വദിക്കുന്ന രീതിയും യാഥാര്‍ത്ഥ്യങ്ങളുമായി ഇണങ്ങി പോകുന്നില്ല. കഥ ജീവിതപാഠവും സ്വപ്‌നദര്‍ശനവുമാണ്‌. അതുകൊണ്ട്‌ കഥാവായന പാഠവും പഠിതാവുമായി നേരിട്ടുള്ള സംവാദമാണ്‌. മനുഷ്യസന്ദര്‍ഭങ്ങളെ അവയുടെ അപ്രതിരോധ്യമായ കാഠിന്യത്തിലും നഗ്നതയിലും മനസിലാക്കാന്‍ ഇത്‌ കഥയെഴുത്തുകാരെ പ്രാപ്‌തരാക്കുന്നു.
സാമൂഹ്യജീവിതത്തിന്റെയും സൗന്ദര്യബോധത്തിന്റെയും കാലാവസ്‌ഥ അടയാളപ്പെടുത്തുന്നതില്‍ കഥ സ്വാഭാവികമായ ഉണര്‍ച്ചയിലാണ്‌. കപടനാട്യത്തെ സ്വയം തിരിച്ചറിയുന്ന നവീനകഥയുടെ രൂപമെന്തുമാകട്ടെ. അതിനുവേണ്ടി കലഹിക്കുന്ന കഥാകാരിയാണ്‌ മിനി പി.സി. ഈ പശ്‌ചാത്തലം മിനിയുടെ കഥകള്‍ പുതിയ സൗന്ദര്യബോധം ആവശ്യപ്പെടുന്നുണ്ട്‌. 'ഒരു സ്വവര്‍ഗാനുരാഗിയോട്‌ ചെയ്‌തുകൂടാത്തത്‌' എന്ന പുസ്‌തകത്തിലെ കഥകളും അന്വേഷിക്കുന്നത്‌ നീതിബോധത്തിലും വികാരങ്ങളിലുമുള്ള മനുഷ്യന്റെ ഒടുങ്ങാത്ത കാല്‍വയ്‌പുകളാണ്‌.
നമ്മുടെ കഥകളില്‍ സ്‌നേഹം, രതി, മരണം എന്നീ വാക്കുകള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്‌. എന്നാല്‍ കുടുംബ ജീവിതത്തിന്റെയും സ്‌നേഹത്തിന്റെയും രതിയുടെയും മരണത്തിന്റെയും ഇത്രയേറെ മുഖങ്ങള്‍ ഈവിധം മലയാളത്തില്‍ അധികമാരും കഥാചിത്രങ്ങളാക്കിയിട്ടില്ല. മനുഷ്യബന്ധങ്ങളുടെ ശക്‌തി, സൗന്ദര്യം, സ്വാതന്ത്ര്യം ഇവകളിലൂടെ മിനിയുടെ മനസ്‌ സന്ദേഹരഹിതമായും സ്വാഭാവികമായും കടന്നുപോകുന്നുണ്ട്‌. 'മരണത്തിന്‌ ജീവിതത്തേക്കാള്‍ ഭാരമുണ്ടെന്ന്‌ ബഹനാന്റെ തോളുകള്‍ക്ക്‌ ബോധ്യപ്പെട്ടു' (മാഗ്നാകാര്‍ട്ട) എന്നിങ്ങനെ കഥ ജീവിതസമസ്യകളുടെ പുനര്‍നിര്‍മിതിയായി മാറുന്നു.
മിനി പി.സി.യുടെ കഥകള്‍ പൂര്‍ണതയുടെ ലോകമല്ല; ഉള്‍ക്കാഴ്‌ചയുടെ അര്‍ത്ഥമാണ്‌. പുതിയ പ്രവണതയിലേക്കുള്ള യാത്രയാണ്‌. ഒരര്‍ത്ഥത്തില്‍ ഈ എഴുത്തുകാരി മലയാള കഥയ്‌ക്ക് പുതിയൊരു ജീവിതം നല്‍കിയിരിക്കുന്നു. വ്യക്‌തിയും സമൂഹവും നിലനില്‍പ്പിന്റെ രഹസ്യങ്ങളും നമ്മില്‍തന്നെ ഉള്ളതാണെന്ന്‌ തിരിച്ചറിയുന്നവരാണ്‌ വീണാധരി. ഒരു സ്വവര്‍ഗാനുരാഗിയോട്‌ ചെയ്‌തുകൂടാത്തത്‌, മാഗ്നാകാര്‍ട്ട, സരസ്വതീസമ്മാന്‍ തുടങ്ങിയ കഥകളിലുള്ളത്‌ ബാഹ്യ ജീവിത ധാരണകളല്ല, സൂക്ഷ്‌മജീവിത നിരീക്ഷണങ്ങളാണ്‌. ഉസബീ, റൂഹാനി, ശ്ലഥം മുതലായ കഥകള്‍ ജീവിതത്തിന്റെ പിരിമുറുക്കത്തിലേക്ക്‌ ലയിക്കുകയാണ്‌. ഒരു ഒഴുക്കായി കഥയുടെ ആഖ്യാനകല മാറുന്നു. 'എലിഫന്റ്‌ ഡ്രൈവര്‍' എന്ന കഥയില്‍ പറയുന്നു; 'പുരുഷന്മാരെ നിങ്ങള്‍ക്കെന്തിന്റെ കേടാണ്‌. അതിനുമാത്രം അവളിലൊന്നുമില്ല'.
നമ്മുടെ കഥയുടെ പാരമ്പര്യവും ചരിത്രവും സാമൂഹിക യാഥാര്‍ത്ഥ്യവും കഥാകാരി നവീകരിക്കാന്‍ ശ്രമിക്കുന്നു. ഇതിനുള്ളില്‍ സ്വന്തം കാലത്തിന്റെ ധാര്‍മ്മിക ചരിത്രം എഴുതിച്ചേര്‍ക്കുന്നു. 'ഒരു സ്വവര്‍ഗാനുരാഗിയോട്‌ ചെയ്‌തുകൂടാത്തത്‌' എന്ന കഥയിലെ കൃഷ്‌ണകാന്തും ഛായയും പരംജിത്തും എല്ലാം വര്‍ത്തമാനകാല ജീവിതസന്ധികളുടെ ഇരകളാണ്‌. 'ഷീ ഈസ്‌ ക്രൂവല്‍, അവനും വഞ്ചിച്ചു' - കൃഷ്‌ണകാന്തിന്റെ ഇടറിയ വാക്കുകള്‍ക്കുമേല്‍ ആകാശമായി പന്തലിച്ചുനില്‍ക്കുന്നത്‌ - 'അവരെ ഇനി നോക്കണ്ട, പുതിയ പെയറിനെ കണ്ടെത്തൂ. വേണ്ട ഫ്രീഡമുണ്ടല്ലോ' എന്ന മറുവാക്കുകളാണ്‌. അശരീരിപോലെ ഈ വാക്കുകള്‍ കഥയില്‍ പടരുന്നു.
ചിതയുടെ വെളിച്ചത്തില്‍ പൂത്തുവിടരുന്ന പ്രണയത്തെപ്പറ്റി കുമാരനാശാന്‍ 'കരുണ'യില്‍ എഴുതിയിട്ടുണ്ട്‌. മഴനീര്‌ കൊതിക്കുന്ന പ്രണയം മിനിയുടെ കഥകളിലും കൂടുവച്ചിട്ടുണ്ട്‌. വീണാധരിമാരുടെ ഹൃദയം തുടിക്കുന്നത്‌ ജീവിതത്തിന്റെ അടച്ചിട്ട വാതിലിനപ്പുറം കടക്കാനാണ്‌. ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും വേപഥുകളെ വ്യക്‌തിമനസിലേക്കും വികാരങ്ങളുടെ നിഗൂഢമായ വഴികളിലേക്കും ചേര്‍ത്തുപിടിച്ചു സഞ്ചരിക്കുന്നവരാണ്‌ മിനിയുടെ കഥാപാത്രങ്ങളധികവും. അനുഭവക്കുറിപ്പുപോലെ വായിച്ചുതീര്‍ക്കാവുന്ന കഥകള്‍ മനസില്‍ ഭാരം വച്ചുതരുന്ന അനുഭവങ്ങളായി മാറുന്നു.
കഥകള്‍ അതിന്റേതായ ജ്‌ഞാനത്തെ രൂപപ്പെടുത്തുന്ന അനന്തമായ തുറന്ന മനസാണ്‌. ആധുനിക ജീവിതത്തിന്റെ ഭീഷണമായ നിഴലുകള്‍ക്ക്‌ മറച്ചുപിടിക്കാന്‍ കഴിയുന്ന ബന്ധങ്ങളും ബന്ധനങ്ങളും സങ്കീര്‍ണതകളുമാണ്‌ ഈ സമാഹാരത്തിലെ കഥകളുടെ പാഠാന്തരം.
ജന്മവാസനകളെ ഉജ്വലിപ്പിക്കുന്ന ഈ രചനകള്‍ മലയാളകഥയെ വിശാല സന്ദര്‍ഭങ്ങളിലേക്ക്‌ കൊണ്ടുവന്ന്‌ നമ്മുടെ മുമ്പില്‍ നിര്‍ത്തുന്നു. കഥയില്‍ മിനി പി.സി. സൃഷ്‌ടിക്കുന്ന ചലനം ചെറുതായാല്‍പോലും കരുത്തുറ്റ എഴുത്തുശീലത്തിലേക്കും വായനയിലേക്കുമുള്ള നീക്കമാണത്‌.

ഒരു സ്വവര്‍ഗാനുരാഗിയോട്‌ ചെയ്‌തു കൂടാത്തത്‌
കഥകള്‍
മിനി പി.സി
ഫിംഗര്‍ ബുക്‌സ്

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

Ads by Google
Sunday 10 Mar 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW