Tuesday, May 21, 2019 Last Updated 58 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 01.30 AM

സിറ്റിങ്‌ എം.പിമാരും എം.എല്‍.എമാരുമായി സി.പി.എം.

uploads/news/2019/03/293426/bft1.jpg

കെ.പി. സതീഷ്‌ ചന്ദ്രന്‍
(കാസര്‍ഗോഡ്‌)

രണ്ടു തവണ സി.പി.എം. ജില്ലാ സെക്രട്ടറിയും രണ്ടു തവണ തൃക്കരിപ്പൂര്‍ എം.എല്‍.എയുമായി രാഷ്‌ട്രീയ രംഗത്ത്‌ സജീവ സാന്നിധ്യം. നീലേശ്വരം രാജാസ്‌ ഹൈസ്‌കൂളിലെ എസ്‌.എഫ്‌.ഐയുടെ യൂണിറ്റ്‌ എക്‌സിക്യൂട്ടീവ്‌ അംഗമായി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട്‌ യൂണിറ്റ്‌ സെക്രട്ടറി, താലൂക്ക്‌ പ്രസിഡന്റ്‌, സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി, സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌, കേന്ദ്ര കമ്മിറ്റി അംഗം, സി.പി.എം. നീലേശ്വരം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്‌ഥാനങ്ങള്‍ക്കുശേഷം സംസ്‌ഥാന കമ്മിറ്റി അംഗവുമായി. നിലവില്‍ എല്‍.ഡി.എഫ്‌. ജില്ലാ കണ്‍വീനര്‍.

പി.കെ. ശ്രീമതി
(കണ്ണൂര്‍)

സിറ്റിങ്‌ എം.പി. തെരഞ്ഞെടുപ്പ്‌ ഗോദയില്‍ ഒരിക്കലും കാലിടറിയിട്ടില്ലാത്ത നേതാവാണു സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായ പി.കെ. ശ്രീമതി. 2001 ല്‍ പയ്ന്നൂരിയല്‍നിന്നു നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 2006 ല്‍ വീണ്ടും ജയം, വി.എസ്‌. മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ്‌ എം.പി. കെ. സുധാകരനെ തോല്‍പിച്ചു പാര്‍ട്ടിക്കായി മണ്ഡലം തിരിച്ചു പിടിച്ചു.
1949 മേയ്‌ 4-ന്‌ ടി. കേളപ്പന്‍ നമ്പ്യാരുടെയും പി.കെ. മീനാക്ഷിയമ്മയുടെയും മകളായി ജനനം. സ്‌കൂള്‍ അധ്യാപികയായിരുന്നു. കണ്ണൂര്‍ ജില്ലാ കണ്‍സിലില്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പെഴ്‌സണായും 1995 മുതല്‍ 1997 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ട്രഷററാണ്‌. ദാമോദരന്‍ നമ്പ്യാരാണു ഭര്‍ത്താവ്‌. മകന്‍: സുധീര്‍ നമ്പ്യാര്‍.

പി. ജയരാജന്‍
(വടകര)

സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്‌ഥാന കമ്മറ്റിയംഗവുമായ പി. ജയരാജനെ, അക്രമരാഷ്‌ട്രീയത്തിന്റെ ജീവിക്കുന്ന രക്‌തസാക്ഷിയെന്നാണ്‌ അണികള്‍ വിശേഷിപ്പിക്കുന്നത്‌. നിയമസഭയില്‍ മൂന്നു തവണ കൂത്തുപറമ്പിനെ പ്രതിനിധീകരിച്ചു. കതിരൂരില്‍ കുഞ്ഞിരാമന്‍-ദേവി ദമ്പതികളുടെ മകനായി ജനിച്ചു. എസ്‌.എസ്‌.എല്‍.സി. വിദ്യാഭ്യാസത്തിനു ശേഷം ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകനായി രാഷ്‌ട്രീയജീവിതം ആരംഭിച്ചു. സി.പി.എം. സംസ്‌ഥാന കമ്മറ്റി അംഗം, സി.ഐ.ടി.യു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി, റബ്‌കോ എംപ്ലോയീസ്‌ യൂണിയന്‍ പ്രസിഡന്റ്‌ തുടങ്ങി അനവധി സ്‌ഥാനങ്ങള്‍ വഹിച്ചു. സാന്ത്വന പരിചരണ രംഗത്ത്‌ 2012 ല്‍ ആരംഭിച്ച ഇനീഷ്യേറ്റീവ്‌ ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍ (ഐ.ആര്‍.പി.സി) എന്ന സംഘടനയുടെ ഉപദേശകസമിതി ചെയര്‍മാനാണു പി. ജയരാജന്‍.

പി.വി. അന്‍വര്‍
(പൊന്നാനി)

ഏറനാട്ടിലെ പരമ്പരാഗത കോണ്‍ഗ്രസ്‌ കുടുംബാംഗമാണ്‌ 53 വയസുകാരനായ പി.വി. അന്‍വര്‍. എ.ഐ.സി.സി. അംഗവും ദീര്‍ഘകാലം എടവണ്ണ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന പിതാവ്‌ പി.വി. ഷൗക്കത്തലി. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ അന്‍വര്‍ 1984- 88 കാലയളവില്‍ മമ്പാട്‌ എം.ഇ.എസ്‌ കോളജ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറിയും യൂണിയന്‍ ചെയര്‍മാനും കെ.എസ്‌.യു(എസ്‌) സംസ്‌ഥാന സെക്രട്ടറിയുമായി. 1989 ല്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡന്റും സാംസ്‌കാരിക സംഘടനയായ നെഹ്‌റു യുവദര്‍ശന്റെ സംസ്‌ഥാന സെക്രട്ടറിമായി. 2005 ല്‍ ഡി.ഐ.സി. മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡന്റായി. 2011ല്‍ ഏറനാടുനിന്നും ലീഗിലെ പി.കെ. ബഷീറിനെതിരേ സ്വതന്ത്രനായി മത്സരിച്ച്‌ രണ്ടാംസ്‌ഥാനത്തെത്തി. 2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാടില്‍ സ്വതന്ത്രനായി മത്സരിച്ചു. 2016 ല്‍ ഇടത്‌ സ്വതന്ത്രനായ അന്‍വര്‍ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചു. പി.വി.ആര്‍ ഡെവലപ്പേഴ്‌സ്‌ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ മേധാവിയും പി.വി. ഷൗക്കത്തലി ആന്‍ഡ്‌ മറിയുമ്മ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ചെയര്‍മാനുമാണ്‌.

വി.പി. സാനു
(മലപ്പുറം)

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും മുതിര്‍ന്ന നേതാവുമായ വി.പി. സക്കരിയയുടെ മകന്‍. ബാലസംഘത്തിലൂടെ പൊതുജീവിതം ആരംഭിച്ചു. ബാലസംഘം വളാഞ്ചേരി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌, ഏരിയ പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി സ്‌ഥാനങ്ങള്‍ വഹിച്ചു. കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായിരിക്കെ എസ്‌.എഫ്‌.ഐയില്‍ ചേര്‍ന്നു. തൊട്ടുപിന്നാലെ യൂണിറ്റ്‌, ഏരിയ പ്രസിഡന്റ്‌, സെക്രട്ടറി സ്‌ഥാനങ്ങള്‍ വഹിച്ചു. 2011 ല്‍ മലപ്പുറം ജില്ലാ സെക്രട്ടറിയായി. കാലിക്കറ്റ്‌ സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ മുന്‍നിര നായകനായി. 2013 ല്‍ ജില്ലാ സെക്രട്ടറി സ്‌ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2015 ല്‍ സംസ്‌ഥാന പ്രസിഡന്റായി. 2016 ജനുവരിയില്‍ എസ്‌.എഫ്‌.ഐയുടെ ദേശീയ പ്രസിഡന്റായി. മികച്ച പ്രാസംഗികനാണ്‌. 2018 നവംബര്‍ രണ്ടിന്‌ വീണ്ടും ദേശീയ പ്രസിഡന്റ്‌ സ്‌ഥാനം തേടിയെത്തി. 1991 ല്‍ കുറ്റിപ്പുറം നിയോജകമണ്ഡലത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയോട്‌ പരാജയപ്പെട്ടയാളാണു സാനുവിന്റെ പിതാവ്‌ സക്കരിയ. 30 വയസുകാരനായ സാനു അവിവാഹിതനാണ്‌.

എം.ബി. രാജേഷ്‌
(പാലക്കാട്‌)

സിറ്റിങ്‌ എം.പി. ഷൊര്‍ണൂര്‍ ചളവറയില്‍ റിട്ട. ഹവില്‍ദാര്‍ ബാലകൃഷ്‌ണന്‍ നായരുടെയും എം.കെ. രമണിയുടെയും മകനായി പഞ്ചാബിലെ ജലന്ധറില്‍ ജനിച്ചു. ഡി.വൈ.എഫ്‌.ഐ. മുഖപത്രം യുവധാരയുടെ മുഖ്യപത്രാധിപരായിരുന്നു. ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന പ്രസിഡന്റായും അഖിലേന്ത്യാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2009 ലെ തെരഞ്ഞെടുപ്പില്‍ 1,820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാലക്കാട്‌ ലോക്‌സഭാ മണ്ഡലത്തില്‍നിന്നു വിജയച്ചു. 2014 ല്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാറിനെ ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തി. സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന്‌ എല്‍.എല്‍.ബി. ബിരുദം എന്നിവ നേടി. സി.പി.എം. സംസ്‌ഥാന കമ്മിറ്റി അംഗമായ രാജേഷ്‌, എസ്‌.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറി, കേന്ദ്ര ജോയിന്റ്‌ സെക്രട്ടറി, പാലക്കാട്‌ ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

എ. പ്രദീപ്‌ കുമാര്‍
(കോഴിക്കോട്‌)

കോഴിക്കോട്‌ നോര്‍ത്ത്‌ മണ്ഡലത്തില്‍നിന്ന്‌ തുടര്‍ച്ചയായി മൂന്നു വട്ടം എം.എല്‍.എ. നാദാപുരം ചേലക്കാട്‌ സ്വദേശിയാണ്‌ അമ്പത്തിനാലുകാരനായ പ്രദീപ്‌ കുമാര്‍. പരേതരായ ചേലക്കാട്‌ ആനാറമ്പത്ത്‌ ഗോപാലകൃഷ്‌ണക്കുറുപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകന്‍. വെസ്‌റ്റ്‌ഹില്‍ ചുങ്കത്താണ്‌ താമസം. ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സി.പി.എം. സംസ്‌ഥാന കമ്മിറ്റി അംഗമാണ്‌. എസ്‌.എഫ്‌.ഐ. സംസ്‌ഥാന പ്രസിഡന്റ്‌, സെക്രട്ടറി, ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കോഴിക്കോട്‌ ജില്ലാ കൗണ്‍സില്‍ അംഗം, കാലിക്കറ്റ്‌ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട്‌ അര്‍ബന്‍ ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: അഖില (വേങ്ങേരി സഹകരണ ബാങ്ക്‌ സെക്രട്ടറി). മകള്‍: അമിത (ആര്‍കിടെക്‌റ്റ്‌).

എ. സമ്പത്ത്‌
(ആറ്റിങ്ങല്‍)

സിറ്റിങ്‌ എം.പി. പാര്‍ലമെന്റിലേക്ക്‌ നാലാം തവണയാണു ജനവിധി തേടുന്നത്‌. തുടര്‍ച്ചയായി മൂന്നാം തവണ. 2014 ല്‍ 64,383 വോട്ടിന്റെ ഭൂരിപക്ഷം. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം, സി.ഐ.ടി.യു. സംസ്‌ഥാന സമിതിയംഗം, ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പ്രമുഖ സി.പി.എം നേതാവും മുന്‍ എം.പിയുമായ കെ. അനിരുദ്ധന്റെ മകനും തിരുവനന്തപുരം ബാറിലെ അഭിഭാഷകനുമാണു സമ്പത്ത്‌. കോളജ്‌ അധ്യാപകനായി നിയമനം കിട്ടിയെങ്കിലും ജോലി ഉപേക്ഷിച്ച്‌ പൊതുരംഗത്ത്‌ തുടര്‍ന്നു. മയക്കുമരുന്നു നിരോധന നിയമത്തില്‍ കേരള സര്‍വകലാശാലയില്‍നിന്നു ഡോക്‌ടറേറ്റ്‌ നേടി.

കെ.എന്‍. ബാലഗോപാല്‍
(കൊല്ലം)

സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ രാജ്യസഭാംഗവുമാണ്‌ കെ.എന്‍. ബാലഗോപാല്‍. രണ്ടുതവണ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. എം.കോമിനുശേഷം എല്‍.എല്‍.എം ഒന്നാം ക്ലാസില്‍ വിജയിച്ച ബാലഗോപാല്‍ വിദ്യാര്‍ഥി, യുവജന പ്രസ്‌ഥാനത്തിലൂടെയാണു പൊതുരംഗത്തെത്തിയത്‌. 2010-16 ല്‍ രാജ്യസഭാംഗം. വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നാലുവര്‍ഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. എസ്‌.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡന്റ്‌, ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

എ.എം. ആരിഫ്‌
(ആലപ്പുഴ)

2006 ല്‍ അരൂരിലെ കന്നിയങ്കത്തില്‍ കെ.ആര്‍. ഗൗരിയമ്മയെ അട്ടിമറിച്ച്‌ തുടക്കം. മൂന്നു തവണയായി അരൂര്‍ എം.എല്‍.എ. സി.പി.എം. ജില്ലാ കമ്മിറ്റി അംഗമാണ്‌. നോണ്‍ ബാങ്കിങ്‌ ഫിനാന്‍സ്‌ ആന്‍ഡ്‌ പ്രൈവറ്റ്‌ ബാങ്ക്‌ എംപ്‌ളോയിസ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌, ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന കമ്മിറ്റി അംഗം, എസ്‌.എഫ്‌.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1991ല്‍ അരൂക്കുറ്റി ഡിവിഷനില്‍നിന്ന്‌ ആലപ്പുഴ ജില്ലാ കൗണ്‍സിലിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ആലപ്പുഴ എസ്‌.ഡി കോളജ്‌, ചേര്‍ത്തല എസ്‌.എന്‍ കോളജ്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം ലോ കോളജില്‍നിന്നു എല്‍.എല്‍.ബി. പാസായി. ആലപ്പുഴ ലജനത്ത്‌ വാര്‍ഡ്‌ തങ്കത്തില്‍ പരേതനായ അബ്‌ദുള്‍ മജീദിന്റേ (പോലീസ്‌ കോണ്‍സ്‌റ്റബിള്‍)യും നബീസയുടെയും മകനാണ്‌. പാതിരപ്പള്ളി ഹോംകോ സൂപ്രണ്ട്‌ ഡോ. ഷെഹനാസാണ്‌ ഭാര്യ. മക്കള്‍: സല്‍മാന്‍, റിസ്വാന.

പി. രാജീവ്‌
(എറണാകുളം)

തൃശൂര്‍ മേലടൂര്‍ അന്നമനട സ്വദേശിയായ രാജീവ്‌ പഠനകാലത്താണ്‌ എറണാകുളത്ത്‌ എത്തിയത്‌. എസ്‌.എഫ്‌.ഐ. ജില്ലാ സെക്രട്ടറി, സംസ്‌ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എറണാകളും ജില്ലാ സെക്രട്ടറിയായിരിക്കെ സംസ്‌ഥാന സെക്രട്ടേറിയറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാനി ചീഫ്‌ എഡിറ്റാണ്‌. 2005 മുതല്‍ സി.പി.എം സംസ്‌ഥാന കമ്മിറ്റി അംഗം. 2009 ല്‍ രാജ്യസഭാ അംഗമായി. സഭയിലെ മിന്നുന്ന പ്രകടനം എതിരാളികളുടെ പോലും അഭിനന്ദനത്തിനു പാത്രമായി. രാജ്യസഭ അഷ്വറന്‍സ്‌ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ്‌ ചെയര്‍മാനുമായി. ഐക്യരാഷ്‌ട്രസഭയുടെ രണ്ടു കൗണ്‍സിലുകളില്‍ പങ്കെടുത്തു. 2013 ല്‍ ഐക്യരാഷ്‌ട്ര പൊതുസഭയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച്‌ സംസാരിക്കാനും അവസരമുണ്ടായി. സി.പി.എം. ലോക്‌സഭാ കക്ഷി ഉപനേതാവും രാജ്യസഭയില്‍ ചീഫ്‌ വിപ്പുമായിരുന്നു. 2001 മുതല്‍ 2010 വരെ ദേശാഭിമാനി റസിഡന്റ്‌ എഡിറ്ററായും പ്രവര്‍ത്തിച്ചു. പൊതുപ്രവര്‍ത്തനരംഗത്തും മാധ്യമരംഗത്തും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഭാര്യ: എ.വാണി. മക്കള്‍: ഹൃദ്യ, ഹരിത.

വി.എന്‍. വാസവന്‍
(കോട്ടയം)

മറ്റക്കര വള്ളേപ്പള്ളില്‍ നാരായണന്റെയും കാര്‍ത്യായനിയുടെയും മകനായി ജനനം. വിദ്യാര്‍ഥി-യുവജന പ്രസ്‌ഥാനങ്ങളിലൂടെ സംഘടനാ രംഗത്തെത്തി. യുവജന സംഘടനയുടെ പുതുപ്പള്ളി മണ്ഡലത്തിലെ ആദ്യകാല സംഘാടകനായി. 1974 മുതല്‍ സി.പി.എം അംഗം. ഡി.വൈ.എഫ്‌.ഐയുടെ രൂപീകരണ സമയത്ത്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി, സംസ്‌ഥാന സമിതി അംഗം, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി, പാമ്പാടി പഞ്ചായത്തംഗം, പാമ്പാടി ഹൗസിംഗ്‌ കോ ഓപറേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റ്‌, കോട്ടയം ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, സംസ്‌ഥാന സഹകരണ ബാങ്ക്‌ ഡയറക്‌ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലമായി പാമ്പാടി റേഞ്ച്‌ ചെത്ത്‌ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ്‌. 1991 ല്‍ സി.പി.എം ജില്ലാ കമ്മിറ്റിയിലെത്തിയ വാസവന്‍ 97 ല്‍ സെക്രട്ടേറിയറ്റിലുമെത്തി. നാലു വര്‍ഷമായി ജില്ലാ സെക്രട്ടറിയാണ്‌. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ രണ്ടു തവണ നിയമസഭയിലേയ്‌ക്ക്‌ മത്സരിച്ച്‌ തോറ്റ വാസവന്‍, 2006 ല്‍ കോട്ടയത്ത്‌ അജയ്‌ തറയിലിനെ തോല്‍പ്പിച്ചു. സൗത്ത്‌ പാമ്പാടി സെന്റ്‌. തോമസ്‌ ഹൈസ്‌കൂള്‍ അധ്യാപിക ഗീതയാണു ഭാര്യ. മക്കള്‍: ഡോ. ഹിമ വാസവന്‍, ഗ്രീഷ്‌മ വാസവന്‍. മരുമകന്‍: ഡോ. നന്ദകുമാര്‍ (കിംസ്‌, തിരുവനന്തപുരം)

വീണാ ജോര്‍ജ്‌
(പത്തനംതിട്ട)

കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ആറന്മുള നിയമസഭാ മണ്ഡലം പിടിച്ചെടുത്തു രാഷ്‌ട്രീയ രംഗപ്രവേശം. എല്‍.ഡി.എഫ്‌ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ച വീണ(41)യ്‌ക്കു പിന്നീട്‌ സി.പി.എം. അംഗത്വം നല്‍കി. മൈലപ്ര മൗണ്ട്‌ ബഥനി സ്‌കൂളിലും തിരുവനന്തപുരം ഗവ. വിമന്‍സ്‌ കോളജിലുമായി പഠനം. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടി. സര്‍വകലാശാല റാങ്ക്‌ ജേതാവായിരുന്നു. പ്രീഡി്രഗി കാലത്തു തെന്ന എസ്‌.എഫ്‌.ഐയില്‍ അംഗമായി. 1999-ല്‍ കോളജിലെ ബെസ്‌റ്റ്‌ ഔട്ട്‌ഗോയിങ്‌ സ്‌റ്റുഡന്റ്‌ അവാര്‍ഡിന്‌ അര്‍ഹയായി. 2000-ല്‍ കൈരളി ചാനലില്‍ ജേണലിസ്‌റ്റ്‌ ട്രെയ്‌നിയായി ജോലിയില്‍ പ്രവേശിച്ചു. രണ്ടു വര്‍ഷത്തിനുശേഷം പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ അധ്യാപികയായി. തുടര്‍ന്ന്‌ മനോരമ ന്യൂസില്‍ സബ്‌ എഡിറ്ററായി. ഇന്ത്യാവിഷനില്‍ ചീഫ്‌ ന്യൂസ്‌ എഡിറ്റര്‍ പദവിയിലെത്തി. പത്തനംതിട്ട കുമ്പഴ വടക്കാണു ജന്മസ്‌ഥലം. ഭര്‍ത്താവ്‌: കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശി ഡോ. ജോര്‍ജ്‌ ജോസഫ്‌. മക്കള്‍: അന്ന ജോര്‍ജ്‌, ജോസഫ്‌ ജോര്‍ജ്‌ (ഇരുവരും വിദ്യാര്‍ഥികള്‍).

ഇന്നസെന്റ്‌
(ചാലക്കുടി)

സിറ്റിങ്‌ എം.പി. 1948 മാര്‍ച്ച്‌ നാലിനു ജനനം. ഇന്നസെന്റ്‌ വറീത്‌ തെക്കേത്തല എന്നാണ്‌ മുഴുവന്‍ പേര്‌. സിനിമയുടെ വെള്ളിവെളിച്ചത്തില്‍നിന്ന്‌ 2014 ല്‍ ലോക്‌സഭയിലേക്ക്‌. ഇന്നസെന്റിനു രണ്ടാമൂഴം നല്‍കുന്നതില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനും അണികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നെങ്കിലും സി.പി.എം. സംസ്‌ഥാന നേതൃത്വം വഴങ്ങിയില്ല. താര സംഘടനയായ അമ്മ രൂപംകൊണ്ടനാള്‍ മുതല്‍ സാരഥിയായിരുന്നു. നടിക്കു നേരെയുണ്ടായ അക്രമത്തെ തുടര്‍ന്നു വിവാദങ്ങളില്‍ നട്ടംതിരിെഞ്ഞങ്കിലും സ്വതസിദ്ധമായ ശൈലിയില്‍ ആക്ഷേപങ്ങളെ പ്രതിരോധിച്ചു. ഇരിങ്ങാലക്കുടയാണു സ്വദേശം. 2014 ല്‍ കോണ്‍ഗ്രസിന്റെ പി.സി. ചാക്കോയെ 13,884 വോട്ടുകള്‍ക്കു തോല്‍പിച്ചു. മുമ്പ്‌ ആര്‍.എസ്‌.പി പിന്തുണയോടെ ഇരിങ്ങാലക്കുട നഗരസഭാംഗമായി. 70 കളില്‍ ആര്‍.എസ്‌.പി ജില്ലാ സെക്രട്ടറിയുമായി. കാന്‍സര്‍ ബാധിതനായ വേളയില്‍ അസാമാന്യ ധൈര്യത്തോടെ ജീവിതം തിരികെ പിടിച്ചു. കാന്‍സറിനെതിരേ ബഹുജന ബോധവല്‍ക്കരണത്തിനും മുന്നിട്ടിറങ്ങി.

പി.കെ.ബിജു
(ആലത്തൂര്‍)

സിറ്റിങ്‌ എം.പി. കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പറയംപറമ്പില്‍ കുട്ടപ്പന്റെയും ഭവാനിയുടെയും മകനായി 1974 ഏപ്രില്‍ മൂന്നിനു ജനനം. എസ്‌.എഫ്‌.ഐയിലൂടെ രാഷ്‌ട്രീയരംഗത്തെത്തി. ലോക്‌സഭയിലേക്ക്‌ മൂന്നാമൂഴം. കഴിഞ്ഞ തവണ 37,312 വോട്ടുകള്‍ക്ക്‌ യു.ഡി.എഫിലെ കെ.എ. ഷീബയെ തോല്‍പിച്ചു. എം.എസ്‌സി. പോളിമര്‍ കെമിസ്‌ട്രിയില്‍ പി.ജി. ബിരുദവും എം.ജി. യൂണിവേഴ്‌സിറ്റി യില്‍നിന്നു പിഎച്ച്‌.ഡിയും നേടി. എസ്‌.എഫ്‌.ഐ. സംസ്‌ഥാന, ദേശീയ പ്രസിഡന്റായിരുന്നു. സി.പി.എം. കോട്ടയം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. എം.ജി. സര്‍വകലാശാല സെനറ്റ്‌ അംഗവുമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിന്റെ വികസനത്തിനും കാന്‍സര്‍ ചികിത്സാകേന്ദ്രത്തിനും രൂപരേഖയുണ്ടാക്കി. മികച്ച പ്രഭാഷകനാണ്‌. വിത്തുകളും പച്ചക്കറികളും സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന കേന്ദ്രങ്ങള്‍ക്കു രൂപം നല്‍കി. വടക്കഞ്ചേരിയില്‍ ഐടി കാമ്പസും സ്‌ഥാപിച്ചു. ഇന്തോനീഷ്യ, ശ്രീലങ്ക, വെനസ്വേല, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

ജോയ്‌സ്‌ ജോര്‍ജ്‌
(ഇടുക്കി)

സിറ്റിങ്‌ എം.പി. ഇടുക്കി-വാഴത്തോപ്പില്‍ ആദ്യകാല കുടിയേറ്റ കുടുംബമായ പാലിയത്ത്‌ ജോര്‍ജിന്റെയും മേരിയുടെയും മകനായി 1970 ഏപ്രില്‍ 26നു ജനനം. വാഴത്തോപ്പ്‌ ഗവ. എല്‍.പി, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. തൊടുപുഴ ന്യൂമാന്‍ കോളജ്‌, മാന്നാനം കെ.ഇ കോളജ്‌, തിരുവനന്തപുരം ലയോള കോളജ്‌ എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. എം.എസ്‌.ഡബ്ല്യൂവില്‍ മാസ്‌റ്റര്‍ ബിരുദധാരിയാണ്‌. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നും നിയമബിരുദവും കരസ്‌ഥമാക്കി. കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വര്‍ഷത്തെ അഭിഭാഷകവൃത്തി. ഭാര്യ അനൂപ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്‌. മകന്‍: ജോര്‍ജിന്‍ ജോര്‍ജ്‌. ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ നിയമോപദേശകനായ ജോയ്‌സ്‌ ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ പ്രക്ഷോഭത്തിലൂടെ പൊതുരംഗത്ത്‌ ശ്രദ്ധേയനായി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ പിന്തുണയുള്ള എല്‍.ഡി.എഫ്‌. സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ പ്രസംഗിച്ച 18-ാമത്തെ എം.പി. കാര്‍ഷിക പ്രശ്‌നങ്ങളുയര്‍ത്തി 9 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. പാര്‍ലമെന്റ്‌ സ്‌റ്റാന്റിങ്‌ കമ്മിറ്റി കെമിക്കല്‍സ്‌ ആന്‍ഡ്‌ ഫെര്‍ട്ടിലൈസേഴ്‌സ്‌ മിനിസ്‌ട്രി ഓഫ്‌ ലോ ആന്‍ഡ്‌ ജസ്‌റ്റിസ്‌ പഴ്‌സണല്‍, പബ്ലിക്‌ ഗ്രീവന്‍സ്‌, ലോ ആന്‍ഡ്‌ ജസ്‌റ്റിസ്‌, വനം പരിസ്‌ഥിതി ആന്‍ഡ്‌ കാലാവസ്‌ഥാ വ്യതിയാനം വകുപ്പിലെ കണ്‍സള്‍ട്ടേറ്റീവ്‌ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

Ads by Google
Sunday 10 Mar 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW