Tuesday, May 21, 2019 Last Updated 55 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 01.29 AM

ലീഗിനായി കുഞ്ഞാലിക്കുട്ടിയും ഇ.ടിയും വീണ്ടും കളത്തില്‍

uploads/news/2019/03/293425/bft2.jpg

ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മുസ്ലിം ലീഗ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാക്കളും സിറ്റിങ്‌ എം.പിമാരുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ്‌ ബഷീറും യഥാക്രമം മലപ്പുറം, പൊന്നാനി സീറ്റുകളില്‍ ജനവിധി തേടും.

പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം ജില്ലയിലെ ഊരകത്ത്‌ പാണ്ടിക്കടവത്ത്‌ മുഹമ്മദ്‌ ഹാജി - കെ.പി. ഫാത്തിമക്കുട്ടി ദമ്പതികളുടെ മകനായി 1951 ജനുവരി ആറിന്‌ ജനനം. ബി.കോം ബിരുദവും ബിസിനസ്‌ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമയുമാണ്‌ വിദ്യാഭ്യാസ യോഗ്യത. മുസ്ലിം സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷനിലൂടെ തുടക്കം. പിന്നീട്‌ എം.എസ്‌.എഫ്‌. സംസ്‌ഥാന ട്രഷററും മുസ്ലിം ലീഗ്‌ ജനറല്‍ സെക്രട്ടറിയുമായി. പാര്‍ട്ടി ദേശീയ ട്രഷററായിരുന്ന കുഞ്ഞാലിക്കുട്ടി, ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നു ദേശീയ ജനറല്‍ സെക്രട്ടറിയുമായി. 1980 ല്‍ 27-ാം വയസില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ സ്‌ഥാനത്തെത്തി.
1982 ല്‍ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്നും ആദ്യമായി അസംബ്ലിയിലേക്ക്‌. 1987 ല്‍ വീണ്ടും മലപ്പുറത്തിന്റെ എം.എല്‍.എ. 1991 ലും 1996 ലും 2001 ലും കുറ്റിപ്പുറത്തുനിന്നും വിജയിച്ചെങ്കിലും 2006 ല്‍ കെ.ടി. ജലീലിനോടു പരാജയപ്പെട്ടു. 2011 ലും 2016 ലും വേങ്ങരയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടു.
കരുണാകരന്‍ മന്ത്രിസഭയില്‍ (1991-1995) ആദ്യമായി വ്യവസായ മന്ത്രിയായി. നാലു മന്ത്രിസഭകളില്‍ വ്യവസായ വകുപ്പിനെ നയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായിരിക്കെ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ 2017 ലെ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം പാര്‍ലമെന്റ്‌ മണ്ഡലത്തിന്റെ പ്രതിനിധിയായി. വേങ്ങര കാരാത്തോട്‌ താമസം. ഭാര്യ: കെ.എം. കുല്‍സു. മക്കള്‍: ലസിത, ആഷിഖ്‌. മരുമക്കള്‍: സുല്‍ഫിക്‌, താനിയ.

ഇ.ടി. മുഹമ്മദ്‌ ബഷീര്‍

എം.എസ്‌.എഫ്‌. പ്രവര്‍ത്തകനായി രാഷ്‌ട്രീയ ജീവിതം ആരംഭിച്ചു. 1966 മുതല്‍ മാവൂര്‍ എസ്‌.ടി.യു. ജനറല്‍ സെക്രട്ടറി. യൂത്ത്‌ ലീഗ്‌ സ്‌ഥാപക നേതാക്കളില്‍ പ്രമുഖന്‍. എസ്‌.ടി.യു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി, ലീഗ്‌ സംസ്‌ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ലീഗ്‌ അഖിലേന്ത്യാ സെക്രട്ടറി. 14 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. 1977 ല്‍ തിരുവമ്പാടിയില്‍ കന്നിയങ്കത്തില്‍ പരാജയം. 1983 പെരിങ്ങളത്ത്‌ നിന്നും ഉപെതരഞ്ഞെടുപ്പില്‍ വിജയിച്ചു.
1991 തിരൂരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട്‌ വിദ്യാഭ്യാസ മന്ത്രിയായി. 1996 ലും 2001 ലും അതേ തട്ടകത്തില്‍നിന്നു വിജയം. 2003 ല്‍ വീണ്ടും വിദ്യാഭ്യാസ മന്ത്രി. 2009 ലും 2014 ലും പൊന്നാനിയുടെ പ്രതിനിധിയായി ലോക്‌സഭയില്‍.
ആഭ്യന്തരം, നിയമം, നീതിന്യായം തുടങ്ങി വിവിധ പാര്‍ലമെന്ററി സബ്‌ കമ്മിറ്റികളില്‍ അംഗമായി. കേന്ദ്ര ഹജ്‌ കമ്മിറ്റി, കേന്ദ്ര വഖഫ്‌ ബോര്‍ഡ്‌ മെമ്പര്‍ സ്‌ഥാനങ്ങള്‍ വഹിച്ചു.
ജീവകാരുണ്യ പ്രസ്‌ഥാനമായ തിരുവനന്തപുരം സി.എച്ച്‌. സെന്ററിന്റെ പ്രസിഡന്റാണ്‌ 73 വയസുകാരനായ ഇ.ടി. ഭാര്യ: കട്ടയാട്ട്‌ റുക്കിയ (വാഴക്കാട്‌ ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌). മക്കള്‍: ഇ.ടി. ഫിറോസ്‌, ഷുഹൈബ്‌, സമീന നജീബ്‌, മുനീബ്‌.

Ads by Google
Sunday 10 Mar 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW