Thursday, May 23, 2019 Last Updated 39 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 12.52 AM

സൗപര്‍ണ്ണിക

uploads/news/2019/03/293341/sun2.jpg

ശബ്‌ദം അച്‌ഛന്‍ അകലെനിന്നു കേട്ടു.
പൊന്തയ്‌ക്കപ്പുറത്തുനിന്ന്‌ അച്‌ഛന്‍ ഓടി എത്തി.
മഞ്ഞില്‍ പുതഞ്ഞ തന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
അപ്പോഴേക്കും മുമ്പില്‍ ഭീകരരൂപിയായി കൊമ്പന്‍.
അവന്‍ അലറുകയാണ്‌.
മുട്ടുകുത്തി തലകുലുക്കി ഒറ്റയാന്‍ ആഞ്ഞുകുത്തി. തന്റെ നെഞ്ചിലേക്കു മിന്നല്‍പോലെ ഒറ്റയാന്റെ കൊമ്പു താണു വരുന്നു.
നിമിഷങ്ങള്‍!
താന്‍ കണ്ണുതുറന്നപ്പോള്‍ കണ്ട കാഴ്‌ച. മഞ്ഞിന്‍ കട്ട മുഴുവന്‍ ചുവന്നിരിക്കുന്നു.
അച്‌ഛന്‍!
കൊമ്പന്റെ രണ്ടുകൊമ്പിലും നെഞ്ചമര്‍ന്ന അച്‌ഛന്‍! ഒറ്റയാന്‍ കൊമ്പില്‍ അച്‌ഛന്‍ ഉയര്‍ത്തിയിരിക്കുന്നു. മലയിലെ പൊന്തകള്‍ മുഴുവന്‍ ആനകളായി. അവ ചിന്നം വിളിക്കുകയാണ്‌. നൂറുകണക്കിന്‌ ആനകള്‍ തുമ്പിയാട്ടി കൊമ്പു കുലുക്കി വാലുയര്‍ത്തി വരുന്നു. അവ മരങ്ങളെ ഇടിച്ചുപൊളിക്കുന്നു. മഞ്ഞിന്റെകട്ടകള്‍ തൂത്തെറിയുന്നു! അവ തന്നെ പൊതിയുന്നു....
മരണം മുന്നില്‍ പൊട്ടിച്ചിരിക്കുന്നു.
അച്‌ഛന്റെ മരണം തനിക്കു താങ്ങാവുന്നതിലും അധികമായിരുന്നു. തന്നെ രക്ഷിക്കാന്‍ ആനയുടെ കുത്ത്‌ നെഞ്ചുകൊണ്ടു തടയുകയായിരുന്നു
അച്‌ഛന്‍. എല്ലുകള്‍പൊട്ടി ചങ്ക്‌ തകര്‍ന്ന്‌ മുതുക്‌ പിളര്‍ന്നു പുറത്തേക്ക്‌ ചാടിയ കൊമ്പിലൂടെ വാലുവച്ചു പായുന്ന രക്‌തത്തില മഞ്ഞുകട്ടകള്‍ ചുവക്കുന്നത്‌ താന്‍ കണ്ടതാണ്‌. മരണത്തിലും
അച്‌ഛന്‍ കണ്ണടച്ചിരുന്നില്ല. രക്‌തം ചാടിയ കണ്ണുകള്‍ അപ്പോഴുംതന്നെ തിരയുകയായിരുന്നു! അത്രേ തനിക്ക്‌ ഓര്‍ക്കാനാവുന്നുള്ളൂ. അപ്പോഴേക്കും തന്റെ ബോധം പോയിരുന്നു. മഞ്ഞില്‍ വീണ തനിക്ക്‌ പിന്നൊന്നും അറിയില്ലല്ലോ.
ആ ദിവസം പകലും രാത്രിയും താന്‍ അവിടെത്തന്നെ കിടന്നു എന്നാണ്‌ ചേട്ടന്‍ പറഞ്ഞത്‌. താന്‍ ജ്യേഷ്‌ഠനെ തിരക്കിപ്പോയതിന്റെ അന്നു രാത്രിയില്‍തന്നെ ചേട്ടന്‍ വീട്ടിലെത്തി. തന്നെ തിരക്കി അച്‌ഛന്‍ പോയതുകൊണ്ട്‌ ചേട്ടന്‍ അന്വേഷിച്ച്‌ വന്നതും മഞ്ഞില്‍ വെറുങ്ങലിച്ച തന്നെ കണ്ടതും. അച്‌ഛന്റെ ശവം പോലും കിട്ടിയില്ല. ആ ഒറ്റയാന്‍ ഏതോ പൊന്തയില്‍ വലിച്ചെറിഞ്ഞുകാണും...
സൗപര്‍ണികയില്‍ തൊട്ടപ്പോഴാണ്‌ തനിക്കു വീണ്ടും ബോധംവന്നതത്രേ. സൗപര്‍ണിക തനിക്ക്‌ ജീവനാണ്‌... സുഖം വന്നപ്പോഴാണ്‌ താന്‍ എല്ലാം പറഞ്ഞത്‌. ആദ്യം പറഞ്ഞത്‌ അമ്മയോടായിരുന്നു.
പറയാതിരുന്നെങ്കില്‍ മലകയറുകയായിരുന്നെന്നും അച്‌ഛനെ കൊമ്പന്‍ കൊന്നുവെന്നും അമ്മയോടു പറഞ്ഞു.
ഏറെനേരം അമ്മ അനങ്ങാതിരുന്നു.
അച്‌ഛന്റെ മരണം അമ്മയില്‍ കഠിന വ്യസനം വളര്‍ത്തി. പക്ഷേ, അത്‌ താങ്ങാവുന്നതായിരുന്നു. അമ്മ കാലത്തിനൊത്ത്‌ ജീവിക്കാന്‍ പഠിച്ച ആളാണ്‌.
അമ്മ നിലവിളിക്കുമെന്നും ദിവസങ്ങളോളം അച്‌ഛനെക്കുറിച്ചു പറഞ്ഞിരിക്കുമെന്നും ഞാന്‍ വിശ്വസിച്ചു. പക്ഷേ അതു തെറ്റി. കുറച്ചു സമയത്തിനുശേഷം ഒരു കാട്ടാടിനെ കൊന്ന്‌ അതിന്റെ ഇറച്ചിയുമായി അമ്മ പോയി. അമ്മ എങ്ങോട്ടാണ്‌ പോകുന്നതെന്നു ചോദിച്ചില്ല...
സദാ മുന്നില്‍ നില്‍ക്കുന്ന അച്‌ഛനെ കണ്ടിരിക്കുകയായിരുന്നു താന്‍ ഇതിനെല്ലാം കാരണം ആ പാണരന്‍ ആണ്‌.
അവന്റെ ക്രൂരവിനോദമാണ്‌ തനിക്ക്‌ അച്‌ഛന്‍
നഷ്‌ടപ്പെടാന്‍ കാരണം. അവനെ ജീവിക്കാന്‍ വിട്ടുകൂടാ. മരണം അവന്‌ സമ്മാനമായി കൊടുക്കണം.
ആരേയും അറിയിക്കരുത്‌. തന്റെ ശക്‌തി എന്താണെന്ന്‌ അവന്‍ അറിയണം. ഒരു പെണ്ണ്‌ നിശ്‌ചയിച്ചാലും ചിലത്‌ ആവുമെന്ന്‌ നിഷാദരും അറിയണം. ഇപ്പോള്‍തന്നെ അവനെ കാണണം.
അച്‌ഛന്റെ ചോരയുടെ മണം ശരീരത്തില്‍നിന്നു പോകുംമുമ്പ്‌ അവനെ കൊല്ലണം.
പാറയായ മനസുമായി ഇറങ്ങി നടന്നു.
സൗപര്‍ണികയുടെ കരയിലൂടെ നടക്കുമ്പോഴെല്ലാം കാട്ടാനകള്‍ തമ്മില്‍ കുത്തുന്ന ഒരു മനസായിരുന്നു തന്റേത്‌. ആ ശക്‌തിയുമായി മൂപ്പന്റെ ചാളയില്‍ എത്തി.
തന്റെ രൂപം കണ്ട്‌ മൂപ്പന്റെ കണ്ണുകളില്‍ പല സംശയങ്ങള്‍ ഓടി നടക്കുന്നത്‌ കണ്ടു.
അച്‌ഛന്റെ മരണത്തില്‍ മനംപൊട്ടിയതന്നെ മൂപ്പനും ആശ്വസിപ്പിച്ചിരുന്നു. പാണ്ടുരനുവേണ്ടിതന്നെ ചോദിക്കാന്‍ വന്നത്‌ ഈ മൂപ്പനായിരുന്നല്ലോ.
തന്റെ കണ്ണില്‍ മാറിമാറിവരുന്ന ഭാവം കണ്ട്‌ മൂപ്പത്തിയും പരുങ്ങി. എന്നാലും അവര്‍ ഒന്നു ചിരിച്ചു.
ആ ചിരി കോലം കെട്ടിയാടുന്ന എള്ളുവന്റെ ചിരിപോലെ വിരൂപമായിരുന്നു. മൂപ്പന്‍ ചോദിച്ചു.
''എന്താ കുഞ്ഞേ, നിനക്ക്‌ എന്തു പറ്റി. നല്ല സുഖമില്ലാന്നു തോന്നുന്നു. പേടിച്ചതാ... ആ തറയിലോട്ടിരി. ഞാന്‍ ഒന്ന്‌ ഓതിത്തരാം.
''ഓടീ...'' മുപ്പത്തിയോടായിട്ട്‌, ''ആ പാണ്ടിത്തോല്‌ ഇങ്ങെടുത്തേ, ഇവള്‍ക്കൊന്ന്‌ ഓതണം...''
''വേണ്ട മൂപ്പ, എനിക്കും പേടിയും പേയും ഒന്നുമില്ല.
പാണ്ടുരനെ ഒന്നു കണ്ടാല്‍ മതി...''
''പാണ്ടുരനെ കാണാനോ. എന്തേ. കുട്ടി നിന്റെ
മനസ്‌ മാറിയോ...എന്നാലും ഉടനെ വേണോ...അമ്മ വല്ലതും പറഞ്ഞോ...''
''അതേ മൂപ്പ ഉടനെ എനിക്ക്‌ പാണ്ടൂരനെ കാണണം.
ചിലത്‌ പറയാനുണ്ട്‌. സമയം കഴിഞ്ഞാ... പിന്നെ ഒന്നുമായില്ലെന്ന്‌ വരും.''
''ഇത്ര തിടുക്കമോ പെണ്ണേ...'' മൂപ്പത്തി ചോദിച്ചു. നീ കെട്ടാന്‍ ഉറച്ചല്ലേ...''
മൂപ്പത്തിയുടെ വാക്കുകള്‍ തീത്തൈല തുള്ളികളായി ഉള്ളിലേക്കിറങ്ങി. പാണ്ടൂരനെ കെട്ടുക. എന്നിട്ടു ജീവിക്കുക. കൊള്ളാം. നല്ല ചിന്ത. അവനെ തട്ടുക.
എന്നിട്ട്‌ കഴിയുക. അത്ര ഭീകരനാണവന്‍. തന്റെ അച്‌ഛനെ അവന്‍തന്നെയാണ്‌ കൊന്നത്‌. പാണ്ടുരന്‍ എവിടെയുണ്ടെന്ന്‌ മൂപ്പത്തിയാണ്‌ പറഞ്ഞത്‌്. ഒരു കൊടുങ്കാറ്റുപോലെ അങ്ങോട്ടുതിരിച്ചു. ആ പോക്ക്‌ മറ്റെന്തിനോ വേണ്ടിയാണെന്ന്‌ മൂപ്പനു തോന്നി.
അയാള്‍ മൂപ്പത്തിയോട്‌ പറഞ്ഞു. അവര്‍ ചിരിച്ചു.
എന്നിട്ട്‌ പറഞ്ഞു. ''നിങ്ങള്‍ക്ക്‌ എന്ത്‌ അറിയാന്‍... ഇന്ന്‌ പൗര്‍ണമിയുടെ നാലാംകാലാ...അവള്‍ക്ക്‌ പാണ്ടുരനെ വേണം. ഭൂമി മുഴുവന്‍ സ്‌നേഹിക്കുന്ന നാളാ ഇന്ന്‌...''
മൂപ്പത്തി ചിരിച്ചു. പക്ഷേ മൂപ്പന്‍ ചിരിച്ചില്ല.
സംശയത്തിന്റെ നാമ്പുകള്‍ അയാളില്‍ ഉണര്‍ന്നു....
ഹിഡുംബന്റെ അനുജത്തിയാണവള്‍. ഈ വനത്തിലെ ഏറ്റവും ശക്‌തിയുള്ള പെണ്ണ്‌. അവളെ തടഞ്ഞുനിര്‍ത്താന്‍ പാണ്ടുരനു കഴിയില്ല. അവളുടെ മനസില്‍ മറ്റെന്തോ ആണ്‌. ഒരിക്കല്‍ അവനെ തള്ളിപ്പറഞ്ഞവളാണവള്‍. ഇക്കുറി സ്വീകരിക്കാനാവില്ല ഈ വരവ്‌. എന്തോ കാര്യം ഉണ്ട്‌...
മൂപ്പനും ഇറങ്ങി നടന്നു...
സൗപര്‍ണികയുടെ ഓരത്ത്‌ ചാഞ്ഞുനില്‍ക്കുന്ന ഇലിപ്പ മരത്തിന്‌ താഴെയിരുന്ന്‌ കുളക്കോഴിയെ പിടിക്കുകയായിരുന്നു പാണ്ടുരന്‍.
മണപ്പുറത്തുനിന്നുകൊണ്ട്‌ അവനെ വിളിച്ചു.
പച്ചമുള കീറുംപോലെയായിരുന്നു തന്റെ ശബ്‌ദം.
കുതിച്ചു ചാടിയ പാണ്ടൂരന്‍ ഞെട്ടിത്തിരിഞ്ഞു.
തന്നെ കണ്ട്‌ അവന്‍ ഉറക്കെ ചിരിച്ചു. നീ ചത്തില്ല.
പകരം നിന്റെ അച്‌ഛന്‍ പോയി. പാണ്ടുരനോട്‌ കളിച്ചാ ഇങ്ങനെ ഇരിക്കും.''
ഇതു പറഞ്ഞ്‌ തീരും മുമ്പ്‌ കൈയില്‍വച്ചിരുന്ന മൂട്ട്‌ കമ്പ്‌ കറക്കിവീശി എറിഞ്ഞു. ചേട്ടന്‍ പഠിപ്പിച്ചുതന്ന യുദ്ധമുറയില്‍ ഒന്ന്‌. ചാട്ടുളിപോലെ പാഞ്ഞ കൊമ്പ്‌ പാണ്ടുരന്റെ അടിവയറ്റില്‍ ആഞ്ഞടിച്ചു. വില്ലൂന്നി ചാടുംപോലെ അവന്‍ ആകാശത്തേക്കുയര്‍ന്നു വീണു.
ഒരിക്കലും പാണ്ടുരന്‍ ഈ ആക്രമണം പ്രതീക്ഷിച്ചില്ല.
അവന്‍ ചാടിയെഴുന്നേറ്റു. അപ്പോഴേക്കും രണ്ടാമത്തെ കമ്പും മൂളിപ്പറന്ന്‌ എത്തി.
അവന്റെ മോന്തയ്‌ക്കുതന്നെ കൊമ്പുകൊണ്ടു. പാണ്ടുരന്റെ പല്ല്‌ ഇളകിത്തെറിച്ചു. രക്‌തം ഒഴുകി...
പാണ്ടുരന്റെ രണ്ട്‌ കൂട്ടുകാര്‍ ഓടിവന്നു. അവര്‍ തന്നെ പിടിച്ചു. ഒരുത്തനെ നിഷ്‌പ്രയാസം പൊക്കി എറിഞ്ഞു.
അവന്‍ സൗപര്‍ണികയില്‍ വീണു. അപരന്‍ ശക്‌തിമാനായിരുന്നു. അവന്‍തന്നെ അമര്‍ത്താന്‍ നോക്കുമ്പോഴേക്കും തടിയനൊരു കമ്പുമായി പാണ്ടുരന്‍ ഓടിവരുന്നതാണ്‌ കണ്ടത്‌.
അവന്‍തന്നെ അടിക്കും എന്നു ബോധ്യമായി....
അടിയില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഒരു മാര്‍ഗമേയുള്ളൂ.
തന്നെ പിടിച്ചിരിക്കുന്നവനെ കൊല്ലുക.
എവിടെനിന്നോ ആവാഹിച്ചെടുത്ത ശക്‌തിയുമായി അവന്റെ മാറിലേക്ക്‌ പല്ലുകള്‍ താഴ്‌ത്തി. അവന്‍ പിടഞ്ഞു. അപ്പോഴേക്കും പാണ്ടുരന്‍ അടുത്തെത്തി.
തന്റെ തലനോക്കി അവന്‍ ആഞ്ഞടിച്ചു.
വെട്ടിമാറിയതിനാല്‍ അടിതന്നെ പിടിച്ചിരിക്കുന്നവന്‌ കൊണ്ടു. പിടിവിട്ട അവന്‍ മണ്ട ചിതറി വീണു.
''എടീ, പാണ്ടുരനെ നിനക്കറിയില്ല. നിന്നെ ഞാന്‍ കൊല്ലും...''
അവന്റെ ആക്രോശം കാടുകുലുക്കി...
തനിക്ക്‌ ഭയം തോന്നിയില്ല...
അവനെ നേരിടാന്‍ തയ്യാറായി നിന്നു.
പാണ്ടുരന്‍ തീ തുപ്പുന്ന കണ്ണുമായി വീണ്ടുംതന്നെ ആഞ്ഞടിച്ചു. പക്ഷേ, ആ പ്രഹരം ആകാശത്തുവച്ചുതന്നെ ചിതറിപ്പോയി. കമ്പ്‌ തെറിച്ച്‌ സൗപര്‍ണികയില്‍ വീണു. ആരോ തന്നെ പൊക്കിയെടുത്തു മാറ്റിനിര്‍ത്തി.
പെട്ടെന്ന്‌ ഞെട്ടിത്തിരിഞ്ഞു.
കോപത്തിന്റെ തീമലയുമായി ചേട്ടന്‍ നില്‍ക്കുന്നു. സാക്ഷാല്‍ ഹിഡുംബന്‍!
ആറ്റില്‍ തെറിച്ചുവീണ പാണ്ടുരന്റെ മിത്രമാണ്‌ ആദ്യം എതിര്‍ത്തത്‌. ചേട്ടന്‍ അവനെ എത്തിപ്പിടിച്ചു.
രണ്ടുകാലിലും പിടിച്ച്‌ കൊമ്പ്‌ കീറുംപോലെ ചവിട്ടിക്കീറി രണ്ടുവശത്തേക്ക്‌ എറിഞ്ഞു.
ആ കാഴ്‌ചകണ്ട്‌ പാണ്ടുരന്‍ ഭയന്നു. എങ്കിലും, അവന്‍ കൊമ്പുമായി ആഞ്ഞടുത്തു. പാണ്ടുരന്റെ അടി ചേട്ടന്‍ ഇടതുകൈകൊണ്ട്‌ പിടിച്ചു. കൊമ്പ്‌ വലിച്ചെറിഞ്ഞു.
മുഷ്‌ടികൊണ്ട്‌ ഒരിടി പാണ്ടുരന്‌ കൊടുത്തു.
മൂക്കില്‍നിന്നും രക്‌തം കുടുകുടെ ചാടി...
അപ്പോഴേക്കും മൂപ്പന്‍ എത്തി. മൂപ്പനോടൊപ്പം കുറച്ചുപേരും ഉണ്ടായിരുന്നു. അവര്‍ ജ്യേഷ്‌ഠനെ തടഞ്ഞു...
''എന്റെ അനുജത്തിയുടെ പുറത്താണ്‌ ഇവന്‍ കൈവയ്‌ക്കാന്‍ ശ്രമിച്ചത്‌. ഇന്ന്‌ ഇവന്‍ രക്ഷപ്പെട്ടാലും ഇവനെ ഞാന്‍ കൊല്ലും. ഈ വനത്തില്‍ ഞാനാണ്‌ രാജാവ്‌. എതിര്‍ക്കാന്‍ ആര്‍ക്കും വരാം.
രണ്ടു ദിവസത്തെ സമയം തരുന്നു. അതുകഴിഞ്ഞാല്‍ നിഷാദ രാജാവായി മൂപ്പന്‍ എന്നെ വാഴിക്കണം. നമ്മുടെ വംശത്തില്‍ ഇതുവരെ രാജാവില്ലായിരുന്നു. ഇനി രാജാവുണ്ട്‌. ഈ ഞാന്‍! മൂപ്പനും ഞാന്‍ പറയുന്നത്‌ കേട്ടാല്‍ മതി...''
മണല്‍പുറത്തുകൂടെ തലയെടുത്തുപിടിച്ചു നടന്നുപോകുന്ന ഹിഡുംബന്റെ രൂപം അവളുടെ കണ്‍മുന്നില്‍ തെളിഞ്ഞുനിന്നു. ഗന്ധമാദനത്തിന്റെ താഴ്‌വരയില്‍ ഹിഡുംബന്റെ ശബ്‌ദം പുതിയതായിരുന്നു. അതിനു മുമ്പ്‌ നിഷാദര്‍ക്ക്‌ വിവിധ ഗോത്രങ്ങളുണ്ടായിരുന്നു. ചിലര്‍ മാംസം ഭക്ഷിക്കുന്നവര്‍. ചിലര്‍ സസ്യാഹാരം മാത്രമുള്ളവര്‍. അവര്‍ക്കെല്ലാം തിണകളും തറകളുമുണ്ടായിരുന്നു. മൂപ്പന്മാരും. പക്ഷേ, അവര്‍ക്കാര്‍ക്കും രാജാവുണ്ടായിരുന്നില്ല. നാട്ടില്‍ മനുഷ്യരുടെ ഇടയിലാണ്‌ രാജാവും പ്രജകളും.
മനുഷ്യര്‍ പച്ചയ്‌ക്ക് മാംസം തിന്നുന്നവരല്ല. പച്ചയ്‌ക്ക് സസ്യങ്ങളും കഴിക്കില്ല. അവര്‍ ചുട്ടും വേവിച്ചുമാണ്‌ തിന്നുന്നത്‌. അതുപോലെ ഒരു പെണ്ണിന്‌ ഒരാണ്‌ അതാണ്‌ വ്യവസ്‌ഥ.
ഇവിടുത്തപോലെ ഏതു പെണ്ണിനും ഏതാണിനേയും സ്വീകരിക്കാന്‍ അവിടെ പറ്റുകയില്ല.
സ്‌നേഹത്തിന്‌ വിലയുണ്ട്‌. പക്ഷേ, അവര്‍ക്ക്‌ രാജാവുണ്ട്‌. അദ്ദേഹം ആജ്‌ഞാപിക്കും, മറ്റുള്ളവര്‍ അനുസരിക്കും. ഇതാണ്‌ രീതി. ഈ സമ്പ്രദായമാണ്‌ ഹിഡുംബന്‍ പ്രഖ്യാപിച്ചത്‌. സൗപര്‍ണികയ്‌ക്ക് ആ രീതിയില്‍ താല്‌പര്യം തോന്നി. രാജാവിലും ഭരണത്തിലുമായിരുന്നില്ല അവള്‍ക്കു താല്‌പര്യം.
ഹിഡുംബിയുടെ മനസ്‌ മറ്റൊരധ്യായത്തിലേക്കു വഴി തെളിച്ചു. ചേട്ടന്റെ വാക്കുകളില്‍ തനിക്കു വലിയ മതിപ്പുതോന്നി. കാരണം ഒരു പെണ്ണിന്‌ ഒരു പുരുഷനെ സ്‌നേഹിക്കാനുള്ള അംഗീകാരം കിട്ടുമല്ലോ. സ്‌നേഹിക്കാന്‍ തന്റെ മനസ്‌ കൊതിക്കുകയാണ്‌. ആരെയെങ്കിലും സ്‌നേഹിക്കണം. പലരും തന്റെ മുമ്പില്‍ എത്തി. നിഷാദരുടെ രീതിയില്‍ ഒരു ദിവസത്തെ മോഹവുമായി വന്നവര്‍. അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അതാണ്‌ രീതി.
തനിക്ക്‌ എന്തായാലും അതുവേണ്ട. താന്‍ ഇഷ്‌ടപ്പെടുന്ന പുരുഷന്‍ തന്റേതാകണം. താന്‍ അയാളുടേത്‌ മാത്രമായിരിക്കും. അമ്മ പോയതില്‍ പിന്നെ നാളുകള്‍ കുറേക്കഴിഞ്ഞു.
ചേട്ടന്‍ പല സ്‌ഥലത്തും അന്വേഷിച്ചു. അമ്മയെ കണ്ടില്ല. ഇനി അമ്മയും മരിച്ചുകാണുമോ?
ചേട്ടന്‍ പറഞ്ഞു '' അങ്ങനെ വരില്ല. അമ്മ മരിക്കില്ല. മറ്റൊരാളുമായി അമ്മ എവിടെങ്കിലും ജീവിക്കുന്നുണ്ടാകും. എന്നെങ്കിലും വരും വരാതിരിക്കില്ല. അപ്പോള്‍ കണ്ടാല്‍ മതി...''
ചേട്ടന്റെ വാക്കുകള്‍ എപ്പോഴും ദൃഢമായിരുന്നു. ഇന്നത്തെപ്പോലെ ആ ദിവസങ്ങള്‍ ഓര്‍ക്കുന്നു. ചേട്ടന്റെ പ്രഖ്യാപനം രണ്ടുദിവസത്തേക്കായിരുന്നല്ലോ. സൗപര്‍ണികയുടെ തീരത്ത്‌ ആ വാക്കുകള്‍ അലയടിച്ചു. പലരും ആ വാക്കുകള്‍ വായിലിട്ടു ചവച്ചു. ചിലര്‍ അരുചിയായി തുപ്പിക്കളഞ്ഞു. വേണ്ടെങ്കിലും ചിലര്‍ കുടിച്ചിറക്കി.
ആരാണ്‌ ഹിഡുംബനോട്‌ എതിര്‍ക്കുക? നിഷാദരില്‍ ശക്‌തിമാനാണ്‌ ഹിഡുംബന്‍.
മൃഗങ്ങളെ തിന്നു കൊഴുത്തവന്‍. മൂട്ടിക്കായും തേനും ദിവസവും കഴിക്കുന്നവന്‍. നരിയോടും പുലിയോടും മല്‍പ്പിടുത്തം നടത്തുന്നവന്‍. ആരാണ്‌ അവനോട്‌ പിടിച്ചുനില്‍ക്കുക. അവന്‍ പറയുന്നതുതന്നെയാണ്‌ നീതി. എതിര്‍ക്കുന്നവനെ നിഷ്‌കരുണം വധിക്കും. അങ്ങനെ വധിക്കുന്നതാണ്‌ നല്ലതെന്ന്‌ തനിക്കും തോന്നി.
തന്റെ ദൃഷ്‌ടിയില്‍ ആ താഴ്‌വരയില്‍ ഉള്ളവരെല്ലാം പാണ്ടുരന്മാരാണ്‌. തന്നെ മോഹിച്ചു നടക്കുന്നവര്‍. കാടത്തം മനസില്‍ കുടികയറി ഇരിക്കുകയാണ്‌ ഓരോരുത്തര്‍ക്കും. ഹിഡുംബന്റെ സഹോദരിയെ അങ്ങനെ കേറിപിടിക്കില്ല. മരണമായിരിക്കും പിടിച്ചാലുള്ള മാലം.

(തുടരും)

തുളസി കോട്ടുക്കല്‍

Ads by Google
Sunday 10 Mar 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW