Sunday, April 28, 2019 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 12.52 AM

പെണ്‍വെളിച്ചം...!

uploads/news/2019/03/293340/sun1.jpg

''എനിക്ക്‌ കണ്ണു കാണാന്‍ വയ്യാത്ത ആളെ കല്യാണം കഴിച്ചാല്‍ മതി.''
നിര്‍മല പറഞ്ഞതു കേട്ട്‌ വീട്ടുകാര്‍ അമ്പരന്നു. ദരിദ്ര കുടുംബമാണെങ്കിലും കാഴ്‌ചയില്ലാത്ത ഒരാളെ കൊണ്ട്‌ മകളെ കല്യാണം കഴിപ്പിക്കുന്ന കാര്യം വീട്ടുകാര്‍ക്ക്‌ ആലോചിക്കാന്‍ കൂടി കഴിയില്ലായിരുന്നു. മൂത്ത ചേട്ടന്‍മാരും ചേച്ചിമാരുമെല്ലാം പറഞ്ഞു മനസിലാക്കാന്‍ നോക്കി. പക്ഷേ, നിര്‍മല പിന്‍മാറിയില്ല. അങ്ങനെ കണ്ണിനു കാഴ്‌ചയില്ലാത്ത കുട്ടിയപ്പന്റെ കൈപിടിച്ച്‌ നിര്‍മല തന്റെ വിവാഹജീവിതം ആരംഭിച്ചു.
മുപ്പത്തിരണ്ട്‌ വര്‍ഷം മുമ്പായിരുന്നു നിര്‍മലയുടെ വിവാഹം. ഇല്ലായ്‌മകളുടെ ഇരുട്ടില്‍ കഴിയുമ്പോഴും മറ്റുള്ളവര്‍ക്കായി ഒരു വിളക്ക്‌ പോലെ തെളിഞ്ഞുകത്താനുള്ള മനഃസാന്നിധ്യമായിരുന്നു നിര്‍മല എന്ന സ്‌ത്രീയുടെ ശക്‌തി. ഇന്ന്‌ അമ്പത്തിയൊമ്പതു വയസ്‌ പൂര്‍ത്തിയായ നിര്‍മല അനേകരുടെ ജീവിതത്തിലേക്ക്‌ വെളിച്ചമായി കടന്നു ചെല്ലുന്നു.
മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ്‌ നിര്‍മലയുടെ സ്വന്തം വീട്‌. അച്‌ഛനും അമ്മയും ഒമ്പതു മക്കളുമടങ്ങുന്ന വലിയ കുടുംബം. നാല്‌ ആണ്‍മക്കളും അഞ്ച്‌ പെണ്‍മക്കളും. എട്ടാമത്തെ ആളായിരുന്നു നിര്‍മല. അച്‌ഛന്‍ കുട്ടന്‌ സ്വര്‍ണപ്പണിയായിരുന്നു. അമ്മയ്‌ക്ക് ജോലിയൊന്നുമില്ല. എട്ടാം ക്‌ളാസ്‌ വരെ പഠിക്കാനേ നിര്‍മലയ്‌ക്ക് കഴിഞ്ഞുള്ളൂ. വീട്ടിലെ ദാരിദ്ര്യം തന്നെയായിരുന്നു പ്രധാന കാരണം. വീട്ടില്‍ ഒരു നേരം മാത്രമേ കഴിക്കാന്‍ ഭക്ഷണം ഉണ്ടാവുകയുള്ളൂ.
മൂത്ത ചേട്ടന്‍മാര്‍ ഓരോരുത്തരായി കല്യാണം കഴിച്ച്‌ മാറി താമസിച്ചതോടെ വീട്ടുകാര്യങ്ങള്‍ വീണ്ടും പരുങ്ങലിലായി. അങ്ങനെ കഷ്‌ടപ്പാടുകള്‍ക്കിടയില്‍ ജീവിക്കുമ്പോഴാണ്‌ അടുത്ത വീട്ടിലെ കണ്ണു കാണാന്‍ വയ്യാത്ത ഒരാളുടെ കല്യാണം വരുന്നത്‌. എല്ലാവര്‍ക്കുമൊപ്പം നിര്‍മലയും കല്യാണം കൂടാന്‍ പോയി. കാഴ്‌ചയില്ലാത്തവരുടെ കൂട്ടായ്‌മയിലെ കുറേ ആളുകള്‍ ആ കല്യാണത്തിനു വന്നിരുന്നു. ആ സംഭവം നിര്‍മലയുടെ മനസിനെ സ്‌പര്‍ശിച്ചു. എന്നെങ്കിലും വിവാഹം കഴിക്കുന്നെങ്കില്‍ അത്‌ കണ്ണു കാണാന്‍ വയ്യാത്ത ഒരാളെയായിരിക്കുമെന്ന്‌ മനസില്‍ നിശ്‌ചയിച്ചു.
പിന്നീട്‌ കുറേ നാള്‍ കടന്നു പോയി. ഇരുപത്തിയേഴ്‌ വയസായപ്പോള്‍ വീട്ടുകാര്‍ നിര്‍മലയ്‌ക്ക് കല്യാണാലോചന തുടങ്ങി. അപ്പോഴാണ്‌ തന്റെ മനസിലെ ആഗ്രഹം വീട്ടുകാരോട്‌ തുറന്നു പറഞ്ഞത്‌. അവരെല്ലാം അമ്പരന്നു പോയി. പക്ഷേ, നിര്‍മല തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. മറ്റൊരാളുടെ ജീവിതത്തിനു താങ്ങും തണലുമാകുക. അതാണ്‌ തന്റെ തീരുമാനമെന്നു പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വിഷമമായിരുന്നു. അവസാനം വീട്ടുകാര്‍ വഴങ്ങി. അങ്ങനെയാണ്‌ കുട്ടിയപ്പന്‍ നിര്‍മലയുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നത്‌.
''പാവങ്ങളായിരുന്നു ഞങ്ങള്‍. വീട്ടുകാര്‍ക്ക്‌ ഇങ്ങനെയൊരു കല്യാണത്തിന്‌ താല്‍പര്യമില്ലായിരുന്നു. കാരണം മാതാപിതാക്കളാരും തന്റെ മക്കളെ ഇങ്ങനെയുള്ള ഒരു വ്യക്‌തിക്ക്‌ കല്യാണം കഴിച്ചു കൊടുക്കാന്‍ ആഗ്രഹിക്കില്ലല്ലോ? പക്ഷേ, ദൈവം കാഴ്‌ചയില്ലാതെ സൃഷ്‌ടിച്ച ഒരാളെ ഭര്‍ത്താവായി മതിയെന്ന്‌ ഞാന്‍ തീരുമാനിക്കുകയായിരുന്നു. അത്‌ തെറ്റായിരുന്നുവെന്ന്‌ ഇന്നു വരെ തോന്നിയിട്ടില്ല.''
നിര്‍മല പറയുന്നു.
ഇരുട്ടിന്റെ ലോകത്ത്‌ ജീവിച്ച കുട്ടിയപ്പന്റെ ജീവിതത്തിലേക്ക്‌ വെളിച്ചമായി നിര്‍മലയെത്തിയെങ്കിലും അവിടെയും പ്രാരബ്‌ധങ്ങള്‍ തന്നെയാണ്‌ കൂട്ടിനുണ്ടായിരുന്നത്‌. അത്രയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത വീട്‌. നാലു മക്കളും അച്‌ഛനും അമ്മയുമുള്ള വലിയ കുടുംബമായിരുന്നു അവരുടേതും. കുട്ടിയപ്പന്റെ ഇളയ സഹോദരിക്കും കാഴ്‌ചയില്ലായിരുന്നു. ഭര്‍ത്താവിന്റെ അനുജന്‍ കൂലിപ്പണിക്കു പോയി കിട്ടുന്ന വരുമാനം കൊണ്ടാണ്‌ ആദ്യമൊക്കെ കഴിഞ്ഞുകൂടിയിരുന്നത്‌. കുട്ടിയപ്പന്‍ ലോട്ടറി വില്‍ക്കാന്‍ പോകുമായിരുന്നെങ്കിലും ജീവിക്കാന്‍ മതിയായ വരുമാനം കിട്ടിയിരുന്നില്ല. കഷ്‌ടപ്പാടുകള്‍ക്കിടയിലൂടെ ഭര്‍ത്താവിന്റെ കൈപിടിച്ചു തന്നെ നിര്‍മല നടന്നു.
അതിനിടെ അന്ധര്‍ക്ക്‌ സര്‍ക്കാര്‍ വീടുവച്ച്‌ നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നിര്‍മലയ്‌ക്കും കുട്ടിയപ്പനും ഒരു കൊച്ചു വീടു കിട്ടി.
''എന്റെ മക്കള്‍ അപ്പോള്‍ മൂന്നിലും നാലിലും പഠിക്കുകയാണ്‌. ജോലിയില്ല, വരുമാനമില്ല. കുഞ്ഞുങ്ങള്‍ക്ക്‌ നല്ല ആഹാരം കൊടുക്കാന്‍ പോലും ഞങ്ങള്‍ക്ക്‌ നിവൃത്തിയില്ലായിരുന്നു. ഇടയ്‌ക്കൊക്കെ എന്റെ ചേട്ടന്‍ കുറച്ച്‌ പൈസയോ വീട്ടു സാമാനങ്ങളോ തരും. അതുകൊണ്ടൊന്നും തികയാതെ വന്നപ്പോള്‍ ഞാന്‍ വീട്ടിലിരുന്ന്‌ ബീഡി തെറുത്തു കൊടുത്തു. മൂന്നു ദിവസം കൂടുമ്പോള്‍ ഇരുപത്തിയഞ്ച്‌ രൂപയാണ്‌ കൂലി കിട്ടുക. അതൊന്നിനും തികയില്ല. എന്റെ കഷ്‌ടപ്പാടു കണ്ട്‌ ഇടയ്‌ക്കൊക്കെ അയല്‍പക്കത്തുള്ളവര്‍ സഹായിക്കുമായിരുന്നു. എന്റെ മക്കളും ഭര്‍ത്താവും ഞാനും ഇല്ലായ്‌മയുടെ ദുരിതം അന്നൊക്കെ നന്നായി അറിഞ്ഞാണ്‌ കഴിഞ്ഞുകൂടിയത്‌. ജീവിതം എങ്ങനെ തള്ളിനീക്കുമെന്നറിയില്ല. ആരോടും പോയി ചോദിക്കാനോ, പരാതി പറയാനോ കഴിയില്ലല്ലോ? ജീവിക്കാന്‍ എന്തെങ്കിലും ഒരു വഴി കാണിച്ചുതരണമെന്ന്‌ ഞാനെന്നും ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു. അത്‌ ദൈവം കേട്ടു. അങ്ങനെ 2001-ലാണ്‌ ഞാന്‍ കുടുംബശ്രീയില്‍ ചേരുന്നത്‌'' നിര്‍മല പറഞ്ഞു.
തന്റെ വാര്‍ഡില്‍ രണ്ട്‌ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ടായിരുന്നു നിര്‍മല കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്‌. ആഴ്‌ചയില്‍ പത്തു രൂപ സമ്പാദ്യമായി നിക്ഷേപിക്കാന്‍ പോലും നിര്‍മല ഏറെ പ്രയാസപ്പെട്ടു. എന്നാലും അയല്‍ക്കൂട്ടത്തിന്‌ ആദ്യത്തെ ആഴ്‌ചതന്നെ ഇരുനൂറ്റി എഴുപത്തഞ്ച്‌ രൂപ സമ്പാദ്യം സ്വരൂപിക്കാന്‍ കഴിഞ്ഞു. അപ്പോഴാണ്‌ നിര്‍മലയ്‌ക്ക് ഒരാശയം തോന്നിയത്‌. താമസിക്കുന്ന സ്‌ഥലത്ത്‌ ഇഷ്‌ടം പോലെ മാങ്ങ കിട്ടും. അത്യാവശ്യം നന്നായി അച്ചാര്‍ ഉണ്ടാക്കാന്‍ അറിയുകയും ചെയ്യാം. പക്ഷേ, കുറച്ച്‌ മുതല്‍മുടക്ക്‌ വേണം. അതിന്‌ എന്തു ചെയ്യുമെന്ന്‌ വിചാരിച്ചപ്പോള്‍ അയല്‍ക്കൂട്ടത്തിലെ മറ്റ്‌ അംഗങ്ങളെല്ലാവരും കൂടി ഇരുനൂറ്റി എഴുപത്തിയഞ്ച്‌ രൂപ നിര്‍മലയ്‌ക്ക് വായ്‌പ കൊടുക്കാമെന്നു തീരുമാനിച്ചു. ആ പൈസ കൊണ്ട്‌ അത്യാവശ്യം മുളകുപൊടിയും മറ്റും വാങ്ങി അച്ചാര്‍ തയ്യാറാക്കി വിറ്റു. അഞ്ഞൂറു രൂപയാണ്‌ അന്നു കിട്ടിയത്‌. അതില്‍ നിന്നും വായ്‌പ തിരിച്ചടച്ചു. പിന്നീട്‌ ജില്ലാമിഷന്റെ പരിശീലന പരിപാടി വന്നു. അന്ന്‌ ഒരു നാനൂറ്‌ പേര്‍ക്ക്‌ ഭക്ഷണമുണ്ടാക്കി കൊടുക്കാനുളള ഓര്‍ഡര്‍ കിട്ടി. അത്‌ നിര്‍മലയുടെ ജീവിതത്തില്‍ വഴിത്തിരിവായി. പിന്നെ കുറേശെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. ആദ്യമെല്ലാം അയല്‍ക്കൂട്ടങ്ങളിലും സമീപത്തുള്ള കടകളിലുമാണ്‌ വിറ്റിരുന്നത്‌. ക്രമേണ കുടുംബശ്രീ സംഘടിപ്പിക്കുന്ന മാസച്ചന്തകളിലും മറ്റ്‌ വിപണന മേളകളിലും തന്റെ ഉല്‍പന്നങ്ങളുമായി പങ്കെടുക്കാന്‍ നിര്‍മലയ്‌ക്ക് അവസരം ലഭിച്ചു. സാമാന്യം നല്ല രീതിയില്‍ വരുമാനവും ലഭിച്ചു തുടങ്ങി. ഇതോടെ തന്റെ ചെറിയ സംരംഭം വിപുലീകരിക്കാന്‍ നിര്‍മല തീരുമാനിച്ചു. ഭര്‍ത്താവും പിന്തുണച്ചു. മുളക്‌, മല്ലി, മഞ്ഞള്‍, വെളുത്തുള്ളി തുടങ്ങി അച്ചാറുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ കോയമ്പത്തൂരില്‍ പോയി മൊത്തവ്യാപാരികളില്‍ നിന്നും വാങ്ങിക്കൊണ്ടു വന്നു. ആരും കൂട്ടിനുണ്ടായിരുന്നില്ല. നിര്‍മല തനിച്ചാണ്‌ പോയത്‌. രാപകലില്ലാതെ കഷ്‌ടപ്പെട്ട്‌ അച്ചാറും വിവിധ തരം കറിപൗഡറുകളും ഉണ്ടാക്കി. ആ സമയത്ത്‌ ഓണവും റംസാനും വന്നപ്പോള്‍ അതിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ച വിപണന മേളയില്‍ നിര്‍മലയ്‌ക്കും തന്റെ ഉല്‍പന്നങ്ങളുമായി പങ്കെടുക്കാന്‍ കുടുംബശ്രീ ജില്ലാമിഷന്‍ അധികൃതര്‍ എല്ലാവിധ പിന്തുണയും നല്‍കി.
''ആ പ്രാവശ്യം കിട്ടിയ വരുമാനത്തില്‍ നിന്നാണ്‌ മകന്‌ ഒരു ലാപ്‌ടോപ്പ്‌ വാങ്ങി കൊടുത്തത്‌. അടുത്ത തവണ പങ്കെടുത്തു കിട്ടിയ പൈസ കൊണ്ട്‌ വീട്ടിലേക്കൊരു കളര്‍ ടിവി വാങ്ങിച്ചു. മക്കളുടെ വലിയ ആഗ്രഹമായിരുന്നു അത്‌. 2005-ല്‍ ഞാന്‍ കുടുംബശ്രീ ഹോട്ടലും തുടങ്ങി. അതിനു ശേഷം എനിക്ക്‌ ഒരു ബുദ്ധിമുട്ടും വന്നിട്ടില്ല. പഞ്ചായത്തിന്റെയും ബ്‌ളോക്കിന്റെയുമൊക്കെ എല്ലാ പരിപാടികള്‍ക്കും ഭക്ഷണം വിതരണം ചെയ്യാന്‍ നമ്മളെയാണ്‌ വിളിക്കുക. ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടിയിരുന്ന എന്റെ വീട്ടില്‍ നാല്‌ നേരവും നല്ല ആഹാരം കഴിക്കാന്‍ ഭാഗ്യമുണ്ടായി''നിര്‍മല പറയുന്നു.
അയല്‍ക്കൂട്ട ഭാരവാഹി മാത്രമല്ല, ലീഗല്‍ വോളണ്ടിയര്‍കൂടിയാണ്‌ നിര്‍മല ഇപ്പോള്‍. ഇരുപത്തിയേഴാം വയസില്‍ ഇരുട്ടു മാത്രമുണ്ടായിരുന്ന ഒരു ജീവിതത്തെ തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തി വെളിച്ചമേകിയ നിര്‍മലയ്‌ക്ക് ആരുമില്ലാത്തവര്‍ക്ക്‌ നല്‍കാന്‍ ഹൃദയത്തിലിന്നും കരുണയേറെയുണ്ട്‌. അതാണ്‌ കൊണ്ടോട്ടിയിലെ വഴിവക്കില്‍ അലഞ്ഞു നടക്കുന്നവര്‍ക്കും സംരക്ഷിക്കാന്‍ ആരുമില്ലാതെ കഴിയുന്ന വയോധികര്‍ക്കും ഭക്ഷണവും വസ്‌ത്രവും മരുന്നും സ്‌നേഹവുമൊക്കെയായി ലഭിക്കുന്നത്‌.
ഒരിക്കല്‍ തമിഴ്‌നാട്ടില്‍ നിന്നും തീര്‍ത്ഥാടനത്തിന്‌ വന്ന സംഘത്തിലെ ഒരാള്‍ക്ക്‌ കടുത്ത വയറിളക്കം വന്നപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ അയാളെ വഴിയരികിലെ ഇരുട്ടില്‍ ഉപേക്ഷിച്ചു പോയി. വീടിനടുത്തുള്ള ആരോ ചെന്ന്‌ നിര്‍മലയെ വിവരമറിയിച്ചു. ഓടിച്ചെന്നപ്പോള്‍ ദേഹം നിറയെ മലമൂത്ര വിസര്‍ജ്യങ്ങളുമായി ഒരു വയോധികന്‍. നിര്‍മലയ്‌ക്ക് അറപ്പൊന്നും തോന്നിയില്ല. വൃത്തിയായി കുളിപ്പിച്ച്‌ നല്ല വസ്‌ത്രങ്ങളും ധരിപ്പിച്ചു. പോലീസിലും വിവരമറിയിച്ചു. അവര്‍ എത്തും മുമ്പ്‌ തന്നെ നല്ല ചൂടുകഞ്ഞിയുണ്ടാക്കി ആ വൃദ്ധന്‌ നല്‍കി. പോലീസ്‌ വന്ന്‌ അയാളെ ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നീട്‌ ബന്ധുക്കളെ വിവരം അറിയിച്ചു.
തെരുവില്‍ അലഞ്ഞു നടക്കുന്ന, ഭക്ഷണത്തിന്‌ വകയില്ലാത്ത ആര്‍ക്കും ഇന്ന്‌ നിര്‍മലയുടെ സഹായമെത്തും. അന്നത്തിന്റെയും കരുതലിന്റെയും രൂപത്തില്‍. ഈ കുടുംബശ്രീ വനിതയുടെ നേതൃത്വത്തില്‍ ഇന്ന്‌ നിരവധി പേര്‍ക്ക്‌ സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്‌.
പതിനെട്ട്‌ കുടുംബങ്ങള്‍ക്ക്‌ ഒരു വരുമാന മാര്‍ഗം കണ്ടെത്തുന്നതിന്റെ ഭാഗമായി തയ്യല്‍ മെഷീന്‍ വാങ്ങി നല്‍കാന്‍ ഈ വീട്ടമ്മയ്‌ക്ക് സാധിച്ചു. കൂടാതെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത ഒരു കുടുംബത്തെ ഏറ്റെടുത്ത്‌ അവരുടെ എല്ലാ കാര്യങ്ങളും നോക്കുന്നു. കാന്‍സര്‍ രോഗികള്‍ക്കും ഇവര്‍ ആശ്രയമാകുന്നു. വസ്‌ത്രമില്ലാത്തവര്‍ക്ക്‌ അത്‌ വാങ്ങി കൊടുക്കും. വീടിനു പുറത്തിറങ്ങി സ്വന്തം കാര്യങ്ങള്‍ നടത്താന്‍ കഴിയാത്ത ശാരീരിക വിഷമതകള്‍ നേരിടുന്നവര്‍ക്കു വേണ്ട എല്ലാ സഹായവും നിര്‍മല ചെയ്‌തു കൊടുക്കും. ഹോട്ടലില്‍ ജോലിക്കു നില്‍ക്കുന്ന യുവതിയുടെ ഭര്‍ത്താവ്‌ കാന്‍സര്‍ വന്നു മരിച്ചു. അവരുടെ ഇളയകുട്ടിയുടെ കിഡ്‌നിക്ക്‌ തകരാറുമുണ്ട്‌. ഇവരുടെ വീട്‌ പണി പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങളിലാണ്‌ നിര്‍മ്മലയിപ്പോള്‍.
''ഹോട്ടലില്‍ ജോലിക്കു നില്‍ക്കുന്ന സ്‌ത്രീകള്‍ എല്ലാവരും തന്നെ വിധവകളും സംരക്ഷിക്കാന്‍ ആരുമില്ലാത്തവരുമൊക്കെയാണ്‌. അവര്‍ക്ക്‌ സ്വന്തമായി ഒരു വരുമാനമാര്‍ഗം നല്‍കാന്‍ കഴിയുമല്ലോ? അതുകൊണ്ടാണ്‌ ഇങ്ങനെയുളളവരെ തന്നെ ജോലിക്കെടുത്തത്‌.'' നിര്‍മല പറഞ്ഞു. സാമൂഹ്യസേവനത്തിന്‌ പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഇതുവരെ അറുപതോളം അവാര്‍ഡുകള്‍ നിര്‍മലയെ തേടിയെത്തിയിട്ടുണ്ട്‌.
''എന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്‌. കുടുംബശ്രീയുടെ സഹായവുമുണ്ട്‌. എന്താവശ്യമുണ്ടെങ്കിലും ജില്ലാമിഷന്‍ അധികൃതര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്‌. സ്വന്തമായി നല്ലൊരു വീടുവച്ചു. മൂത്തമകന്‍ പഠിച്ച്‌ എന്‍ജിനീയറായി. ഇളയമകന്‍ പഠിക്കുന്നു. ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടിയ എനിക്ക്‌ ഇന്ന്‌ വിശന്നു വലയുന്ന എത്രയോ പേര്‍ക്ക്‌ ആഹാരം കൊടുക്കാന്‍ കഴിയുന്നു. അത്‌ വലിയ ദൈവാനുഗ്രഹമായി കാണുന്നു. എല്ലാ ദിവസവും ഇരുനൂറു രൂപ വീതം ഞങ്ങള്‍ മാറ്റി വയ്‌ക്കുന്നുണ്ട്‌. അത്‌ പാവങ്ങള്‍ക്ക്‌ സഹായം ചെയ്യാനുള്ള ഞങ്ങളുടെ ചെറിയ കരുതലാണ്‌. ഇനിയും ഒരുപാട്‌ പേരെ സഹായിക്കണമെന്നുണ്ട്‌. അതിന്‌ ദൈവം കരുത്തു നല്‍കട്ടെ.''
അതും പറഞ്ഞ്‌ നിര്‍മല ചിരിക്കുന്നു. കാരുണ്യസ്‌പര്‍ശമുള്ള ചിരി.

ആശ എസ്‌. പണിക്കര്‍

Ads by Google
Sunday 10 Mar 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW