Thursday, May 23, 2019 Last Updated 39 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 12.52 AM

ഒരു സുപ്രസിദ്ധ പെണ്ണ്‌

uploads/news/2019/03/293338/sun4.jpg

മുന്‍കാലങ്ങളിലേതുപോലെ സ്‌ത്രീപക്ഷ സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാതിരിക്കുന്നതിന്‌ കാരണമായി സിനിമാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിരുന്നത്‌ അഭിനയിക്കാനറിയാവുന്ന നടിമാര്‍ കുറവാണ്‌ എന്നതായിരുന്നു. ആ പ്രസ്‌താവന ശരിയല്ലെന്ന്‌ അടിവരയിടുന്ന തരത്തിലാണ്‌ ഇക്കഴിഞ്ഞ കേരള സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണയം. അവസാന റൗണ്ട്‌ വരെ നിലനിന്ന ഇഞ്ചോടിഞ്ച്‌ പോരാട്ടം ലൈവ്‌ ആയി കണ്ടിരുന്ന പ്രേക്ഷകര്‍ ഒരേസ്വരത്തില്‍ ജൂറിയുടെ വിധി മുന്‍കൂട്ടി പ്രവചിച്ചു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ അഭിനയമികവ്‌ തെളിയിക്കാന്‍ സാധിച്ചതിനൊപ്പം തന്റെ കഴിവ്‌ അംഗീകരിക്കപ്പെട്ട സന്തോഷത്തിലാണ്‌ നിമിഷ സജയന്‍.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന കുട്ടിക്ക്‌ എന്തുകൊണ്ട്‌ മലയാള സിനിമയോട്‌ പ്രണയം തോന്നി?
ജോലിയുടെ ഭാഗമായാണ്‌ അച്‌ഛനും അമ്മയും മുംബൈയില്‍ താമസമാക്കിയിരുന്നത്‌. മലയാള സിനിമകള്‍ കണ്ടുതന്നെയാണ്‌ ഞാനും ചേച്ചിയും വളര്‍ന്നത്‌. സിനിമ ഒരു മോഹമായി മാറിയപ്പോള്‍ എന്റെ ശരീരഭാഷ്യം ഒരു മലയാളിയുടേതാണെന്ന തിരിച്ചറിവും ഉണ്ടായിരുന്നു. അടൂര്‍ സാറിന്റെ സിനിമകളോട്‌ ചെറുപ്പകാലം മുതല്‍ എനിക്ക്‌ ആരാധനയാണ്‌. അതും ഒരു കാരണമാകാം.

സഹതാരങ്ങളേക്കാള്‍ അടുപ്പം സംവിധായകരോട്‌?
വീട്ടിലെ ഇളയകുട്ടി ആയതുകൊണ്ടാകാം, ലാളനയും പരിഗണനയും എനിക്കിഷ്‌ടമാണ്‌. ദിലീഷേട്ടനായാലും (ദിലീഷ്‌ പോത്തന്‍) രാജീവേട്ടനായാലും( രാജീവ്‌ രവി) വല്യേട്ടന്റെ കരുതലാണ്‌ എന്നോട്‌ കാണിക്കുന്നത്‌. അച്‌ഛന്‍ മകള്‍ക്ക്‌ പറഞ്ഞുകൊടുക്കും പോലെയാണ്‌ കുപ്രസിദ്ധ പയ്യനിലെ ഹന്നയെക്കുറിച്ച്‌ മധുപാല്‍ സര്‍ വിവരിച്ചുതന്നത്‌. പിന്നെ, നിയോ ഫിലിം സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങളിലും താല്‌പര്യം തോന്നിയിരുന്നു. അത്തരം സംശയങ്ങള്‍ ചോദിക്കുമ്പോള്‍ മടിയില്ലാതെ പറഞ്ഞു തന്നിരുന്നതുകൊണ്ടാണ്‌ സംവിധായകരോട്‌ കൂടുതല്‍ ഇഷ്‌ടം. ഒപ്പം അഭിനയിച്ച ടോവിനോ, അനു സിതാര എല്ലാവരുമായും അടുപ്പമുണ്ട്‌. മികച്ച നടിയുടെ ഫലപ്രഖ്യാപനത്തിന്റെ അവസാന റൗണ്ടില്‍ അനു സിതാരയുടെയും എന്റെയും പേരുള്ള നേരത്ത്‌, എന്റെ വീട്ടില്‍ അമ്മയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുകയായിരുന്നു ഞാനും അനുവും. അവാര്‍ഡ്‌ ആര്‍ക്കായിരുന്നാലും ഞങ്ങള്‍ക്കത്‌ ആഘോഷമായിരുന്നേനെ. അത്രയ്‌ക്ക് ആഴമുള്ള സൗഹൃദമാണ്‌ ഞങ്ങളുടേത്‌.

സ്‌ത്രീകള്‍ സംവിധാന രംഗത്തേക്ക്‌ വരുന്നതിനെക്കുറിച്ച്‌?
വളരെ നല്ല കാര്യമാണത്‌. എന്റെ മൂന്നാം ചിത്രത്തില്‍ തന്നെ വനിതാസംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സൗമ്യ ചേച്ചി( സൗമ്യ സദാനന്ദന്‍) അഭിനേത്രികൂടിയാണ്‌. സ്‌ത്രീയുടെ കാഴ്‌ചപ്പാട്‌ വ്യത്യസ്‌തമാണ്‌. അത്‌ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ കൂടുതല്‍ സ്‌ത്രീകള്‍ ഈ രംഗത്തേക്ക്‌ വരണം. ഒരു കുപ്രസിദ്ധ പയ്യനില്‍ ഞാന്‍ മധുപാല്‍ സാറിനെ അസിസ്‌റ്റ് ചെയ്‌തിരുന്നു. സെറ്റില്‍ അടങ്ങിയിരിക്കാന്‍ വേണ്ടി ക്ലാപ്പ്‌ അടിക്കുന്ന ജോലി എന്നെ ഏല്‍പ്പിച്ചതാണെന്ന്‌ പറഞ്ഞാലും തെറ്റില്ല.

അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശത്തില്‍ രണ്ടു ചിത്രങ്ങള്‍ ഉണ്ടായിരുന്നല്ലോ, ഏതു റോളിന്‌ വേണ്ടിയാണ്‌ കൂടുതല്‍ കഷ്‌ടപ്പെട്ടത്‌?
അഞ്ച്‌ ചിത്രങ്ങളേ ചെയ്‌തിട്ടുള്ളു. ഭാഗ്യംകൊണ്ട്‌ ഒന്ന്‌ ഒന്നില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌. തൊണ്ടിമുതലിലെ 'ശ്രീജ' എന്നെക്കാള്‍ പ്രായമുള്ള ക്യാരക്‌ടര്‍ ആണ്‌. 'ഈട'യില്‍ കോളജ്‌ വിദ്യാര്‍ത്ഥിനിയായ അമ്മു, 'മാംഗല്യം തന്തുനാനേന'യിലെ ക്ലാര എന്ന വീട്ടമ്മ. 'കുപ്രസിദ്ധ പയ്യന'ില്‍ ജൂനിയര്‍ വക്കീലിന്റെ വേഷം ശരിക്കും വെല്ലുവിളി ആയിരുന്നു. സംവിധായകന്‍ തന്ന ധൈര്യം, വേണു അച്‌ഛന്‍(നെടുമുടി വേണു), സിദ്ദിഖ്‌ ഇക്ക എന്നിവര്‍ പഠിപ്പിച്ച പാഠങ്ങള്‍ ഇവയെല്ലാം, ആ റോള്‍ ഭംഗിയാക്കാന്‍ സഹായിച്ചു. സനല്‍കുമാര്‍ ശശിധരന്റെ 'ചോല'യില്‍ ഞാനൊരു സ്‌കൂള്‍കുട്ടിയാണ്‌. മൂന്ന്‌ കഥാപാത്രങ്ങളിലൂടെ പോകുന്ന കഥയിലെ ഏക പെണ്‍സാന്നിധ്യം. അവാര്‍ഡ്‌ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും എന്റെ ഭാഗം വൃത്തിയായി ചെയ്‌ത സംതൃപ്‌തി തോന്നിയിരുന്നു. അഭിനയം കൂടുതല്‍ മെച്ചപ്പെടുത്താനാണ്‌ ഓരോ ചിത്രങ്ങള്‍ കഴിയുമ്പോഴും ശ്രമിക്കുന്നത്‌. അതിനുവേണ്ടി കഷ്‌ടപ്പെടാന്‍ മടി തോന്നിയിട്ടില്ല.

തായ്‌കെ്വാണ്ട ബ്‌ളാക്‌ ബെല്‍റ്റ്‌ ഹോള്‍ഡര്‍ എന്ന നിലയില്‍ സംഘട്ടന രംഗങ്ങള്‍ ചെയ്യാന്‍ താല്‌പര്യമുണ്ടോ?
സ്‌പോര്‍ട്‌സില്‍ താല്‌പര്യമുണ്ട്‌. പഠനകാലത്ത്‌, വോളിബോള്‍ ടീമിന്റെ ക്യാപ്‌റ്റന്‍ ആയിരുന്നു. സ്വിമ്മിങ്‌, സ്‌കേറ്റിംഗ്‌ എല്ലാം വശമുണ്ട്‌. തായ്‌കെ്വാണ്ട മഹാരാഷ്‌ട്ര സ്‌റ്റേറ്റ്‌ ലെവല്‍ മത്സരിച്ച ധൈര്യംകൊണ്ട്‌ സംഘട്ടനരംഗം ചെയ്യാനും പേടിയില്ല. ചിത്രകലയും നൃത്തവുമെല്ലാം ഇഷ്‌ടമാണ്‌. റിയല്‍ ലൈഫില്‍ കടന്നുപോകാന്‍ സാധ്യത ഇല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്‌തുഫലിപ്പിക്കണമെന്നാണ്‌ ആഗ്രഹം.

അവാര്‍ഡ്‌ ലഭിച്ച ശേഷം കുടുംബത്തിന്റെ പ്രതികരണം?
അഭിനയമോഹം പറഞ്ഞപ്പോള്‍ വെറും മൂന്നുമാസമാണ്‌ അവസരത്തിന്‌ ശ്രമിക്കാന്‍ വീട്ടുകാര്‍ അനുവദിച്ചു തന്നത്‌. നിയോഗം പോലെ തൊണ്ടിമുതലിന്റെ ഓഡിഷനില്‍ ചെന്നെത്തി. പിന്നീടങ്ങോട്ട്‌ സിനിമകള്‍ ലഭിക്കുമ്പോഴും എന്റെ പടങ്ങള്‍ കാണുമ്പോഴും നടി എന്ന രീതിയില്‍ വീട്ടിലെന്നെ ആരും വില വച്ചുതന്നിട്ടില്ല. അവാര്‍ഡ്‌ കിട്ടിയപ്പോഴും ആ ഒരു ദിവസത്തെ സന്തോഷം കഴിഞ്ഞ്‌, എല്ലാവരും പഴയപടിയായി. ഫാമിലി തന്നെയാണ്‌ എന്റെ ശക്‌തി.

പുതിയ പ്രോജക്‌ട്സ്‌?
ചോലയാണ്‌ റിലീസ്‌ ആകാനുള്ള ചിത്രം. ജോജു ചേട്ടനും അതില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്‌. രാജീവേട്ടന്റെ തുറമുഖത്തില്‍ നിവിന്‍പോളിക്കൊപ്പമാണ്‌. ലാല്‍ ജോസ-ബിജുമേനോന്‍ ടീമിന്റെ ചിത്രവും കമ്മിറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

മീട്ടു റഹ്‌മത്ത്‌ കലാം

Ads by Google
Sunday 10 Mar 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW