Tuesday, May 21, 2019 Last Updated 14 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 09.44 AM

ഭാര്യയെ ആണ്‍ ഡോക്ടറെ കാണാന്‍ അനുവദിക്കാത്ത ഭര്‍ത്താവ്... അനുവാദം കാത്ത് കഠിനവേദന കടിച്ചമര്‍ത്തി പത്തൊന്‍പതുകാരി; ഹൃദയസ്പര്‍ശിയായ നോവനുഭവം

uploads/news/2019/03/293263/women.jpg

കഠിനമായ വയറു വേദനയുമായി ആശുപത്രിയില്‍ എത്തിയ പത്തൊന്‍പതുകാരി തന്നെ പരിശോധിക്കാന്‍ എത്തിയത് 'ആണ്‍' ഡോക്ടറാണെന്ന് അറിഞ്ഞതോടെ പിന്മാറി. കാരണമാണ് വിചിത്രം... ആണ്‍ ഡോക്ടര്‍ തന്നെ ചികിത്സിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലത്രേ... അബുദാബിയില്‍ സീനിയര്‍ റേഡിയോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന തസ്ലിമ റഹ്മാനാണ് ജോലിക്കിടെ നേരിടേണ്ടി വന്ന വ്യത്യസ്ത അനുഭവം പങ്കുവച്ചിരിക്കുന്നത്.

പതിവായി പോകാറുള്ള ആശുപത്രികളിലൊന്നും സ്ത്രീ ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ് കിട്ടാഞ്ഞതിനാല്‍ ഭര്‍ത്താവ് ചികിത്സിക്കാന്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ലത്രേ. ഇപ്പോള്‍ ഒരു യാത്രയിലാണ് ഭര്‍ത്താവ്. തിരിച്ചെത്താന്‍ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും എങ്കിലും. വേദന പിടിച്ചുനില്‍ക്കാന്‍ കഴിയാതായതോടെയാണ് തനിയെ ആശുപത്രിയിലേയ്ക്ക് പുറപ്പെട്ടത്. വയറിന്റെ സ്‌കാനിങ് പോലും ആണ്‍ ഡോക്ടറെക്കൊണ്ട് ചെയ്യിക്കാന്‍ അനുവദിക്കാത്ത തന്റെ ഭര്‍ത്താവ് വജൈനല്‍ സ്‌കാനിങിന് സമ്മതിക്കില്ല. അതുകൊണ്ട് ഭര്‍ത്താവ് തിരിച്ചെത്തും വരെ ഞാന്‍ വെയ്റ്റ് ചെയ്‌തോളാമെന്നും അനുവാദമില്ലാതെ ഇതൊന്നും ചെയ്യുന്നത് ശരിയല്ലല്ലോ എന്നും പറഞ്ഞ് കരച്ചില്‍ ഒതുക്കി.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

പത്തൊമ്പത് വയസ്സുള്ള ഒരു പെണ്‍കുട്ടി ഭയങ്കരമായ വയറുവേദനയെ തുടര്‍ന്ന് സ്‌കാനിങിനു വന്നു. കൂടെ ഭര്‍ത്താവിന്റെ സഹോദരിയും ഉണ്ടായിരുന്നു.
ഫീമെയില്‍ ഡോക്ടര്‍ അന്ന് അവധിയായതിനാല്‍ വളരെ വിഷമത്തിലാണ് ആ കുട്ടി സ്‌കാന്‍ മുറിയിലേക്ക് വന്നത്..

റേഡിയോളജിസ്റ്റ് സാധാരണ രീതിയിലുള്ള വയറിന്റെ സ്‌കാന്‍ ചെയ്തതിനു ശേഷം ട്യൂബല്‍ പ്രഗ്‌നന്‍സിയാണോന്ന് സംശയമുള്ളതിനാല്‍ വജൈനല്‍ സ്‌കാനിങ് സജസ്റ്റ് ചെയ്തു.. രോഗിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി സ്‌കാനിങിനു റെഡിയാക്കാന്‍ എന്നെ ഏല്‍പ്പിച്ച് ഡോക്ടര്‍ മുറിയിലേക്ക് പോയി.
ഞാന്‍ ആ കുട്ടിയോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ പറഞ്ഞു തുടങ്ങി..

എനിക്കു കുറേ ദിവസങ്ങളായിട്ട് വയറിനു വേദനയും അസ്വസ്ഥതകളും ഉണ്ട്... സ്ഥിരം പോകാറുള്ള ഹോസ്പിറ്റലുകളിലൊന്നും ഫീമെയില്‍ ഡോക്ടര്‍നു അപ്പോയിന്‍മെന്റ് കിട്ടാത്തതിനാല്‍ ഭര്‍ത്താവ് സമ്മതിക്കുതന്നുണ്ടായിരുന്നില്ല..
ഇന്ന് അയാള്‍ ഒരു യാത്രയിലാണ് തിരിച്ചെത്താന്‍ മൂന്നു മണിക്കൂറെടുക്കും.. വേദന സഹിക്കാന്‍ കഴിയാതെ ഞാന്‍ പെട്ടെന്നു വന്നതാണ്..
വയറിന്റെ സ്‌കാനിങ് തന്നെ ആണ്‍ ഡോക്ടറെക്കൊണ്ട് ചെയ്യിക്കാന്‍ ഇഷ്ടമില്ലാത്ത ആള്‍ വജൈനല്‍ സ്‌കാനിങ്ങിനു സമ്മതിക്കില്ല.
അതു കൊണ്ട് ആള്‍ തിരിച്ചെത്തുന്നതു വരെ ഞാന്‍ വെയിറ്റ് ചെയ്യാം.. അനുവാദമില്ലാതെ ഇതൊന്നും ചെയ്യുന്നത് ശരിയല്ലല്ലോ എന്നും പറഞ്ഞ് കരച്ചിലൊതുക്കി...

ഞാനവളുടെ അടുത്തിരുന്ന് എന്നെയൊരു സഹോദരിയായി കണ്ട് ഇനി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കണമെന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങി..
അവള്‍ക്ക് ട്യൂബല്‍ പ്രഗ്‌നന്‍സി എന്താണെന്നോ അതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ ഒന്നും അറിയില്ലാര്ന്നു എന്നെനിക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി..

ആ സമയത്ത് അവളെ കൂടുതല്‍ കോംപ്ലിക്കേറ്റഡ് ആക്കാതെ വളരെ ലളിതമായി വിശദീകരിച്ചു..

ബീജവും അണ്ഡവും കൂടിച്ചേര്‍ന്നതിനു ശേഷം ഗര്‍ഭപാത്രത്തിലേക്ക് എത്തുന്നതിനു മുമ്പേ അണ്ഡവാഹിനിക്കുഴലില്‍ ഭ്രൂണം വളരാന്‍ തുടങ്ങുന്നതിനെയാണ് സാധാരണയായി ട്യൂബല്‍ പ്രഗ്‌നന്‍സി എന്ന് പറയാറുള്ളത്..

ഒരു കുഞ്ഞിനു വളരാനുള്ള യാതൊരു സാഹചര്യങ്ങളും ഇല്ലാത്തതിനാല്‍ ആ ട്യൂബ് പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്.. അങ്ങനെ സംഭവിച്ചാല്‍ അത് നിന്നെയാണ് ബാധിക്കുക.. അതിനാല്‍ ഈ സമയത്ത് നിന്റെ ശരീരത്തിനുമേല്‍ ഒരു തീരുമാനമെടുക്കേണ്ടത് നീയാണെന്നും പറഞ്ഞപ്പോള്‍ അവളൊന്ന് ഉഷാറായി..

വജൈനയിലേക്ക് സ്‌കാന്‍ ചെയ്യുന്ന ഉപകരണം (പ്രോബ്) ഇന്‍സെര്‍ട്ട് ചെയ്യുന്നത് ഡോക്ടറല്ല ഞാനോ വേറെ ഏതെങ്കിലും നഴ്‌സോ ആയിരിക്കുമെന്നും ഡോക്ടര്‍ മോണിറ്ററിലേക്ക് മാത്രമേ നോക്കുകയുള്ളൂ എന്നതു കൂടി കേട്ടപ്പോള്‍ അവള്‍ക്ക് ധൈര്യമായി..
ഡോക്ടര്‍ വരുന്നതിനു മുമ്പെയുള്ള ആ ചെറിയ സമയത്തിനുള്ളില്‍ ഞാനവളോട് പിന്നേം ഒരുപാട് സംസാരിച്ചു..
ഇതു പോലെയുള്ള ചെറിയ കാര്യങ്ങള്‍ക്ക് ഭര്‍ത്താവിനെ ആശ്രയിക്കരുതെന്ന നഗ്‌ന സത്യവും ആ സംസാരത്തിനിടയില്‍ ഞാനവളോട് പറഞ്ഞു..

ഡോക്ടര്‍ വന്നു, ഞാന്‍ പ്രോബ് ഇന്‍സെര്‍ട്ട് ചെയ്തു.. സ്‌കാന്‍ കഴിഞ്ഞപ്പോള്‍ റിപ്പോര്‍ട്ട് പോസിറ്റീവ്.. സര്‍ജറി വേണം.. പെട്ടെന്ന് ഷിഫ്റ്റ് ചെയ്യാന്‍ പറഞ്ഞ് ഡോക്ടര്‍ പോയി..

അവളെ വീല്‍ചെയറിലിരുത്തി ഗൈനക്കോളജിസ്റ്റിന്റെ മുറിയിലേക്ക് ഞാന്‍ തന്നെയാണ് കൊണ്ടു പോയത്..

ആ വഴിയുടനീളം അവളുടെ കൈ എന്റെ കൈയില്‍ ചേര്‍ത്തു പിടിച്ചിരുന്നു..
ഡോക്ടറുടെ മുറിയിലെ ബെഡില്‍ കിടത്തി ഞാന്‍ തിരിച്ച് പോകാന്‍ നേരം ഇത്താന്നു വിളിച്ച് അവളെന്നെ കെട്ടിപ്പിടിച്ചു...

കരഞ്ഞു കലങ്ങിയ ആ കണ്ണുകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പെയുള്ള എന്നെയാണ് കണ്ടത്.. പത്തൊമ്പത് വയസ്സെന്ന് പറയുമ്പൊ ഇങ്ങനൊക്കെത്തന്നെയല്ലേ..? സ്വന്തമായി ഞാനന്ന് എന്തെങ്കിലും തീരുമാനം എടുത്തിരുന്നതായി ഓര്‍മയില്ല..
സ്വന്തം വീട്ടില്‍ പോകാന്‍ പോലും പലരുടെയും അനുവാദങ്ങള്‍ക്ക് കാത്തുനിന്ന ഒരു കാലം..

ചെറിയ കാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ കഴിയാതിരുന്ന നിസ്സഹായാവസ്ഥയില്‍ നിന്ന് ഒരാള്‍ക്ക് എന്തെങ്കിലും വിധത്തില്‍ പ്രചോദനമാകാന്‍ കഴിയുന്ന ഒരാളെന്ന തരത്തിലെത്തിയ ഞാന്‍ തന്നെയാണ് ഇപ്പോള്‍ എന്റെ ബെസ്റ്റ് റോള്‍ മോഡല്‍..

Ads by Google
Saturday 09 Mar 2019 09.44 AM
Ads by Google
Loading...
LATEST NEWS
TRENDING NOW