Tuesday, May 21, 2019 Last Updated 27 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 01.56 AM

പൊതുനിരത്തിലെ കൊലപാതകങ്ങള്‍

uploads/news/2019/03/293245/editorial.jpg

കേരളത്തില്‍ റോഡപകടങ്ങളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്‌. അതില്‍ മരണമടയുന്നവരുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. അപകടത്തില്‍പ്പെടുന്ന ഒരു ജീവനെ സംബന്ധിച്ചു നഷ്‌ടപ്പെടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്‌- അതിനെ പിടിച്ചുനിര്‍ത്താന്‍. കഴിഞ്ഞ ദിവസം കോട്ടയത്തെ ഏറ്റുമാനൂര്‍-മണര്‍കാട്‌ ബൈപാസ്‌ റോഡിലുണ്ടായ അപകടംമാത്രം മതി നമുക്കു മുന്നില്‍ നടക്കുന്ന അപകടങ്ങള്‍ പലര്‍ കൂടിച്ചേര്‍ന്നു നടത്തുന്ന ദാരുണമായ കൊലപാതകങ്ങളായി മാറുകയാണെന്ന തിരിച്ചറിവുണ്ടാകാന്‍.
ഏറ്റുമാനൂരില്‍ പത്തൊന്‍പതുകാരന്‍ ഓടിച്ച കാര്‍ കാല്‍നടയാത്രക്കാരായ അമ്മയ്‌ക്കും രണ്ടു മക്കള്‍ക്കും മേല്‍ അമിതവേഗംകൊണ്ടു നിയന്ത്രണംവിട്ടു പാഞ്ഞുകയറുകയായിരുന്നു. റോഡ്‌ നിയമങ്ങള്‍ പാലിക്കാതെ, ഏതു വേഗത്തിലും സഞ്ചരിക്കുന്ന വാഹനങ്ങള്‍ നമ്മുടെ റോഡിനെ റേസിങ്‌ ട്രാക്കുകളാക്കി മാറ്റുന്നിടത്തുനിന്ന്‌ ഈ നരഹത്യയുടെ ആദ്യ ചുവടുവയ്‌പ്‌ ആരംഭിക്കുന്നു. ഇത്തരത്തില്‍ റോഡ്‌ കുരുതിക്കളമാക്കുന്നവര്‍ക്കെതിരേ അപകടമുണ്ടാകുന്നതു വരെ നടപടിയുണ്ടാകാറില്ല. അപകടമുണ്ടായാല്‍ പോലും കേവലം ഒരു ലൈസന്‍സും വാഹനത്തിന്‌ ഒരു ഇന്‍ഷുറന്‍സുമുണ്ടെങ്കില്‍ തലയൂരാനുള്ള പഴുതുകളും ദുര്‍ബലമായ ശിക്ഷാവിധികളുമാണുള്ളത്‌. ഇതാണ്‌ അശ്രദ്ധമായ ഡ്രൈവിങ്ങിനും മത്സരയോട്ടത്തിനുമൊക്കെ വഴിവയ്‌ക്കുന്നത്‌.

അപകടത്തില്‍ പരുക്കേറ്റു വഴിയില്‍ കിടന്ന ഈ മൂന്നു പേരെയും ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നതു മനഃസാക്ഷിയുള്ളവര്‍ ഞെട്ടലോടെയാണ്‌ കേട്ടത്‌. നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോയിട്ടും രക്‌തമൊലിച്ചു ഗുരുതരാവസ്‌ഥയില്‍ കിടന്നവരെ ആശുപത്രിയിലെത്തിക്കാനായില്ല. അവസാനം ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരും വൈകാതെ മരണപ്പെടുകയും ചെയ്‌തു. ഈ മരണങ്ങള്‍ക്ക്‌, അതുവഴി വാഹനം നിര്‍ത്താതെ കടന്നുപോയവരൊക്കെ ഉത്തരവാദികളാണ്‌. ചെറിയ ഒരു അസൗകര്യത്തിന്റെയോ വാഹനത്തില്‍ രക്‌തം പറ്റുമെന്ന ന്യായത്തിന്റെയോ പേരില്‍ ഒരു ജീവന്‍ മരണത്തിനു വിട്ടുകൊടുക്കുന്നതു നീതീകരണമില്ലാത്ത ക്രൂരതയാണ്‌. ഓരോ അപകടത്തിലും നമുക്കു ചുറ്റും നടക്കുന്നത്‌ ഇതൊക്കെത്തന്നെയാണ്‌.

പല രാജ്യങ്ങളിലും, അപകടത്തില്‍പ്പെട്ടവരെ സഹായിക്കാത്തതു കുറ്റകരമാണെന്നതും അതിനു മുതിരാത്തവര്‍ക്കു ശിക്ഷാവിധികളുമുണ്ടെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്‌. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാത്തവര്‍ക്കു പിഴയും മൂന്നു മാസം വരെ തടവുശിക്ഷയും നല്‍കാമെന്ന വകുപ്പ്‌ സൗദി അറേബ്യ ഉള്‍പ്പെടുത്തിയതു സമീപകാലത്താണ്‌. അപകടത്തില്‍ മരണാസന്നരായവര്‍ക്കു സഹായമെത്തിക്കാന്‍ എല്ലാവര്‍ക്കും കടപ്പാടുണ്ട്‌. അതിനു മുതിരാതിരിക്കുന്നവര്‍ക്കു നേരേ നരഹത്യയ്‌ക്കു കേസെടുക്കാനുള്ള സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു. അപകടകരമായ ഡ്രൈവിങ്ങിനും ഇതേ രീതിയില്‍ കടുത്ത ശിക്ഷാവിധികള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മാണം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒരു ഡ്രൈവിങ്‌ ലൈസന്‍സിന്റെ പേരില്‍ ആരെയും ഇടിച്ചു കൊല്ലാവുന്ന ഒന്നാക്കി നമ്മുടെ പൊതുവഴികളെ അധഃപതിപ്പിക്കുന്നത്‌ അവസാനിപ്പിക്കാന്‍ ആവശ്യമായതു ശക്‌തമായ നിയനിര്‍മാണവും അവയുടെ നടപ്പാക്കലുമാണ്‌.

Ads by Google
Saturday 09 Mar 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW