Tuesday, May 21, 2019 Last Updated 26 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 01.55 AM

ആരോഗ്യം പ്രശ്‌നമല്ല , കൈപിടിച്ചുയര്‍ത്താന്‍ സോണിയ

uploads/news/2019/03/293244/bft1.jpg

വിശ്രമരഹിതമായി നിരന്തരം ഓടിയാണു രണ്ടുവട്ടം കോണ്‍ഗ്രസിനെയും യു.പി.എയെയും അധികാരത്തിലേക്കു സോണിയ ഗാന്ധി കൈപിടിച്ചുയര്‍ത്തിയത്‌. ഇതിനായി എണ്ണിയാലൊടുങ്ങാത്ത റാലികളില്‍ പങ്കെടുത്തു പതിനായിരക്കണക്കിന്‌ കിലോമീറ്ററുകള്‍ താണ്ടി. പിന്നാലെ കനത്ത പരാജയം രുചിച്ചു. ഒപ്പം ആരോഗ്യപരമായ കാരണങ്ങളും മൂലം മുഖ്യധാരാരാഷ്‌ട്രീയത്തില്‍ മാറിനിന്ന്‌ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ മകന്‍ രാഹുല്‍ ഗാന്ധിക്ക്‌ കൈമാറി. തെരഞ്ഞെടുപ്പ്‌ ആസന്നമായതോടെ മകനു കൈത്താങ്ങായി മകള്‍ പ്രിയങ്കയെയും രംഗത്തിറക്കി. ഒടുവില്‍, ആരോഗ്യ വിഷയങ്ങള്‍ മാറ്റിവച്ച്‌ റായ്‌ബറോയില്‍ തന്നെ മത്സരിക്കാനുള്ള അപ്രതീക്ഷിത നീക്കത്തിലൂടെ രാഷ്‌ട്രീയ ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും സോണിയ വ്യക്‌തമായ സൂചന നല്‍കുന്നു.കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തിനും ഇത്തവണ തെരഞ്ഞെടുപ്പ്‌ ജീവന്മരണ പോരാട്ടമാണെന്നു തിരിച്ചറിയുന്നു.

യു.പി.എയുടെ ശില്‍പ്പി

കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരുടെ ഷിംല സമ്മേളനത്തിലാണു പതിനാറും വര്‍ഷം മുമ്പ്‌ യു.പി.എയ്‌ക്ക്‌ ശിലപാകിയത്‌. അതു വരെ ഏക കക്ഷി ഭരണമായിരുന്നു പാര്‍ട്ടി അജന്‍ഡ. മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ കൂട്ടുകക്ഷി ഭരണമെന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു അത്‌. സോണിയയുടെ വാക്കിന്റെ ബലത്തിലാണ്‌ ഘടകകക്ഷികളെ കോര്‍ത്തിണക്കിയത്‌. കഠിനാദ്ധ്വാനത്തിന്റെ കരുത്തിലാണ്‌ യു.പി.എ വളര്‍ന്നത്‌. എന്നാല്‍, ഭരണത്തില്‍നിന്ന്‌ ഒഴിഞ്ഞുനിന്ന അഞ്ചു വര്‍ഷംകൊണ്ട്‌ മുന്നണി ശിഥിലമായത്‌ തിരിച്ചടിയായി. തമിഴ്‌നാട്ടില്‍ കൂട്ടുപിരിഞ്ഞ ഡി.എം.കെ. ഇത്തവണ സഖ്യത്തിലായതു മാത്രമാണ്‌ ആശ്വാസം. യു.പി.എ. സര്‍ക്കാരില്‍ മന്ത്രിയായിരുന്ന രാംവിലാസ്‌ പാസ്വാന്റെ എല്‍.ജെ.പി. ബി.ജെ.പി. പാളയത്തിലാണ്‌. മുമ്പു മുന്നണിയിലുണ്ടായിരുന്ന അജിത്‌ സിങ്ങിന്റെ രാഷ്‌ട്രീയ ലോക്‌ദള്‍ വിശാലസഖ്യത്തിനൊപ്പമാണ്‌.
ബംഗാളിലും ഒഡീഷയിലും നീക്കുപോക്കിനായി കൈനീട്ടിയെങ്കിലും ഇടതുപാര്‍ട്ടികള്‍ ദേശീയതലത്തില്‍ സഖ്യത്തെക്കുറിച്ച്‌ മിണ്ടുന്നേയില്ല. നേരത്തേ സൗഹൃദമുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസാണ്‌ പ്രാദേശികപാര്‍ട്ടികളില്‍ ഇപ്പോള്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്‌. ജയിലില്‍ കഴിയുന്ന ലാലു പ്രസാദ്‌ യാദവുമായി ഇത്തവണയും സഖ്യത്തിലാകാന്‍ സാധിച്ചേക്കുമെന്നതു മാത്രമാണ്‌ ഏക ആശ്വാസം.

യു.പി.യിലെ അപമാനഭാരം

ഉത്തര്‍പ്രദേശിലെ അപമാനം കോണ്‍ഗ്രസിനു താങ്ങാവുന്നതിനപ്പുറമാണ്‌. ബി.ജെ.പിക്കെതിരേ ബി.എസ്‌.പിയും എസ്‌.പിയും കൈകോര്‍ത്തപ്പോള്‍ ഒപ്പം നിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഈ ദേശീയ കക്ഷിയെ വളരെ വിലകുറച്ചാണ്‌ അവര്‍ കാണുന്നത്‌. തങ്ങള്‍ക്കൊപ്പം നിന്നാല്‍ ഔദാര്യമായി രണ്ടു സീറ്റ്‌ നല്‍കാമെന്നായിരുന്നു എസ്‌.പി-ബി.എസ്‌.പി. സഖ്യത്തിന്റെ നിലപാട്‌. ഇത്രയേറെ അപമാനം സഹിച്ച്‌ സഖ്യത്തിലേര്‍പ്പെട്ടാല്‍ അയല്‍ സംസ്‌ഥാനങ്ങളായ രാജസ്‌ഥാനിലും മധ്യപ്രദേശിലും തിരിച്ചടിയാകുമെന്ന്‌ രാഹുല്‍ ഭയന്നു. ഇതോടെയാണ്‌ അവസാനത്തെ തുറുപ്പു ചീട്ടായ പ്രിയങ്കയെ കളത്തിലിറക്കി ഒറ്റയ്‌ക്കു പോരാടാനുള്ള തീരുമാനമുണ്ടായത്‌. പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണു സോണിയയുടെ സ്‌ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം.
റായ്‌ബലേറിയിലും അമേഠിയിലും സ്‌ഥാനാര്‍ഥികളെ നിര്‍ത്താതെയാണ്‌ എസ്‌.പി- ബി.എസ്‌.പി സഖ്യം സീറ്റ്‌ പങ്കിട്ടത്‌. അതിനാല്‍, കോണ്‍ഗ്രസ്‌ വിശാലസഖ്യത്തിന്റെ ഭാഗമാണെന്നായിരുന്നു എസ്‌.പി. നേതാവ്‌ അഖിലേഷ്‌ യാദവിന്റെ പ്രഖ്യാപനം. ഇതിനുള്ള ശക്‌തമായ മറുപടിയാണ്‌ പതിനൊന്ന്‌ സീറ്റുകളിലേക്ക്‌ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്‌ നല്‍കിയത്‌. ബി.ജെ.പി. ഇതര വോട്ടുകള്‍ വിഭജിക്കപ്പെടാതിരിക്കാന്‍ എസ്‌.പിയും ബി.എസ്‌.പിയും ഇനി എന്തെങ്കിലും വിട്ടുവീഴ്‌ചയ്‌ക്ക്‌ തയാറാകുമോയെന്നാണു വ്യക്‌തമാക്കാനുള്ളത്‌.

മുതിര്‍ന്നവരുടെ അങ്കം

രാഹുലും യുവനേതാക്കളടങ്ങിയ ബ്രിഗേഡും ചേര്‍ന്നുള്ള കുട്ടിക്കളിയാണ്‌ കോണ്‍ഗ്രസിന്‌ തെരഞ്ഞെടുപ്പെന്നു ബി.ജെ.പിക്ക്‌ ഇനി പരിഹസിക്കാനാകില്ല. ഇത്‌ ഒഴിവാക്കാനാണ്‌ ഒരുമുഴം മുമ്പേ എറിഞ്ഞ ഒന്നാംഘട്ട സ്‌ഥാനാര്‍ഥിപ്പട്ടിക. അമരത്തെന്ന്‌ സ്‌ഥാനാര്‍തിത്വ പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ്‌ വ്യക്‌തമാക്കുന്നു. രാഹുലിനെ ഇപ്പോഴും രാജകുമാരനെന്ന്‌ പരിഹസിക്കുന്ന അമിത്‌ ഷായ്‌ക്ക്‌ തന്ത്രം മാറ്റേണ്ടിയും വരും. യു.പി. പിടിക്കാനുള്ള നീക്കം കുട്ടിക്കളിയല്ലെന്നും സംഗതി സീരിയസാണെന്നും കോണ്‍ഗ്രസ്‌ ഈ തീരുമാനത്തിലൂടെ പറഞ്ഞുവയ്‌ക്കുന്നു. കളി മുതിര്‍ന്നവര്‍ തമ്മിലാണെന്നാണ്‌ ഇതുവഴി കോണ്‍ഗ്രസ്‌ നല്‍കുന്ന സന്ദേശം. പോരാട്ടത്തിന്‌ യുവനിരയും സജ്‌ജം. ഭരണകാലത്ത്‌ യു.പി.എ. ഘടകകക്ഷികളെ ഒന്നിച്ച്‌ നിര്‍ത്തുന്നതില്‍ വൈദഗ്‌ധ്യം പ്രകടിപ്പിച്ച സോണിയ, പടനയിക്കാന്‍ മുന്നിലുള്ളത്‌ രാഹുലിനുള്ള സംരക്ഷണവും പിന്തുണയുമാണ്‌. നിലവില്‍ പ്രാദേശികപാര്‍ട്ടികളുടെ പിന്തുണ ആര്‍ജിക്കാന്‍ കോണ്‍ഗ്രസിന്‌ സാധിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിന്‌ ശേഷം ഉരുത്തിരിയുന്ന സാഹചര്യത്തില്‍ മുന്‍തൂക്കം ലഭിക്കാന്‍ കൂടിയാണു യു.പി.എ. അധ്യക്ഷയുടെ സ്‌ഥാനാര്‍ഥിത്വം.

അമേഠി വിടാതെ രാഹുല്‍

സോണിയ മത്സര രംഗത്തുണ്ടാകുമോയെന്ന ചോദ്യം പോലെ തന്നെ, രാഹുല്‍ അമേഠി ഉപേക്ഷിച്ച്‌ മറ്റൊരു സുരക്ഷിതമണ്ഡലം തേടുമോയെന്നതും ഉറ്റുനോക്കപ്പെട്ടതായിരുന്നു. അമേഠിയില്‍ കഴിഞ്ഞ തവണ മത്സരിച്ച്‌ തോറ്റ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇത്തവണ കാലേക്കുട്ടി പ്രചാരണ രംഗത്തിറങ്ങിയിരുന്നു. രാജ്യസഭാ എം.പിയെന്ന നിലയിലുള്ള ഫണ്ട്‌ തോറ്റ മണ്ഡലത്തിലാണ്‌ സ്‌മൃതി ചെലവഴിച്ചത്‌. മറ്റ്‌ ബി.ജെ.പി എം.പിമാരും സഹായത്തിനെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി രാഹുലിനോട്‌ കൊമ്പുകോര്‍ത്തു. അമേഠിയില്‍ റൈഫിള്‍ നിര്‍മാണ ഫാക്‌ടറിക്കു തറക്കല്ലിട്ട്‌ അദ്ദേഹം പരിഹാസം ചൊരിഞ്ഞു. തുടര്‍ന്ന്‌ ട്വിറ്റര്‍ കുറിപ്പുകളിലൂടെ രാഹുലും സ്‌മൃതിയും ഏറ്റുമുട്ടി. ഒടുവില്‍ അമേഠി വിട്ടൊരു കളിയുമില്ലെന്ന്‌ രാഹുല്‍ പ്രഖ്യാപിച്ചതോടെ രണ്ടുംകല്‍പ്പിച്ചുള്ള പോരാട്ടത്തിന്റെ ശംഖൊലിയാണ്‌ രാഹുല്‍ മുഴക്കിയത്‌. മറ്റേതെങ്കിലും മണ്ഡലത്തില്‍ കൂടി മത്സരിക്കുമോയെന്നാണ്‌ ഇനി അറിയാനുള്ളത്‌.
തനിക്കെതിരേ ആഞ്ഞടിച്ച മോഡിക്ക്‌ അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ മോഡിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ പ്രവര്‍ത്തസമിതി യോഗം നടത്താനാണ്‌ രാഹുല്‍ തീരുമാനിച്ചത്‌. പതിവില്ലാതെ യോഗത്തിന്‌ ശേഷം റാലിയും നടത്തുന്നുണ്ട്‌. മോഡിക്ക്‌ വെല്ലുവിളി തീര്‍ത്ത പട്ടേല്‍ സമര നേതാവ്‌ ഹാര്‍ദിക്‌ പട്ടേല്‍ ഈ റാലിയില്‍ അംഗത്വം സ്വീകരിക്കും.
രാഹുല്‍ പട നയിച്ച ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിത്തിനൊടുവില്‍ ബി.ജെ.പിയെ വിറപ്പിച്ചാണ്‌ കോണ്‍ഗ്രസ്‌ കീഴടങ്ങിയത്‌. ഇത്തവണ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും മുമ്പേ കോണ്‍ഗ്രസ്‌ പുറത്തിറക്കിയ ആദ്യഘട്ട പട്ടികയില്‍ യു.പിക്കൊപ്പം ഇടം പിടിച്ചത്‌ ഗുജറാത്താണെന്നത്‌ ബി.ജെ.പിക്ക്‌ നല്‍കുന്ന മുന്നറിയിപ്പു കൂടിയാണ്‌.

പ്രിയങ്ക ശ്രദ്ധാകേന്ദ്രം

സജീവ രാഷ്‌ട്രീയത്തിലേക്ക്‌ പ്രിയങ്ക കടന്നുവന്നപ്പോള്‍ തന്നെ അവരുടെ മണ്ഡലത്തെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയ മാറിനിന്ന സാഹചര്യത്തില്‍ റായ്‌ബലേറിയില്‍ നിന്ന്‌ പ്രിയങ്കയാകും ജനവിധി തേടുകയെന്നായിരുന്നു പ്രധാന അഭ്യൂഹം. സോണിയ വീണ്ടും മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മോഡിക്കെതിരേ വാരാണസിയില്‍ പ്രിയങ്ക മത്സരിക്കുമോയെന്നാകും രാഷ്‌ട്രീയ ഇന്ത്യ ഇനി ഉറ്റുനോക്കുക. വാരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ യു.പി.യുടെ ചുമതലക്കാരിയാണു പ്രിയങ്ക. ഒരേ കുടുംബത്തില്‍ നിന്ന്‌ മൂന്നു പേര്‍ മത്സരിക്കേണ്ടതില്ലെന്നാണ്‌ തീരുമാനമെങ്കില്‍ പ്രിയങ്ക മുഖ്യപ്രചാരക മാത്രമാകും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ക്കണ്ടും മോഡി തരംഗം തിരിച്ചറിഞ്ഞും അന്നത്തെ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ മടിച്ചത്‌ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ചോര്‍ത്തിയിരുന്നു.
എന്നാല്‍, ഇത്തവണ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും മുമ്പേ പുറത്തിറക്കിയ സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ മുന്‍ കേന്ദ്ര മന്തിമാരെയും യുവനേതാക്കളെയും അവതരിപ്പിക്കുക വഴി പ്രവര്‍ത്തകര്‍ക്ക്‌ വ്യക്‌തമായ സന്ദേശവും കോണ്‍ഗ്രസ്‌ നല്‍കുന്നു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 09 Mar 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW