Tuesday, May 21, 2019 Last Updated 26 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 01.54 AM

പണം പൊടിക്കാതെ പട ജയിക്കാന്‍

uploads/news/2019/03/293243/bft2.jpg

ജനാധിപത്യകാലത്തെ യുദ്ധങ്ങളാണു തെരഞ്ഞെടുപ്പുകള്‍. ഭൂപ്രദേശത്തിനും സമ്പത്തിനും അധികാരത്തിനും വേണ്ടിയായിരുന്നു പഴയകാല യുദ്ധങ്ങളെങ്കില്‍ ഭൂപ്രദേശമൊഴികെയുള്ളവ സ്വന്തമാക്കാനാണു വര്‍ത്തമാനകാല തെരഞ്ഞെടുപ്പുകള്‍. ഇവിടെ കീഴടക്കാനുള്ളതു വോട്ടറുടെ മനസാണെന്നുമാത്രം. യുദ്ധനിയമങ്ങളില്‍ ചിലതു തെരഞ്ഞെടുപ്പു വിജയിപ്പിക്കാനും ഉപയോഗിക്കാം എന്നു ചുരുക്കം.

വിജയത്തിന്‌ യുദ്ധനിയമങ്ങള്‍

ചൈനീസ്‌ യുദ്ധവീരന്‍ സണ്‍സൂ നിര്‍വചിച്ച മൂന്നു യുദ്ധനിയമങ്ങള്‍ തെരഞ്ഞെടുപ്പു വിജയിക്കാനും ഉതകും. നിങ്ങളുടെയും ശത്രുവിന്റെയും ശക്‌തിദൗര്‍ബല്യങ്ങള്‍ അറിയുന്നെങ്കില്‍ അടുത്ത ആയിരം യുദ്ധങ്ങള്‍ ജയിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്നതാണ്‌ അതിലൊന്ന്‌. പശ്‌ചിമ ബംഗാളിലെ സി.പി.എം. ഭരണത്തുടര്‍ച്ചയാണ്‌ ഇതിന്‌ ഉദാഹരണം. സ്വന്തം ശക്‌തി-ദൗര്‍ബല്യം മാത്രം അറിയുന്നവരാണെങ്കില്‍ നിങ്ങളുടെ ഓരോ വിജയത്തിനു ശേഷവും ഓരോ പരാജയം സംഭവിച്ചു കൊണ്ടിരിക്കുമെന്നതാണ്‌ രണ്ടാമത്തെ യുദ്ധനിയമം. ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളില്‍ അധികാരമേറുന്ന കേരളത്തിലെ രണ്ടു മുന്നണികളുടെയും അവസ്‌ഥ ഈ വിഭാഗത്തില്‍പ്പെടും. നിങ്ങള്‍ നിങ്ങളെയും ശത്രുവിനെയും അറിയുന്നില്ലെങ്കില്‍ അടുത്ത ആയിരം യുദ്ധങ്ങളില്‍ പരാജയമായിരിക്കും ഫലമെന്നാണ്‌ സണ്‍സൂവിന്റെ മൂന്നാമത്തെ നിരീക്ഷണം. രണ്ടു മൂന്നു തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പ്‌ ഈ അവസ്‌ഥയിലായിരുന്നു ബി.ജെ.പി. പക്ഷേ, അവര്‍ ഇപ്പോള്‍ മെച്ചപ്പെട്ടുവരുന്നു.
ഈ മൂന്നു നിയമങ്ങളും സംഭവിക്കുന്നത്‌ യുദ്ധം നയിക്കുന്നവന്റെ മനസിലാണ്‌. തെരഞ്ഞെടുപ്പുകള്‍ക്ക്‌ മൂന്ന്‌ ആയുധങ്ങളാണ്‌ പാശ്‌ചാത്യര്‍ ഉപയോഗിക്കുന്നത്‌.
ജനമനസിലെ സ്‌ഥാനാര്‍ഥി സങ്കല്‍ങ്ങളെ മാറ്റിമറിക്കല്‍, പോസ്‌റ്റര്‍ പ്രചാരണം, സ്‌ഥാനാര്‍ഥിയെ ജനമനസില്‍ പ്രതിഷ്‌ഠിക്കല്‍ എന്നിവയണത്‌. ഇതു താരതമ്യേന ചെലവുകുറഞ്ഞ രീതിയാണ്‌. ജനമനസിനെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്ന ഈ പ്രക്രിയയെ സോഷ്യല്‍ സൈക്കോളജിക്കല്‍ എന്‍ജിനീയറിങ്‌ എന്നു വിശേഷിപ്പിക്കാം.
കേരളത്തില്‍ ഇതിനു കടകവിരുദ്ധമായ തെരഞ്ഞെടുപ്പ്‌ ആയുധങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ഓരോ വോട്ടറുടെയും മനസുമാറ്റാനാണ്‌ നാം ശ്രമിക്കുന്നത്‌.
ഭവന സന്ദര്‍ശനം, കുടുംബയോഗങ്ങള്‍, പോസ്‌റ്ററുകളും കൊടിതോരണങ്ങളും, കവലയോഗങ്ങള്‍, കണ്‍വന്‍ഷനുകള്‍, കൊട്ടിക്കലാശം എന്നിവയ്‌ക്കു പുറമേ വിവിധ മാധ്യമങ്ങളെയും രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഇതിനായി അവലംബിക്കുന്നു. കുറഞ്ഞത്‌ 10 കോടി രൂപയെങ്കിലും വേണം ഒരു സ്‌ഥാനാര്‍ഥിയായി നില്‍ക്കാന്‍. ജയിക്കാന്‍ പൊടിക്കേണ്ടത്‌ 15 മുതല്‍ 20 കോടിയെങ്കിലും വേണ്ടിവരും.

ജനമനസ്‌ പ്രധാനം

ഈ സാഹചര്യത്തില്‍ സാമ്പത്തികശേഷി കുറഞ്ഞ ഒരു സ്‌ഥാനാര്‍ഥിയെ എങ്ങനെ വിജയിപ്പിച്ചെടുക്കാം എന്നതാണു ചിന്താവിഷയം. പണമെത്ര മുടക്കിയാലും മികച്ച സ്‌ഥാനാര്‍ഥിയല്ലേ ജയിക്കുക എന്ന സംശയം ഉയരാം. ഇതൊരു തെറ്റിദ്ധാരണയാണ്‌. മികച്ച സ്‌ഥാനാര്‍ഥിയല്ല, മറിച്ച്‌ ഏറ്റവും മികച്ച ആള്‍ എന്നു ജനത്തിനു തോന്നുന്ന സ്‌ഥാനാര്‍ഥിയാണു ജയിക്കുന്നത്‌. വിപണിയിലെ മികച്ച സോപ്പല്ല ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്‌, മറിച്ച്‌ ഏറ്റവും നല്ലത്‌ എന്നത്‌ ആളുകളെക്കൊണ്ട്‌ ചിന്തിപ്പിക്കുന്ന സോപ്പാണ്‌ വില്‍പ്പനയില്‍ ഒന്നാമന്‍. ഏറ്റവും കൂടുതല്‍ അവാര്‍ഡ്‌ നേടുന്ന സിനിമയാണോ ഏറ്റവും വലിയ ഹിറ്റ്‌? അല്ല എന്നായിരിക്കും ഉത്തരം. ഏറ്റവും നല്ലതെന്നു പ്രേക്ഷകര്‍ക്കു തോന്നുന്ന സിനിമയാണ്‌ ഏറ്റവും വലിയ ഹിറ്റ്‌.

വിഗ്രഹവല്‍ക്കരണം

നമ്മുടെ സ്‌ഥാനാര്‍ഥിയാണ്‌ ഏറ്റവും മികച്ച ആള്‍ എന്നു ജനമനസില്‍ "തോന്നല്‍" സൃഷ്‌ടിക്കാന്‍ കഴിഞ്ഞാല്‍ ജയം അദ്ദേഹത്തിനൊപ്പമാകാം. ഇതു രാഷ്‌ട്രീയ പ്രക്രിയയല്ല, മനഃശാസ്‌ത്രപരമായ പ്രക്രിയയാണ്‌. രാഷ്‌ട്രീയ സംഭവങ്ങളെയും പ്രത്യയശാസ്‌ത്രങ്ങളെയും സാമൂഹിക വ്യവസ്‌ഥകളെയും കൂട്ടിച്ചേര്‍ത്ത്‌ "നമ്മുടെ സ്‌ഥാനാര്‍ഥി" ആണ്‌ മികച്ചവന്‍ എന്ന "തോന്നല്‍" സൃഷ്‌ടിക്കുന്ന ശ്രമകരമായ പ്രക്രിയയാണിത്‌.
പുതിയ സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച്‌ ഇത്‌ വിഗ്രഹവല്‍ക്കരണം എന്ന പ്രക്രിയയാണ്‌. വോട്ടറുടെ മനസില്‍ സ്‌ഥാനാര്‍ഥിയുടെ പേരും രൂപവും രജിസ്‌റ്റര്‍ ചെയ്യുന്ന രീതി. നേതാവിന്റെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ ജനമനസില്‍ അദ്ദേഹത്തിന്റെ രൂപവും അതിനൊത്ത ഇമേജും വളര്‍ത്തിയിട്ടുണ്ടാകണം. ഇതു പോസിറ്റീവോ നെഗറ്റീവോ ആകാം. പോസിറ്റീവ്‌ ഇമേജ്‌ തെരഞ്ഞെടുപ്പു കാലത്ത്‌ പൂര്‍വാധികം ഭംഗിയോടെ വോട്ടറുടെ മനസിലെത്തിക്കുന്ന ജോലിയാണു പ്രവര്‍ത്തകര്‍ക്കു നിര്‍വഹിക്കാനുള്ളത്‌. കൂടുതല്‍ വോട്ടര്‍മാരുടെ മനസില്‍ പോസിറ്റീവ്‌ ഇമേജുള്ള ആള്‍ വിജയിക്കാം. ഇത്‌ ഒരുതരം സൗന്ദര്യവല്‍ക്കരണ പ്രക്രിയയാണ്‌.

പുനഃപ്രതിഷ്‌ഠ

നെഗറ്റീവ്‌ ഇമേജുള്ള ഒരു നേതാവിന്‌ ജനം ഇഷ്‌ടപ്പെടുന്ന പുതിയ ഇമേജ്‌ നല്‍കുന്ന പ്രക്രിയയാണിത്‌. രണ്ടായിരത്തിനു മുമ്പ്‌ വി.എസിനു "വെട്ടിനിരത്തല്‍" നേതാവ്‌, "കടുത്ത സ്‌റ്റാലിനിസ്‌റ്റ്‌" എന്ന ഇമേജായിരുന്നു ഉണ്ടായിരുന്നത്‌. 2005 വരെയുള്ള കാലയളവില്‍ കെ.എം. ഷാജഹാനും സംഘവും പ്രയത്നിച്ച്‌ വി.എസിനെ ഏറ്റവും "ജനകീയനായ" നേതാവാക്കി മാറ്റി. ഇമേജ്‌ മോഡിഫിക്കേഷന്‍ അല്ലെങ്കില്‍ റീപൊസിഷനിങ്‌ മറ്റൊരു തരത്തിലുള്ള രാഷ്‌ട്രീയക്കാരുടെ മുഖംമിനുക്കല്‍ പ്രവര്‍ത്തനമാണ്‌.

വിഗ്രഹ ഭഞ്‌ജനം

ഒരു നേതാവിന്റെ ഇമേജ്‌ തകര്‍ക്കുന്ന പ്രക്രിയയാണിത്‌. രാഷ്‌ട്രീയ സംഭവങ്ങളോ ആശയങ്ങളോ ഇതിനുപയോഗിക്കാം. സ്വയം അണ്‍പൊസിഷനിങ്ങും സാധ്യം. ഉറച്ച സ്‌ഥാനാര്‍ഥിത്വം ഒറ്റ പ്രസ്‌താവനയിലൂടെ തെറിച്ച ടി.പി. സെന്‍കുമാര്‍ ഉദാഹരണം. എതിര്‍ സ്‌ഥാനാര്‍ഥിയെ അണ്‍പൊസിഷന്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പു നിയമങ്ങള്‍ അനുവദിക്കുന്നില്ല. മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച്‌ ആ നിലയിലെത്തിക്കാന്‍ സോഷ്യല്‍ സൈക്കോളജിക്കല്‍ എന്‍ജിനീയറിങ്ങില്‍ ആയുധങ്ങളുണ്ട്‌.

അജന്‍ഡ തീരുമാനിക്കല്‍
ജനമനസുമാറ്റാനുള്ള രണ്ട്‌ ആയുധങ്ങളിലൊന്നാണ്‌ അജന്‍ഡ തീരുമാനിക്കല്‍. മുന്‍തെരഞ്ഞെടുപ്പുകളില്‍ ഇടതുനേതാക്കള്‍ ഭംഗിയായി നിര്‍വഹിച്ച പ്രക്രിയയായിരുന്നു ഇത്‌. പ്രചാരണം മുഴുവന്‍ തങ്ങള്‍ തീരുമാനിക്കുന്ന ദിശയില്‍ കൊണ്ടുപോകാന്‍ പഴയ ഇടതുനേതൃത്വത്തിനു കഴിഞ്ഞിരുന്നു. താത്വിക യുദ്ധതന്ത്രങ്ങളുടെ കാലം കഴിഞ്ഞപ്പോള്‍ അതിനു പ്രസക്‌തിയില്ലാതായി. ആള്‍ക്കൂട്ടത്തിന്റെ മനസു മാറ്റുന്ന പ്രക്രിയയില്‍ തെരഞ്ഞെടുപ്പ്‌ അജന്‍ഡകള്‍ നിര്‍ണായകമാണ്‌.

പ്രസംഗമെന്ന ആയുധം

ഒറ്റപ്രസംഗത്തിലൂടെ ലോകംതന്നെ മാറ്റിമറിച്ച സംഭവങ്ങള്‍ അനവധി. ജനമനസുകളില്‍, പ്രത്യേകിച്ച്‌ എതിരാളികളില്‍ മാനസികമാറ്റം സൃഷ്‌ടിക്കാന്‍ കഴിയുംവിധം പ്രസംഗിക്കാന്‍ കഴിയുന്ന എത്ര രാഷ്‌ട്രീയ നേതാക്കളുണ്ട്‌? ചില നേതാക്കള്‍ മനസു കീഴടക്കുന്നത്‌ കര്‍മങ്ങള്‍ കൊണ്ടാണ്‌. മറ്റു ചിലര്‍ക്കു പ്രസംഗത്തിലൂടെ അതിനു സാധിക്കും. അതു പോയകാല ചരിത്രം. ഓരോ മിനിറ്റിലും നിലപാടുകള്‍ മാറ്റുന്നവരാണ്‌ പുതിയകാല നേതാക്കള്‍. വിശ്വാസ്യത എന്ന ഗുണം എത്ര നേതാക്കള്‍ക്കുണ്ട്‌?
സോഷ്യല്‍ സൈക്കോളജിക്കല്‍ എന്‍ജിനീയറിങ്‌ മുന്നണികളെ എങ്ങനെ രക്ഷിക്കുമെന്നു പരിശോധിക്കാം. 16 സീറ്റും ജയിച്ചു എന്നു പറഞ്ഞാണ്‌ യു.ഡി.എഫിന്റെ നടപ്പ്‌. ഓരോ തെരഞ്ഞെടുപ്പ്‌ കഴിയുമ്പോഴും കൂടുതല്‍ ദുര്‍ബലമാകുന്ന തെരഞ്ഞെടുപ്പ്‌ യന്ത്രമാണ്‌ അവരുടേത്‌. ജോലി ചെയ്യാന്‍ മടിയുള്ള പ്രവര്‍ത്തകരാണ്‌ യു.ഡി.എഫിന്റെ പരിമിതി. എത്ര പണമെത്തിയാലും ഇപ്പോഴും ഇതിനു മാറ്റമില്ലാത്ത അവസ്‌ഥ. മറ്റൊന്നു സാമുദായിക വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചിരുന്ന "മതേതരത്വ"ത്തിനു സംഭവിച്ച അപചയമാണ്‌. ഈ രണ്ടു വിപരീത ഘടകങ്ങളുള്ളപ്പോള്‍ താഴേത്തട്ടില്‍ പ്രവര്‍ത്തനം ദുഷ്‌കരമാണ്‌. അപ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ മനസു മാറ്റാന്‍ ശ്രമിക്കുകയാണ്‌ യു.ഡി.എഫ്‌. ചെയ്യേണ്ടത്‌. പുതിയ വിഗ്രഹ സൃഷ്‌ടിയാണ്‌ ഉചിതമെന്നു ചുരുക്കം.
എല്‍.ഡി.എഫിന്‌ താഴേത്തട്ട്‌ കുറച്ചുകൂടി ഭേദപ്പെട്ട നിലയിലാണ്‌. സമീപകാലത്ത്‌ വന്ന "ഇമേജ്‌"നഷ്‌ടമാണ്‌ എല്‍.ഡി.എഫിനെ അലട്ടുന്നത്‌. ഇമേജ്‌ നഷ്‌ടം ആള്‍ക്കൂട്ടത്തിന്റെ മനസിലാണ്‌ സംഭവിച്ചിരിക്കുന്നത്‌. വോട്ടറുടെ മനസിലെ "തോന്നല്‍" മാറ്റിയെടുക്കുക ദുഷ്‌കരമാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വലിയ റോളില്ല എന്ന പ്രശ്‌നവും നിലനില്‍ക്കുന്നു. ആന്തരിക സംവിധാനങ്ങള്‍ മാറിയാല്‍ പത്തു സീറ്റുവരെ എല്‍.ഡി.എഫിനു ജയിക്കാന്‍ കഴിയും. വോട്ടറുടെ മനസിലെ ധാരണകളെ മായ്‌ക്കുന്ന "അണ്‍പൊസിഷനിങ്ങാ"ണ്‌ എല്‍.ഡി.എഫിനു ചേരുക.
മുദ്രാവാക്യം മാത്രം മാറ്റിയാല്‍ കേരളത്തില്‍ നിന്നു മൂന്ന്‌ എം.പിമാരെ സൃഷ്‌ടിക്കാന്‍ ബി.ജെ.പിക്കു കഴിയും. "റീപൊസിഷനിങ്‌" എന്ന പ്രക്രിയയാണ്‌ ബി.ജെ.പിക്ക്‌ അനുയോജ്യം. അവരുടെ ഏറ്റവും വലിയ ശക്‌തിയും ദൗര്‍ബല്യവും ആര്‍.എസ്‌.എസിന്റെ പ്രവര്‍ത്തനശൈലിയാണ്‌. സംഘപരിവാര്‍ ഒരു പ്രത്യേക രീതിയില്‍ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതാണ്‌ പ്രധാന ദൗര്‍ബല്യം. മനസുമാറ്റല്‍ പ്രക്രിയ നന്നായി നടന്നാല്‍ തെരഞ്ഞെടുപ്പു ചെലവ്‌ 30 മുതല്‍ 40% വരെ കുറയ്‌ക്കാന്‍ കഴിയും.

ഷെയ്‌ന്‍ സദാനന്ദ്‌

( ലേഖകന്റെ ഫോണ്‍ നം: 94477 79799 )

Ads by Google
Saturday 09 Mar 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW