Saturday, March 09, 2019 Last Updated 15 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 01.54 AM

തിരുവനന്തപുരം ഗ്ലാമര്‍ മണ്ഡലം; ഒപ്പം, വോട്ട്‌ മറിക്കല്‍ ആശങ്ക

uploads/news/2019/03/293242/TVmelect2019.jpg

ഗവര്‍ണര്‍ പദവി രാജിവച്ചുള്ള കുമ്മനം രാജശേഖരന്റെ വരവ്‌ തിരുവനന്തപുരത്തിനു വേണ്ടി കരുതിവയ്‌ക്കുന്നതു തീപാറുന്ന പോരാട്ടം. വോട്ട്‌ മറിച്ച്‌ തീ കെടുത്താന്‍ ശ്രമമുണ്ടാകുമോ എന്ന ആശങ്ക അതിനൊപ്പം ഉയര്‍ന്നു. മുഖ്യശത്രുവിന്റെ ശത്രുവിനെ മിത്രമായിക്കണ്ട്‌ ജയിപ്പിക്കുകയും സ്വന്തം മിത്രത്തെ ശത്രുവായിക്കണ്ട്‌ യഥാര്‍ഥ ശത്രുവിനോടു തോല്‍പ്പിക്കുകയും ചെയ്‌ത ചരിത്രം തിരുവനന്തപുരത്തിനു പറയാനുണ്ടെന്നതാണു കാരണം.

നയതന്ത്ര രംഗത്തെ പ്രഗത്ഭന്‍, എഴുത്തുകാരന്‍ തുടങ്ങി വിശേഷണങ്ങളേറെയുള്ള ശശി തരൂരിനെത്തന്നെയാകും മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്‌ ഇറക്കുകയെന്നുറപ്പ്‌. ഇടതുപക്ഷത്ത്‌ സി.പി.ഐയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്‍. ഇതിനിടയിലാണ്‌ ബി.ജെ.പിക്കു കരുത്തും വേരോട്ടവുമുള്ള മണ്ഡലത്തിലേക്ക്‌ കുമ്മനത്തിന്റെ രംഗപ്രവേശം. ശക്‌തമായ ത്രികോണ മത്സരത്തിന്‌ അരങ്ങൊരുങ്ങിയതോടെ സംസ്‌ഥാനത്തെ ഏറ്റവും ഗ്ലാമറുള്ള മണ്ഡലമെന്ന പരിവേഷവും തിരുവനന്തപുരത്തിനു സ്വന്തം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി കോണ്‍ഗ്രസ്‌ വോട്ട്‌ മറിച്ചെന്ന ആക്ഷേപമുയര്‍ന്നു. പ്രത്യേകിച്ചും വട്ടിയൂര്‍ക്കാവ്‌, തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങളില്‍. അതേസമയം, ഒ. രാജഗോപാലിന്റെ പരാജയം ഉറപ്പാക്കാനായി ഇടതുപക്ഷത്തു നിന്നു ശശി തരൂരിന്റെ പെട്ടിയിലേക്കു വോട്ട്‌ മറിച്ചെന്നും ആക്ഷേപമുണ്ടായി. ഇതാണു തിളക്കം കുറഞ്ഞെങ്കില്‍പ്പോലും ശശി തരൂരിന്റെ വിജയത്തിലെത്തിയതെന്ന വിലയിരുത്തലുമുണ്ടായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്‌, തിരുവനന്തപുരം, നേമം മണ്ഡലങ്ങളുടെ പേരിലാണു പരാതികളുയര്‍ന്നത്‌. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന്‌ അനുകൂലമായി കോണ്‍ഗ്രസ്‌ വോട്ട്‌ മറിഞ്ഞെന്ന്‌ ആക്ഷേപമുണ്ടായിരുന്നു. അന്നു ടി.എന്‍. സീമയ്‌ക്കെതിരായി സി.പി.എം വോട്ടുകള്‍ തിരിച്ചുകുത്തിയെന്ന പരാതിയും വന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി. വോട്ടുകള്‍ കോണ്‍ഗ്രസിന്‌ അനുകൂലമായും നേമത്തു കോണ്‍ഗ്രസ്‌ വോട്ടുകള്‍ ബി.ജെ.പിക്ക്‌ അനുകൂലമായും തിരിഞ്ഞെന്നാണു മുന്നണികളുടെ കണക്കെടുപ്പിലെ കണ്ടെത്തലുകള്‍.

ശശി തരൂരിനെതിരേ കോണ്‍ഗ്രസിനുള്ളില്‍ പടപ്പുറപ്പാട്‌ തുടങ്ങിക്കഴിഞ്ഞു. തരൂര്‍ തുടര്‍ച്ചയായി ജയിക്കുന്നതു തങ്ങളുടെ സാധ്യതകള്‍ എന്നേക്കുമായി അടയ്‌ക്കുമെന്നു കരുതുന്ന ചില നേതാക്കളാണ്‌ ഇതിനു പിന്നില്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സഹായം ഉറപ്പാക്കാനായി കോണ്‍ഗ്രസിലെ ചില എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ അനുകൂലമായ അടിയൊഴുക്ക്‌ ഉണ്ടാക്കുമെന്ന സംസാരവും ശക്‌തം. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെതിരേ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ അട്ടിമറിനീക്കം നടന്നെന്ന പരാതിയും ഈ വോട്ടെടുപ്പില്‍ പ്രതിഫലിച്ചേക്കും.

ഇതേ ഭയം ഇപ്പോള്‍ സി.പി.ഐയിലുമുണ്ട്‌. കഴിഞ്ഞ തവണ ബെന്നറ്റ്‌ എബ്രഹാമിനെ സ്‌ഥാനാര്‍ഥിയാക്കിയതിന്റെ പേരിലുയര്‍ന്ന "പേമെന്റ്‌ സീറ്റ്‌" വിവാദത്തിലെ ആരോപണവിധേയനാണു സി. ദിവാകരന്‍. അതിന്റെ പ്രതിഷേധവും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്‌. കുമ്മനത്തിന്റെ വളര്‍ച്ചയില്‍ ബി.ജെ.പിക്കുള്ളില്‍ അസൂയ പുകയുന്നുണ്ടെന്നും അവര്‍ തിരിഞ്ഞുകുത്താന്‍ ഇടയുണ്ടെന്ന ആശങ്കയും ബി.ജെ.പിയിലുണ്ട്‌. ആര്‍.എസ്‌.എസിന്റെ പൂര്‍ണപിന്തുണയോടെ വരുന്ന കുമ്മനത്തെ തോല്‍പ്പിക്കാന്‍ ആസൂത്രിത ശ്രമമുണ്ടാകുമെന്ന സംസാരം തുടങ്ങിക്കഴിഞ്ഞു.

വോട്ട്‌ മറിക്കല്‍ പരാതി ബി.ജെ.പിക്കു പുത്തരിയല്ല. 2005-ല്‍ പി.കെ. വിയുടെ നിര്യാണത്തിനു ശേഷം ലോക്‌സഭയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ചരിത്രത്തിലെ ഏറ്റവും കുറവ്‌ വോട്ടാണ്‌ സി.കെ. പത്മനാഭനു കിട്ടിയത്‌- 36,690 വോട്ട്‌. 2004 തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ 2,28,052 വോട്ട്‌ നേടിയിടത്തുനിന്നായിരുന്നു വീഴ്‌ച. 2009-ല്‍ പി.കെ. കൃഷ്‌ണദാസിന്‌ 84,092 വോട്ട്‌ ലഭിച്ചപ്പോഴും മറിക്കല്‍ ആരോപണം ശക്‌തമായിരുന്നു.

Ads by Google
Saturday 09 Mar 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW