Sunday, June 30, 2019 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
വനിതാദിന സ്‌പെഷല്‍
Friday 08 Mar 2019 01.07 PM

ട്രാക്കില്‍ വിസ്മയമായി അവള്‍ കുതിക്കുമ്പോള്‍

uploads/news/2019/03/293051/vismaya.jpg

ട്രാക്കില്‍ നേട്ടങ്ങള്‍ വാരിക്കൂട്ടി ജീവിതത്തില്‍ പുതിയ പടവുകള്‍ ചവിട്ടിക്കയറുന്ന തിരക്കിലാണ് വി.കെ. വിസ്മയ എന്ന ഓട്ടക്കാരി. വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിന്റെയല്ല, ചുരുങ്ങിയ കാലയളവിലെ കഠിനപ്രയത്നം കൊണ്ടു നേടിയെടുത്ത മികവിന്റെ കഥയാണ് .വിസ്മയയുടേത്. 2018ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ വനിതകളുടെ 400 മീറ്റര്‍ റിലേയിലെ ഏക മലയാളിസാന്നിദ്ധ്യമായിരുന്നു ഈ കണ്ണൂരുകാരി. ഇപ്പോഴിതാ ഹരിയാനയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ്പ്രീ അത്‌ലറ്റിക്‌സിലും വിസ്മയനേട്ടം കൈവരിച്ചിരിക്കുന്നു. ഗ്രാന്റ് പ്രീയിലെ മികച്ച വനിതാ അത്‌ലറ്റ് എന്ന നേട്ടവും സ്വന്തമാക്കി കായികരംഗത്ത് വീണ്ടും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. വിസ്മയയുടെ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ...

സ്‌കൂളിലെ വിസ്മയ

ചെറിയ ക്ലാസു മുതല്‍ സ്‌കൂളിലെ കലാ കായികമേളകളില്‍ നിറസാന്നിദ്ധ്യമായിരുന്നു വിസ്മയ. എന്നാല്‍ അനിയത്തി വിജിഷയായിരുന്നു സ്‌കൂളിലെ 'കായികതാരം'. ഓട്ടക്കാരിയായ അനിയത്തിയെ തേടി വീട്ടിലെത്തിയ കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ രാജു പോള്‍ എന്ന കായികാദ്ധ്യാപകനാണ് വിസ്മയയെയും കുടുംബത്തെയും പയ്യന്നൂരു നിന്നു കോതമംഗലത്തേക്ക് പറിച്ചുനട്ടത്. സ്പോര്‍ട്സിനു പ്രധാന്യം കൊടുക്കുന്ന സെന്റ് ജോര്‍ജ്ജ് സ്‌കൂളില്‍ പ്ലസ്‌വണ്ണിനു അഡ്മിഷനെടുത്തതു മുതലാണ് വിസ്മയ ചിട്ടയായ കായിക പരിശീലനം ആരംഭിക്കുന്നത്. ആദ്യ വര്‍ഷത്തെ സ്‌കൂള്‍ മത്സരത്തില്‍ പറയത്തക്ക ഒരിനം പോലുമില്ലാതിരുന്ന വിസ്മയ സബ് ജില്ലാ മത്സരത്തില്‍ തന്നെ പുറത്താക്കപ്പെട്ടു. എന്നാല്‍ പിന്നീടുള്ള ഒരു കൊല്ലം കൊണ്ടു നേടിയെടുത്ത പരിശീലന മികവില്‍ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മൂന്നാം സ്ഥാനം നേടി മികവ് തെളിയിച്ചു.

അസംഷനിലെ വിസ്മയ

തൊണ്ണൂറു ശതമാനത്തിലധികം മാര്‍ക്കോടെ പ്ലസ്ടു പാസ്സായ വിസ്മയ എന്‍ജിനീയറിംഗ് മോഹം ഉപേക്ഷിച്ചാണ് ബി.എസ്സി. മാത്സിന് ചങ്ങനാശ്ശേരി അസംഷന്‍ കോളേജില്‍ എത്തുന്നത്. കായികരംഗത്ത് തനിക്കെന്തെങ്കിലും നേടാനാകുമെന്ന ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലായിരുന്നു ആ തീരുമാനം. ഡിഗ്രി തുടക്കം മുതല്‍ തന്നെ കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കോച്ചായിരുന്ന പോളിന്റെ കീഴില്‍ പരിശീലിച്ച് ദേശീയ മത്സരങ്ങളില്‍ ആദ്യസ്ഥാനങ്ങള്‍ നേടാന്‍ തുടങ്ങി. അങ്ങനെ 200 മീറ്ററും 400 മീറ്ററുമൊക്കെ സ്വന്തം ഇനങ്ങളാക്കി മാറ്റി. ഡിഗ്രിക്കു ശേഷം അതേ കോളേജില്‍ തന്നെ എം.എസ്.ഡബ്ലിയുവിനു ചേരാനെടുത്ത തീരുമാനവും സ്പോര്‍ട്സിനു വേണ്ടി തന്നെയായിരുന്നു. 2017ല്‍ ഗുണ്ടൂരില്‍ വെച്ചു നടന്ന അഖിലേന്ത്യ അന്തര്‍സര്‍വ്വകലാശാല മീറ്റില്‍ 400മീറ്ററില്‍ ഒളിമ്പ്യന്‍ ജിസ്ന മാത്യുവിനെ പിന്നിലാക്കി വിസ്മയ രണ്ടാമതെത്തുകയും 200 മീറ്റില്‍ 25 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തുകയും ചെയ്തു. ആ മത്സരത്തിലെ മിന്നും പ്രകടനമാണ് വിസ്മയ എന്ന ഓട്ടക്കാരിയെ ഇന്ത്യന്‍ ക്യാമ്പിലെത്തിച്ചത്.

uploads/news/2019/03/293051/vismaya2.jpg

ഏഷ്യന്‍ ഗെയിംസിലെ വിസ്മയം

ഇന്ത്യന്‍ ക്യാമ്പില്‍ എഴുപത്തിരണ്ടുകാരിയായ ഗലീന എന്ന റഷ്യന്‍കോച്ചിന്റെ കീഴിലായിരുന്നു പരിശീലനം. അവിടെ നിന്നു വിദഗ്ധപരിശീലനത്തിനായി പോളണ്ടിലേക്ക്. ഏഷ്യന്‍ ഗെയിംസിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളായിരുന്നു നാലു മാസത്തോളം. കുറഞ്ഞ സമയത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വച്ച് ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിലെത്തി. ഒടുവില്‍ 2018ലെ ഏഷ്യന്‍ ഗെയിംസ് വേദിയായ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്കും. 400 വനിതാ റിലേ ടീമില്‍ ആദ്യം ലാപ്പില്‍ ഓടേണ്ടയാളായിരുന്നു വിസ്മയ. എന്നാല്‍ മത്സരദിവസം രാവിലെ ഓടേണ്ട ക്രമം തിരുത്തി, വിസ്മയ അവസാന ലാപ്പിലായി. ലോകചാമ്പ്യനായ ബഹ്റൈന്റെ താരത്തെ മറികടന്നാണ് വിസ്മയ ബാറ്റനുമായി ഫിനിഷിങ് പോയിന്റിലേക്ക് പാഞ്ഞത്. അങ്ങനെ തുടര്‍ച്ചയായി അഞ്ചാം തവണയും ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണമെഡലില്‍ മുത്തമിട്ടു. അതിന് ഒരു മലയാളിത്തിളക്കവും നേടിത്തന്നു വിസ്മയ.

സ്വപ്‌നങ്ങളുള്ള വിസ്മയ

ഈ വര്‍ഷം ഇനി നടക്കാനിരിക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പും ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളുമാണ് വിസ്മയയുടെ മുന്നോട്ടുള്ള പ്രതീക്ഷകള്‍. 2020ലെ ടോക്യോ ഒളിമ്പിക്സിലേക്ക് എത്തുക എന്ന വലിയ ആഗ്രഹവുമുണ്ട്. വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിയുന്ന വിസ്മയക്ക് സ്വന്തമായൊരു വീട് എന്നത് വെറുമൊരു ആഗ്രഹം മാത്രമല്ല, അവശ്യമാണ്. ഒപ്പമൊരു സര്‍ക്കാര്‍ ജോലിയും സ്വപ്‌നമായുണ്ട്.

Ads by Google
വനിതാദിന സ്‌പെഷല്‍
Friday 08 Mar 2019 01.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW