Tuesday, July 02, 2019 Last Updated 4 Min 52 Sec ago English Edition
Todays E paper
Ads by Google
മീട്ടു റഫ്മത്ത് കലാം
Friday 08 Mar 2019 10.20 AM

പെണ്‍കരുത്ത് തെളിയിച്ച്​ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന 'പിങ്ക്' പട മൂന്നാം വയസ്സിലേയ്ക്ക്...

അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി 1515 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം എടുത്ത് പറയുന്നെങ്കിലും സഹായത്തിനു വിളിക്കുന്നത് ആണുങ്ങളായാലും പിങ്ക് കൈവിടില്ല.

uploads/news/2019/03/293024/pink-police-main1.jpg

സ്ത്രീത്വത്തിന്റെ പ്രതീകമായി ലോകം അംഗീകരിച്ച നിറമാണ് പിങ്ക്. ആര്‍ദ്രതയുടെയും സഹാനുഭൂതിയുടെയും പ്രതിധ്വനിയായ ഈ നിറം, ചെറുത്തുനില്പിന്റെയും സുരക്ഷിതബോധത്തിന്റെയും അടയാളമായി മാറുന്നകാലം വിദൂരമല്ല. കാക്കിയുടെ കരുത്തിനൊപ്പം പിങ്കിന്റെ കരളലിവ് കൂടി ചേരുമ്പോള്‍ , വിളിച്ചാല്‍ വിളിപ്പുറത്ത് സഹായത്തിന് ആളെത്തുമെന്ന ജനങ്ങളുടെ വിശ്വാസമാണ് പദ്ധതിയ്ക്ക് രണ്ടുവയസ്സ് തികയും മുന്‍പേ പിങ്ക് പോലീസ് നേടിയെടുത്തിരിക്കുന്നത്.

ഏതു രാജ്യത്തിന്റെയും വികസനം അവിടുത്തെ സ്ത്രീകളെ ആശ്രയിച്ചാണ്. ജന്മം നല്‍കുന്നതിനപ്പുറം തലമുറയെ വാര്‍ത്തെടുക്കുന്നതിലും അവള്‍ക്കുള്ള പങ്ക് പുരുഷനെക്കാള്‍ ഒരുപടി മുകളിലാണ്. അതുകൊണ്ടുതന്നെ, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഭരണസംവിധാനത്തിന്റെ പ്രഥമ കര്‍ത്തവ്യങ്ങളില്‍ ഒന്നാണ്. ഇതു മുന്‍നിര്‍ത്തി സംസ്ഥാനത്തു ഓഗസ്റ്റ് 15,2016 നു രൂപീകരിച്ച പിങ്ക് പോലീസിന്റെ സേവനങ്ങളെക്കുറിച്ച് കോട്ടയത്തെ പിങ്ക് പോലീസ് സംഘം നല്‍കിയ വിവരണം...

uploads/news/2019/03/293024/pink-police.jpg

പിങ്ക് പോലീസ് എന്ന ആശയത്തിനു പിന്നില്‍?

2015 ലെ കുറ്റകൃത്യങ്ങളുടെ എണ്ണം സംബന്ധിച്ച പഠനത്തില്‍ , ഡല്‍ഹിയിലേതിനേക്കാള്‍ ക്രൈം റേറ്റ് കേരളത്തിലുണ്ടെന്നു കണ്ടെത്തി. തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഭയവും തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ധൈര്യവുമുള്ള സമൂഹമാണ് ആവശ്യമെന്ന ബോധ്യമാണ് പിങ്ക് പോലീസ് എന്ന ആശയത്തിന്റെ ഉറവിടം. പരാതിപ്പെടാന്‍ സ്ത്രീ ശക്തയാണെന്ന് കാണുമ്പോള്‍, അവള്‍ക്കൊപ്പം സംരക്ഷണ കവചമായി ആളുകളുണ്ടെന്ന തോന്നല്‍ അതിക്രമങ്ങളുടെ തോത് കുറയ്ക്കും.

തിരുവനന്തപുരത്ത് കനകക്കുന്നില്‍ വെച്ച്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പദ്ധതി ഫലം കണ്ടതോടെ കൊച്ചി, കോഴിക്കോട് , കൊല്ലം, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിച്ചു.

വനിതാ പോലീസ് സേ്റ്റഷനുകളും പിങ്ക് പോലീസും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?

വനിതാ പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പ്രത്യേക ട്രെയിനിങ് നല്‍കിയാണ് പിങ്ക് പോലീസ് സംഘത്തിലേക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. വനിതാസെല്ലില്‍ കൂടുതലായും വരുന്ന പെറ്റീഷനുകള്‍ക്കു കൗണ്‍സിലിംഗും മേല്‍നടപടികള്‍ക്കുള്ള ശുപാര്‍ശയുമാണ് നല്‍കുക. പിങ്ക് പോലീസ് പ്രധാനമായും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഏതൊക്കെ തരത്തില്‍ സഹായിക്കാം എന്നതിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. കാലതാമസമില്ലാതെ എത്രയും വേഗം പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും.

പിങ്ക് പോലീസിന്റെ സേവനങ്ങളും ബന്ധപ്പെടേണ്ട രീതികളും വിശദീകരിക്കാമോ?

അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി 1515 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം എടുത്ത് പറയുന്നെങ്കിലും സഹായത്തിനു വിളിക്കുന്നത് ആണുങ്ങളായാലും പിങ്ക് കൈവിടില്ല. ഉടനെ തന്നെ ഞങ്ങളുടെ പട്രോളിംഗ് സംഘം അവിടെയെത്തും.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനവും ഫോണ്‍ സന്ദേശം ലഭിച്ചത് എവിടെ നിന്നാണെന്നു ട്രാക്ക് ചെയ്ത് മിന്നല്‍വേഗത്തില്‍ എത്തിച്ചേരാന്‍ ഉപകരിക്കുന്ന സോഫ്റ്റ്വെയറും ഉണ്ട് . പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ നിമിഷനേരംകൊണ്ട് പിങ്ക് പട്രോള്‍ വാഹനത്തിന് കൈമാറും. സി - ഡാക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് സോഫ്റ്റ് വെയറും വാഹനവും തയ്യാറാക്കിയിരിക്കുന്നത്. അതാത് സ്റ്റേഷന്‍ പരിധിയിലെ സിആര്‍വി (കണ്‍ട്രോള്‍ റൂം വെഹിക്കിള്‍) യുടെ സേവനവും ഉറപ്പാക്കും. നിമിഷനേരംകൊണ്ട് പിങ്ക് പട്രോള്‍ വാഹനത്തിന് നിര്‍ദ്ദേശം കൈമാറും.

''കോട്ടയം ജില്ലയില്‍ പിങ്ക് പോലീസിംഗ് തുടക്കം കുറിച്ചത് ജൂണ്‍ 28,2017 നാണ്. നിലവില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനോട് ചേര്‍ന്നും പാലായിലും പിങ്കിന്റെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതാതു സ്റ്റേഷനുകളിലെ ഡി.വൈ.എസ്.പി മാര്‍ക്കാണ് ഇവയുടെ ചുമതല. പിങ്ക് നിലവിലില്ലാത്ത പ്രദേശത്തു നിന്നെത്തുന്ന പരാതികള്‍ പ്രാദേശിക പോലീസ് സംവിധാനം ഉപയോഗിച്ചാണ് ഇപ്പോള്‍ പരിഹരിക്കുന്നത്.

കോട്ടയത്തിന്റെ ഭൂമിശാസ്ത്രവും ജനങ്ങളുടെ സ്പന്ദനവും അറിയാവുന്ന ജില്ലാ പോലീസ് മേധാവി വി.എം.മുഹമ്മദ് റഫീക്കിന്റെ പിന്തുണയോടെ പിങ്കിന്റെ പദ്ധതികള്‍ വിപുലീകരിക്കാനുള്ള ശ്രമവും നടന്നു വരുന്നു.

ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പിങ്ക് സംഘത്തില്‍ 22 അംഗങ്ങളാണുള്ളത്. ഡ്രൈവറെ കൂടാതെ മൂന്നുപേര്‍ അടങ്ങുന്ന രണ്ട് പിങ്ക് കാറുകള്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെ പട്രോളിംഗ് നടത്തും. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കുന്ന ഹെല്‍പ് ലൈനുമുണ്ട്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ലീഗല്‍ എയ്ഡിന്റെ സഹകരണത്തോടെ കൗണ്‍സിലിംഗും നടത്തി വരുന്നു. ഒത്തുതീര്‍പ്പാക്കാവുന്ന പരാതികള്‍ ഇവിടെവെച്ച് തന്നെ ചര്‍ച്ച നടത്തി രമ്യമായി പരിഹരിക്കും. മേല്‍നടപടി വേണ്ടിവരുന്ന കേസുകള്‍ സ്റ്റേഷനുകളിലേക്ക് കൈമാറും.

പ്രധാനമായും ഏതുതരം പരാതികളാണ് പിങ്കിന്റെ വാതിലില്‍ മുട്ടുന്നത് ?

പൂവാലശല്യവും ഗാര്‍ഹിക പീഡനവും മോശം പെരുമാറ്റവുമാണ് സ്ഥിരമായി കണ്ടുവരുന്ന പരാതികള്‍. വീട്ടുവഴക്ക്, മര്‍ദ്ദനം എന്നിവയുമായി ബന്ധപ്പെട്ടും ഫോണ്‍വിളികള്‍ എത്താറുണ്ട്. എസ്.ടി നല്‍കാതെയും കൈകാണിച്ചിട്ടു നിര്‍ത്താതെയും പോകുന്ന സ്വകാര്യ ബസ്സുകളെക്കുറിച്ചൊക്കെ സ്‌കൂള്‍കുട്ടികള്‍ പരാതിപറയും. ആന്റി -ചേച്ചി എന്നൊക്കെ വിളിച്ച് വീട്ടിലൊരാളോട് പറയുംപോലെ സ്വാതന്ത്ര്യവും സ്നേഹവും അവരുടെ സംസാരത്തിലുണ്ട്. കാക്കിയ്ക്കുള്ളില്‍ കരുതലുള്ള ഹൃദയം ഉണ്ടെന്നു തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. കുട്ടികളുടെ മേല്‍ പ്രത്യേക നിരീക്ഷണമുണ്ട്. റോഡ് ക്രോസ്സ് ചെയ്യുന്നതിന് സഹായിക്കുകയും കുട്ടിപ്പോലീസുകള്‍ക്ക് നിയമങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്യും.

നേരില്‍ സംവദിക്കാന്‍ അവസരമൊരുങ്ങുമ്പോള്‍ മടികൂടാതെ കുട്ടികള്‍ ഉള്ളുതുറക്കും. ലഹരിവസ്തുക്കളുടെ വില്പന, തെറ്റായ ബന്ധങ്ങള്‍ തുടങ്ങി പല പ്രശ്നങ്ങളിലും കൗമാരക്കാര്‍ ചെന്നുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അതിനെതിരെയും പട്രോളിംഗ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ചിലത് ഉത്തരവാദിത്തവും ചിലത് കടമയുമാണ്. എന്തിനുമേതിനും കുടുംബത്തെപ്പോലെ തന്നെ പിങ്കും ഒപ്പമുണ്ടെന്ന വിശ്വാസത്തോടെ ഈ തലമുറ വളര്‍ന്നുവരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പോലീസ് എന്നുകേള്‍ക്കുമ്പോള്‍ പേടിയോടെ മാറിനില്‍ക്കുന്നതിനേക്കാള്‍ സംതൃപ്തി ഇപ്പോഴാണ്.

സ്ത്രീകള്‍ക്കായി എന്തൊക്കെ ചെയ്യുന്നുണ്ട്?

സ്ത്രീകള്‍ കൂടുതല്‍ എത്തുന്ന റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പുകള്‍, സ്‌കൂള്‍-കോളേജ് പരിസരങ്ങള്‍ തുടങ്ങിയിടത്ത് അരമണിക്കൂര്‍ ഇടവിട്ട് പട്രോളിങ് നടത്തും. ഫോണ്‍വിളികളില്‍ നിന്നുള്ള പരാതികള്‍ക്ക് പുറമേ പോലീസ് കണ്‍ട്രോള്‍ റൂം വയര്‍ലെസ് സന്ദേശമനുസരിച്ചും പിങ്ക് സംഘം അവശ്യസന്ദര്‍ഭങ്ങളില്‍ പറന്നെത്തും. കൂടാതെ ജോലി സ്ഥലങ്ങളില്‍ ചെന്ന് നേരില്‍ കണ്ടും പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചോദിച്ചറിയും, പരിഹാരം നിര്‍ദ്ദേശിക്കും. ആകസ്മികമായി ആക്രമിക്കപ്പെട്ടാല്‍ അതില്‍നിന്ന് രക്ഷ നേടാന്‍ പരിശീലനം ലഭിച്ച വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍, സെല്‍ഫ് ഡിഫെന്‍സ് ട്രെയിനിങ് പ്രോഗ്രാം ജില്ലയിലെ മുഴുവന്‍ സ്ത്രീകളിലും കുട്ടികളിലും എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

uploads/news/2019/03/293024/pink-police1.jpg

മറക്കാനാവാത്ത അനുഭവങ്ങള്‍?

ദിവസേന ചെറുതും വലുതുമായി നൂറോളം പരാതികള്‍ കേള്‍ക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടോ ചില അനുഭവങ്ങള്‍ മനസ്സില്‍ നിന്ന് പെട്ടെന്നു മായില്ല. ഒരിക്കല്‍ വയനാട്ടില്‍ നിന്ന് ബസ് മാറി കയറി എണ്‍പത് വയസ്സ് പിന്നിട്ട ഒരമ്മ കോട്ടയം ഡിപ്പോയില്‍ എത്തിയതായി വിവരം ലഭിച്ച് പിങ്ക് അവിടെ ചെന്നു. ഓര്‍മ്മക്കുറവുള്ള അവരില്‍ നിന്ന് ഒരുപാട് പണിപ്പെട്ടാണ് അത്യാവശ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ശാന്തിഭവനില്‍ അവര്‍ക്ക് താമസം ഏര്‍പ്പാടാക്കി. മൂത്തമകനെ വിവരം അറിയിച്ച് വരുത്തിയെങ്കിലും ഇളയവനൊപ്പമേ പോകൂ എന്നവര്‍ ശഠിച്ചു.
പ്രായമായ അവരുടെ വാശിക്കു മുന്‍പില്‍ തോറ്റുകൊടുത്ത് ഇളയ മകനൊപ്പം പറഞ്ഞുവിടുമ്പോള്‍ 'പോയി വരാം മക്കളേ' എന്നുപറഞ്ഞു ഞങ്ങള്‍ ഓരോരുത്തരുടെയും കൈയില്‍ പിടിച്ച് നിറകണ്ണുകളോടെ യാത്ര ചോദിച്ചാണ് അവര്‍ പോയത്. ഏതാനും ദിവസംകൊണ്ട് അവര്‍ ഞങ്ങളുടെയും ഞങ്ങള്‍ അവരുടെയും സ്വന്തമായ പോലെ.

ഇതിനായി ഒരു സംഭവും ഓര്‍ത്തെടുത്തു... (നേരത്തെ പറഞ്ഞ കഥയുടെ മൂഡില്‍ നിന്നുമാറി നേര്‍ത്ത ചിരിയോടെയാണ് അവരതു പറഞ്ഞത്.) ഡോ. എലിസബത്ത് എന്ന് സ്വയം പരിചയപ്പെടുത്തി ഒരു സ്ത്രീ ഇവിടെ വന്നു. കോട്ടയത്ത് നടന്ന എക്സിബിഷന് ഗ്ലൗസും മറ്റും വില്‍ക്കുന്നിടത്ത് നിന്ന് വാക്കുതര്‍ക്കമുണ്ടായി അവര്‍ തന്നെ ഓട്ടോ പിടിച്ചു പോലീസ് സ്റ്റേഷനില്‍ എത്തിയതാണ്. സ്ത്രീ ആയതുകൊണ്ട് അവര്‍ പിങ്കിലേക്ക് വിട്ടു.
പച്ചവെള്ളം പോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്ത അവര്‍ക്ക് മലയാളം തീരെ വശമില്ല. ഓട്ടോക്കാരനാണ് ആകെ ധര്‍മ്മസങ്കടത്തിലായത്. അവര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കുന്നേയില്ല. എന്താണ് പ്രശ്നമെന്ന് ഞങ്ങള്‍ ഓഫീസില്‍ നിന്ന് ഇറങ്ങിച്ചെന്ന് സൗമ്യമായി ചോദിച്ചിട്ടും കയര്‍ത്തുകൊണ്ടാണവര്‍ മറുപടി പറഞ്ഞത്: ''ഇന്ദിരാ ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ എനിക്കീ അവസ്ഥ വരില്ലാരുന്നു. എ.കെ.ആന്റണി എവിടെ? ഗവര്‍ണ്ണര്‍ സദാശിവത്തോടെങ്കിലും ഒന്ന് വരാന്‍ പറ. പരസ്പരബന്ധമില്ലാതെ അവര്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. രാത്രി ഒന്‍പതരയ്ക്ക് ശേഷം കേരളത്തിലെ റോഡുകളിലൂടെ പെണ്ണുങ്ങള്‍ക്ക് നടക്കാന്‍ കഴിയുന്നില്ല '' എന്നതായിരുന്നു അവര്‍ ആരോപിച്ച പ്രധാന പ്രശ്നം.

വീട് എവിടെയാണെന്നൊന്നും ചോദിച്ചിട്ട് ഉത്തരമില്ല. കൈവശം ഉണ്ടായിരുന്ന ചില രേഖകളും ഇന്‍ഫെക്ഷന്‍ ബാധിക്കാതിരിക്കാന്‍ ധരിച്ചിരിക്കുന്ന മാസ്‌ക്കും കണ്ട്, കാന്‍സര്‍ രോഗി ആണവരെന്നും മനസിന്റെ താളം തെറ്റി വീട് വിട്ടിറങ്ങിയതാണെന്നും ബോധ്യപ്പെട്ടു. കേസ് ഒന്നും അവരുടെ പേരില്‍ ഇല്ലാത്ത സ്ഥിതിക്ക് അവര്‍ ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കരുതി വേണമെങ്കില്‍ കയ്യൊഴിയാം. അതല്ല പിങ്കിന്റെ ശീലം. എ.എസ്.ഐ. അജിതയ്ക്കൊപ്പം അവരെ ആശുപത്രിയില്‍ എത്തിക്കുകയാണ് ഞങ്ങള്‍ ചെയ്തത്.

മക്കള്‍ ഉപേക്ഷിച്ച ഒരുപാട് അമ്മമാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആളില്ലെന്നു പറഞ്ഞു വിളിക്കാറുണ്ട്. ശാന്തി ഭവന്‍, സാന്ത്വനം പോലുള്ള കേന്ദ്രങ്ങളില്‍ താമസം അടക്കം അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കും. ഭിക്ഷാടന സംഘത്തില്‍ നിന്ന് കുട്ടികളെ രക്ഷിച്ച് ശിശുക്ഷേമ സമിതിയില്‍ അറിയിച്ച് വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കാന്‍ സാധിച്ചതും മറക്കാനാവില്ല.

Ads by Google
മീട്ടു റഫ്മത്ത് കലാം
Friday 08 Mar 2019 10.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW