Friday, March 08, 2019 Last Updated 23 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 02.07 AM

സുരക്ഷയില്ലാത്ത സുപ്രധാന രേഖകള്‍

uploads/news/2019/03/292996/editorial.jpg

റാഫേല്‍ യുദ്ധവിമാന ഇടപാട്‌ സംബന്ധിച്ച കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ എടുത്ത നിലപാട്‌ പരിഹാസ്യമാണ്‌. റാഫേല്‍ ഇടപാടിലെ ഉള്ളറകള്‍ വ്യക്‌തമാക്കുന്ന രേഖകള്‍ ദ്‌ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചതും അതു കോടതിയില്‍ ഹര്‍ജിക്കാര്‍ ഹാജരാക്കിയതും പരിഗണിക്കരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രിം കോടതിയില്‍ വാദിച്ചത്‌. എന്നാല്‍, രേഖ മോഷ്‌ടിക്കപ്പെട്ടു എന്നത്‌ അതിന്റെ ഉള്ളടക്കത്തിനെ ഇല്ലാതാക്കുന്നില്ല എന്ന സുപ്രധാന നിരീക്ഷണം കോടതി നടത്തി. റാഫേല്‍ ഇടപാട്‌ സംബന്ധിച്ച്‌ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന ഹര്‍ജി കഴിഞ്ഞ ഡിസംബറില്‍ കോടതി തള്ളിയിരുന്നു. ഈ വിധി പുന:പരിശോധിക്കണമെന്ന കേസിലാണ്‌ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മറ്റു രേഖകളുടെ കൂടി സുരക്ഷിതത്വം സംബന്ധിച്ച്‌ സംശയമുണര്‍ത്തുന്ന അഭിപ്രായം സര്‍ക്കാര്‍ മുന്നോട്ടു വച്ചത്‌.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന്‌ രേഖകള്‍ മോഷണം പോയെന്നാണ്‌ സര്‍ക്കാരിന്റെ വാദം. രാഷ്‌ട്രപതിഭവനും പ്രധാനമന്ത്രിയുടെ ഓഫീസിനും അടുത്ത്‌ സ്‌ഥിതിചെയ്യുന്ന സൗത്ത്‌ ബേ്ലാക്കില്‍ നിന്ന്‌ സുപ്രധാന റിപ്പോര്‍ട്ടും മറ്റും അപ്പാടെ കടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഗൗരവം വളരെ വലുതാണ്‌. എന്നാല്‍, ഈ കേസില്‍ പുറത്തു വന്ന രേഖകളുടെ പ്രാധാന്യവും അവയുടെ ഉള്ളടക്കവുമാകട്ടെ നിര്‍ണായകമാണ്‌. റാഫേല്‍ ഇടപാട്‌ സുതാര്യമായിരുന്നില്ലെന്ന്‌ പുറത്ത്‌ അറിയേണ്ടതുണ്ടെന്ന്‌ കരുതുന്ന ആരോ ഈ രേഖകള്‍ പുറത്ത്‌ എത്തിച്ചതാണെന്നു കരുതേണ്ടിയിരിക്കുന്നു. ഈ രേഖകള്‍ ഫെബ്രുവരിയില്‍ പുറത്തു വന്നു തുടങ്ങിയതാണ്‌. എന്നിട്ടും സര്‍ക്കാരിന്‌ അതിന്റെ തുടര്‍ ചോര്‍ച്ച തടയാനായില്ല. പുറത്തു വന്ന രേഖകള്‍ യഥാര്‍ഥമാണെന്ന്‌ പറയുന്നതോടെ ഇതിലെ തെളിവുകളുടെ ആധികാരികതയും സര്‍ക്കാര്‍ ഉറപ്പിക്കുകയാണ്‌. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ധാരാളം വിവരങ്ങളാണ്‌ പുറത്തു വന്നിട്ടുള്ളത്‌.

ഈ രേഖകള്‍ പുറത്തു വരുന്നത്‌ രാജ്യത്തിന്റെ താത്‌പര്യത്തിനു വിരുദ്ധവും സുരക്ഷയെ ബാധിക്കെന്നതുമാണ്‌ സര്‍ക്കാരിന്റെ വാദം. അതു പക്ഷേ നിലനില്‍ക്കുന്ന ഒന്നല്ല. രേഖകള്‍ പുറത്തു വിട്ടതിനെതിരേ ഔദ്യോഗിക രഹസ്യ നിയമമനുസരിച്ച്‌ നടപടിയെടുക്കുമെന്ന്‌ അറ്റോര്‍ണി ജനറല്‍ സുപ്രിം കോടതിയില്‍ അറിയിച്ചതാകട്ടെ, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരായ നീക്കമാണ്‌. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തങ്ങളുടെ സൗകര്യത്തിനു വേണ്ടി അടിച്ചമര്‍ത്തുന്നതിനു തുല്യമാണ്‌ ഈ നീക്കം. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവരുടെ ഭരണസൗകര്യത്തിനായി ഇന്ത്യക്കാരെ അടിച്ചമര്‍ത്താന്‍ കൊണ്ടുവന്നതാണ്‌ ഔദ്യോഗിക രഹസ്യ നിയമം. സ്വാതന്ത്ര്യം ലഭിച്ച്‌ ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും ഈ കരിനിയമം തുടരുന്നത്‌ ജനങ്ങള്‍ പല കാര്യങ്ങളും അറിയരുതെന്ന സര്‍ക്കാരുകളുടെ നിര്‍ബന്ധബുദ്ധിയുടെ പേരിലാണ്‌. വിവരാവകാശ നിയമമടക്കം വിപ്ലവകരമായ നിയമങ്ങള്‍ വഴി ജനങ്ങള്‍ക്ക്‌ കാര്യങ്ങള്‍ അറിയാന്‍ അവസരമുണ്ടായിരിക്കെ ഈ നിയമം തുടരേണ്ടതുണ്ടോ എന്ന്‌ സര്‍ക്കാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

Ads by Google
Friday 08 Mar 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW