Tuesday, May 21, 2019 Last Updated 32 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 02.06 AM

കേരള വനാതിര്‍ത്തിയില്‍ മാവോയിസ്‌റ്റ്‌ സാന്നിധ്യം ശക്‌തം

uploads/news/2019/03/292994/bft3.jpg

വയനാട്‌ വൈത്തിരിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചത്‌ മാവോയിസ്‌റ്റ്‌ നേതാവ്‌ മലപ്പുറം പാണ്ടിക്കാട്‌ സ്വദേശി സി.പി. ജലീലാണെന്നു തിരിച്ചറിഞ്ഞതോടെ കേരളത്തിലെ മാവോയിസ്‌റ്റ്‌ സ്വാധീനത്തിന്റെ ആഴം വ്യക്‌തമാകുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.പി. റഷീദിന്റെയും മാവോയിസ്‌റ്റ്‌ നേതാവ്‌ സി.പി. മൊയ്‌തീന്റെയും സഹോദരനാണു ജലീല്‍.
2016 നവംബര്‍ 24 നു നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്‌റ്റ്‌ നേതാക്കളായ കുപ്പു ദേവരാജും അജിതയും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു ശേഷം കേരളത്തില്‍ പോലീസുമായി നടക്കുന്ന ഏറ്റുമുട്ടലാണ്‌ വൈത്തിരിയിലേത്‌.
ഇരിങ്ങാലക്കുട സ്വദേശി രൂപേഷാണ്‌ സി.പി.ഐ. മാവോയിസ്‌റ്റ്‌ പാര്‍ട്ടിയുടെ നട്ടെല്ലെന്നു കരുതിയിരുന്നെങ്കിലും കേരളത്തിന്റെ വനമേഖലയില്‍ കൂടുതല്‍ മാവോയിസ്‌റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്നാണു വിവരം. വയനാട്ടിലും പാലക്കാടും കണ്ണൂര്‍ ജില്ലയിലും കോഴിക്കോടിന്റെ കിഴക്കന്‍ മലയോരത്തുമെല്ലാം അടുത്ത കാലങ്ങളില്‍ മാവോയിസ്‌റ്റ്‌ സാന്നിധ്യം പ്രകടമായിരുന്നു.
മാവോയിസ്‌റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗവും സംഘടനയുടെ സൈദ്ധാന്തികനുമായ എറണാകുളം സ്വദേശി മുരളി കണ്ണമ്പള്ളിയും മലപ്പുറം പാണ്ടിക്കാട്‌ സ്വദേശിയും ജലീലിന്റെ സഹോദരനുമായ സി.പി. മൊയ്‌തീനും നേരത്തേ പുനെയില്‍ മഹാരാഷ്‌ട്ര പോലീസിന്റെ പിടിയിലായിരുന്നു. 1968ല്‍ കായണ്ണ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ ഒളിവില്‍പോയ മുരളി കണ്ണമ്പള്ളി, പതിറ്റാണ്ടുകള്‍ക്കു ശേഷമാണു പിടിയിലായത്‌.
2013 ജനുവരിയിലാണ്‌ കേരള വനാതിര്‍ത്തിയില്‍ അജ്‌ഞാതസംഘങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നത്‌. ആന്റി നക്‌സല്‍ സ്‌ക്വാഡും ആന്റി ടെററിസ്‌റ്റ്‌ സ്‌ക്വാഡും തണ്ടര്‍ബോള്‍ട്ടുമൊക്കെ തെരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും ഇവരെ പിടികൂടാനായില്ല. ആദിവാസികളില്‍ ഒരു വിഭാഗമെങ്കിലും മാവോയിസ്‌റ്റുകളെ പിന്തുണയ്‌ക്കുന്നതാണ്‌ സേനയുടെ നീക്കങ്ങള്‍ക്കു പലപ്പോഴും വിഘാതമായത്‌. എറണാകുളത്തെ നീറ്റ ജലാറ്റിന്‍ ഓഫീസിന്‌ നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്‌ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ചു ജയ്‌സണ്‍ സി. കൂപ്പര്‍, അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി തുടങ്ങിയവരെ അറസ്‌റ്റ്‌ ചെയ്‌തതിനു പിന്നാലെ പ്രത്യക്ഷ ആക്രമണങ്ങള്‍ നിര്‍ത്തിവയ്‌ക്കുന്നതായി പശ്‌ചിമമേഖല കമ്മിറ്റിക്ക്‌ വേണ്ടി ജോഗിയുടെ പത്രക്കുറിപ്പിറങ്ങിയിരുന്നു.
നക്‌സല്‍ബാരി പ്രസ്‌ഥാനത്തില്‍ ഉണ്ടായ നിരവധി പിളര്‍പ്പുകളുടെ തുടര്‍ച്ചയായി നിരോധിത ഗ്രൂപ്പുകള്‍ ലയിച്ചാണ്‌ സി.പി.ഐ മാവോയിസ്‌റ്റ്‌ പാര്‍ട്ടിയുണ്ടാക്കുന്നത്‌. രാജ്യത്തെ 76 ജില്ലകളില്‍ ഇവര്‍ക്കു വേരോട്ടമുണ്ടെന്നാണ്‌ കേന്ദ്ര ഇന്റലിജന്‍സ്‌ വിവരം. ബംഗാള്‍ കൂടാതെ ആന്ധ്ര, ഒഡീഷ, ഛത്തീസ്‌ഗഡ്‌, ഝാര്‍ഖണ്ഡ്‌, മഹാരാഷ്‌ട്ര, തെലങ്കാന തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ പ്രവര്‍ത്തനം ശക്‌തമാണ്‌. ആയുധപരിശീലനം സിദ്ധിച്ച പ്രവര്‍ത്തകരെ ദളങ്ങളായി വിഭജിച്ചാണു പ്രവര്‍ത്തനം. വയനാട്‌, കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളുടെ വനമേഖലയോട്‌ ചേര്‍ന്ന്‌ കബനിദളവും മലപ്പുറം, ഗൂഡല്ലൂര്‍ മേഖലയില്‍ നാടുകാണിദളവും അട്ടപ്പാടി, പാലക്കാട്‌, കോയമ്പത്തൂര്‍ മേഖലകളില്‍ ഭവാനിദളവുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പ്രാദേശിക യൂണിറ്റുകളും ജില്ലാ, മേഖല, സംസ്‌ഥാന കമ്മിറ്റികളും പോളിറ്റ്‌ ബ്യൂറോയും കേന്ദ്ര കമ്മിറ്റിയുമുണ്ട്‌. സായുധ സംഘം പ്രവര്‍ത്തിക്കുന്നതു കേന്ദ്ര മിലിറ്റട്ടറി കമ്മിഷന്റെ കീഴിലാണ്‌. കേരളത്തിലുള്ള സംഘങ്ങള്‍ക്ക്‌ ആന്ധ്രയിലും തെലങ്കാനയിലും ഛത്തീസ്‌ഗഢിലുമൊക്കെയായാണ്‌ പരിശീലനം നല്‍കുന്നതെന്ന്‌ പോലീസ്‌ പറയുന്നു.
2004 ല്‍ സി.പി.ഐ. മാവോയിസ്‌റ്റിന്റെ പിറവിയോടെ തന്നെ വയനാട്ടിലും പ്രസ്‌ഥാനത്തെ പിന്തുണയ്‌ക്കുന്നവരുണ്ടായി. ആദിവാസി മേഖലയിലെ പിന്നോക്കാവസ്‌ഥയാണ്‌ മാവോയിസ്‌റ്റുകളെ മലബാര്‍, വയനാട്‌ മേഖലകളിലേക്ക്‌ ആകര്‍ഷിച്ചത്‌. പത്തു വര്‍ഷത്തോളം പശ്‌ചിമഘട്ട മേഖലകളിലൂടെ ചുറ്റിസഞ്ചരിച്ച്‌ കാട്‌ പൂര്‍ണമായും മനസിലാക്കിയശേഷമാണ്‌ സംഘം പ്രവര്‍ത്തനം സജീവമാക്കിയതെന്നാണു പോലീസ്‌ നിരീക്ഷണം.

എം. ബിജുശങ്കര്‍

Ads by Google
Friday 08 Mar 2019 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW