Friday, June 21, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 07 Mar 2019 11.02 AM

ഇനി എന്നും സിനിമയോടൊപ്പം

''പഠനത്തിന് താല്‍ക്കാലിക അവധി നല്‍കി മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന ചാന്ദ്‌നി ശ്രീധറിന്റെ പുതിയ സിനിമാ വിശേഷങ്ങളിലൂടെ...'''
uploads/news/2019/03/292770/chandnisreedhran070319.jpg

കെ.എല്‍ 10 എന്ന ചിത്രത്തിലൂടെ നറുപുഞ്ചിരിയുമായി മലയാള സിനിമയിലേക്കെത്തിയ യുവനടി, ചാന്ദ്നി ശ്രീധര്‍. തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ ചാന്ദ്നി മലയാളികള്‍ക്കും പ്രിയങ്കരിയായി മാറി.

ഡാര്‍വിന്റെ പരിണാമം, സി.ഐ.എ എന്നീ ചിത്രങ്ങള്‍ക്കുശേഷം പഠനത്തിനായി അഭിനയത്തിന് ചെറിയൊരു ഇടവേള നല്‍കിയ ചാന്ദ്നി അള്ള് രാമേന്ദ്രനിലൂടെ വീണ്ടും സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ്.

അള്ള് രാമേന്ദ്രന്‍ എന്ന ചിത്രത്തെക്കുറിച്ച്?


കുഞ്ചാക്കോബോബന്റെ ഭാര്യയുടെ വേഷമാണെനിക്ക്. ഒരു നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടി. കല്യാണം കഴിച്ച പെണ്‍കുട്ടിയുടെ വേഷമായതുകൊണ്ട് കോട്ടന്‍ സാരിയൊക്കെ ഉടുത്ത് നാടന്‍ ലുക്കിലുള്ള കഥാപാത്രമാണെന്റേത്. അപര്‍ണ്ണ ബാലമുരളി, കൃഷ്ണശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചാക്കോച്ചന്റേതും കുറച്ച് വ്യത്യസ്തമായ ലുക്കാണ്. ലൊക്കേഷനിലെല്ലാവരും നല്ലൊരു ഫാമിലിപോലെയായിരുന്നു.

സി.ഐ.എയ്ക്കുശേഷം എവിടെയായിരുന്നു?


പഠനത്തില്‍ ശ്രദ്ധിക്കാനെടുത്തൊരു ഇടവേളയാണത്. ഞാനിപ്പോള്‍ സൈക്കോളജിയിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഡിഗ്രി ചെയ്തുകൊണ്ടിരിക്കുകയാണ്. യു.എസിലാണ് പഠിക്കുന്നത്. മുമ്പ് പഠനത്തോടൊപ്പമായിരുന്നു സിനിമ ചെയ്തിരുന്നത്, പക്ഷേ ഷൂട്ടിങ് തിരക്കിനിയില്‍ പഠനം മുടങ്ങി.

സിനിമയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കിലും പഠനം പൂര്‍ത്തിയാക്കണമെന്നുണ്ട്. അതുകൊണ്ടാണ് ഇടയ്ക്ക് സിനിമകള്‍ ചെയ്യാതിരുന്നത്. ഇപ്പോള്‍ പല ക്ലാസുകളും ഓണ്‍ലൈനായി ചെയ്യാന്‍ സൗകര്യമുള്ളതുകൊണ്ടാണ് വീണ്ടും അഭിനയിച്ചു തുടങ്ങിയത്. അള്ള് രാമേന്ദ്രന്റെ ഷൂട്ട് തീരാറായ സമയത്തായിരുന്നു പരീക്ഷ.

പക്ഷേ കുഴപ്പമില്ലാതെ പരീക്ഷ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു. ഇനി നല്ല സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. ഷൂട്ടിനും ഡബ്ബിങ്ങിനുമൊക്കെ പോകാനുള്ള സൗകര്യത്തിനുവേണ്ടി കൊച്ചിയിലാണിപ്പോ ള്‍ താമസം. ഷൂട്ടില്ലാത്തപ്പോള്‍ യു.എസിലേക്ക് പോകും. ഇനി തിരിച്ചങ്ങോട്ട് പോകണ്ടെന്ന് പലരും പറയുന്നുണ്ട്.

സി.ഐ.എ നല്‍കിയ അനുഭവങ്ങള്‍?


ഡാര്‍വിന്റെ പരിണാമത്തില്‍ അഭിനയിക്കുമ്പോഴാണ് സി.ഐ.എയിലേക്ക് വിളിക്കുന്നത്. അമല്‍ നീരദ് സാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ആ സിനിമയില്‍ അവസരം കിട്ടിയത് തന്നെ വലിയൊരു ഷോക്കായിരുന്നു. വ്യത്യസ്തമായൊരു കഥ, നല്ലൊരു ടീം അങ്ങനെ ആ സിനിമ തെരഞ്ഞെടുക്കാന്‍ കാരണങ്ങളൊരുപാടുണ്ടായിരുന്നു.

എന്റെ സീനുകളൊക്കെ ചിത്രീകരിച്ചത് ഇന്ത്യയ്ക്ക് വെളിയിലായിരുന്നു. എല്ലാവരും ഒരുമിച്ചായിരുന്നു താമസം. സിനിമയുടെ ടെക്നിക്കല്‍ വശങ്ങളെക്കുറിച്ച് പഠിക്കാനിഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഷൂട്ടിനിടയില്‍ ഇടയ്ക്കൊക്കെ ഓരോ സംശയങ്ങള്‍ അമല്‍ സാറിനോട് ചോദിച്ചു. അദ്ദേഹം പല കാര്യങ്ങളും പറഞ്ഞു തന്നു. പിന്നെ ദുല്‍ഖര്‍, സ്റ്റാര്‍ഡത്തിന്റെ ജാഡകെളാന്നുമില്ലാത്ത വളരെ സിംപിളായ ആളാണ് ദുല്‍ഖര്‍.

uploads/news/2019/03/292770/chandnisreedhran070319b.jpg

അമേരിക്കന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത പല അനുഭവങ്ങളും സി.ഐ.എയിലൂടെ ലഭിച്ചില്ലേ?


തീര്‍ച്ചയായും. സി.ഐ.എയില്‍ ഒരു അഭയാര്‍ത്ഥി കഥാപാത്രമായിരുന്നു എന്റേത്. യു.എസിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിക്കുന്ന രംഗങ്ങളൊക്കെ മെക്സിക്കോയിലാണ് ഷൂട്ട് ചെയ്തത്. ഷൂട്ടിനിടയില്‍ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരേയും അവരെ പിന്തുടരുന്ന പോലീസിനേയുമൊക്കെ നേരില്‍ കാണാന്‍ കഴിഞ്ഞു.

ഒരു ദിവസം ബോര്‍ഡറിനടുത്ത് ഷൂട്ട് നടക്കുകയാണ്, ഞാനന്ന് സെറ്റിലില്ല. ദുല്‍ഖറും മറ്റൊരു നടനും അഭിനയിക്കുമ്പോള്‍ ഒരു കാറിലായിരുന്നു ക്യാമറ സൂം ചെയ്തുവച്ചിരുന്നത്.

കാറിനുള്ളില്‍ തോക്കാണെന്ന് കരുതി ആരോ റിപ്പോര്‍ട്ട് ചെയ്തു. പോലീസെത്തി കാറ് വളഞ്ഞ് അവിടെയുള്ളവരെ ഗണ്‍പോയിന്റില്‍ നിര്‍ത്തി. പിന്നീട് ഷൂട്ടാണെന്ന് പറഞ്ഞു മനസിലാക്കിയപ്പോഴാണ് അവര്‍ തിരികെ പോയത്. ഞാനവിടെ ഇല്ലായിരുന്നെങ്കിലും ആ കാര്യങ്ങളൊക്കെ പറഞ്ഞുകേട്ടത് വല്ലാത്തൊരനുഭവമായിരുന്നു.

ഷൂട്ടിന്റെ ഭാഗമായി പുല്‍മേടുകളിലൂടെ കുറേ നടക്കണമായിരുന്നു. എനിക്കാണെങ്കില്‍ പൊടിയും പുല്ലുമൊക്കെ അലര്‍ജിയാണ്. പക്ഷേ ആ യാത്രയും എന്‍ജോയ് ചെയ്തു. അവിടം മുതലാണ് യാത്രകളോട് കൂടുതല്‍ ഇഷ്ടം തോന്നിയത്.

സിനിമ സ്വപ്നമായി മാറിയത്?


അമേരിക്കയില്‍ സെറ്റില്‍ ചെയ്തെങ്കിലും വീട്ടില്‍ മലയളമേ സംസാരിക്കാവൂ എന്ന് അച്ഛനും അമ്മയ്ക്കും നിര്‍ബന്ധമുണ്ടായിരുന്നു. നാടുമായി എപ്പോഴുമൊരു ബന്ധം കാത്തു സൂക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. ഇടയ്ക്കിടെ നാട്ടില്‍ വരുമായിരുന്നു. നാടിന്റെ പൈതൃകമായ നൃത്തമടക്കമുള്ള കാര്യങ്ങളോട് എപ്പോഴും താല്‍പര്യമാണെനിക്ക്.

ഇടയ്ക്കിടെ ഷോകളൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അച്ഛനുമമ്മയും വളരെ സപ്പോര്‍ട്ടീവാണ്. അഭിനയിക്കണമെന്നത് വലിയൊരു സ്വപ്നമായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്ത് അഭിനയിക്കാനുള്ള ഭാഗ്യം എന്നെ തേടിയെത്തി. ഞാന്‍ പങ്കെടുത്ത ഒരു റിയാലിറ്റി ഷോ കണ്ടിട്ടാണ് തമിഴ് ചിത്രത്തില്‍ അവസരം കിട്ടുന്നത്.

യു.എസില്‍ സെറ്റിലായ കുടുംബത്തില്‍ നിന്ന് സിനിമയിലേക്കെത്തിയപ്പോള്‍ മാതാപിതാക്കളുടെ പ്രതികരണം?


ചെറുപ്പം മുതല്‍ ഒറ്റയ്ക്ക് നാട്ടിലേക്കും തിരികെ അമേരിക്കയിലേക്കും യാത്ര പതിവായിരുന്നു. അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന കുടുംബമാണ് എന്റേത്. അഭിനയിക്കാന്‍ അവസരം കിട്ടുന്നത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല, അവസരം കിട്ടുമ്പോള്‍ നന്നായി ചെയ്യണമെന്ന് പറഞ്ഞ് ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചതും അവരാണ്. ഒപ്പം പഠനത്തിലും ശ്രദ്ധക്കണമെന്ന് പറഞ്ഞിരുന്നു. അച്ഛനും അമ്മയും നാട്ടിലുള്ളപ്പോള്‍ എനിക്കൊപ്പം ലൊക്കേഷനില്‍ വരാറുണ്ട്.

വീട്ടില്‍ സിനിമയുമായി ബന്ധമുള്ളവരാരുമില്ല. എല്ലാവരോടും നന്നായി പെരുമാറണം, മറ്റുള്ളവരെ ബഹുമാനിക്കണം, ജോലിയില്‍ പൂര്‍ണ്ണമായും ആത്മാര്‍ത്ഥ കാണിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ അച്ഛനും അമ്മയും പറഞ്ഞിരുന്നു.

അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍?


ഒരു കഥ കേള്‍ക്കുമ്പോള്‍ ഇഷ്ടപ്പെടുന്നുണ്ടോ, കഥ കേട്ടാല്‍ സിനിമ കാണാന്‍ തോന്നുമോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. പിന്നെ നല്ല കഥാപാത്രമാണോ പെര്‍ഫോം ചെയ്യാനുള്ള അവസരമുണ്ടോ എന്നൊക്കെ നോക്കും. ചെയ്ത നാല് സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഏഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഞാന്‍ തന്നെയാണോ ഈ ചിത്രങ്ങളില്‍ അഭിനയിച്ചത് എന്ന് പലരും സംശയം പറഞ്ഞിട്ടുണ്ട്.

സിനിമ അല്ലാതെയുള്ള ഇഷ്ടങ്ങള്‍?


അഭിനയും നൃത്തവുമാണ് കൂടുതലിഷ്ടം. അമേരിക്കയിലായിരുന്നപ്പോഴും നൃത്തം പഠിക്കുന്നുണ്ടായിരുന്നു. ഭരതനാട്യമാണ് കൂടുതല്‍ പ്രാക്ടീസ് ചെയ്യുന്നത്. കുച്ചുപ്പടിയും പഠിക്കണമെന്നുണ്ട്. സിനിമ കാണാനിഷ്ടമാണ്. പിന്നെ നല്ല ടിവി ഷോകളൊക്കെ കാണും. ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകും. കുറേ സമയം വീട്ടിലിരിക്കും, പാട്ട് കേള്‍ക്കും. പിയാനോ വായിക്കും.

പുസ്തകങ്ങള്‍ വായിക്കാനിഷ്ടമാണ്. യാത്രകളും പ്രിയപ്പെട്ടതാണ്. ഇടയ്ക്ക് നൃത്ത പരിശീലനമൊക്കെ കുറവായിരുന്നു. ഇനി തിരക്കുകളുണ്ടെങ്കിലും പതിവായി പ്രാക്ടീസ് ചെയ്യണമെന്നാണ് വിചാരിക്കുന്നത്.

സിനിമയില്‍ അടുത്ത സുഹൃത്തുക്കളുണ്ടോ?


സിനിമയില്‍ അടുത്ത സുഹൃത്തുക്കള്‍ കുറവാണ്. ഒപ്പം അഭിനയിച്ചവരുമായി നല്ല ബന്ധമാണുള്ളത്. ഹൈദരാബാദില്‍ കുറച്ച് നല്ല സുഹൃത്തുക്കളുണ്ട്. യു.എസില്‍ അടുത്ത സുഹൃത്തുക്കളില്ല. ഇന്ത്യയിലേതുപോലെ കെട്ടുറുപ്പുള്ള ബന്ധങ്ങളൊന്നും അവിടെയില്ല.
uploads/news/2019/03/292770/chandnisreedhran070319a.jpg

കുടുംബം?


അച്ഛന്‍ ശ്രീധരന്‍ സുരേന്ദ്രന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്, അമ്മ രജനി വീട്ടമ്മയും അനിയന്‍ ഗോപാല്‍ കോളജ് വിദ്യാര്‍ത്ഥിയുമാണ്.

ഒപ്പം അഭിനയിച്ച നായകന്മാരെക്കുറിച്ച്?


ഉണ്ണി മുകുന്ദനാണ് മലയാളത്തിലെ ആദ്യ നായകന്‍. ടോം ആന്‍ഡ് ജെറിയെപ്പോലെയാണ് ഞങ്ങള്‍. നേരില്‍ കണ്ടാല്‍ വഴക്കാണ്. ഇപ്പോഴും ആ സ്വഭാവത്തിന് മാറ്റമില്ല. കെ. എല്‍ 10 സിനിമയുടെ ഷൂട്ടിന് അമ്മയും എനിക്കൊപ്പമുണ്ടായിരുന്നു. വീട്ടില്‍ ഞാനും അനിയനും എങ്ങനെയാണോ അതുപോലെയാണ് ഉണ്ണിയും ഞാനും എന്ന് അമ്മ പറയാറുണ്ട്്.

രണ്ടാമത്തെ സിനിമ പൃഥ്വിരാജിനൊപ്പമായിരുന്നു. പൊതുവേ എല്ലാവരുടേയും വിചാരം പൃഥ്വി വളരെ സീരിയസ് ക്യാരക്ടറാണെന്നാണ്. പക്ഷേ സെറ്റിലൊക്കെ നല്ല കമ്പനിയാണ്. അദ്ദേഹത്തില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ട്്. പൃഥ്വിയുടെ കൂടെ അഭിനയിക്കാന്‍ വളരെ എളുപ്പമാണ്.

ഡാര്‍വിന്റെ പരിണാമത്തില്‍ ഭാര്യാഭര്‍ത്താന്മാരായാണ് ഞങ്ങളഭിനയിച്ചത്. ആ സിനിമയിലെ പാട്ട് സീനുകളൊന്നും കൊറിയോഗ്രാഫി ചെയ്തതല്ല. ഞങ്ങള്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രി ഉണ്ടായിരുന്നതുകൊണ്ട് നാച്ചുറലായി ചെയ്യാന്‍ പറ്റി.

സി.ഐ.എയില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു സുഹൃത്തിനൊപ്പം വര്‍ക്ക് ചെയ്യുന്ന ഫീലാണ് കിട്ടിയത്. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനാണെന്ന ജാഡയൊന്നുമില്ല. കുഞ്ചാക്കോ ബോബന്റെ സിനിമകളൊക്കെ എനിക്കിഷ്ടമാണ്. നിറം സിനിമയും അതിലെ ചാക്കോച്ചന്‍ ശാലിനി കൂട്ടുകെട്ടും അവരുടെ സൗഹൃദവും പ്രണയവുമൊക്കെ ഒരുപാടിഷ്ടമാണ്. ചാക്കോച്ചനോട് ഇക്കാര്യമൊക്കെ നേരിട്ടു പറഞ്ഞിട്ടുമുണ്ട്.

അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ഒരു ചാന്‍സ് കിട്ടുമെന്ന് പോലും വിചാരിച്ചതല്ല. അതുമൊരു ഭാഗ്യം. എല്ലാ ഏജ്
ഗ്രൂപ്പിലുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന നടനാണ് ചാക്കോച്ചന്‍. മുമ്പ് ചില ഷോകളില്‍ കണ്ടിട്ടുണ്ടെങ്കിലും അള്ള് രാമേന്ദ്രന്റെ സെറ്റില്‍ വച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.

അന്നത്തെ ആദ്യ സീനില്‍ ചാക്കോച്ചന് ഭയങ്കര കലിപ്പ് ലുക്കായിരുന്നു. ആ മൂഡിലാണ് ലൊക്കേഷനിലേക്ക് വന്നത്. വല്യ അടുപ്പമൊന്നുമില്ലാതെ ഗൗരവത്തിലിരിക്കുന്നത് കണ്ടതോടെ എനിക്ക് ടെന്‍ഷനായി. ആദ്യ സീന്‍ കഴിഞ്ഞതും ചാക്കോച്ചന്‍ കൂളായി. കളിയാക്കലും തമാശകളുമൊക്കെയായി ലൊക്കേഷനില്‍ അത്യാവശ്യം ജോളിയായിരുന്നു.

അശ്വതി അശോക്

Ads by Google
Thursday 07 Mar 2019 11.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW