Tuesday, May 21, 2019 Last Updated 32 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 07 Mar 2019 01.48 AM

അതിരുകടക്കുന്ന കാമ്പസ്‌ ആഘോഷങ്ങള്‍

uploads/news/2019/03/292678/editorial.jpg

കേരളത്തിലെ കാമ്പസ്സുകളില്‍ വിദ്യാര്‍ഥികളുടെ ആഘോഷങ്ങള്‍ അതിരുവിടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ഇക്കഴിഞ്ഞയാഴ്‌ച എടത്വാ സെന്റ്‌ അലോഷ്യസ്‌ കോളജിലെ വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയത്‌. ഫെയര്‍വെല്‍ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ കാറിലും ജീപ്പിലും ബൈക്കിലുമായി എത്തി അഭ്യാസ പ്രകടനങ്ങള്‍ ത്തുകയായിരുന്നു. അമിതവേഗത്തില്‍ ഓടിയ തുറന്ന ജീപ്പില്‍ നിന്ന്‌ തെറിച്ചു വീണ്‌ രണ്ടു വിദ്യാര്‍ഥികള്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. അധികൃതരുടെ അനുവാദമില്ലാതെ കാമ്പസ്സില്‍ വാഹനം കയറ്റുകയായിരുന്നെന്നാണ്‌ മനസ്സിലാക്കുന്നത്‌. സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ്‌ വിവരം പുറത്തറിഞ്ഞത്‌. ഈ സംഭവത്തിന്റെ പേരില്‍ അഞ്ചു വിദ്യാര്‍ഥികളെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുകയുമാണ്‌.

ആഘോഷങ്ങള്‍ എന്ന പേരില്‍ ഇത്തരം പേക്കൂത്തുകള്‍ പലയിടത്തും അരങ്ങേറുന്നുണ്ട്‌. മൂന്നു വര്‍ഷം മുന്‍പ്‌ തിരുവനന്തപുരത്ത്‌ സി.ഇ.ടി. കാമ്പസ്സില്‍ അമിതവേഗത്തില്‍ ഓടിച്ച ജീപ്പിടിച്ച്‌ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്‌ മറക്കാറായിട്ടില്ല. സി.ഇ.ടിയിലെ ചോര ഉണങ്ങും മുന്‍പ്‌ അടൂര്‍ ഐ.എച്ച്‌.ആര്‍.ഡി. എഞ്ചിനിയറിങ്‌ഗ്‌ കോളജില്‍ നടന്നത്‌ പരസ്യമായ നിയമലംഘനമായിരുന്നു. ആഘോഷത്തിനായി കാമ്പസ്സില്‍ കയറ്റിയത്‌ ഫയര്‍ എഞ്ചിനും കെ.എസ്‌.ആര്‍.ടി.സി. ബസ്സും ലോറിയും അടക്കമുള്ള വാഹനങ്ങളായിരുന്നു. ഫയര്‍ എഞ്ചിന്റെ മുകളിലും ലോറിയിലുമൊക്കെ അള്ളിപ്പിടിച്ചിരുന്ന്‌ ജീവന്‍ പണയം വച്ചുകൊണ്ടുള്ള കളികളായിരുന്നു വിദ്യാര്‍ഥികളുടേത്‌. ശാസ്‌താംകോട്ട ഡി.ബി. കോളജ്‌ കാമ്പസ്സില്‍ വിദ്യാര്‍ഥി അമിതവേഗത്തില്‍ ഓടിച്ച ബൈക്കിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചതും വര്‍ക്കല ചാവര്‍ക്കോട്‌ സി.എച്ച്‌.എം.എം. കോളജിലെ വിദ്യാര്‍ഥിനി മരിച്ചതും ഈത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്നു തെളിയിക്കുന്നതായിരുന്നു. സി.ഇ.ടി. സംഭവത്തിനു ശേഷം സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി കാമ്പസ്സുകളില്‍ വാഹനമുപയോഗിക്കുന്നതിനു നിയന്ത്രണമേര്‍പെടുത്തണമെന്ന്‌ ശിപാര്‍ശ ചെയ്‌തിരുന്നു. ഈ ശിപാര്‍ശ നല്‍കി അധികം കഴിയും മുന്‍പ്‌ തൊടുപുഴ ന്യൂമാന്‍സ്‌ കോളജില്‍ അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച്‌ വിദ്യാര്‍ഥിനിക്ക്‌ ഗുരുതരമായി പരുക്കേറ്റ സംഭവമുണ്ടായി.

കാമ്പസ്സുകളിലെ ഇത്തരം ആഘോഷങ്ങള്‍ പണക്കൊഴുപ്പിന്റെ ഹുങ്കാണെന്നു പറയാതെ വയ്യ. കാമ്പസ്സുകളില്‍ ആഘോഷം വേണ്ടെന്നല്ല, എന്നാല്‍, അതിനു മിതത്വം വേണം. എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ കര്‍ഷകര്‍ ജീവനൊടുക്കുന്ന നാട്ടിലാണ്‌ പണാധിക്യത്തിന്റെ തിളപ്പില്‍ വിദ്യാര്‍ഥികള്‍ കൂത്താടുന്നത്‌. ഈ കാമ്പസ്സുകളില്‍ സാമ്പത്തികമായി നട്ടം തിരിയുന്ന അനേകം വിദ്യാര്‍ഥികളുണ്ടാവാം. അവരെയൊക്കെ പരിഹസിക്കുന്നതാണ്‌ ഇത്തരം ആഘോഷങ്ങള്‍. തടയാന്‍ ആരുമില്ലെന്നും എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപ്പെടുത്താന്‍ ആളുണ്ടെന്നുമുള്ള ആത്മവിശ്വാസമാണ്‌ വിദ്യാര്‍ഥികളെ ഇത്തരം പ്രവൃത്തികള്‍ക്ക്‌ പ്രേരിപ്പിക്കുന്നത്‌. നാളത്തെ പൗരന്മാരായി വളര്‍ന്നുവരേണ്ട വിദ്യാര്‍ഥികള്‍ കൊലയാളികളായി മാറരുത്‌. കാമ്പസുകളിലെ വാഹന ഉപയോഗം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന്‌ സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്‌.

Ads by Google
Thursday 07 Mar 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW