Tuesday, May 21, 2019 Last Updated 32 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 07 Mar 2019 01.47 AM

പ്രധാനമന്ത്രിപദം: മമതയോടെ മമത, മായമല്ലെന്ന്‌ ഉറപ്പാക്കാന്‍ മായാവതി; പ്രിയങ്കരിയാകാന്‍ പ്രിയങ്കയും , നാളെ വനിതാ ദിനം

uploads/news/2019/03/292677/bft1.jpg

പുരുഷ കേന്ദ്രീകൃതമാണ്‌ ഇന്ത്യന്‍ പാര്‍ലമെന്റെങ്കിലും ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഒട്ടേറെ വനിതാ നേതാക്കള്‍ നമുക്കുണ്ട്‌. കേരളത്തില്‍ ഇരുമുന്നണികളുടേയും സ്‌ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട സാധ്യതാ പട്ടികയിലാകട്ടെ സ്‌ത്രീ സാന്നിധ്യം നാമമാത്രം. സി.പി.ഐയുടെ പട്ടികയില്‍ സ്‌ത്രീ സാന്നിധ്യമില്ലാത്തത്‌ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതിയിലും ചര്‍ച്ചയായി.
അതേ സമയം പടിയിറങ്ങിയ പാര്‍ലമെന്റില്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും നേതൃനിരയിലെ സ്‌ത്രീ സാന്നിധ്യം ശക്‌തമായിരുന്നു. ലോക്‌സഭാ സ്‌പീക്കര്‍ സുമിത്രാ മഹാജന്‍, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌ തുടങ്ങിയവര്‍ തന്ത്രപ്രധാന സ്‌ഥാനങ്ങളില്‍ തിളങ്ങി. സഭാ നേതാവല്ലായിരുന്നെങ്കിലും യു.പി.എയുടെ സഭയിലെ ചരട്‌ സോണിയാ ഗാന്ധിയുടെ കൈകളില്‍ തന്നെയായിരുന്നു. തെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങിയിരിക്കെ ആണത്തത്തോട്‌ കൊമ്പ്‌ കോര്‍ക്കാന്‍ പെണ്‍പെരുമ ഒട്ടും പിന്നിലുമല്ല.

മമത ബാനര്‍ജി

മൂന്നു പതിറ്റാണ്ട്‌ നീണ്ട ഇടത്‌ ഭരണത്തെ തൂത്തെറിഞ്ഞ്‌ അധികാരത്തിലെത്തിയ പശ്‌ചിമ ബംഗാളിന്റെ ദീദിക്ക്‌ ഇന്ത്യയെ നയിക്കാനാണ്‌ ഇപ്പോള്‍ ആഗ്രഹം. കഴിഞ്ഞതവണ തന്നെ അണ്ണാ ഹസാരെയടക്കമുള്ളവരെ ചേര്‍ത്തുനിര്‍ത്തി നീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ പ്രതിപക്ഷ ഐക്യത്തിന്റെ പേരില്‍ പ്രധാനമന്ത്രി സ്‌ഥാനത്തെത്താന്‍ സാധിച്ചേക്കുമെന്നാണു മമതയുടെ കണക്കുകൂട്ടല്‍. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത പാര്‍ലമെന്റാണ്‌ അവരുടെ സ്വപ്‌നത്തില്‍.
കിഴക്കുനിന്നു മോഡിക്കെതിരേ പടപ്പുറപ്പാട്‌ പ്രഖ്യാപിച്ച മമത, പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ മുഖമായി അറിയപ്പെടാനാണ്‌ ആഗ്രഹിക്കുന്നത്‌. കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ 23 പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധീകരിച്ച്‌ 25 രാഷ്‌ട്രീയ നേതാക്കളെ അണിനിരത്താനും അവര്‍ക്കു സാധിച്ചു.
എന്നാല്‍ വലിയ പാര്‍ട്ടികളുടെ പിന്തുണ അവര്‍ക്ക്‌ ഉറപ്പാക്കാനായിട്ടില്ല. ശാരദാ ചിട്ടിഫണ്ട്‌ കേസില്‍ സി.ബി.ഐ കുരുക്ക്‌ മുറുക്കുന്നത്‌ ആശങ്കയുമാണ്‌. മമതയെ മുന്നില്‍ നിര്‍ത്തി ഫെഡറല്‍ മുന്നണിക്കായി രംഗത്തിറങ്ങിയ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു പിന്‍വാങ്ങിയത്‌ ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌.

മായാവതി

ഉത്തരദേശത്ത്‌ ശക്‌തമായി അടിത്തറയുള്ള പാര്‍ട്ടിയുടെ കരുത്തയായ നേതാവെന്ന നിലയില്‍ പ്രധാനമന്ത്രി പദം തനിക്ക്‌ അവകാശപ്പെട്ടത്‌ തന്നെയാണെന്നു മായാവതി ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍, ആരുമായും അങ്ങോട്ടുപോയി കൂട്ടുകൂടാനൊന്നും അവരെ കിട്ടില്ല. ഇങ്ങോട്ടുവന്നു കൈ നീട്ടിയ രാഷ്‌ട്രീയത്തിലെ ബദ്ധശത്രു അഖിലേഷ്‌ യാദവിനോട്‌ കൂട്ടുകൂടാനും മറന്നില്ല. അപ്പോഴും സീറ്റ്‌ ധാരണയില്‍ ഒരടി മുകളിലാണെന്ന്‌ ഉറപ്പ്‌ വരുത്തുകയും ചെയ്‌തു. ത്രികോണ മത്സരത്തില്‍ വോട്ട്‌ ചിതറി ബി.ജെ.പിക്ക്‌ മേല്‍ക്കൈ ലഭിച്ചപ്പോഴും ബി.എസ്‌.പിയുടെ വോട്ട്‌ വിഹിതമെന്ന ഫിക്‌സഡ്‌ ഡപ്പോസിറ്റിന്‌ തെല്ലു കോട്ടം തട്ടിയില്ലെന്നതാണ്‌ യാഥാര്‍ഥ്യം.
പാര്‍ട്ടിയില്‍ മായാവതിക്ക്‌ മുകളിലാരുമില്ല. നേതാവും വക്‌താവുമെല്ലാം അവര്‍ തന്നെ. ഗ്രാമീണ ഹിന്ദിയില്‍ പരുക്കന്‍ ശബ്‌ദത്തില്‍ മായാവതി പറയുന്നതെന്തോ അതാണു പാര്‍ട്ടി നിലപാട്‌.
മായാവതി 63 ലെത്തിയപ്പോള്‍ ബി.എസ്‌.പി 35ന്റെ പടികടന്നു നില്‍പ്പാണ്‌. പ്രധാനമന്ത്രിപദത്തിലേക്ക്‌ വഴി തെളിയിക്കാന്‍ പാര്‍ട്ടിക്ക്‌ കരുത്തായെന്നു മായാവതിയും അവകാശപ്പെട്ടേക്കില്ല. എന്നാല്‍ യു.പിയില്‍ കൈ കൊടുത്ത എസ്‌.പി, രാജ്യ തലസ്‌ഥാനത്ത്‌ സഹായിച്ചേക്കുമെന്നാണ്‌ അവരുടെ പ്രതീക്ഷ.

സുഷമാ സ്വരാജ്‌

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്‌തിപ്രഭാവ നിഴലിലൊതുങ്ങാതെ അംഗീകാരങ്ങളേറ്റു വാങ്ങിയ മന്ത്രിയാണു സുഷമാ സ്വരാജ്‌. അവര്‍ മോഡിക്ക്‌ മുന്നില്‍ ഒരിക്കലും തടസമായതുമില്ല. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ സുഷമ അദ്വാനി ക്യാമ്പിലായിരുന്നു. മോഡി സര്‍ക്കാരിന്റെ ഭാഗമായതോടെ ഗ്രൂപ്പ്‌ മറന്ന്‌ കര്‍മത്തില്‍ മാത്രമായി ശ്രദ്ധ. മികച്ച മന്ത്രിയെന്ന നിലയില്‍ പ്രതിപക്ഷത്തിന്റെ പോലും അംഗീകാരം ഏറ്റുവാങ്ങി.
ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിലെ ഭീകരവാദ നിയന്ത്രണ മേഖലകളില്‍നിന്നു നഴ്‌സുമാരെ സാഹസികവും നയതന്ത്രപരവുമായി രക്ഷിച്ച്‌ ഇന്ത്യയിലെത്തിച്ച സുഷമയുടെ ശ്രമം രാജ്യത്തിന്റെ കൈയടി നേടി. പ്രതിസന്ധി നേരിട്ടപ്പോഴൊക്കെയും നയതന്ത്ര മേഖലയില്‍ ചര്‍ച്ചനയിച്ച്‌ ലോക രാജ്യങ്ങളെ അനുകൂല നിലപാടിലെത്തിച്ച്‌ ഇന്ത്യ കണ്ട മികച്ച വിദേശകാര്യ മന്ത്രിമാരിലൊരാളായി സുഷമ.
2014ല്‍ മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാക്കുന്നതിനെ എതിര്‍ത്ത സുഷമ, തെരഞ്ഞെടുപ്പിനുശേഷം സാഹചര്യങ്ങളോട്‌ പൊരുത്തപ്പെട്ടു.
പാക്‌ അതിര്‍ത്തി ഭേദിച്ച്‌ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന്‌ തൊട്ട്‌ മുമ്പും ശേഷവും ഇന്ത്യ നയതന്ത്ര രംഗത്ത്‌ നടത്തിയ ഇടപെടലുകള്‍ക്ക്‌ ചുക്കാന്‍പിടിച്ചത്‌ സുഷമയായിരുന്നു. ഇതുവഴി ലോകരാജ്യങ്ങളുടെ പിന്തുണ പൂര്‍ണമായും ആര്‍ജിച്ചെടുക്കാനും അവര്‍ക്ക്‌ സാധിച്ചു.
മധ്യപ്രദേശില്‍ ബി.ജെ.പിയുടെ സുരക്ഷിതമണ്ഡലമായ വിദിശയില്‍ ഇത്തവണയും സുഷമ ജനവിധി തേടുമോയെന്നാണു രാഷ്‌ട്രിയ ഇന്ത്യ ഉറ്റുനോക്കുന്നത്‌. ഇത്തവണ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്‌ അവരുടെ നിലപാട്‌. എങ്കിലും വിദേശകാര്യ മന്ത്രിയെ വീണ്ടും മത്സരിപ്പിക്കാന്‍ തന്നെയാണ്‌ സാധ്യത.

പ്രിയങ്ക ഗാന്ധി വാധ്‌ര

തെരഞ്ഞെടുപ്പ്‌ യുദ്ധരംഗത്ത്‌ സഹോദരനു തേര്‍തെളിയ്‌ക്കാന്‍ രണ്ടും കല്‍പ്പിച്ച്‌ രംഗത്തിറങ്ങിയതാണു പ്രിയങ്ക ഗാന്ധി വാധ്‌രയെന്ന കോണ്‍ഗ്രസിന്റെ തുറുപ്പ്‌ ചീട്ട്‌. രാഹുല്‍ ഗാന്ധിയുടെ നിഴലില്‍, സോണിയാ ഗാന്ധിയുടെ തണലില്‍ ഒതുങ്ങി കുടിയിരുന്ന പ്രിയങ്ക മുഖ്യധാരാ രാഷ്ര്‌ടീയത്തിലേക്ക്‌ കടന്നു വന്നതോടെ കോണ്‍ഗ്രസിന്റെ ജീവന്മരണ പോരാട്ടത്തിനാണു കളമൊരുക്കിയത്‌.
കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിര്‍ണായക സമയത്താണു പ്രിയങ്കയെ കോണ്‍ഗ്രസ്‌ രംഗത്തിറക്കിയത്‌. അവരുടെ രാഷ്‌ട്രീയ പ്രവേശനമെന്ന സൂചന പുറത്തുവന്നിട്ട്‌ ഏറെ നാളായി. രാഷ്‌ട്രീയ പ്രവേശം നടന്നപ്പോഴാകട്ടെ എതിരാളികള്‍ പ്രിയങ്കയെ വളഞ്ഞിട്ട്‌ ആക്രമിക്കുന്നത്‌ വാര്‍ത്തകളില്‍ നിറഞ്ഞു.
പ്രിയദര്‍ശനിയുടെ പിന്‍ഗാമിയെന്നാണു കോണ്‍ഗ്രസ്‌ പ്രചാരണ ബോര്‍ഡുകളിലെ വിശേഷണം. മുത്തശി ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങളും എടുപ്പും നടപ്പുമാണ്‌ ഇത്തരമൊരു വിശേഷണത്തിന്‌ ആധാരം. ഗാന്ധി നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരില്‍ സ്വഭാവിക രാഷ്‌ട്രീയക്കാരിയെന്ന നിലയില്‍ പ്രിയങ്ക, വലിയ പ്രതീക്ഷയുമാണ്‌. ഇന്ത്യന്‍ വിദൂര ഗ്രാമങ്ങളില്‍ ഇന്ദിരാ പ്രിയദര്‍ശിനിയുടെ സ്‌നേഹാതുര സ്‌മരണകളുണര്‍ത്തുന്ന പ്രിയങ്ക, ജനക്കൂട്ടവുമായി പെട്ടെന്നിണങ്ങുന്ന ആകര്‍ഷക വ്യക്‌തിത്വത്തിനുടമയുമാണ്‌.
സഹോദരന്റെയും അമ്മയുടേയും മണ്ഡലങ്ങളില്‍ കുടുംബതാല്‍പ്പര്യത്തിനൊത്ത്‌ പ്രചാരണം നടത്തുന്ന പ്രിയങ്കയില്‍നിന്നു മാറി കിഴക്കന്‍ യു.പി നിറഞ്ഞ്‌ നില്‍ക്കുന്ന പ്രിയങ്കയെയാണു തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും മുമ്പുതന്നെ കണ്ടത്‌. ഒട്ടുമിക്ക സംസ്‌ഥാന ഘടകങ്ങളും പ്രിയങ്ക പര്യടനത്തിനെത്തണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. രാഹുലുമൊത്ത്‌ പ്രിയങ്ക നടത്തുന്ന റോഡ്‌ ഷോ ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന സാഹചര്യത്തിലാണ്‌ മറ്റ്‌ സംസ്‌ഥാന ഘടകങ്ങളുടേയും ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രിയങ്ക ഇതുവരെ ഉറപ്പൊന്നും നല്‍കിയിട്ടില്ല.
കൊടുങ്കാറ്റായി ആഞ്ഞ്‌ വീശുന്ന പ്രിയങ്കയെയാണ്‌ തെരഞ്ഞെടുപ്പ്‌ രംഗം കാത്തിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെയാണ്‌ ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വാധ്‌രയ്‌ക്കെതിരേ അനധികൃത സ്വത്ത്‌ സമ്പാദന കേസിലടക്കം കുരുക്ക്‌ മുറുക്കി കേന്ദ്ര സര്‍ക്കാര്‍ കാലെക്കൂട്ടി ചെക്ക്‌ പറഞ്ഞതും.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 07 Mar 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW