Tuesday, May 21, 2019 Last Updated 31 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 07 Mar 2019 01.45 AM

"ഊട്ടുനേര്‍ച്ചയല്ല, മത്തായിമുത്തപ്പനും ഈശോയ്‌ക്കും ഇഷ്‌ടം അഗാപ്പെ..."

"നീറ്റ്‌ ആന്‍ഡ്‌ ടേസ്‌റ്റി. കറക്‌ട്‌. വെരി വെരി കറക്‌ട്‌. പ്രിപ്പറേഷന്‍ പഴയിടം നമ്പൂരിയുടേതല്ലേ! അതു മോശമാകുന്ന പ്രശ്‌നമേയില്ല. വേഗം വിട്ടാട്ടെ; രണ്ടിനു കയറണ്ടേ? ആക്‌സിലേറ്റര്‍ ആഞ്ഞു ചവിട്ടിയ കൂട്ടത്തില്‍ ഒരു ചോദ്യം, ആട്ടെ, ഒരു ഊണിന്‌ ഉദ്ദേശം എന്തായിക്കാണും? നൂറ്റമ്പതു രൂപ ഉറപ്പാ. അപ്പോള്‍, വരവു നൂറ്റമ്പത്‌. ചെലവ്‌ ഡീസലിന്റെ വെറും മുപ്പതു രൂപ! ദിവസവുമില്ലെങ്കിലും ആഴ്‌ചയില്‍ ഒന്നെങ്കിലും ഊട്ടുനേര്‍ച്ച ഉണ്ടായിരുന്നെങ്കില്‍...!"- ഒരു ബാങ്കിലെ ജോലിക്കാര്‍ അഞ്ചുപേര്‍ ചേര്‍ന്ന്‌ ഊട്ടുനേര്‍ച്ചയ്‌ക്കുപോയി തിരികെ വരുമ്പോള്‍ കാറിലിരുന്നു നടത്തിയ ലാഭനഷ്‌ടങ്ങളുടെ കണക്കാണു നമ്മള്‍ കേട്ടത്‌.
കൊച്ചി നഗരത്തില്‍നിന്നു കുറെയേറെ അകലെ മത്തായിമുത്തപ്പന്റെ കുരിശുപള്ളിയിലെ ഊട്ടുനേര്‍ച്ചയ്‌ക്കാണ്‌ അവര്‍ പോയത്‌. അവിടെ ഊട്ടുനേര്‍ച്ച തുടങ്ങിയിട്ട്‌ ഇതു രണ്ടാം വര്‍ഷമാണ്‌. തുടക്കമായതിനാല്‍ ആദ്യത്തെ ഊട്ടുനേര്‍ച്ച അത്ര ശോഭിച്ചില്ല. അതു പരിഹരിക്കുന്നതിനു പര്യാപ്‌തമായ ക്രമീകരണങ്ങളാണ്‌ ഇത്തവണ. ഇത്തവണ തിളങ്ങി.
സ്‌ഥലം മാറിവന്ന ചെറുപ്പക്കാരനായ വികാരിയച്ചന്റെ മനോമുകുരത്തിലുദിച്ച ഐഡിയയാണ്‌ ഈ ഊട്ടുനേര്‍ച്ച. കുരിശുപള്ളി മത്തായിശ്ലീഹായുടെ നാമധേയത്തിലാണ്‌. മലയാറ്റൂര്‍ മുത്തപ്പന്റെ ഖ്യാതിയാണു മത്തായിശ്ലീഹായെ മുത്തപ്പനായി പ്രഖ്യാപിക്കാനുള്ള പ്രേരകഘടകം.
കഴിഞ്ഞവര്‍ഷം, പരീക്ഷണാര്‍ത്ഥം 500 പേരെന്നു കണക്കുകൂട്ടി. ഇത്തവണ അത്‌ 5,000 ആയി ഉയര്‍ത്തിയപ്പോള്‍ അല്‍പമൊരു ഭീതി കൈക്കാരന്മാര്‍ക്കും നടത്തിപ്പുകാര്‍ക്കും. എന്നാല്‍, കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നു. 5000 പേരെങ്കിലുമെത്തി. ഭക്ഷണമൊട്ടും മിച്ചം വന്നില്ല. നോമ്പുകാലമായതിനാല്‍ വെജായിരിക്കണമെന്ന്‌ അച്ചന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു. കലവറ നമ്പൂരിക്കു കൈമാറിയതോടെ രുചിയുടെ കാര്യം ഉറപ്പായി. മതിപ്പുതുക 150 വന്നെങ്കിലും അത്രയൊന്നും ചെലവു വന്നില്ല. പിരിവു പണമായിട്ടു മാത്രമല്ല, സാധനങ്ങളായിട്ടുമായിരുന്നു. അരി, പയര്‍, തേങ്ങ എന്നിവയൊക്കെ ആവശ്യത്തിലധികം കിട്ടി. എല്ലാംകൂടി അഞ്ചു ലക്ഷം പിരിഞ്ഞുകിട്ടി. ഉണ്ണാന്‍ വന്നവരൊക്കെ അഞ്ചും പത്തും ഇരുപതും നൂറും വരെ നേര്‍ച്ചയിട്ടു. അങ്ങനെ നേര്‍ച്ചയിനത്തില്‍ 50,347 രൂപ. മൊത്തത്തില്‍ നോക്കിയാല്‍ ഊട്ടുനേര്‍ച്ച വന്‍ വിജയമായിരുന്നു. വികാരിയച്ചനും സംഘാടകരും പരസ്‌പരം അഭിനന്ദനം കൈമാറി.
ബാങ്ക്‌ ജോലിക്കാരെപ്പോലെ ദീര്‍ഘദൃഷ്‌ടിയും മിതവ്യയശീലവുമൊക്കെയുള്ള ബുദ്ധിജീവികള്‍ വേറെയും ഉണ്ടായിരുന്നു. കുരിശുപള്ളിയില്‍ നിന്നു സാമാന്യം അകലെയുള്ള ഒരു കോളജിലെ അധ്യാപകരും സംഘമായി കാറുകളിലെത്തി. നേര്‍ച്ച വാങ്ങാന്‍ ക്യൂവില്‍ നിന്നപ്പോള്‍ മറുവശത്തെ ക്യൂവില്‍ അതാ, അരുമശിഷ്യന്മാരും!. ഗുരുക്കന്മാര്‍ കണ്ണുവെട്ടിച്ചെങ്കിലും ശിഷ്യന്മാരുടെ കണ്ണുകള്‍ ഗുരുമുഖത്ത്‌ തന്നെ. ഊണുകഴിഞ്ഞ്‌ പെട്ടെന്നു കാര്‍ സ്‌റ്റാര്‍ട്ടുചെയ്‌ത്‌ അവര്‍ കോളേജിലേക്കു മടങ്ങി. മടക്കയാത്രയില്‍, ബാങ്ക്‌ ജീവനക്കാരുടെ കാറില്‍, ലാഭത്തെക്കുറിച്ചുള്ള ചര്‍ചയായിരുന്നെങ്കില്‍ അധ്യാപകരുടെ കാറില്‍ നഷ്‌ടത്തെപ്പറ്റിയുള്ള നിശബ്‌ദതയായിരുന്നു! കോളേജിലെത്തിയതും ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു. ക്ലാസ്സിനകത്തും പുറത്തും ശിഷ്യന്മാര്‍ക്കിടയില്‍, ഗുരുക്കന്മാരുടെ ചമ്മല്‍ ചര്‍ച്ചയായി.
ബാങ്കില്‍ നിന്നും കോളജില്‍ നിന്നും കുരിശുപള്ളിയിലേക്കു മടങ്ങിവരാം. ഇന്നു നിലവിലുള്ള ഊട്ടുനേര്‍ച്ച ഇത്രവ്യാപകമായിട്ട്‌, രണ്ടു പതിറ്റാണ്ടില്‍കൂടുതലായിട്ടില്ല. ഇതിന്റെ ഉത്ഭവത്തെപ്പറ്റി കൃത്യമായ ഒരു രേഖയുമുള്ളതായി അറിവില്ല. ഓരോരോ സാഹചര്യങ്ങളില്‍ ഓരോരോ സ്‌ഥലങ്ങളില്‍ ആരംഭിച്ചു നടപ്പിലാക്കിപ്പോരുന്ന മുത്തിയൂട്ട്‌, തമുക്കു നേര്‍ച്ച, പാച്ചോറു നേര്‍ച്ച മുതലായവയുടെയൊക്കെ വികസിതരൂപമായിരിക്കാം ഊട്ടുനേര്‍ച്ച. ഇതിന്റെ അടിവേരു തേടി സഞ്ചരിച്ചാല്‍ ആദിമസഭയിലെ അഗാപ്പെയില്‍ നമ്മള്‍ എത്തും.
അഗാപ്പെ ഒരു ഗ്രീക്കു പദമാണ്‌. സ്‌നേഹം എന്നു മലയാളത്തിലും ലൗ (ന്തഗ്നത്മനു) എന്ന്‌ ഇംഗ്ലീഷിലും കാരിത്താസ്‌ (ങ്കന്റത്സദ്ധന്ധന്റന്ഥ) എന്നു ലത്തീന്‍ഭാഷയിലും പറയും. ഗ്രീക്കുഭാഷയില്‍ സ്‌നേഹം എന്ന പദത്തിന്‌ ഈ റോസ്‌ (ഞ്ഞത്സഗ്നന്ഥ), ഫീലിയ (ഗ്ഗദ്ധദ്ധന്റ), അഗാപ്പെ (അഴമുല), എന്നിങ്ങനെ മൂന്നു വാക്കുകള്‍ ഉപയോഗത്തിലുണ്ട്‌. ഈറോസ്‌ (ഞ്ഞത്സഗ്നന്ഥ)എന്ന പദം സൂചിപ്പിക്കുന്നത്‌ വൈകാരിക സ്‌നേഹമാണ്‌. ഉദാഹരണത്തിന്‌, കമിതാക്കള്‍ തമ്മിലുള്ള സ്‌നേഹം. ഫീലിയ (ഗ്ഗദ്ധദ്ധന്റ) സൂചിപ്പിക്കുന്നത്‌ സ്വാഭാവികസ്‌നേഹത്തെയാണ്‌. അമ്മയ്‌ക്കു കുഞ്ഞിനോടുള്ള സ്‌നേഹം ഉദാഹരണം. മൂന്നാമത്തേത്‌ അഗാപ്പെ. ഇത്‌ അതിസ്വാഭാവിക സ്‌നേഹമാണ്‌; യേശുവിന്റെ സ്‌നേഹം ഇതിന്‌ ഉത്തമനിദര്‍ശനം. ഇതാണു യഥാര്‍ഥ ക്രൈസ്‌തവസ്‌നേഹം. ഈ സ്‌നേഹത്തില്‍ കരുണയും കരുതലും ത്യാഗവും ഉപവിയും പങ്കുവയ്‌ക്കലുമെല്ലാമുണ്ട്‌.
ആദിമസഭയില്‍ മതപീഡനകാലത്ത്‌ ക്രിസ്‌ത്യാനികള്‍ ഭയന്നുവിറച്ചു മാളങ്ങളില്‍ ഒളിഞ്ഞുകൂടിയിരുന്നപ്പോളും അവര്‍ ജീവന്‍ തൃണവത്‌കരിച്ചും അപ്പംമുറിക്കല്‍ ശുശ്രൂഷയ്‌ക്കായി ഒരുമിച്ചുകൂടിയിരുന്നു. യേശുവിന്റെ മാസരക്‌തങ്ങളുടെ പങ്കുവയ്‌ക്കലാണു യഥാര്‍ഥ അഗാപ്പെ അഥാവ സ്‌നേഹവിരുന്ന്‌. ഇതിന്റെ ഭാഗമെന്ന നിലയിലോ തുടര്‍ച്ചയെന്ന നിലയിലോ ഭക്ഷണം പങ്കുവച്ചിരുന്നു. ഉള്ളവര്‍ ഉള്ളതുവിറ്റ്‌ അപ്പസ്‌തോലന്മാരുടെ കാല്‌ക്കല്‍ സമര്‍പ്പിച്ചു പങ്കിട്ടനുഭവിക്കുകയാണ്‌ അന്നു ചെയ്‌തത്‌. അപ്പസ്‌തോലപ്രവര്‍ത്തനത്തില്‍ നമ്മള്‍ വായിക്കുന്നു, "വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റസമൂഹമാകുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്‌തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്‌തുവകകളും വിറ്റ്‌ ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏകമനസ്സോടെ താത്‌പര്യപൂര്‍വം അനുദിനം ദൈവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്‌തിരുന്നു" (അപ്പസ്‌തോലപ്രവര്‍ത്തനം 2:44-46).
കാലക്രമത്തില്‍, അഗാപ്പെ വഴിവിട്ടുനീങ്ങുന്നതായി ആദിമസഭയില്‍തന്നെ നാം കാണുന്നുണ്ട്‌. പൗലോസ്‌ ശ്ലീഹാ അതു ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ട്‌. കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം 11-ാം അധ്യായത്തില്‍ നമ്മള്‍ വായിക്കുന്നു, നിങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ കര്‍ത്താവിന്റെ അത്താഴമല്ല നിങ്ങള്‍ ഭക്ഷിക്കുന്നത്‌, കാരണം, ഓരോരുത്തരും നേരത്തെ സ്വന്തം ഭക്ഷണം കഴിക്കുന്നു. തത്‌ഫലമായി ഒരുവന്‍ വിശന്നും അപരന്‍ കുടിച്ച്‌ ഉന്മത്തനായും ഇരിക്കുന്നു. എന്ത്‌! തിന്നാനും കുടിക്കാനും നിങ്ങള്‍ക്കു വീടുകളില്ലേ? അതോ, നിങ്ങള്‍ ദൈവത്തിന്റെ സഭയെ അവഗണിക്കുകയും ഒന്നിമില്ലാത്തവരെ അവഹേളിക്കുകയും ചെയ്യുന്നുവോ? യൂദാശ്ലീഹായുടെ ഭാഷ അതികഠിനമാണ്‌. തങ്ങളുടെമാത്രം കാര്യം നോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍ നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്ക്‌ കളങ്കമാണ്‌ (യൂദാസ്‌ 1:12). അന്ന്‌ ആദിമസഭയില്‍ സംഭവിച്ച അപഭ്രംശം ഇന്നു നമ്മുടെ ദൈവാലയങ്ങളിലും സംഭവിക്കുന്നില്ലേ? ഈശോയുടെ മാംസരക്‌തങ്ങള്‍ പങ്കുവച്ചുനല്‌കുന്ന സ്‌നേഹവിരുന്നിന്റെ ഇടമാണത്‌. അതിന്റെ പരിശുദ്ധിയും പരിപാവനതയും അവഗണിച്ച്‌, സെഹിയോന്‍ ഊട്ടുശാല ഇന്ന്‌ വെറും ഊട്ടുശാലയായി മാറിപ്പോകുന്നില്ലേ?
മത്തായിമുത്തപ്പന്റെ ഊട്ടുനേര്‍ച്ചയ്‌ക്കു പോയവരില്‍ ആര്‍ക്കും തികയാതെ വന്നില്ല. എന്നാല്‍, 150 രൂപ മതിക്കുന്ന ഭക്ഷണം കഴിച്ച്‌ ഏമ്പക്കം വിട്ടു ശീതീകരിച്ച കാറില്‍ ഭക്‌തജനങ്ങള്‍ ബാങ്കിലേക്കും കോളജിലേക്കും മടങ്ങിപ്പോകുമ്പോള്‍, അയ്യായിരം പേര്‍ അഞ്ചുലക്ഷം രൂപയുടെ ഊട്ടുനേര്‍ച്ചയുടെ രുചി അയവിറക്കുമ്പോള്‍, ഇടുക്കിയിലും കുട്ടനാട്ടിലും വെള്ളപ്പൊക്കക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന സഹോദരങ്ങളെ ഓര്‍ത്തിരുന്നെങ്കില്‍...! സമാഹരിച്ച അഞ്ചുലക്ഷം മുഴുവനായോ അതിന്റെ പകുതിയെങ്കിലുമോ അവിടങ്ങളിലെത്തിച്ചുകൊടുത്തിരുന്നെങ്കില്‍...! മത്തായിമുത്തപ്പനും ഈശോയ്‌ക്കും ഏറ്റവും ഇഷ്‌ടപ്പെട്ട നേര്‍ച്ചയായി അതു മാറുമായിരുന്നില്ലേ? അതോടൊപ്പം അമ്പതുനോമ്പുകാലത്തെ അര്‍ഥവത്തായ ഉപവിപ്രവൃത്തിയും പരിത്യാഗപ്രവൃത്തിയുമാകുമായിരുന്നില്ലേ? ഈ നോമ്പുകാലത്തു യൗസേപ്പിതാവിന്റെയും മത്തായിമുത്തപ്പന്റെയുമൊക്കെ കപ്പേളകളില്‍ ഊട്ടുനേര്‍ച്ച സംഘടിപ്പിക്കാന്‍ പോകുന്ന ബഹുമാനപ്പെട്ട വൈദികര്‍ ആരെങ്കിലും ഈ വഴിക്ക്‌ ഒന്നു ചിന്തിച്ചിരുന്നെങ്കില്‍...! ഇടയനോടുചേര്‍ന്ന്‌ ഇടവകജനങ്ങളും ഈ രീതിയില്‍ ചിന്തിച്ചിരുന്നെങ്കില്‍...! ആയിരം ദിവസം ഭരിച്ചതിന്റെ പരസ്യത്തിനായി പത്തുകോടി രൂപ സര്‍ക്കാര്‍ പൊടിച്ചുമുടിക്കുമ്പോള്‍ അതിനു സമാന്തരമായി ഇടവകദൈവാലയങ്ങളില്‍ ഭക്‌താഭ്യാസത്തിന്റെ പേരില്‍ നടത്തിപ്പോരുന്ന ഊട്ടുനേര്‍ച്ചയും മറ്റാഘോഷസദ്യകളുമൊക്കെ ഭക്‌താഭാസമായി മാറുന്നില്ലേ...?
മത്തായിമുത്തപ്പന്റെ കുരിശുപള്ളിക്ക്‌ അഞ്ചുലക്ഷം സമാഹരിക്കാമെങ്കില്‍ സാമ്പത്തികമുള്ള നമ്മുടെ ഇടവകകളിലും ഫൊറോനകളിലും ബസലിക്കകളിലും തീര്‍ഥാടനകേന്ദ്രങ്ങളിലുമൊക്കെ എത്രയോ ലക്ഷങ്ങള്‍ സമാഹരിക്കാമായിരുന്നു...! വിശപ്പിനുവേണ്ടി വിശക്കുന്നവര്‍ക്കു സദ്യയൊരുക്കുന്നതിനു പകരം വിശന്നുപൊരിയുന്നവര്‍ക്ക്‌ അഗാപ്പെയായി ഊട്ടുനേര്‍ച്ചകള്‍ രൂപാന്തരപ്പെട്ടിരുന്നെങ്കില്‍...! ഇങ്ങനെയൊരാഹ്വാനം അഭിവന്ദ്യപിതാക്കന്മാരുടെ നോമ്പുകാലസന്ദേശത്തില്‍ ഉള്‍പ്പെടുത്തിയുന്നെങ്കില്‍...!

റവ. ഡോ. തോമസ്‌ മൂലയില്‍

(ലേഖകന്റെ ഫോണ്‍ നമ്പര്‍: 9048117875)

Ads by Google
Thursday 07 Mar 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW