Wednesday, March 06, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 02.12 PM

ഹോ എന്തൊരു ക്ഷീണം...

''ചിട്ടയില്ലാത്ത ജീവിതരീതി മുതല്‍ ഡിപ്രഷന്‍ വരെ ക്ഷീണവും ഉറക്കവും ക്ഷണിച്ചുവരുത്തുന്നു. എപ്പോഴും ഉറക്കവും ക്ഷീണവും അനുഭവപ്പെടുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്''
uploads/news/2019/03/292541/Tiredproblms050319.jpg

ഇടയ്ക്കിടെ ക്ഷീണവും ഉറക്കവും വരുന്നതിനു കാരണങ്ങള്‍ പലതാകാം. ചിട്ടയില്ലാത്ത ജീവിതരീതി മുതല്‍ ഡിപ്രഷന്‍ വരെ ക്ഷീണവും ഉറക്കവും ക്ഷണിച്ചുവരുത്തുന്നു. എപ്പോഴും ഉറക്കവും ക്ഷീണവും അനുഭവപ്പെടുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നന്നായി വെള്ളം കുടിച്ചില്ലെങ്കില്‍


മനുഷ്യശരീരത്തില്‍ അത്യന്താപേക്ഷിതമായിട്ടുള്ള ഘടകമാണ് ജലം. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ജലം ആവശ്യമാണ്. അതിനാല്‍ ദിവസവും ശരാശരി 8 - 9 ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തിന്റെ ക്ഷീണവും അസ്വസ്ഥതയും അകറ്റാനും ഇതു സഹായിക്കും.

ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക, ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങള്‍ നീക്കുക, നാഡികളുടെ പ്രവര്‍ത്തനം, ശ്വസനം, വിസര്‍ജനം തുടങ്ങിയ നിരവധി ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തില്‍നിന്നും ജലാംശം ഇല്ലാതാകുന്ന അവസ്ഥയായ നിര്‍ജലീകരണം പലതരത്തില്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷം ചെയ്യും.

അമിതമായി വ്യായാമം ചെയ്യുമ്പോഴും വേനല്‍ക്കാലത്തും ശരീരത്തില്‍നിന്നും ജലാംശവും ധാതുലവണങ്ങളും കൂടുതലായി നഷ്ടപ്പെടും. ഇതു ക്ഷീണത്തിനു കാരണമാകും. ഒപ്പം ശരീരത്തിലെ താപനിലയില്‍ വ്യത്യാസം ഉണ്ടാകുകയും ചെയ്യും. വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന ഓക്‌സിഡേറ്റിവ് പ്രഷര്‍ കുറച്ച് ശരീരത്തെ സംരക്ഷിക്കുന്നതിനു ജലം സഹായിക്കുന്നു.

മൂക്കടപ്പിനും തൊണ്ടയിലെ അസ്വസ്ഥതകള്‍ക്കും പരിഹാരം നേടാന്‍ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. വെള്ളം കുടിക്കുമ്പോള്‍ അന്നനാളത്തിലും ശ്വാസകോശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കഫം ഇളകി പോകുകയും ഇത് സുഗമമായ ശ്വസനത്തിന് സഹായിക്കുകയും ചെയ്യും. ശരീരത്തിനു ആവശ്യമായ ജലം ലഭ്യമായില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഉറക്കത്തെയായിരിക്കും.

രാത്രിയില്‍ ആവശ്യത്തിനു ഉറക്കം ലഭിച്ചിട്ടും ജോലി സമയങ്ങളിലും ഉറക്കം വരുന്നുണ്ടെങ്കില്‍ ജലത്തിന്റെ കുറവ് കൊണ്ട് ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാത്തതാകാം.

രാത്രി ഉറക്കം ക്രമമാക്കാം


രാത്രിയില്‍ കൃത്യമായി ഉറങ്ങിയില്ലെങ്കിലും പകല്‍ സമയങ്ങളില്‍ ഉറക്കം വരാം. കൃത്യമായ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കണം. കൂടാതെ ഇടയ്ക്കിടെ ഉറക്കത്തില്‍നിന്നും ഉണരുന്നതും ഉറക്കം നഷ്ടപ്പെടുത്തും. ഒരു ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തികളിലും ചിട്ടയുണ്ടായാല്‍ രാത്രി ഉറക്കം നന്നാകും.

ഭക്ഷണക്രമങ്ങളിലും വ്യായാമങ്ങളിലും വീഴ്ചകള്‍ വരുത്താന്‍ പാടില്ല. ദഹനപ്രക്രിയകള്‍ സുഗമമായി നടക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. വ്യായാമങ്ങള്‍ക്ക് ദിവസവും പ്രാധാന്യം നല്‍കണം. രാവിലെയോ വൈകുന്നേരമോ അല്‍പസമയം വ്യായാമത്തിനായി മാറ്റി വയ്ക്കാം.

വൈകുന്നേരങ്ങളില്‍ കുറച്ചുനേരം നടക്കാന്‍ പോകുന്നതില്‍ തെറ്റില്ല. വൈകിട്ട് കിടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ കുറഞ്ഞ അളവില്‍ കഴിക്കുന്നതായിരിക്കും ഉചിതം. പകല്‍ ഉറക്കം കൂടുതലുള്ളവരിലും രാത്രിയില്‍ ഉറക്കം തടസപ്പെടും. അതുകൊണ്ട് പകല്‍ സമയങ്ങളിലെ ആക്ടിവിറ്റികള്‍ ക്രമമായി കൊണ്ടുപോകാന്‍ ശ്രമിക്കുക.

uploads/news/2019/03/292541/Tiredproblms050319a.jpg

വിളര്‍ച്ച തിരിച്ചറിയുക


അനീമിയ കാരണമുള്ള ബുദ്ധിമുട്ടുകള്‍ ഏറ്റവുമധികം അനുഭവിക്കുന്നത് സ്ത്രീകളാണ്. രക്തത്തിലൂടെ ഓക്‌സിജന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന ജോലി കഠിനമാകുന്നത് അനീമിയ ഉള്ളവരിലാണ്. ഇതിനെ പൊതുവേ അയണിന്റെ അഭാവം എന്നു പറയപ്പെടുന്നു. അയണിന്റെ അംശമാണ് ശരീരത്തിലെ രക്തത്തിലേക്ക് ഓക്‌സിജന്‍ കടത്തിവിടുന്നത്്. അയണിന്റെ അംശം കുറവുള്ളവര്‍ക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടും.

രക്തപരിശോധനയിലൂടെയാണ് ഒരു വ്യക്തി അനീമിക്ക് ആണോയെന്ന് കണ്ടെത്തുന്നത്. എപ്പോഴും ക്ഷീണം തോന്നുക, തളര്‍ച്ച, ഉത്സാഹക്കുറവ്, ഇടയ്ക്കിടെ ഉറക്കം വരിക ഇവയൊക്കെ അനീമിയ രോഗ ലക്ഷണത്തോടനുബന്ധിച്ച് പ്രകടമാകാം.

എപ്പോഴും ഉറക്കം വരുന്നതിന്റെ കാരണം അനീമിയ മൂലവുമാകാം. അനീമിയ ഉള്ളവരില്‍ ദിവസം മുഴുവന്‍ ഇടയ്ക്കിടെ ക്ഷീണവും ഉറക്കവും ഉണ്ടാകാം. രാത്രിയില്‍ നല്ല ഉറക്കം ലഭിച്ചാലും അനീമിയ ഉള്ളവരില്‍ പകല്‍ സമയങ്ങളിലും ഉറക്കവും ക്ഷീണവും കൂടുതലായി അനുഭവപ്പെടും.

ഡിപ്രഷന്‍


ശരീരത്തിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഊര്‍ജം ലഭിക്കാന്‍ നല്ല ഉറക്കം ആവശ്യമാണ്. എന്നാല്‍ വിഷാദരോഗമുള്ളവരില്‍ എപ്പോഴും ഉറക്കം അനുഭവപ്പെടാന്‍ ഇടയുണ്ട്. ഡിപ്രഷനുള്ളവരില്‍ സദാസമയവും ഉത്സാഹക്കുറവും ഉറക്കവും ഉണ്ടാകും. മാനസികമായി തളര്‍ന്നിരിക്കുന്നവരില്‍ ഒരു കാര്യങ്ങളിലും ഉത്സാഹമുണ്ടാകില്ല.

എപ്പോഴും ക്ഷീണം തോന്നുക, സന്തോഷമില്ലാത്ത അവസ്ഥ ഇവയൊക്കെ വിഷാദമുള്ളവരില്‍ കാണപ്പെടാറുണ്ട്. മറ്റുള്ളവരുമായി ഇടപഴകാതെ ഒറ്റയ്ക്ക് സമയം ചെലവിടുക, എപ്പോഴും എന്തെങ്കിലും ചിന്തകളില്‍ മുഴുകിയിരിക്കുക ഇവ ഡിപ്രഷന്‍ ഉള്ളവരില്‍ പതിവാണ്.

എപ്പോഴും ഉറങ്ങണമെന്ന തോന്നലും ഭക്ഷണകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധനല്‍കാത്തതും ക്ഷീണം വര്‍ധിപ്പിക്കും. ഭക്ഷണക്കുറവും ഉത്സാഹമില്ലായ്മയും പകല്‍ സമയങ്ങളിലും ഉറക്കത്തിനടയാക്കും.

ഡിപ്രഷനുള്ള വ്യക്തിക്ക് രാത്രിയില്‍ വേണ്ടത്ര ഉറക്കം ലഭിച്ചാലും ഉന്മേഷത്തോടെ ഉറക്കമുണരാന്‍ കഴിയാറില്ല. ഡിപ്രഷനില്ലാത്ത വ്യക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിപ്രഷനുള്ളവര്‍ക്ക് രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നില്ല. ഡിപ്രഷനുള്ള വ്യക്തികളുടെ മാനസിക നിലയും ആരോഗ്യക്കുറവും ക്ഷീണം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

ഫോണിന്റെ അമിത ഉപയോഗം


ഉറങ്ങാന്‍ പോകുന്നതിനു അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നവരാണ് അധികവും.

ഉറക്കം വരുന്നതു വരെ മെയില്‍ പരിശോധിക്കാമെന്നും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാമെന്നും കരുതുന്നവരാണ് പലരും. എന്നാല്‍ ഉറങ്ങുന്നതിനു മുന്‍പ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

മൊബൈല്‍ ഫോണുകളില്‍ നിന്നും പ്രതിഫലിക്കുന്ന വെളിച്ചം കണ്ണുകളിലെ സമ്മര്‍ദം വര്‍ധിക്കാന്‍ കാരണമാകും. ഫോണിന്റെ സ്‌ക്രീനില്‍ നിന്നും വരുന്ന വെളിച്ചം നിരന്തരം ഏല്‍ക്കുന്നത് റെറ്റിനയെ ബാധിക്കും. കൂടാതെ നല്ല ഉറക്കം നഷ്ടപ്പെടാനും അമിതക്ഷീണം ഉണ്ടാകാനും ഇടയാകും.

ആരോഗ്യസംരക്ഷണത്തിനും ദിവസേനയുള്ള പ്രവര്‍ത്തനങ്ങളിലും അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ശാരീരിക ക്ഷീണവും ഒഴിവാക്കാന്‍ കഴിയും.

വിവരങ്ങള്‍ക്ക് കടപ്പാട് :
ഡോ. എലിസബത്ത് റെജി
മെഡിക്കല്‍ ഓഫീസര്‍
നാഷണല്‍ ഹെല്‍ത്ത് മിഷന്‍
യു പി എച്ച് സി, കോട്ടയം

തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ്

Ads by Google
Wednesday 06 Mar 2019 02.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW