Tuesday, May 21, 2019 Last Updated 17 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Mar 2019 12.48 PM

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ചാമ്പ്യന്മാര്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യയിലേക്ക് വരുന്നു ; ഈവര്‍ഷം ഇന്ത്യന്‍ ക്‌ളബ്ബ് വാങ്ങും ; കണ്ണു വെച്ചിരിക്കുന്നത് കേരളാ ബ്‌ളാസ്‌റ്റേഴ്‌സിനെ?

uploads/news/2019/03/292276/manchestercity-and-blasters.jpg

ലണ്ടന്‍ : ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ചാമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്‌ളബ്ബ് വാങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ചീഫ് എക്‌സിക്യുട്ടീവ് ഫെറാന്‍ സോറിയാനോയെ ഉദ്ധരിച്ച് പുറത്തു വന്നിരിക്കുന്ന വാര്‍ത്തയില്‍ കേരളത്തിന്റെ സ്വന്തം ക്‌ളബ്ബായ ബ്‌ളാസ്‌റ്റേഴ്‌സിനെയോ ടാറ്റായുടെ ജെംഷെഡ്പൂര്‍ എഫ് സിയേയോ പരിഗണിച്ചേക്കുമെന്നാണ് കേള്‍ക്കുന്നത്. സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയിലെ മൂന്നാം ഡിവിഷന്‍ കളിക്കുന്ന ക്‌ളബ്ബ് സിചുവാന്‍ ജിയൂനിയു എഫ് സി സിറ്റി വാങ്ങിയത് കഴിഞ്ഞമാസമാണ്.

ചൈനയ്ക്ക് പിന്നാലെയാണ് ഇന്ത്യയിലേക്ക് ശ്രദ്ധ തിരിച്ചിട്ടുള്ളത്. സിറ്റി ഗ്രൂപ്പ് ബ്‌ളാസ്‌റ്റേഴ്‌സില്‍ താല്‍പ്പര്യം എടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത് ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ വെബ്‌സൈറ്റാണ്. യഥാര്‍ത്ഥ ഫുട്‌ബോള്‍ കമ്പമുള്ള ചില വിപണികളും ചില രാജ്യങ്ങളിലും തങ്ങള്‍ക്ക് താല്‍പ്പര്യം ഉണ്ടെന്ന് സോറിയാനോ വ്യക്തമാക്കി. ചൈനയിലെയും ഇന്ത്യയിലെയും കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. രണ്ടു വര്‍ഷമായി ഇന്ത്യയില്‍ ഇക്കാര്യത്തിനായി ശ്രമിച്ചു വരികയാണെന്നും ഈ വര്‍ഷം തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ വിപണിയില്‍ ഇറങ്ങുമെന്നും സോറിയാനോ പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള കേരളാ ബ്‌ളാസ്‌റ്റേഴ്‌സാണ് ഇവരുടെ പ്രഥമ പരിഗണനയെന്നും ബ്‌ളാസ്‌റ്റേഴ്‌സിനെ കിട്ടിയില്ലെങ്കില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ സിറ്റിഗ്രൂപ്പ് വാങ്ങിയേക്കുമെന്നാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് നല്‍കുന്ന സൂചന.

കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഫാന്‍ഗ്രൂപ്പ് തന്നെയാണ് സിറ്റിയെ പ്രചോദിപ്പിക്കുന്നതെന്നാണ് ഫോക്‌സ് ന്യുസ് പറയുന്നത്. ബ്‌ളാസ്‌റ്റേഴ്‌സിന്റെ മികച്ച സീസണില്‍ നിറഞ്ഞു കവിഞ്ഞിരുന്ന ഗ്യാലറിയും അതിന്റെ ഉത്സാഹവും തന്നെയാണ് സിറ്റിയെ കൊതിപ്പിക്കുന്നത്. അതേസമയം ഇത്തരം ഒരു ഊഹാപോഹം നേരത്തേ തന്നെ പുറത്തു വന്നിരുന്നെങ്കിലൂം ബ്‌ളാസ്‌റ്റേഴ്‌സിന്റെ പഴയ സിഇഒ വരുണ്‍ ത്രിപുരനേനി നിഷേധിച്ചിരുന്നു. എന്നാല്‍ ക്‌ളബ്ബില്‍ വരുന്ന മാസങ്ങള്‍ കാര്യമായ മാറ്റം വരാനിടയുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.

ബ്‌ളാസ്‌റ്റേഴ്‌സ് കഴിഞ്ഞാല്‍ ജംഷെഡ്പൂര്‍ എഫ്‌സിയിലാണ് സിറ്റി കണ്ണു വെച്ചിരിക്കുന്നത് എന്നും വാര്‍ത്തയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഊഹാപോഹത്തിന് കാരണമായിരിക്കുന്നത് ടാറ്റാഫുട്‌ബോള്‍ അക്കാദമിയുടെ സുനില്‍ ഭാസ്‌ക്കരനുമായി സോറിയാനോ സംസാരിക്കുന്നതിന്റെ ചിത്രമാണ്. 2017 ലാണ് ജംഷെഡ്പൂര്‍ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന്റെ ഭാഗമായി മാറിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നടപ്പു സീസണ്‍ തുടങ്ങുന്നതിന് മുമ്പായി പ്രീസിസണ്‍ മത്സരങ്ങളില്‍ തന്നെ ചില സൂചനകള്‍ ഉണ്ടായിരുന്നു. സിറ്റിയുടെ സ്പാനിഷ് ക്‌ളബ്ബ് ജിറോണ എഫ് സി യും ഓസ്‌ട്രേലിയന്‍ ക്‌ളബ്ബ് മെല്‍ബണ്‍സിറ്റിയും ഇന്ത്യയില്‍ കളിക്കാന്‍ എത്തിയിരുന്നു. ഈ ടൂര്‍ണമെന്റിലെ മൂന്നാമത്തെ മലയാളികളുടെ സ്വന്തം കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് ആയിരുന്നു. ലോകത്തെ പല ക്‌ളബ്ബുകളെയും വെല്ലുന്ന തരത്തില്‍ ആരാധകവൃന്ദമുള്ള ബ്‌ളാസ്‌റ്റേഴ്‌സ് പക്ഷേ ലീഗില്‍ രണ്ടു സീസണായി ശനിദശയാണ്. തുടര്‍ച്ചയായുള്ള സമനിലയും പരാജയവും ആരാധകരെ പിന്നോട്ടടിക്കുകയും ചെയ്തു.

2013 ലാണ് സിറ്റി പ്രീമിയര്‍ ലീഗിന് പുറത്ത് സഹോദര സ്ഥാപനം തുടങ്ങിയത്. ന്യൂയോര്‍ക്ക് സിറ്റി ടീമിനെ സ്വന്തമാക്കിക്കൊണ്ടായിരുന്നു. പിന്നീട് ഓസ്‌ട്രേലിയന്‍ ലീഗിലെ മെല്‍ബണ്‍സിറ്റി, ജപ്പാനിലെ യോക്കോഹോമാ എസ് മറിനോസ്, ഉറുഗ്വേ ലീഗിലെ അത്‌ലറ്റിക്കോ ടോര്‍ക്ക്, സ്പാനിഷ് ലീഗിലെ ജിറോണ എന്നീ ക്‌ളബ്ബുകള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. നിലവില്‍ ഏഴിലധികം ക്‌ളബ്ബുകള്‍ അവര്‍ക്കുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ടോ മൂന്നോ ക്‌ളബ്ബുകളില്‍ കൂടി സിറ്റി പണമെറിഞ്ഞേക്കുമെന്നും സോറിയാനോ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW