Friday, June 21, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 04 Mar 2019 10.37 AM

സിനിമയില്‍ വിധേയത്വമുണ്ട്, എനിക്ക് അത്പറ്റില്ല, സീരിയല്‍ കാണാതിരിക്കുന്നതാണ് നല്ലത്- ഗായത്രി തുറന്നു പറയുന്നു

''അഭിനയ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായത്രി തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും...''
uploads/news/2019/03/292071/gayathriINW040319.jpg

ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും വ്യക്തമായ അറിവും ലക്ഷ്യബോധവുമുളള സ്ത്രീകള്‍ എന്നും നമുക്ക് അഭിമാനമാണ്. അത്തരത്തില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തികളിലൊരാളാണ് ഗായത്രി.

അഭിനയ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായത്രി സിനിമാ സീരിയല്‍ പ്രേക്ഷകര്‍ സ്നേഹിക്കുന്ന അഭിനേത്രി മാത്രമല്ല. കമ്യൂണിസമെന്ന ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന, 40 വര്‍ഷമായി ആ രാഷ്ട്രീയത്തിന്റെ ജീവവായു ശ്വസിക്കുന്ന തികഞ്ഞ സാമൂഹിക ബോധമുള്ള ഒരു സ്ത്രീകൂടിയാണ്.

നടി എന്നതിലുപരി സമൂഹത്തിലെ പൊതുവിഷയങ്ങളില്‍ അഗാധമായ അറിവും അതില്‍പ്പരം ആകുലതയും പേറുന്ന ഗായത്രിയുടെ ചിന്തകളിലേക്ക്...

അഭിനയ രംഗത്ത് എത്തിയിട്ട് 25 വര്‍ഷമാകുന്നു?

ആഗ്രഹിച്ച് മോഹിച്ചൊന്നുമല്ല സിനിമയില്‍ അവസരം ലഭിച്ചത്. 19-ാം വയസില്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ്. വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണത്. എന്റെ സഹോദരന് സംവിധാനം പഠിക്കണമെന്ന് ആഗ്രഹം. അന്ന് തിളങ്ങിനില്‍ക്കുന്ന സംവിധായകനാണ് രാജസേനന്‍. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കണമെന്ന മോഹവുമായിട്ടാണ് സേനന്‍ സാറിനെ കാണാന്‍ ചെന്നത്.

ആ സമയത്ത് സാര്‍ സി. ഐ.ഡി ഉണ്ണികൃഷ്ണന്‍ ചെയ്യുകയാണ്. അതിന്റെ ഡിസ്ട്രിബ്യൂട്ടര്‍ ഞങ്ങളുടെ നാട്ടുകാരനും അച്ഛന്റെ സുഹൃത്തുമായ മാണി സി. കാപ്പനാണ്. ചിത്രത്തില്‍ ജയറാമിന്റെ സഹോദരിയായി അഭിനയിക്കാന്‍ ഒരു പെണ്‍കുട്ടിയെ വേണം. മറ്റൊരാളെ അതിലേക്ക് പരിഗണിച്ചിരുന്നു. എങ്കിലും മാണി സാര്‍ എന്റെ പേര് പറഞ്ഞതുകൊണ്ടും എന്റെ സഹോദരനെ അറിയാവുന്നതുകൊണ്ടും എനിക്ക് ആ സിനിമയില്‍ ഒരു അവസരം കിട്ടി.

അന്നും ഇന്നും പെര്‍ഫക്ട് ആക്ടറൊന്നുമല്ല ഞാന്‍. പിന്നീടങ്ങോട്ട് അമ്മ, പെങ്ങള്‍, ചേച്ചി അങ്ങനെ പല സപ്പോര്‍ട്ടിംഗ് ക്യാരക്ടറുകള്‍ ചെയ്തുവരുന്നു.

അതിനിടയില്‍ വിവാഹം കഴിഞ്ഞു. മകളായി. അവള്‍ക്ക് മൂന്ന് മാസമായപ്പോള്‍ സെവന്‍ ആര്‍ട്സ് വിജയകുമാര്‍ സാറിന്റെ ഒരു പ്രോജക്ടിലൂടെ സീരിയല്‍ രംഗത്തുവന്നു. പിന്നീടങ്ങോട്ട് അഞ്ചും ആറും സീരിയലുകളില്‍ ഒന്നിച്ചഭിനയിച്ചു. ഇപ്പോഴും സീരിയലും സിനിമകളും ചെയ്യുന്നു.

സീരിയല്‍ തന്ന പ്രശസ്തി?


ഇപ്പോള്‍ സീരിയലുകള്‍ അധികം ചെയ്യുന്നില്ല. അവസരമില്ലാത്തതുകൊണ്ടല്ല. ക്വാളിറ്റിയില്ലായ്മകൊണ്ടാണ്. അതൊരു സത്യമാണ്. പലപ്പോഴും ചാനല്‍ പ്രൈവറ്റെസേഷന്‍ സീരിയലുകളേയും ബാധിച്ചിട്ടുണ്ട്. അത് ക്വാളിറ്റിയെ ബാധിക്കുന്നുണ്ട്.

അതുപോലെ സീരിയലിന്റെ പ്രതിപാദന വിഷയങ്ങളായ അമ്മായിയമ്മപ്പോരും കുശുമ്പും ഒക്കെ സത്യത്തില്‍ നെഗറ്റീവ് മെസേജുകളാണ് സമൂഹത്തിന് നല്‍കുന്നത്. നമുക്കിവിടെ പുരോഗമനപരമായി പറയാന്‍ ഒന്നുമില്ലേ? ഞാന്‍ ഒരു വേദിയില്‍ പോയാല്‍ നടി എന്ന ലേബലില്‍ തന്നെയാണ് നില്‍ക്കുന്നത്. എല്ലാ ബഹുമാനത്തോടെയും പറയട്ടേ സീരിയല്‍ കാണാതിരിക്കുന്നതാണ് നല്ലത്.

സീരിയല്‍ നമുക്ക് ഒന്നും തരുന്നില്ല. ഒരു ടീനേജ് പെണ്‍കുട്ടി സീരിയലില്‍ അഭിനയിക്കാന്‍ വന്നാല്‍ ഞാന്‍ പറയും.. അത് വേണ്ട, നിന്റെ ലൈഫ് പാഴാകും..അതിനര്‍ഥം അവള്‍ ചീത്തയായി പോകുമെന്നോ, വഴിപിഴച്ച് പോകുമെന്നോ അല്ല.

നമ്മള്‍ സൊസൈറ്റിക്ക് വേണ്ടി നല്ലത് എന്തെങ്കിലും ചെയ്യണം. സമൂഹത്തിന് ഒരു പോസിറ്റീവ് മെസേജ് പാസ് ചെയ്യേണ്ടത് ഏതൊരു ജോലി ചെയ്യുന്നവരുടേയും കടമയാണ്. ഇന്ന് ബിഗ് സീറോയായി പോകുന്ന ഒരു മീഡിയമായി സീരിയല്‍ മാറിക്കൊണ്ടിരിക്കുന്നു.

uploads/news/2019/03/292071/gayathriINW040319a.jpg

അഭിനയ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയവരില്ലേ?


അത്തരം ഒരു സീരിയസ് അപ്രോച്ച് അഭിനയത്തോടെനിക്ക് വന്നിട്ടില്ല. അതുകൊണ്ടുതന്നെ അങ്ങനെ ഒരു വ്യക്തിയെ എടുത്തുപറയാനുമില്ല. ആദ്യമായി അഭിനയിക്കാന്‍ അവസരം തന്ന രാജസേനന്‍ സാര്‍, മാണി സി. കാപ്പന്‍ അവരെമാത്രം എന്നും ഓര്‍ക്കുന്നു. അല്ലാതെ ആരും സ്വാധീനിച്ചുവെന്ന് പറയാനില്ല.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമാകുന്നത്?


പാര്‍ട്ടിയില്‍ ജനിച്ചുവീണയാളാണെന്നു പറയാം. എന്റെ കുടുംബം പാര്‍ട്ടിയില്‍ വളരെ സജീവമായിരുന്നു. പാലായാണ് സ്വദേശം. എന്റെ ചെറുപ്പത്തില്‍ അച്ഛന്‍ ലോക്കല്‍ കമ്മറ്റി മെമ്പറാണ്.

അന്ന് നാട്ടില്‍ ഓഫീസൊന്നുമില്ല. വീടുകളിലാണ് കമ്മറ്റി കൂടുക. രണ്ടോ മൂന്നോ കസേരയും ഒരു ബഞ്ചുമൊക്കെ മുറ്റത്തിട്ടിട്ടുണ്ടാവും. അങ്ങനെ ചെറിയ സൗകര്യത്തിലൊക്കെയിരുന്നാണ് പാര്‍ട്ടി മീറ്റിംഗ്. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികളും അതിനിടയിലുണ്ടാവും.

റഷ്യന്‍ പാര്‍ലമെന്റിലെ രാഷ്ട്രീയവും കാള്‍മാക്സിനെക്കുറിച്ചും ലെനിനെക്കുറിച്ചും ഒക്കെ അവിടെ ചര്‍ച്ച ചെയ്യുകയും സംസാരിക്കുകയും ചെയ്യും. തിരിച്ചറിവാകാത്ത പ്രായത്തിലേ മനസിലേക്ക് കയറിയ ഐഡിയോളജിയാണ്. പരന്ന വായനയുമുണ്ടായിരുന്നു. എന്റെ കാലുകള്‍ പാര്‍ട്ടിയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ഉറപ്പിച്ച് ചവിട്ടുന്നത് ആശയപരമായിത്തന്നെയാണ്.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമോ?


പലരും ചോദിച്ചിട്ടുണ്ട് ഇക്കാര്യം. മത്സരിക്കാന്‍ താല്‍പര്യമില്ല. ഇപ്പോള്‍ എന്റെ ഭാഗത്തുനിന്ന് പൊതു ഇടപെടലുകള്‍ നന്നായി ഉണ്ട്. കാരണം സമയമുണ്ട്. ഇന്നത്തെക്കാലത്ത് എല്ലാവരും അവനവന്റെ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടുകയാണ്. അതുകൊണ്ട് നമുക്ക് ജീവിതത്തിന് പൂര്‍ണ്ണത കിട്ടുന്നില്ല. കൃത്യമായ ഇടപെടലുകള്‍ പൊതുധാരയില്‍ നിന്നോ ജീവിത പക്ഷത്തുനിന്നോ രാഷ്ട്രീയത്തിനുണ്ടാവേണ്ട സമയമാണ് ഇത്.

ബിസിനസ് രംഗത്തും സജീവമാണ്?


തൃപ്പൂണിത്തുറയില്‍ വര്‍ഷ ജുവലറി നടത്തുന്നുണ്ട്. സിനിമയില്‍ അത്ര സജീവമല്ലാത്തതുകൊണ്ടുതന്നെയാണ് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞത്.
സിനിമ എന്റെ വ്യക്തിപരമായ വരുമാനമാര്‍ഗ്ഗമല്ല. സ്വതന്ത്രമായി പ്രവര്‍ത്തിച്ച് നേടാന്‍ കഴിയുന്ന മേഖലയല്ല സിനിമ. അത് സ്ത്രീയായാലും പുരുഷനായാലും. കുറേ കോക്കസും ഗ്രൂപ്പുമുണ്ടിവിടെ. ഗ്രൂപ്പുകളില്‍ നില്‍ക്കുക എന്നാല്‍ അതിഭയങ്കരമായ വിധേയത്വത്തിനു വഴങ്ങുക എന്നാണര്‍ഥം.

സിനിമയില്‍ അത്തരം വിധേയത്വമുണ്ട്. അത് എനിക്ക് പറ്റില്ല. അതൊരഹങ്കാരമായിട്ടല്ല, ആത്മബോധമായിട്ടാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടുതന്നെ സിനിമ പ്രധാന ജീവിതമാര്‍ഗമായി ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. ആ സമയത്താണ് ബിസിനസിലേക്ക് വന്നത്.

uploads/news/2019/03/292071/gayathriINW040319c.jpg

നൂറിലധികം സിനിമകള്‍ ചെയ്തു. മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രം?


തലപ്പാവില്‍ ഞാനൊരു വേഷം ചെയ്തിരുന്നു. അതിലെ കഥാപാത്രം മറക്കാനാവില്ല. അതുപോലെ മീശമാധവനിലെ സരസു. ഇന്നും ജനങ്ങളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന സിനിമയാണത്.

ആ ക്യാരക്ടര്‍ നാണക്കേടുണ്ടാക്കി എന്നു പറഞ്ഞിരുന്നല്ലോ?


നാണക്കേടന്നല്ല ഉദ്ദേശിച്ചത്. ഞാന്‍ പറഞ്ഞകാര്യം ആളുകള്‍ തെറ്റിധരിച്ചതാണ്. ലാല്‍ജോസ് സാര്‍ സിനിമ പ്ലാന്‍ ചെയ്യുമ്പോഴേ സരസു എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. സിനിമയിലെ പ്രധാനപ്പെട്ട ക്യാരക്ടറാണ്.

നായകന്‍ വില്ലനെ താഴ്ത്തിക്കെട്ടുന്നത് ഈ ക്യാരക്ടറിനെ ഉപയോഗിച്ചാണ്. അതായത് ജഗതിയെ ദിലീപ് തന്റെ വരുതിയിലേക്ക് കൊണ്ടുവ
രുന്നത് സരസു എന്ന എന്റെ കഥാപാത്രം വച്ചിട്ടാണ്. വില്ലന്റെ കീപ്പാണ് സരസു.

പിന്നീട് അത്തരത്തിലുളള ഏത് കഥാപാത്രം വന്നാലും ഡയറക്ടര്‍മാര്‍ എന്നെ വിളിക്കാന്‍ തുടങ്ങി. പിന്നീട് ജോഷിസാറിന്റെ സെവന്‍സില്‍ ഇത്തരത്തിലൊരു ക്യാരക്ടര്‍ വന്നപ്പോള്‍ ഞാനത് വേണ്ടെന്നുവച്ചു. അദ്ദേഹം കാരണമന്വേഷിച്ചു. ആളുകള്‍ എന്നെ സരസു എന്ന് വിളിക്കുന്നു.

എനിക്കതൊരു ബുദ്ധിമുട്ടുപോലെ തോന്നുന്നു. അതുകൊണ്ട് ഇനി അത്തരം വേഷം ചെയ്യുന്നില്ല.. അങ്ങനെയാണ് ഞാ ന്‍ പറഞ്ഞത്.

മീശമാധവന്‍ 2002 ല്‍ ഷൂട്ടിംഗ് കഴിഞ്ഞ ചിത്രമാണ്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മീശമാധവന്‍ ഇപ്പോഴും ചെറുപ്പമായിത്തന്നെ നില്‍ക്കുന്നു. ന്യൂജനറേഷന്‍ മാധ്യമങ്ങള്‍ വന്നപ്പോള്‍ എല്ലാ ട്രോളുകളിലും പിള്ളേച്ചനും സരസുവും ഉണ്ട്. ജനങ്ങളെ അത്രയും ഇന്‍ഫ്ളുവന്‍സ് ചെയ്ത സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനം തന്നെയാണ്.

സിനിമയിലെ സ്ത്രീ സംഘടനയെക്കുറിച്ച്?


സംഘടനകളും സംഘടനാപ്രവര്‍ത്തനങ്ങളും വേണം. അതില്‍ സമരസപ്പെടാത്ത സമരങ്ങള്‍ ഉണ്ടാവണം. പക്ഷേ നമ്മുടെ സിനിമ സംഘടനകളായ അമ്മയും ഡബ്ല്യു.സി.സിയും ഒന്നും സമരംചെയ്യുന്ന സംഘനകളല്ല, സമരസപ്പെടുന്ന സംഘടനകളാണ്. ഞാന്‍ പറഞ്ഞതുപോലെ ചില വിധേയത്വങ്ങള്‍ക്ക് വഴങ്ങിയാണ് സിനിമയിലെ കാര്യങ്ങള്‍ നടക്കുന്നത്.

ഡബ്ല്യു. സി. സിയെ വളരെ ഗൗരവത്തേടെയാണ് നമ്മുടെ ഗവണ്‍മെന്റും മറ്റ് സംഘടനകളും പിന്തുണച്ചത്. എല്ലാ സംഘടനകള്‍ക്കും ഒരു ബൈലോ ഉണ്ടാവണം. മെമ്മോറാണ്ടം ക്യത്യമായിരിക്കണം. സംഘടനയുമായി ചേര്‍ന്നു നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വേണം പ്രവര്‍ത്തനങ്ങള്‍.

ഒരുപക്ഷേ ബിവറേജസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്യാഷ് ഫ്‌ളോ വരുന്നത് സിനിമയില്‍ നിന്നാണ്. അങ്ങനെയൊരു സംഘടനയില്‍ ഒരു തൊഴിലാളി നയമില്ല. ഇന്‍ഡസ്ട്രി സ്വഭാവമില്ല. ട്രേഡ് യൂണിയനിസത്തെ തള്ളിപ്പറയുകയാണ് സിനിമക്കാര്‍ ചെയ്യുന്നത്. ഒരു ഡബ്ല്യു. സി. സിക്കോ അമ്മയ്‌ക്കോ കൈകാര്യം ചെയ്യാവുന്നതല്ല ഇവിടുത്തെ പ്രശ്നങ്ങള്‍.

തുറന്നടിക്കുന്ന സ്ത്രീകള്‍ക്ക് അവസരം നഷ്ടപ്പെടുന്നുണ്ടോ?


ജോലി സ്ഥലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെയാണ്. അവസരം നിഷേധിക്കുന്നു എന്നതൊക്കെ വളരെ നെഗ്ലിജിബിളായ കാര്യമാണ്. കൃത്യമായ നിയമങ്ങളില്ലാതെ, കൃത്യമായ ബൈലോ ഇല്ലാതെ സിനിമ ഇന്‍ഡസ്ട്രി മുന്നോട്ടുപോകുന്നതിന്റെ പ്രശ്നമാണിത്. ഇവിടെയൊരു പോളിസിയുണ്ടാക്കണം. ആ പോളിസിക്കുള്ളില്‍ നില്‍ക്കുമ്പോള്‍ തൊഴില്‍ സെക്യൂരിറ്റിയുണ്ടാവും.
uploads/news/2019/03/292071/gayathriINW040319b.jpg
ഗായത്രിയും മകള്‍ ആഷികയും

കൃത്യമായ വേതനം, ജോലി സമയം ഇതിനൊക്കെ തീരുമാനമുണ്ടാകും. കഴിഞ്ഞ നിയമസഭയില്‍ തൊഴില്‍ വകുപ്പിനുവേണ്ടിയും സാംസ്‌കാരിക വകുപ്പിലേക്കും ഇതിനൊക്കെവേണ്ടി സബ്മിഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ സിനിമ ഇന്‍ഡസ്ട്രിയില്‍ ബോധമുളള ആര്‍ക്കും ഇത്തരം ഒരു കാര്യവും വേണ്ട. എല്ലാവരും അവനവന്റെ കാര്യം നോക്കുന്നവരാണ്.

അമ്മ ജീവിതത്തില്‍ പകര്‍ന്നുതന്ന പാഠം?


സ്ത്രീത്വം എന്താണെന്ന് എനിക്ക് പഠിപ്പിച്ചുതന്നത് അമ്മ സുകുമാരിയാണ്. സ്ത്രീത്വം എന്നുപറയുന്നതില്‍ വിനയവും, സഹനവും, ക്ഷമയും ഒക്കെയുണ്ട്. വ്യക്തിത്വത്തിന് സ്ത്രീലിംഗവും പുല്ലിംഗവും ഇല്ല. പക്ഷേ സ്ത്രീത്വമാണ് സ്ത്രീയുടെ വ്യക്തിത്വം. പുരുഷത്തമാണ് പുരുഷന്റെ വ്യക്തിത്വം. ഇത് തമ്മില്‍ വേര്‍തിരിച്ച് നിര്‍ത്തേണ്ടതല്ല.

എന്നാല്‍ ഇതില്‍ ചില വ്യത്യാസങ്ങളുമുണ്ട്. അതുപോലെ ജീവിതത്തില്‍ വരുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്. വേദനിപ്പിക്കുന്ന പല സംഭവങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ കൂടെ കൊണ്ടുനടക്കാറില്ല. ആ നിമിഷം കഴിഞ്ഞാല്‍ അവിടെ വിട്ടുകളയും.

പുതിയ ചിത്രങ്ങള്‍ ?


വിജയ് സൂപ്പറും പൗര്‍ണമിയും, ജോസഫ്, മാംഗല്യം തന്തുനാനേന അങ്ങനെ കുറച്ച് സിനിമകളിറങ്ങി. ഒരു സീരിയല്‍ ഉടന്‍ തുടങ്ങും. അങ്ങനെ ചെറിയ വേഷങ്ങളുമായി മുന്നോട്ടുപോകുന്നു.

കുടുംബം?


മകള്‍ ആഷിക. അപ്ലൈഡ് സൈക്കോളജിയില്‍ ഡിഗ്രി ചെയ്യുന്നു. നൃത്തരംഗത്ത് സജീവമാണ്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Monday 04 Mar 2019 10.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW