Sunday, May 19, 2019 Last Updated 41 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 01.35 AM

ചെറുപ്പത്തില്‍ പഠനം മുടങ്ങിയതിന്‌ പ്രായശ്‌ചിത്തം; 11 പി.ജി ബിരുദങ്ങള്‍ കീശയിലാക്കിയ റിട്ട. പോലീസ്‌ ഉദ്യോഗസ്‌ഥന്‍

uploads/news/2019/03/291749/k5.jpg

ആലപ്പുഴ : സാമ്പത്തിക പ്രയാസങ്ങളെത്തുടര്‍ന്ന്‌ എസ്‌.എസ്‌.എല്‍.സി. കഴിഞ്ഞു നാലുവര്‍ഷം പഠനം മുടങ്ങിയതിന്‌ എ.വി. ഗോപി പ്രായശ്‌ചിത്തം ചെയ്‌തത്‌ 11 പി.ജി ബിരുദങ്ങള്‍ കീശയിലാക്കി. റിട്ട. പോലീസ്‌ ഉദ്യോഗസ്‌ഥനായ ഗോപിക്കു പഠനമെന്നതു ജീവിതചര്യപോലെ തന്നെ. പോലീസ്‌ സേനയില്‍ നിന്നു വിരമിച്ച്‌ ആലപ്പുഴയിലെ പോലീസ്‌ സഹകരണസംഘത്തില്‍ താല്‍ക്കാലിക ജോലി ചെയ്‌തുവരുന്ന അങ്കമാലി മഞ്ഞപ്ര സ്വദേശിയായ ഗോപിയുടെ പഠനത്തോടുളള ആവേശം സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വിസ്‌മയംതന്നെ.

ആറു സഹോദരിമാരടങ്ങുന്ന കുടുംബത്തിലെ ഏക ആണ്‍തരിയായതിനാല്‍ അച്‌ഛനൊപ്പം ചെറുപ്പത്തില്‍തന്നെ കുടുംബപ്രാരാബ്‌ധം ഏറ്റെടുക്കേണ്ടിവന്നതാണു പഠനം മുടക്കിയത്‌. പെയിന്റിങ്‌ ജോലികള്‍ ചെയ്‌തും ഇലക്‌ട്രിക്‌ കട നടത്തിയും കുടുംബം പുലര്‍ത്തിയപ്പോള്‍ നാലാണ്ടു പിന്നിട്ടുപോയി. ഇതിനിടെ പഠിക്കണമെന്ന മോഹം മാത്രം വിടാതെ പിന്തുടര്‍ന്നു. ഇതോടെ പ്രൈവറ്റായി പ്രീഡിഗ്രിക്കു ചേര്‍ന്ന്‌ ഒരുകൈ നോക്കിയപ്പോള്‍ മികച്ച മാര്‍ക്കോടെ വിജയം.

അങ്ങനെ റഗുലര്‍ കോളജില്‍ ചേര്‍ന്ന്‌ ബികോമും എംകോമും പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ എം.എ. ഇംഗ്ലീഷ്‌ ലിറ്ററേച്ചറും പൂര്‍ത്തിയാക്കിയശേഷം കുട്ടികളെ ട്യൂഷന്‍ പഠിപ്പിച്ചും ഇലക്‌ട്രിക്‌ വര്‍ക്കുകള്‍ ചെയ്‌തും ജീവിക്കുന്നതിനിടെ 35-ാം വയസില്‍ പോലീസില്‍ ജോലി ലഭിച്ചു. ആലപ്പുഴ എ.ആര്‍ ക്യാമ്പിലായിരുന്നു നിയമനം. കഴിഞ്ഞവര്‍ഷം വിരമിക്കുംവരെ ഇവിടെത്തന്നെ ജോലി ചെയ്യാനുള്ള അവസരവും ലഭിച്ചു. അതിനിടെയാണ്‌ എം.എസ്‌.സി സൈക്കോളജി, എം.എസ്‌.സി യോഗ, എം.എ. ഫിലോസഫി, എം.എ. ടൂറിസം മാനേജുമെന്റ്‌, എം.എ. ഹിസ്‌റ്ററി തുടങ്ങി 11 പി.ജി ബിരുദങ്ങള്‍ സ്വന്തമാക്കിയത്‌. ഓഫ്‌ ക്യാമ്പസ്‌, വിദൂരപഠന കോഴ്‌സുകളിലൂടെയായിരുന്നു വിദ്യാഭ്യാസം.

പകല്‍ ഡ്യൂട്ടിക്കു ശേഷം രാത്രിയിലായിരുന്നു പഠനമൊക്കെയും. ഇപ്പോള്‍ താമസിക്കുന്ന എം.ആര്‍ പോലീസ്‌ ഫാമിലി ക്വാര്‍ട്ടേഴ്‌സില്‍ ഹിന്ദി പ്രവീണ്‍ ബിരുദധാരിയായ ഭാര്യ ജയശ്രീക്കൊപ്പം എല്‍.കെ.ജി മുതല്‍ പി.ജി വരെയുള്ള 35 കുട്ടികളെ ട്യൂഷന്‍ പഠിപ്പിക്കുന്നുണ്ട്‌. ഒപ്പം യോഗാ പരിശീലനവും നല്‍കിവരുന്നു. കരാട്ടെയില്‍ ബ്രൗണ്‍ ബെല്‍റ്റും സ്വന്തമാക്കിയിട്ടുണ്ട്‌. ഇനി സംഗീതം പഠിക്കാനുള്ള തയാറെടുപ്പിലാണെന്നു ഗോപി പറയുന്നു. ജീവിതത്തിലെ ഓരോനിമിഷവും ഏറെ വിലപ്പെട്ടതാണ്‌. അതു പാഴാക്കാതെ കൂടുതല്‍ അറിവു സമ്പാദിക്കുകയെന്നതാണു തന്നെ ഈ നേട്ടങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു. വിദ്യാര്‍ഥികളായ മക്കള്‍ ശ്രീഗോപികയ്‌ക്കും ശ്രീദേവിക്കും അച്‌ഛന്‍ തന്നെയാണ്‌ മാതൃക.

ജി. ഹരികൃഷ്‌ണന്‍

Ads by Google
Sunday 03 Mar 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW