Tuesday, May 21, 2019 Last Updated 19 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 02 Mar 2019 10.38 PM

വായനാവസന്തം..!

uploads/news/2019/03/291711/sun3.jpg

നടുവട്ടം സത്യശീലന്‍ പ്രസിദ്ധീകരണ ചരിത്രത്തില്‍ അടയാളമിട്ടത്‌ സവിശേഷമായ ഒരു നിയോഗത്തിന്റെ പേരിലാണ്‌. മംഗളം വാരിക 16 ലക്ഷത്തിലധികം കോപ്പികളുമായി സര്‍വകാല റിക്കാര്‍ഡ്‌ സ്‌ഥാപിച്ചപ്പോള്‍ അതിന്‌ നടുനായകത്വം വഹിച്ചത്‌ അദ്ദേഹമായിരുന്നു. സമാനസ്വഭാവമുള്ള പല വാരികകള്‍ക്കും നിലനില്‍പ്പിനായി നടുവട്ടം നയിച്ച വാരികയുടെ ചുവടു പിടിച്ച്‌ മുന്നോട്ട്‌ പോകേണ്ടി വന്നു. കെ.എം. റോയിയുടെ ഇരുളും വെളിച്ചവും ഉള്‍പ്പെടെ മംഗളത്തിന്റെ സിഗ്നേച്ചര്‍ പംക്‌തികളില്‍ പലതും ആരംഭിച്ചത്‌ നടുവട്ടത്തിന്റെ കാലഘട്ടത്തിലായിരുന്നു.
ജനപ്രിയ നോവല്‍ രംഗത്ത്‌ തരംഗങ്ങള്‍ സൃഷ്‌ടിച്ച പല കൃതികളും അച്ചടിമഷി പുരണ്ടത്‌ നടുവട്ടം പത്രാധിപരായിരുന്ന കാലത്ത്‌.

പത്രപ്രവര്‍ത്തനത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌?
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനായ അച്‌ഛന്‌ എന്നെയും ആ മേഖലയില്‍ കാണാനായിരുന്നു ആഗ്രഹം. പക്ഷേ, എന്റെ മനസ്‌ വാര്‍ത്തകളിലും അക്ഷരങ്ങളിലുമായിരുന്നു. വീട്ടില്‍ ചെറുപ്പകാലം മുതല്‍ അച്‌ഛനും ചിറ്റപ്പന്‍മാരും മറ്റും ചേര്‍ന്ന്‌ അക്ഷരശ്ലോകസദസ്‌ നടത്തിയിരുന്നു. ഞാനും കൂടെക്കൂടും. അന്ന്‌ കൗമുദി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കെ. ബാലകൃഷ്‌ണന്‍ അക്ഷരശ്ലോകസദസ്‌ ഉദ്‌ഘാടനം ചെയ്യാന്‍ വന്നു. ഞാന്‍ ഏറെ ആരാധിക്കുന്ന അദ്ദേഹത്തെ നേരില്‍ കണ്ടത്‌ വലിയ പ്രചോദനമായി. പത്രപ്രവര്‍ത്തകനാകാനുളള ആഗ്രഹം തുറന്നു പറഞ്ഞപ്പോള്‍ അച്‌ഛന്‍ സമ്മതിച്ചു. കോണ്‍ഗ്രസുകാരനായ അച്‌ഛന്റെ സ്വാധീനഫലമായി വീക്ഷണത്തില്‍ അവസരം കിട്ടി. ഇതിനിടയില്‍ മംഗളം കലാസാഹിത്യദേവിയുമായി ബന്ധപ്പെടാന്‍ സാധിച്ചു. അതിന്റെ സ്‌ഥാപക ജനറല്‍ സെക്രട്ടറിയായി എന്നെ തെരഞ്ഞെടുത്തു. കലയും സാഹിത്യവും പരിപോഷിപ്പിക്കാനായി രൂപം കൊണ്ട ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവജന സംഘടനയായിരുന്നു അത്‌.
ആ ബന്ധം മൂലം മംഗളത്തിന്റെ സ്‌ഥാപകന്‍ എം.സി. വര്‍ഗീസ്‌ സാറും അന്നത്തെ എഡിറ്റര്‍ അമ്പാട്ട്‌ സുകുമാരന്‍ സാറും ചേര്‍ന്ന്‌ എന്നെ പത്രാധിപസമിതിയിലേക്ക്‌ ക്ഷണിച്ചു. അങ്ങനെ 26-ാം വയസില്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായി.

പഠനം ഒരു തുടര്‍പ്രക്രിയയാണെന്ന്‌ വിശ്വസിക്കുന്ന പത്രാധിപര്‍?
എം.എ. മലയാളം കഴിഞ്ഞാണ്‌ പത്രപ്രവര്‍ത്തനത്തില്‍ വരുന്നത്‌. ചില ഇടവേളകളില്‍ പത്രപ്രവര്‍ത്തനത്തില്‍ എം.എയും എം.ഫില്ലും ഡോക്‌ടറേറ്റും ടെലിവിഷന്‍ ജേണലിസത്തില്‍ പി.ജി. ഡിപ്ലോമയും പിന്നീട്‌ എല്‍.എല്‍.ബിയും നേടി. ഇപ്പോള്‍ രണ്ടാമത്തെ ഡോക്‌ടററേറ്റിന്‌ ഒരുങ്ങുന്നു. അക്കാദമിക്‌ തലത്തിലുള്ള പഠനത്തിനു മനസുണ്ടെങ്കില്‍ പ്രായമോ, കാലമോ, ജീവിതസാഹചര്യങ്ങളോ തടസമല്ല. ഞാന്‍ ബി.സി.എം. കോളജില്‍ രാവിലെ ജേണലിസത്തിന്‌ ക്ലാസെടുത്തിട്ട്‌ പകല്‍ പത്രപ്രവര്‍ത്തനവും കഴിഞ്ഞ്‌ രാത്രി ഉറക്കമിളച്ചിരുന്ന്‌ ഡോക്‌ടറേറ്റിന്‌ ശ്രമിക്കുന്നയാളാണ്‌്.

ഇത്രയധികം അക്കാദമിക്‌ മികവുളള ഒരാള്‍ ഒതുങ്ങിക്കൂടിയത്‌ ഒരു വൈരുദ്ധ്യമല്ലേ?
അമ്പാട്ട്‌ സാര്‍ മംഗളം വാരികയെ ഒരു ന്യൂസ്‌ മാഗസിന്റെ തലത്തിലേക്ക്‌ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചയാളാണ്‌. പൊന്നമ്പലമേട്ടില്‍ മകരവിളക്ക്‌ കത്തിക്കുന്നത്‌ മലയരയന്‍മാരാണെന്ന വിവരം 1981- ല്‍ മലമുകളില്‍ ഒളിച്ചിരുന്ന്‌ കണ്ടെത്തി ഫോട്ടോയെടുത്ത്‌ അദ്ദേഹം മംഗളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങളും മറ്റ്‌ അന്ധവിശ്വാസങ്ങളും തുറന്നുകാട്ടുന്ന ഫീച്ചറുകള്‍ കണ്ടെത്തി കൊടുത്തിരുന്നു. ഈ ശ്രമങ്ങളിലൊക്കെ ഞാനും അദ്ദേഹത്തോടൊപ്പം സഹായിയായി ഉണ്ടായിരുന്നു.
മംഗളം സാമൂഹ്യപ്രതിബദ്ധതയും പുരോഗമനസ്വഭാവവുമുള്ള ഒട്ടേറെ കാര്യങ്ങള്‍ കണ്ടെത്തിയ ഒരു പ്രസിദ്ധീകരണമാണ്‌. എഴുത്തില്‍ മാത്രമല്ല പ്രവൃത്തിയിലും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിയിരുന്നു. അന്ന്‌ കോട്ടയം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡ്‌ ചോര്‍ന്നൊലിക്കുന്ന ഒരു കെട്ടിടത്തിലാണ്‌. അതു കണ്ട്‌ വര്‍ഗീസ്‌ സാര്‍ വിഷമിച്ചു. സാധാരണക്കാരന്റെ ദുഃഖങ്ങള്‍ അറിഞ്ഞ്‌ വളര്‍ന്ന അദ്ദേഹത്തിന്‌ ഇത്തരം കാര്യങ്ങള്‍ വൈകാരികമായി ഏറ്റെടുക്കാനുളള മനസുണ്ടായിരുന്നു. നാലുലക്കം വാരികയ്‌ക്ക് വില കൂട്ടി വിറ്റ്‌ വായനക്കാരുടെ കാന്‍സര്‍ വാര്‍ഡ്‌ എന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കി. അതുവരെ എഴുത്തിന്‌ അപ്പുറമുള്ള സാമൂഹ്യപ്രതിബദ്ധതയൊന്നും ആര്‍ക്കും ഉണ്ടായിരുന്നില്ല.
പിന്നീട്‌ ഞാന്‍, എന്റെ ദുഃഖം എന്നൊരു പംക്‌തിയില്‍മെറ്റില്‍ഡാ എന്ന പെണ്‍കുട്ടിയുടെ ദുഃഖകഥ പ്രസിദ്ധീകരിച്ചു. ആ കുട്ടിയെ വിവാഹം കഴിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചു കൊണ്ട്‌ ധാരാളം യുവാക്കള്‍ കത്തയച്ചു. സ്‌ത്രീധനമില്ലാത്ത സമൂഹവിവാഹം എന്ന ആശയത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.

ഇനിയൊരിക്കലും ഭേദിക്കപ്പെടാന്‍ സാദ്ധ്യതയില്ലാത്ത ഒരു റിക്കാര്‍ഡ്‌ താങ്കളുടെ പേരിനോട്‌ ചേര്‍ത്തു വയ്‌ക്കാന്‍ കഴിഞ്ഞു. അത്തരമൊരു അപൂര്‍വതയിലേക്ക്‌ നയിച്ച പത്രാധിപര്‍ കൊണ്ടു വന്ന മാറ്റങ്ങളെന്തൊക്കെയായിരുന്നു?
ജനപ്രിയ വാരികകള്‍ക്ക്‌ കൃത്യമായ ഒരു സൂത്രവാക്യവും ഉളളടക്കവും രൂപകല്‍പ്പനയും കൊണ്ടുവന്നത്‌ അമ്പാട്ട്‌ സാറായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ്‌ ഞാന്‍ മംഗളത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്‌. അമ്പാട്ട്‌ സാര്‍ വിരമിക്കുമ്പോള്‍ വാരികയില്‍ മൂന്ന്‌ നോവലുകളായിരുന്നു. എന്റെ കാലത്ത്‌ എട്ട്‌ നോവലുകളായി. ഇരുളും വെളിച്ചവും, ആര്‍ക്കും വേണ്ടാത്തവര്‍... എന്നിങ്ങനെ ചില പംക്‌തികള്‍ കൊണ്ടുവന്നു. അതിലൊക്കെ ഉപരി ഒരു നിമിത്തവും നിയോഗവും കൂടിയായിരുന്നു അത്‌. വായനയെ സാധാരണക്കാര്‍ നെഞ്ചോട്‌ ചേര്‍ത്ത ഒരു കാലത്ത്‌ അതിന്റെ പത്രാധിപസ്‌ഥാനത്ത്‌ എത്താന്‍ എനിക്ക്‌ കഴിഞ്ഞു. ആ ചരിത്രദൗത്യത്തില്‍ അസോസിയേറ്റ്‌ എഡിറ്ററായി എം.ജെ. ഡാരീസും എന്നോടൊപ്പമുണ്ടായിരുന്നു. സാക്ഷരതാ പ്രസ്‌ഥാനം ശക്‌തിപ്പെട്ടിരുന്ന അക്കാലത്ത്‌ മംഗളം വായിക്കാനായി മാത്രം അക്ഷരം പഠിച്ചവരുണ്ട്‌. വൃദ്ധരായ ആളുകള്‍ പോലും അന്ന്‌ വായനയിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു.

പ്രചാരത്തില്‍ ഒരു വാരിക 17 ലക്ഷം പിന്നിടുക. ഏത്‌ കാലത്തും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നേട്ടം. എങ്ങനെ വിലയിരുത്തുന്നു?
അന്ന്‌ ആഴ്‌ച തോറും മൂന്നും നാലും ലക്ഷം വച്ചാണ്‌ വാരികയുടെ പ്രചാരം കൂടുന്നത്‌. 16,75,000 വരെ എത്തിയപ്പോള്‍ മംഗളത്തെ ഇങ്ങനെ വളരാന്‍ വിട്ടാല്‍ ശരിയാവില്ലെന്ന്‌ ചിലര്‍ ക്ക്‌ തോന്നി. അവര്‍ മുന്‍കൈ എടുത്ത്‌ പുരോഗമന പ്രസ്‌ഥാനങ്ങളെ തെരുവിലിറക്കി. പൈങ്കിളി വിരുദ്ധ സമരം എന്ന പേരില്‍ തെരുവ്‌ നാടകങ്ങളും പരസ്യമായി വാരിക കത്തിക്കുന്നത്‌ അടക്കമുളള സമരമുറകളും പ്രത്യക്ഷപ്പെട്ടു. സി.പി.എം. മുന്‍നിരയില്‍ വന്നതോടെ അത്‌ കൂടുതല്‍ തീവ്രമായി. വാരികയുടെ പ്രചാരം കൂടുന്നില്ലെന്ന്‌ മാത്രമല്ല നേരിയ തോതില്‍ കുറയാനും തുടങ്ങി. അന്ന്‌ പാര്‍ട്ടിയുടെ ഒരു പൊതുസമ്മേളനത്തില്‍ സംബന്ധിക്കാനായി ഇ.എം.എസ്‌. കോട്ടയത്ത്‌ വന്നു. എന്‍. സോമശേഖരനും വര്‍ഗീസ്‌ സാറും കൂടി അദ്ദേഹത്തെ പോയി കണ്ട്‌ അഭിമുഖവും ഫോട്ടോയും എടുത്തു. അതിലൊരു ഫോട്ടോ അടുത്തലക്കം മംഗളത്തിന്റെ മുഖചിത്രമായി കൊടുത്തു. അത്‌ കത്തിക്കാന്‍ പൈങ്കിളി വിരുദ്ധസമരക്കാര്‍ക്ക്‌ ധൈര്യം വന്നില്ല. അങ്ങനെ താത്‌കാലികമായി കെട്ടടങ്ങിയെങ്കിലും മംഗളത്തില്‍ എന്തോ മോശപ്പെട്ട കാര്യങ്ങള്‍ അച്ചടിച്ചു വരുന്നു എന്ന ധാരണ സാമാന്യജനതയുടെ മനസില്‍ ശക്‌തിപ്പെട്ടു. വാസ്‌തവത്തില്‍ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്ത ഒരു വാക്കോ, കഥാസന്ദര്‍ഭമോ മംഗളത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സാധാരണക്കാരന്റെ വായനാ തത്‌പരതയെ പിന്നോട്ടടിക്കാന്‍ ഇത്തരം സമരങ്ങള്‍ ഉപകരിച്ചു.

ഉപരിതലസ്‌പര്‍ശിയായ വായന പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന്‌ താങ്കള്‍ വ്യക്‌തിപരമായി വിശ്വസിക്കുന്നുണ്ടോ?
ലോകക്ലാസിക്കുകള്‍ വായിച്ചും പാശ്‌ചാത്യ പൗരസ്‌ത്യ സാഹിത്യദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുമാണ്‌ ഞാന്‍ വളര്‍ന്നത്‌. പക്ഷേ, വായനയിലേക്ക്‌ പിച്ചവച്ചു തുടങ്ങുന്ന നവസാക്ഷരര്‍ക്ക്‌ ലളിതമായ കഥകള്‍ തന്നെ വേണം. ആകാംക്ഷയുടെ രസച്ചരട്‌ പൊട്ടാതെ നോക്കണം. കൂടുതല്‍ ഗൗരവപൂര്‍ണ്ണമായ സാഹിത്യത്തിലേക്ക്‌ ആവശ്യക്കാര്‍ക്ക്‌ പിന്നീട്‌ വഴിമാറുകയും ആവാം. ജനപ്രിയ നോവലുകള്‍ക്ക്‌ അയിത്തം കല്‍പ്പിക്കുന്നത്‌ അര്‍ത്ഥശൂന്യമാണ്‌. ഒളിമ്പിക്‌സിന്‌ ഓടുന്നവനും മുട്ടുകാലില്‍ ഇഴഞ്ഞും തത്തി തത്തി നടന്നുമാണ്‌ തുടങ്ങുന്നത്‌. വായനയിലും ഇത്തരം പല ഘട്ടങ്ങളുണ്ട്‌. മുട്ടത്തു വര്‍ക്കിയെയും കോട്ടയം പുഷ്‌പനാഥിനെയും വായിക്കാത്ത എത്ര മലയാളികളുണ്ട്‌?

പ്ര?ഫഷനലി ട്രെയിന്‍ഡ്‌ ജേണലിസ്‌റ്റായിട്ടും വാര്‍ത്തയുടെ മറ്റ്‌ മേഖലകളിലേക്ക്‌ പോകാഞ്ഞത്‌ എന്തുകൊണ്ട്‌?
എന്റെ തുടക്കം വീക്ഷണം ദിനപത്രത്തിലുടെ ആയിരുന്നു. പിന്നീട്‌ ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയുടെ പാര്‍ട്ട്‌ ടൈം ലേഖകനായി. ദൈനംദിന വാര്‍ത്തകളുടെ ലോകം ഒരിക്കലും അന്യമായിരുന്നില്ല. മംഗളം വാരികയ്‌ക്കും ഒരു ന്യൂസ്‌ മാഗസിന്റെ സ്വഭാവം കൊണ്ടുവരാന്‍ ഞാനും സുകുമാരന്‍ സാറും ഏറെ പരിശ്രമിച്ചിരുന്നു. നമ്മള്‍ ചെയ്യുന്ന കാര്യം ലക്ഷക്കണക്കിന്‌ ആളുകള്‍ ഏറ്റെടുക്കുമ്പോള്‍ മറ്റൊന്നിനെക്കുറിച്ച്‌ ചിന്തിക്കാന്‍ തോന്നില്ല. ഞാന്‍ പല കാലയളവിലായി മൂന്ന്‌ തവണ മംഗളം വാരികയുടെ പത്രാധിപരായി. ഏറ്റവും ദീര്‍ഘകാലം ആ സ്‌ഥാനത്തിരിക്കാന്‍ അവസരം ലഭിച്ചു. നാലുപതിറ്റാണ്ടിന്‌ ശേഷവും ഈ മേഖലയില്‍ തുടരുന്നു. ഇപ്പോള്‍ 'ജ്യോതിഷഭൂഷണം' മാസികയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നു.

നാല്‍പ്പത്‌ വര്‍ഷത്തിനിടയില്‍ എത്രയോ അനുഭവങ്ങള്‍. ആഴത്തില്‍ സ്‌പര്‍ശിച്ച ഒരു അനുഭവം?

ചില ദൗര്‍ഭാഗ്യകരമായ കാരണങ്ങളാല്‍ ജോലി നഷ്‌ടമായി നിത്യവൃത്തിക്ക്‌ പോലും വിഷമിക്കുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്‌. പറക്കമുറ്റാത്ത രണ്ട്‌ കുഞ്ഞുങ്ങളും വീട്ടമ്മയായ ഭാര്യയുമായി ഒരു തൊഴില്‍രഹിതന്‍ എങ്ങനെ മുന്നോട്ട്‌ പോകും. ആ സന്ദര്‍ഭത്തിലാണ്‌ ഒരു കൈത്താങ്ങിന്റെ വിലയറിയുന്നത്‌. മണിച്ചേട്ടന്‍ എന്ന്‌ ഞാന്‍ വിളിക്കുന്ന എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെക്കുറിച്ച്‌ പൊതുസമൂഹത്തിനുളള ധാരണ അദ്ദേഹത്തിന്റെ പരുക്കന്‍ മുഖാവരണവുമായി ബന്ധപ്പെട്ടാണ്‌. അതുപോലെ വെളളാപ്പള്ളി നടേശനും പി.സി. ജോര്‍ജ്‌ എം.എല്‍.എ.യും അപ്രിയസത്യങ്ങള്‍ തുറന്നടിക്കുന്നതിന്റെ പേരില്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ്‌. ഇവര്‍ മൂന്നുപേരും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ എന്നെ അവിചാരിതമായി കൈപിടിച്ചു നടത്തിയവരാണ്‌.
കുട്ടികളുടെ പഠിപ്പു മുതല്‍ ദൈനംദിനചിലവുകള്‍ക്ക്‌ പോലും ബുദ്ധിമുട്ടിയിരുന്ന ഘട്ടത്തില്‍ ഒരു ദിവസം മണിച്ചേട്ടന്‍ എന്നെ വിളിച്ച്‌ നേരില്‍ കാണണമെന്ന്‌ ആവശ്യപ്പെട്ടു. ചെന്ന്‌ കണ്ടപ്പോള്‍ മന്നത്തു പത്മനാഭന്റെ ജീവിതം ചിത്രകഥാരൂപത്തില്‍ തയ്യാറാക്കണം. നല്ലാരു തുക പ്രതിഫലമായി തരും. ആ സമയത്ത്‌ അത്‌ എനിക്ക്‌ ജീവവായു പോലെയാണ്‌. ജീവിതം മുന്നോട്ട്‌ പോവാന്‍ മറ്റ്‌ മാര്‍ഗമില്ലാതെ വിഷമിക്കുന്ന സന്ദര്‍ഭം. സന്തോഷം കൊണ്ട്‌ ആ രാത്രി ഉറക്കം വന്നില്ല. പക്ഷേ, അതിനൊപ്പം വല്ലാത്ത ഒരു ആശങ്കയും പിടികൂടി. ഞാന്‍ നായര്‍ സമുദായത്തില്‍ പെട്ടയാളാണെന്ന്‌ തെറ്റിദ്ധരിച്ചാവാം അദ്ദേഹം ഈ ദൗത്യം എന്നെ ഏല്‍പ്പിച്ചത്‌. അങ്ങനെയല്ലെന്ന്‌ അറിയുമ്പോള്‍ എന്താവും അദ്ദേഹത്തിന്റെ പ്രതികരണം? ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ സത്യം തുറന്നു പറയാന്‍ തീരുമാനിച്ചു. അടുത്ത ദിവസം എന്‍.എസ്‌.എസ്‌. ആസ്‌ഥാന മന്ദിരത്തിലെത്തി മണിച്ചേട്ടനെ കണ്ടു. അന്ന്‌ അദ്ദേഹം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറാണ്‌. ഞാന്‍ പറഞ്ഞു.
'ഒരു കാര്യം തുറന്നു പറയാനുണ്ട്‌..'
'എന്താണ്‌ നടുവട്ടം?'
'മണിച്ചേട്ടന്‍ വിചാരിക്കും പോലെ ഞാന്‍ നായരല്ല. ഈഴവസമുദായത്തില്‍ പെട്ടയാളാണ്‌'
അദ്ദേഹം ദീര്‍ഘമായി പൊട്ടിച്ചിരിച്ചു.
'അതിനെന്താ? അതൊക്കെ എനിക്കറിയാം. ഞങ്ങളുടെ ഒരു പെണ്‍കൊച്ച്‌ വീട്ടിലുണ്ടല്ലോ? അതും കുട്ടികളും പട്ടിണി കിടക്കാതിരിക്കാന്‍ വേണ്ടിയാണ്‌ ഈ ജോലി ഏല്‍പ്പിക്കുന്നത്‌'
ആ നര്‍മ്മം എന്നെ ആകര്‍ഷിച്ചു. എന്റെ ഭാര്യ നായര്‍ സമുദായത്തില്‍പെട്ട ആളാണെന്നതടക്കം എല്ലാക്കാര്യങ്ങളും മനസിലാക്കിയാണ്‌ അദ്ദേഹം ആ ദൗത്യം ഏല്‍പ്പിച്ചത്‌. എന്തായാലും ആ പുസ്‌തകം ഏറെ നാള്‍ അല്ലലില്ലാതെ കഴിയാന്‍ എന്നെ സഹായിച്ചു. അത്‌ കണ്ടിട്ടാവാം വെളളാപ്പള്ളി എന്നെ വിളിപ്പിച്ചു. അദ്ദേഹത്തിന്‌ ശ്രീനാരായണഗുരുവിന്റെ ജീവിതം ചിത്രകഥാരൂപത്തില്‍ ചെയ്‌ത് കൊടുക്കണം. 25,000 രൂപ അഡ്വാന്‍സായി കയ്യില്‍ വച്ചു തന്നിട്ടാണ്‌ പറയുന്നത്‌. അക്കാലത്ത്‌ അത്‌ വലിയ തുകയാണ്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരിക്കല്‍ക്കൂടി പ്രതിസന്ധിയിലായി നില്‍ക്കുമ്പോള്‍ പി.സി. ജോര്‍ജ്‌ വിളിച്ച്‌ അദ്ദേഹത്തിന്റെ പ്രസ്‌സെക്രട്ടറിയായി നിയമിച്ചു. അന്ന്‌ അദ്ദേഹം ഗവണ്‍മെന്റ ്‌ചീഫ്‌ വിപ്പാണ്‌. ഈ മൂന്നു പേരെയും ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല.

ജാതീയമായ മതിലുകള്‍ ശക്‌തമായിരുന്ന കാലത്ത്‌ ഇതരസമുദായത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ച്‌ വിവാഹം കഴിക്കുക സാഹസികമായിരുന്നില്ലേ?
എന്റെയും ഭാര്യയുടെയും കുടുംബങ്ങള്‍ തമ്മില്‍ പണ്ടേ അടുപ്പക്കാരാണ്‌. അവര്‍ സാമ്പത്തികമായി ഞങ്ങളേക്കാള്‍ ഏറെ മുന്നിലായിരുന്നു. അവളുടെ വീട്ടില്‍ ചെന്ന്‌ ട്യൂഷനെടുക്കാനായി എന്നെയാണ്‌ നിയോഗിച്ചിരുന്നത്‌. ആ പരിചയം പ്രണയത്തിന്‌ വഴിമാറി. ആദ്യഘട്ടത്തില്‍ ആ കുടുംബത്തിന്‌ അത്‌ ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. ജാതിയെക്കാളുപരി സാമ്പത്തികമായ അന്തരം തന്നെയായിരുന്നു പ്രധാനം. പിന്നീട്‌ അതെല്ലാം മാറി. കാലം മായ്‌ക്കാത്ത അതിരുകളില്ലല്ലോ? ഇന്നും നല്ല ഇഴയടുപ്പമുളള ദമ്പതികളാണ്‌ ഞങ്ങള്‍. പത്രപ്രവര്‍ത്തനത്തിലെന്ന പോലെ കുടുംബജീവിതത്തിലും ഞാനെടുത്ത തീരുമാനം തെറ്റിപ്പോയില്ലെന്ന്‌ അനുഭവം ബോധ്യപ്പെടുത്തി തന്നു.

ഡിജിറ്റല്‍ വായനയോളം എത്തി നില്‍ക്കുന്ന സാങ്കേതികയുഗത്തില്‍ എന്താണ്‌ ജനപ്രിയ വായനയുടെ പ്രസക്‌തി?
വായന എന്ന പ്രക്രിയയിലേക്ക്‌ ആളുകളെ അടുപ്പിച്ചു നിര്‍ത്തുക എന്ന ചരിത്രപരമായ ദൗത്യം എക്കാലവും ജനപ്രിയ പ്രസിദ്ധീകരണങ്ങള്‍ ഏറ്റെടുത്ത്‌ നടത്തുന്നു. ഉന്നതനിലവാരം ഭാവിക്കുന്ന പല വാരികകളും അയ്യായിരത്തില്‍ താഴെ കോപ്പികള്‍ മാത്രം അച്ചടിക്കുമ്പോള്‍ വായന മരിച്ചുവെന്ന്‌ പറയപ്പെടുന്ന ഈ കാലഘട്ടത്തിലും ജനപ്രിയ വാരികകള്‍ക്ക്‌ ലക്ഷക്കണക്കിന്‌ വായനക്കാരുണ്ട്‌. അതൊരു വലിയ കാര്യമല്ലേ? സങ്കേതവും ജനുസും ഏതായാലും വായനയോടുളള ആഭിമുഖ്യം നിലനിര്‍ത്തുക എന്നതാണ്‌ അടിസ്‌ഥാനപ്രശ്‌നം.

സജില്‍ ശ്രീധര്‍

Ads by Google
Saturday 02 Mar 2019 10.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW