Friday, June 21, 2019 Last Updated 56 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 05.38 PM

ഭീകരതയ്‌ക്കെതിരെയാണ് പോരാട്ടം, ഒരു മതത്തിനും എതിരല്ല: പേരെടുത്ത് പറയാതെ പാക്കിസ്താനെ കുറ്റപ്പെടുത്തി സുഷമ സ്വരാജ്

Islamic Nations, Sushma Swaraj

അബുദാബി: ആഗോള തലത്തില്‍ ഭീകരവാദത്തിനെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന സമ്മേളന (ഒഐസി) വേദിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഒരു മതത്തിനും എതിരല്ല തങ്ങളുടെ പോരാട്ടമെന്നും ഭീകരവാദത്തിനെതിരാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. അബുദാബിയില്‍ ഒഐസി സമ്മേളനത്തില്‍ വിശിഷ്ാടതിഥിയായി സംസാരിക്കുകയായിരുന്നു സുഷമ.

ഭീകരവാദത്തിന് പാക്കിസ്താന്‍ നല്‍കുന്ന പിന്തുണ രാജ്യത്തിന്റെ പേരെടുത്ത് പറയാതെ സുഷമ പറഞ്ഞുവെച്ചു. മനുഷ്യകുലത്തെ സംരക്ഷിക്കണമെങ്കില്‍ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങള്‍ അത് അവസാനിപ്പിക്കണം. ലോകസമാധാനത്തിനും, ഐക്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകും. ഭീകരവാദത്തിനെതിരായ പോരാട്ടം ഒരു യുദ്ധം കൊണ്ട് വിജയിക്കില്ലെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഏതെങ്കിലും മതവുമായുള്ള ഏറ്റുമുട്ടലല്ലെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. പതിനെട്ടര കോടി വരുന്ന മുസ്ലീം സമൂഹം ഉള്‍പ്പെടുന്ന 130 കോടി ഇന്ത്യക്കാരുടെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും അഭിവാദ്യം നിങ്ങളെ അറിയിക്കുന്നുവെന്നും സുഷമ വ്യക്തമാക്കി.

ബാലാക്കോട്ടിലെ ഭീകരതാവളം ആക്രമിച്ചതിന്റെ പേരില്‍ സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പാക്കിസ്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പാക്കിസ്താന്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. അതിഥിയായി സുഷമ സ്വരാജിനെ ക്ഷണിച്ച സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചിരുന്നു. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഐഒസി സമ്മേളനത്തിനു ഇന്ത്യയെ ക്ഷണിച്ചത്. പാക്കിസ്താന്‍ അംഗമായ ഒഐസിയുടെ അബുദാബിയിലെ സമ്മേളനത്തിലെ അതിഥി രാഷ്ട്രമാണ് ഇന്ത്യ.

Ads by Google
Ads by Google
Loading...
TRENDING NOW