Saturday, July 06, 2019 Last Updated 27 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 04.17 PM

പരീക്ഷയ്‌ക്കൊരുങ്ങുമ്പോള്‍

''പരീക്ഷാക്കാലമിങ്ങെത്തി. തലേദിവസമിരുന്ന് പഠിക്കാതെ സ്റ്റഡി ലീവ് കൃത്യമായി ഉപയോഗിച്ചാല്‍ പേടികൂടാതെ പരീക്ഷയെഴുതാം. ''
uploads/news/2019/03/291483/exam-special010319.jpg

പരീക്ഷയെന്ന് കേട്ടാലേ ചില കുട്ടികള്‍ക്ക് പേടിയാണ്. നന്നായി പഠിച്ചാല്‍ കൂളായി പരീക്ഷയെഴുതാം. ചിട്ടയോടെയുള്ള പഠനമാണ് ഇനിയുള്ള ദിവസങ്ങളില്‍ ആവശ്യം. ആറു മണിക്കൂര്‍ ഉറക്കത്തിനു വേണ്ടി മാറ്റി വയ്ക്കുക. ശേഷിക്കുന്ന മുഴുവന്‍ സമയവും ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കണം.

ടിവി, മൊബൈല്‍ തുടങ്ങിയവയോട് പരീക്ഷ കഴിയും വരെ പൂര്‍ണമായും ഗുഡ് ബൈ പറയുക. പരീക്ഷക്കാലം ടെന്‍ഷന്‍ കാലം തന്നെയാണെങ്കിലും കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല പ്ലാനിംഗുണ്ടായാല്‍ പരീക്ഷാ പേടിയെ മറികടക്കാം.

പഠനരീതി


അന്നന്നു പഠിക്കേണ്ടത് അന്നന്നു തന്നെ പഠിക്കണമെന്ന് അധ്യാപകരും മാതാപിതാക്കളും പറയുമെങ്കിലും പാലിക്കുന്നവര്‍ വളരെ കുറവാണ്. സ്റ്റഡി ലീവിനു പഠിക്കാനായി വലിയൊരു പോര്‍ഷന്‍ പലരും മാറ്റി വച്ചിട്ടുണ്ടാകും. അതുകൊണ്ട് പരീക്ഷയുടെ തലേദിവസം പഠിക്കാമെന്ന് കരുതാതെ ഇനി കിട്ടുന്ന സ്റ്റഡിലീവുകള്‍ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താം.

എത്രദിവസം പഠിക്കാന്‍ കിട്ടുമെന്നു നോക്കി കൃത്യമായി ഒരു ടൈം ടേബിള്‍ ഉണ്ടാക്കുക. ഒരു തവണ ടൈം ടേബിള്‍ ഉണ്ടാക്കിയാല്‍ അതില്‍ നിന്ന് മാറാതിരിക്കുക. അവനവന്റെ കുറവുകളും മെച്ചങ്ങളും അറിഞ്ഞ് ടൈംടേബിള്‍ ഉണ്ടാക്കാം. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്കും പാഠഭാഗത്തിനും കൂടുതല്‍ സമയം നീക്കി വയ്ക്കാം.

ദിവസവും രണ്ടു മണിക്കൂര്‍ പഠിച്ച ശേഷം കുറച്ചു സമയം ഇടവേള എടുത്ത ശേഷമാകാം തുടര്‍ പഠനം. തുടര്‍ച്ചയായി ഒരേ വിഷയം തന്നെ ദിവസം മുഴുവന്‍ പഠിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഓരോ രണ്ടു മണിക്കൂറിലും വെവ്വേറെ വിഷയങ്ങള്‍ തെരഞ്ഞെടുത്തു പഠിക്കുക. ഏറ്റവും പ്രയാസമുള്ള വിഷയം പഠിച്ചതിനു ശേഷം ഏറ്റവും ഇഷ്ടപ്പെട്ട വിഷയമാകാം തെരഞ്ഞെടുക്കുന്നത്. ഇതു തുടര്‍ച്ചയായ പഠനത്തിന്റെ ആയാസം കുറയ്ക്കാന്‍ സഹായിക്കും.

പഠിക്കാനിരിക്കുമ്പോള്‍


മൊബൈല്‍ഫോണിനും കമ്പ്യൂട്ടറിനും വിശ്രമം നല്‍കാം. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാം, അല്ലെങ്കില്‍ ഫ്‌ളൈറ്റ് മോഡിലിടാം. ഇടയ്ക്ക് സമയം നോക്കാന്‍ വാച്ചോ ക്ലോക്കോ ഉപയോഗിക്കാം. അതിന് ഫോണ്‍ വേണ്ട. പഠിക്കാനുള്ള മാനസിക അന്തരീക്ഷം സ്വയം സൃഷ്ടിക്കുക. ഇന്ന് പഠിക്കാനൊരു മൂഡില്ല എന്ന തോന്നല്‍ ഉപേക്ഷിക്കുക.
uploads/news/2019/03/291483/exam-special010319a.jpg

പരീക്ഷയുടെ തലേന്ന്


ഇതുവരെ തൊട്ടുപോലും നോക്കാത്ത പാഠഭാഗങ്ങള്‍ പരീക്ഷത്തലേന്ന് പഠിക്കാന്‍ ശ്രമിക്കരുത്. ടെന്‍ഷന്‍ കൂടും, അറിയാവുന്നവ കൂടി മറന്നും പോകും. ഒരു റിവിഷന്‍ നടത്തുക മാത്രമേ ചെയ്യാവൂ. പരീക്ഷയുടെ തലേദിവസം ഉറക്കമളച്ചും ഭക്ഷണം ഉപേക്ഷിച്ചും പഠിക്കുന്ന രീതി ഒഴിവാക്കണം. രാത്രി എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. മറ്റു ദിവസങ്ങളില്‍ കൂടുതല്‍ പഠിച്ചശേഷം പരീക്ഷാതലേന്ന് നന്നായി ഉറങ്ങുകയും പിറ്റേന്ന് പരീക്ഷയ്ക്കുള്ള ഹാ ള്‍ടിക്കറ്റും പേനയും മറ്റു തയ്യാറാക്കി വയ് ക്കുകയും വേണം.

പരീക്ഷാ ഹാളില്‍


ഉത്തരക്കടലാസ്സില്‍ ശ്രദ്ധയോടെ രജിസ്റ്റര്‍ നമ്പറും മറ്റു വിശദാംശങ്ങളും കൃത്യമായി എഴുതുക. പരീക്ഷ എഴുതിത്തുടങ്ങും മുമ്പ് അനുവദിക്കുന്ന സമയം (കൂള്‍ടൈം) നന്നായി ഉപയോഗിച്ച് പരീക്ഷ എഴുതിത്തുടങ്ങുക. ചോദ്യപേപ്പര്‍ ആദ്യം പൂര്‍ണമായി വായിച്ചുനോക്കുക. അറിയാവുന്നവയും അറിയാത്തവയും കുറച്ച് അറിയാവുന്നവയും മൂന്നായി തിരിച്ചശേഷം ഏറ്റവും അറിയാവുന്ന ഉത്തരം ആദ്യം എഴുതുക.

പിന്നീട് കുറച്ച് അറിയാവുന്നവയും അതിനുശേഷം ഒട്ടും അറിയാത്തവയ്ക്കും സമയം നീക്കിവയ്ക്കണം. ഏറ്റവും കൂടുതല്‍ അറിയാവുന്ന ഉത്തരങ്ങള്‍ക്ക് മാര്‍ക്കിനനുസരിച്ച് ഉത്തരമെഴുതുക. ഓരോ ചോദ്യവും ശരിയായി വായിച്ചുനോക്കിയശേഷമേ ഉത്തരമെഴുതാവൂ. അല്ലെങ്കില്‍ ഉപചോദ്യങ്ങള്‍ കാണാതെ പോയേക്കാം.

ഉത്തരമെഴുതിക്കഴിഞ്ഞ് ചോദ്യനമ്പര്‍ ശരിയോണോ എന്നും അടിവരയിടേണ്ട ഭാഗം അങ്ങിനെ ചെയ്തിട്ടുണ്ടോ എന്നുമൊക്കെ പരിശോധിക്കണം. ഓരോ ദിവസവും കഴിഞ്ഞ പരീക്ഷയെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ട് അടുത്ത പരീക്ഷയും മോശമാക്കുന്നതിനുപകരം എല്ലാ പരീക്ഷയും കഴിഞ്ഞേ ചോദ്യക്കടലാസ് പരിശോധിച്ച് എത്ര മാര്‍ക്ക് കിട്ടുമെന്ന് കണക്കാക്കാവൂ.

പരീക്ഷാദിനത്തില്‍


പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ബ്രേക്ക്ഫാസ്റ്റ് ബ്രെയിന്‍ ഫുഡാണ്. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പേ തന്നെ ഹാളില്‍ എത്തുക. പരീക്ഷയ്ക്ക് ഏതൊക്കെ ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ വരും എന്നു പറഞ്ഞ് പേടിപ്പിക്കുന്ന വെപ്രാളക്കാരെ ആത്മവിശ്വാസത്തോടെ നേരിടുക. പഠിച്ചിട്ടുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക.

അനഘ

Ads by Google
Friday 01 Mar 2019 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW