Friday, June 21, 2019 Last Updated 22 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 03.55 PM

പൊന്നോമനയ്ക്ക് എന്ത് നല്‍കണം ?

ആറുമാസത്തിനുശേഷം കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ ഭക്ഷണം, എങ്ങനെയൊക്കെ നല്‍കണം?
uploads/news/2019/02/291224/parenting280219.jpg

കുഞ്ഞോമനയ്ക്ക് അമ്മയുടെ മുലപ്പാലിനോളം ആരോഗ്യം നല്‍കുന്ന മറ്റൊരു ഭക്ഷണമുണ്ടാവില്ല. ആറുമാസം വരെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് മുലപ്പാല്‍ മതിയാകും. അതിനുശേഷമോ? കുഞ്ഞിന് കട്ടയാഹാരം കൊടുത്തുതുടങ്ങുമ്പോള്‍ അമ്മമാര്‍ക്കാണ് ടെന്‍ഷന്‍. കുഞ്ഞുവയര്‍ നിറയ്ക്കാന്‍ ഏതൊക്കെ പ്രായത്തില്‍ എന്തൊക്കെ ഭക്ഷണമാണ് നല്‍കേണ്ടതെന്നറിയാമോ?

ആറാം മാസം മുതല്‍


മുലപ്പാലിനൊപ്പം കുട്ടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ അയണ്‍ പോലുള്ള പോഷക ഘടകങ്ങള്‍ ഉള്‍പ്പെടുന്ന വിവിധതരം ആഹാരങ്ങള്‍ കൂടി നല്‍കേണ്ടതുണ്ട്. ഈ കാലഘട്ടത്തില്‍ 200 മുതല്‍ 300 വരെ കലോറി ഊര്‍ജം കുട്ടികള്‍ക്ക് ആവശ്യമുണ്ട്. ആറാംമാസം മുതല്‍ കുഞ്ഞിന് കട്ടിയാഹാരം കൊടുത്തു തുടങ്ങാം.

രാവിലെ മുലപ്പാല്‍ കൊടുക്കുന്നതിന് മുമ്പ് കുറുക്ക് കൊടുക്കരുത്. ഉച്ചയ്ക്ക് മുമ്പായി 11 മണിയോടെ കുറുക്ക് കൊടുക്കാം. കുഞ്ഞിന് അധികം വിശപ്പില്ലാത്ത സമയത്ത് ഇളംചൂടോടെ കുറുക്ക് നല്‍കാം.

ഏഴാംമാസം മുതല്‍


ആറുമാസം കഴിയുമ്പോള്‍ കുഞ്ഞിന്റെ ശരീരത്തിന് പോഷകങ്ങളുടെ ആവശ്യകത കൂടുന്നു. അതിനാല്‍ കാല്‍സ്യം, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കൂടിയ അളവില്‍ കുഞ്ഞിന് നല്‍കണം.

ഏഴുമാസമാകുമ്പോഴേക്കും ധാന്യാഹാരം കുറുക്കുരൂപത്തില്‍ നല്‍കിത്തുടങ്ങാം. സാധാരണയായി ഏതെങ്കിലും ഒരു ധാന്യം മാത്രമടങ്ങിയ ഭക്ഷണമായിരിക്കണം കൊടുത്തുതുടങ്ങേണ്ടത്. ഒരു വയസ്സുവരെ നവധാന്യങ്ങള്‍ പൊടിച്ചതോ ഹെല്‍ത്ത് മിക്സുകളോ കൊടുക്കരുത്.

മുട്ടയുടെ മഞ്ഞക്കരു വേവിച്ചുടച്ച് കുറേശ്ശെയായി നല്‍കാം. ഒന്നു രണ്ടു മാസം കഴിയുമ്പോള്‍ ഒരു മുട്ട മുഴുവനായി വേവിച്ചുകൊടുക്കാം. ഒരു ദിവസം ഒരു മുട്ടയില്‍ കൂടുതല്‍ കൊടുക്കരുത്.

എല്ലാദിവസവും പഴങ്ങള്‍ കൊടുക്കാം. ഏത്തപ്പഴം വേവിച്ചോ കനലില്‍ ചുട്ടോ നാരും അരിയും കളഞ്ഞശേഷം കൈകൊണ്ട് നന്നായി ഉടച്ചു നല്‍കാം. പഴങ്ങള്‍ നന്നായി കഴുകിശേഷമേ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവൂ.

എട്ടാം മാസം മുതല്‍


ഒരു ധാന്യം മാത്രമുള്ള കുറുക്കില്‍ നിന്ന് ധാന്യത്തോടൊപ്പം പയറുംകൂട്ടി ചേര്‍ത്ത് കട്ടിയാഹാരം നല്‍കാവുന്നതാണ്. ഭക്ഷണം മിക്സിയില്‍ അടിച്ച് കൊടുക്കരുത്. ചോറ് കൊടുത്ത് തുടങ്ങുമ്പോള്‍ ആദ്യമൊക്കെ ഒന്നോ രണ്ടോ സ്പൂണ്‍ കൊടുത്താല്‍ മതിയാകും. ഒരാഴ്ച കഴിഞ്ഞശേഷം അളവ് പതിയെ കൂട്ടാം.

വേവിച്ചുടച്ച പച്ചക്കറികള്‍ ഉപ്പും വെളിച്ചെണ്ണയോ നെയ്യോ കൂട്ടി ചേര്‍ത്ത് കുഴച്ച് കുഞ്ഞിന് കൊടുക്കാം. ഒന്നു രണ്ടു സ്പൂണ്‍ പച്ചക്കറിയില്‍ തുടങ്ങി ഒരു വയസാകുമ്പോഴേക്കും അരക്കപ്പ് പച്ചക്കറി കുഞ്ഞിന് കൊടുക്കാം.

സാമ്പാറുണ്ടാക്കുമ്പോള്‍ മുളകു ചേര്‍ക്കാതെ പരിപ്പും കഷണങ്ങളും വേവിച്ചശേഷം അല്‍പം ഉപ്പും വെണ്ണയും ചേര്‍ത്ത് സൂപ്പുപോലെ കുടിക്കാന്‍ കൊടുക്കാം.

uploads/news/2019/02/291224/parenting280219a.jpg

പത്താംമാസം മുതല്‍


കുഞ്ഞിന് മുകളിലും താഴെയും പല്ലു വന്നശേഷം കട്ടിയുള്ള ആഹാരം നല്‍കാം. ഈ സമയത്ത് കടിച്ചു തിന്നാന്‍ പറ്റുന്ന ഭക്ഷണത്തോടായിരിക്കും കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടം.

വീട്ടില്‍ പ്രാതലിന് ഉണ്ടാക്കുന്ന വിഭവം തന്നെ കുഞ്ഞിന് കൊടുക്കാം. ഇഡ്ഡലി, റൊട്ടി, ചപ്പാത്തി എന്നിവ ചെറിയ കഷണങ്ങളാക്കി പാലില്‍ കുതിര്‍ത്ത് നല്‍കാം. ഇഡ്ഡലി നന്നായൊന്നു ഞെരടിയശേഷം സാമ്പാറിലെ കഷണങ്ങള്‍ ഉടച്ചു നല്‍കാം. എരിവ് കഴിച്ച് ശീലിപ്പിക്കാനിത് ഉപകരിക്കും. അതുപോലെ അപ്പം പാലും പഞ്ചസാരയും ചേര്‍ത്തു നല്‍കാം.

വാഴപ്പഴം, പപ്പായ, മാമ്പഴം തുടങ്ങിയ പഴങ്ങളും നല്‍കാം. പയര്‍, കടല എന്നിവ വേവിക്കുമ്പോള്‍ കടുക് താളിക്കുന്നതിന് മുന്‍പ് കുറച്ചെടുത്ത് മാറ്റി തൊലികളഞ്ഞു ചെറുതായുടച്ച് നല്‍കാം.

പ്രാതലിന്റെ സമയത്ത് പ്രാതല്‍ വിഭവങ്ങളും ഉച്ച സമയത്ത് ഊണുമൊക്കെ നല്‍കി കുഞ്ഞിന്റെ ആഹാരവും വീട്ടുകാരുടെ ഭക്ഷണക്രമത്തിനനുസരിച്ച് ക്രമീകരിക്കാം.

ഒരു വയസിനുശേഷം


ഒരു വയസാകുമ്പോള്‍ ധാന്യങ്ങള്‍, ഫലവര്‍ഗങ്ങള്‍ എന്നിവ കൂടാതെ വേവിച്ചു മുള്ളുകളഞ്ഞ മത്സ്യം, വളരെ ചെറുതായി കൊത്തിയരിഞ്ഞു വേവിച്ച ഇറച്ചി എന്നിവയും കുഞ്ഞിന് നല്‍കാം. പയര്‍ വര്‍ഗങ്ങളും ഇറച്ചിയും ഒന്നിച്ച് ഒരു ദിവസം നല്‍കരുത്. ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമോ നല്‍കാം.

എരിവ്, പുളി എന്നിങ്ങനെ വിവിധ രുചിഭേദങ്ങള്‍ കുഞ്ഞിന് നല്‍കി തുടങ്ങാം. എന്നാല്‍ ഇവ അധികമാകാതെയും നോക്കണം.

ആദ്യമൊക്കെ കുഞ്ഞ് വളരെ കുറച്ചു മാത്രമേ കഴിക്കൂ. കുറഞ്ഞ അളവിലുള്ള ഭക്ഷണംപോലും കൂടുതല്‍ സമയമെടുത്തേ കഴിക്കൂ. അതുകൊണ്ട് ക്ഷമയോടെ വേണം കുഞ്ഞിന് ഭക്ഷണം നല്‍കാന്‍. എന്നാല്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയുമരുത്.

ഒരു ഭക്ഷണം കഴിക്കുമ്പോള്‍ ഇഷ്ടക്കേട് കാണിച്ചാല്‍ പിന്നെയും ആ ഭക്ഷണം നല്‍കരുത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും കൊടുത്ത് നോക്കാം. എന്നിട്ടും കഴിക്കുന്നില്ലെങ്കില്‍ പിന്നെ നിര്‍ബന്ധിക്കരുത്.

ഒരു വയസുവരെ കുഞ്ഞിന് പശുവിന്‍പാല്‍ പോലുള്ളവ നല്‍കാതിരിക്കുക. പോഷകാഹാരക്കുറവ് തടയുന്നതിന് പശുവിന്റെയും ആടിന്റെയും പാല്‍ ഒരുവയ സിനു മുമ്പ് കൊടുക്കുന്നതുമൂലം അവയില്‍ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങള്‍ ആവശ്യമുള്ളവും ഇല്ലാത്തവയും ആഗിരണം ചെയ്യുന്നു.

ഇതു ശരീരത്തില്‍ ഇവയ്ക്കെതിരെയുള്ള പ്രതിരോധ വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും അതുവഴി കുഞ്ഞിന് അലര്‍ജിയുണ്ടാകാനും കാരണമായേക്കാം.

Ads by Google
Thursday 28 Feb 2019 03.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW