Tuesday, March 05, 2019 Last Updated 27 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 03.08 PM

ചന്ദ്രദശാഫലം ; ചന്ദ്രദശയിലെ കുജാപഹാരഫലം

uploads/news/2019/02/291218/joythi280219.jpg

ദശാനാഥനായ ചന്ദ്രന് അപഹാരാധിപനായ ചൊവ്വ സമനാണ്. അതുകൊണ്ടുതന്നെ ജാതകത്തില്‍ ചൊവ്വ ഉച്ചസ്ഥനോ, സ്വക്ഷേത്രാധിപനോ, ലഗ്നാല്‍ കേന്ദ്ര- ത്രികോണ രാശികളിലോ ആണെങ്കില്‍ ഗുണഫലമാകും അനുഭവമാകുക.

ചന്ദ്രദശാകാലം ആരംഭിച്ച് ആദ്യത്തെ 10 മാസത്തിനുശേഷം വരുന്ന 7 മാസക്കാലമാണ് ചൊവ്വയുടെ അപഹാരകാലഘട്ടം.

പിത്തവഹ്നഹ്‌നിരുധിരോത്ഭവാ രുജഃ
ക്ലേശദുഃഖരിപുചോര പീഡനം
വിത്തമാന വിഹതിര്‍ ഭവേല്‍ കുജേ
ശീതദീധിതി ദശാന്തരം ഗതേ.
(ബൃഹജ്ജാതകപദ്ധതി)

സാരം: --- ചന്ദ്രദശയിലെ ചൊവ്വയുടെ അപഹാര കാലത്തില്‍ പിത്തകോപവും രക്തകോപവും നിമിത്തം രോഗങ്ങള്‍ സംഭവിക്കുകയും അഗ്നിഭയമുണ്ടാവുകയും, പല പ്രകാരേണ ക്ലേശവും ദുഃഖവും ശത്രുപീഡയും തസ്‌ക്കരഭയവും ധനത്തിനും അഭിമാനത്തിനും ഹാനിയും സംഭവിക്കും.

ചൊവ്വയ്ക്ക് മാരകാധിപത്യമോ, മാരകസ്ഥിതിയോ ഉണ്ടെങ്കില്‍ കൂടുതല്‍ ദോഷങ്ങളെ അത് ചെയ്യാനിടയുണ്ട്. ദശാനാഥനായ ചന്ദ്രന് അപഹാരാധിപനായ ചൊവ്വ സമനാണ്. അതുകൊണ്ടുതന്നെ ജാതകത്തില്‍ ചൊവ്വ ഉച്ചസ്ഥനോ, സ്വക്ഷേത്രാധിപനോ, ലഗ്നാല്‍ കേന്ദ്ര- ത്രികോണ രാശികളിലോ ആണെങ്കില്‍ ഗുണഫലമാകും അനുഭവമാകുക.

ഇപ്രകാരം ബലവാനാണ് ആ ചൊവ്വയെങ്കില്‍ ഈ അപഹാര കാലഘട്ടത്തില്‍ ഭൂമിലാഭം, സഹോദരങ്ങളാല്‍ അഭിവൃദ്ധി, മനോധൈര്യം, വ്യവഹാരങ്ങളില്‍ വിജയം, കാര്‍ഷികാദായം തുടങ്ങിയ സല്‍ഫലങ്ങള്‍ അനുഭവമാകും. ഇപ്രകാരം ബലവാനായ ചൊവ്വ ലഗ്നാധിപനോട് കൂടി നില്‍ക്കുകയാണെങ്കില്‍ കൂടുതല്‍ അഭിവൃദ്ധിപ്രദമാണ്.

ജാതകത്തില്‍ ദശാനാഥനായ ചന്ദ്രനില്‍ നിന്നും 6-8-12 എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്ന ചൊവ്വയുടെ അപഹാര കാലത്തില്‍ അപകടങ്ങള്‍, പോലീസ് കേസ്, വസ്തു തര്‍ക്കങ്ങള്‍, ആയുധങ്ങളാല്‍ മുറിവുകള്‍, അഗ്നിഭയം തുടങ്ങിയ വിഷമതകള്‍ അനുഭവമാകും.

ചന്ദ്രനില്‍നിന്നും അനുകൂല ഭാവത്തിലാണ് ചൊവ്വ നില്‍ക്കുന്നതെങ്കില്‍ അതിനനുസരിച്ചുള്ള ഗുണഫലങ്ങള്‍ അനുഭവത്തില്‍ വരുന്നതാണ്.

പരിഹാരകര്‍മ്മങ്ങള്‍


ഈ കാലയളവില്‍ ചന്ദ്രനെയും ചൊവ്വയെയും പ്രീതിപ്പെടുത്തുന്ന പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. ചന്ദ്രപ്രീതിക്കായി ചെയ്യേണ്ട പരിഹാരകര്‍മ്മങ്ങള്‍ കഴിഞ്ഞ ലക്കം എഴുതിയിരുന്നു. ഈ ലക്കത്തില്‍ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന പരിഹാരകര്‍മ്മങ്ങള്‍ മനസ്സിലാക്കാം. ജാതകത്തില്‍ ചൊവ്വയ്ക്ക് ബലക്കുറവുണ്ടെങ്കില്‍ പ്രവര്‍ത്തനശേഷിയില്‍ വേഗതയില്ലായ്മയും, മനോബലക്കുറവും ആത്മവിശ്വാസക്കുറവുമുണ്ടാകും.

അതുകൊണ്ടുതന്നെ ഇക്കാലയളവില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കേണ്ട കാര്യങ്ങള്‍ ബോധപൂര്‍വം ചെയ്യേണ്ടതുണ്ട്.യോഗ-വ്യായാമം, ഈശ്വര പ്രാര്‍ത്ഥന എന്നിവ ശീലമാക്കണം. കൂടാതെ മുന്‍കോപം , എടുത്തുചാട്ടം, ലഹരിപദാര്‍ത്ഥ താല്പര്യം എന്നിവയും ഉപേക്ഷിക്കണം.

വ്രതം


കുജദോഷശാന്തിക്കായി അനുഷ്ഠിക്കാവുന്ന പ്രധാനവ്രതം ചൊവ്വാഴ്ച വ്രതമാണ്. സാമാന്യവ്രതവിധി അനുസരിച്ചുള്ള നിഷ്ഠകളും ശുദ്ധിയും പാലിച്ചുകൊണ്ടും ഉപവസിച്ചുകൊണ്ടും ഈ ദിവസം കഴിയാം. ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്. ജാതകത്തില്‍ ചൊവ്വ ഓജരാശിയിലാണെങ്കില്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കാം. യുഗ്നരാശിയിലെങ്കില്‍ ദേവീപ്രീതികങ്ങളായ വ്രതങ്ങളുമെടുക്കാം.

വസ്ത്രം


ദോഷപരിഹാരത്തിനും ഗുണം വര്‍ദ്ധിക്കുവാനും വേണ്ടി ഈ സമയത്ത് ചൊവ്വക്ക് പറഞ്ഞിട്ടുള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഗുണകരമാണ്.
ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ വളരെ ഗുണകരമാണ്. ചൊവ്വാഴ്ച ദിവസം ചുവന്ന വസ്ത്രം ധരിക്കുന്നത് വിശേഷിച്ചും ശുഭകരമാണ്.

പുഷ്പം


കുജപ്രീതിക്കായി ചൂടേണ്ട പുഷ്പങ്ങള്‍ തെച്ചി, ചെന്താമര തുടങ്ങിയ ചുവന്ന പുഷ്പങ്ങളാണ് ഇവയെ സ്ത്രീകള്‍ ഭക്തിയോടെ മുടിയിഴയിലും പുരുഷന്മാര്‍ ചെവിക്ക് പിറകിലും വയ്ക്കാവുന്നതാണ്.

രത്‌നം


കുജപ്രീതിക്കായി ധരിക്കേണ്ട രത്‌നം, ചുവന്ന പവിഴം അഥവാ റെഡ്‌കോറല്‍ ആണ്. എന്നാല്‍ ജാതകചിന്തനം ചെയ്യാതെ രത്‌നം ധരിക്കാന്‍ പാടില്ല. ജാതകപ്രകാരം ചുവന്ന പവിഴം അനുകൂലമല്ലായെങ്കില്‍ ഈ രത്‌നം ധരിക്കുന്നത് ഗുണത്തേക്കാളേളറെ ദോഷങ്ങളെ ചെയ്യുന്നതാണ്. അതിനാല്‍ രത്‌നം ധരിക്കുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമേ ചെയ്യാവൂ.

യന്ത്രം


കുജദോഷശാന്തിക്കായി ധരിക്കാവുന്ന യന്ത്രമാണ് കുജയന്ത്രം അഥവാ ഭൂപുത്രയന്ത്രം. കുജദോഷശാന്തിക്ക് ഉത്തമമായ പ്രസ്തുതയന്ത്രം ശ്രതുദോഷം ആഭിചാരദോഷം എന്നിവയെ പരിഹരിക്കുകയും ഐശ്വര്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ജാതകത്തില്‍ ചൊവ്വ ഓജരാശിയിലാണെങ്കില്‍ സുബ്രഹ്മണ്യയന്ത്രവും യുഗ്മരാശിയിലെങ്കില്‍ അശ്വാരൂഢം മുതലായ ദേവീയന്ത്രങ്ങളും ധരിക്കാവുന്നതാണ്. ഏതുയന്ത്രം ധരിക്കണമെന്നതിന് ജാതകചിന്തനം ചെയ്യേണ്ടതുണ്ട്.

ജാതകത്തില്‍ ചൊവ്വ ഓജരാശിയിലാണെങ്കില്‍ സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തുന്ന പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാം. യുഗ്മരാശിയിലാണെങ്കില്‍ ഭദ്രകാളിയേയും പ്രാര്‍ത്ഥിക്കാം.

ദോഷപരിഹാരാര്‍ത്ഥം ജപിക്കേണ്ട മന്ത്രങ്ങള്‍


ജപാഭം ശിവസ്വേദജം ഹസ്തപത്‌മെര്‍-
ഗദാശൂലശക്തീര്‍വ്വരം ധാരയന്ത്രം
അവന്തീ സമുത്ഥം സുമേഷാസനസ്ഥം
ധരാനന്ദനം രക്തവസ്ത്രം സമീഢേ.

സാരം: --- ഭൂമീപുത്രനും ശിവന്റെ വിയര്‍പ്പില്‍ നിന്നുണ്ടായവനും ചെമ്പരത്തിപ്പൂവിന്റെ നിറമുള്ളവനും അവന്തി ദേശത്തിന്റെ അധിപനും ഗദ, ശൂലം, ശക്തി, വരദം എന്നിവ നാലു കൈകളില്‍ ധരിച്ചവനും ചുവന്ന വസ്ത്രം ധരിച്ചവനും വലിയ ആടിന്റെ പുറത്തു സഞ്ചരിക്കുന്നവനുമായ കുജനെ ഞാന്‍ സ്തുതിക്കുന്നു.

ധരണീ ഗര്‍ഭസംഭൂതം
വിദ്യുത്കാന്തി സമപ്രദം
കുമാരം ശക്തി ഹസ്തം തം
മംഗലം പ്രണമാമ്യഹം.
കുജഗായത്രി
ഓം ഭൂമിപുത്രായ വിദ്മഹെ
ലോഹിതാംഗായ ധീമഹി
തന്നഃ ഭൗമഃ പ്രചോദയാത്.

( തുടരും.. ചന്ദ്രദശയിലെ രാഹു അപഹാരഫലം)

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട് , മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW