Friday, June 21, 2019 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 12.19 PM

ഇടിക്കൂട്ടിലെ പെണ്‍സിംഹം

''കുടുംബത്തിനൊപ്പം ബോക്‌സിങ് പരിശീലനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് മേരികോമിന്റെ ജീവിതവിജയം. ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണമെന്ന അപൂര്‍വ നേട്ടം കൈവരിച്ച മേരികോമിന്റെ ആരോഗ്യശീലങ്ങള്‍...''
uploads/news/2019/02/291191/starhelthmericom2802019.jpg

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കൈവരിച്ച മേരികോമിന്റെ ജീവിതചര്യകളിലുമുണ്ട് സ്വര്‍ണതിളക്കം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന വനിത എന്ന ബഹുമതിക്ക് പിന്നില്‍ ബോക്‌സിങിനോടുള്ള അര്‍പ്പണ മനോഭാവവും കഠിനാധ്വാനവുമുണ്ട്.

ബോക്‌സിങ് സ്വയം തിരഞ്ഞെടുത്തു


''ബോക്‌സിങാണ് എന്റെ വഴിയെന്ന് സ്വയം കണ്ടെത്തുകയായിരുന്നു. ബോക്‌സിങ്ങിലേക്ക് ഞാന്‍ വരുന്ന സമയത്ത് പെണ്‍കുട്ടികള്‍ക്കായി ബോക്‌സിങ് ഉണ്ടായിരുന്നില്ല. ആണുങ്ങള്‍ക്ക് മാത്രമുള്ള കായിക ഇനമായിരുന്നു ഇത്''. കുട്ടിക്കാലം മുതല്‍ ബോക്‌സിങിനോടു പ്രിയം തോന്നിത്തുടങ്ങിയിരുന്നു.

പെണ്‍കുട്ടികള്‍ക്ക് ബോക്‌സിങില്‍ അവസരം നല്‍കാത്തത് ഒരു വെല്ലുവിളിയായി ഏറ്റെടുത്താണ് മേരികോം ബോക്‌സിങ് റിംഗിലെത്തിയത്. ''കുട്ടിക്കാലത്ത് പെണ്‍കുട്ടികളെ കളിയാക്കുന്ന ആണ്‍കുട്ടികളോട് ഞാന്‍ വഴക്കുണ്ടാക്കുമായിരുന്നു. പെട്ടെന്ന് ദേഷ്യപെടുകയും അതുപോലെ തന്നെ തണുക്കുകയും ചെയ്യുന്ന പ്രകൃതമാണ്.

പക്ഷേ വീട്ടില്‍ മറ്റാര്‍ക്കും ബോക്‌സിങിനോട് താല്‍പര്യം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. വളരെ അപ്രതീക്ഷിതമായിട്ടാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് ബോക്‌സിങ് എന്ന കായിക വിനോദം കടന്നുവന്നത്. പ്രാക്ടീസിനു പോകുന്ന വിവരം പോലും ഞാന്‍ ആരോടും തുടക്കത്തില്‍ പറഞ്ഞില്ല.

uploads/news/2019/02/291191/starhelthmericom2802019a.jpg

സ്‌റ്റേറ്റ് മെഡല്‍ ലഭിച്ച വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോഴാണ് അച്ഛന്‍ പോലും അറിഞ്ഞത്. അന്ന് അച്ഛന്‍ ഒരുപാട് വഴക്ക് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായതുകൊണ്ട് ബോക്‌സിങ് പരിശീലനം കുടുംബത്തെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു.

വീട്ടുകാരെ സഹായിക്കേണ്ട ഉത്തരവാദിത്വം കൂടി എനിക്കുണ്ടായിരുന്നു. പക്ഷേ ആദ്യം എതിര്‍ത്തെങ്കിലും അച്ഛന്‍ പിന്നീട് പരിശീലനം തുടരാന്‍ അനുവദിച്ചു''. അവിടെനിന്നായിരുന്നു മേരികോം എന്ന അത്ഭുതപ്രതിഭയുടെ ഉയര്‍ച്ച.

എല്ലാത്തിനും ചിട്ടയുണ്ട്


ദിവസേനയുള്ള വ്യായാമങ്ങളില്‍ മേരികോം വിട്ടുവീഴ്ചകള്‍ വരുത്താറില്ല. രാവിലെ അരമണിക്കൂര്‍ ഓട്ടത്തിനായി മാറ്റി വയ്ക്കാറുണ്ട്. ഒരു ദിവസത്തെ വ്യായാമം ആരംഭിക്കുന്നത് തന്നെ ഇങ്ങനെയാണ്. സ്‌ട്രെച്ചിങ്, സ്‌ക്കിപ്പിങ്, കിക്കിങ് ഇവയ്ക്ക് ഓരോന്നിനും അരമണിക്കൂര്‍ സമയം കണ്ടെത്താറുണ്ട്.

''ബാലന്‍സ്ഡ് ഡയറ്റ് പിന്തുടരുന്ന കാര്യത്തില്‍ വളരെയധികം കൃത്യത പാലിക്കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമീകരണങ്ങളാണ് പാലിക്കാറുള്ളത്. എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഡയറ്റിന്റെ ഭാഗമായി പൂര്‍ണമായും ഒഴിവാക്കും'' രാവിലെ വ്യായാമങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും സ്‌നാക്‌സ് കഴിക്കുന്നതാണ് മേരികോമിന്റെ പതിവ്.

പ്രാക്ടീസുകള്‍ക്ക് ശേഷം മാത്രമേ ഹെവിയായിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് കഴിക്കാറുള്ളൂ. ഭക്ഷണസമയങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഉച്ചഭക്ഷണം ഒരുമണിക്ക് കഴിക്കും. രാത്രി ഭക്ഷണം ഒന്‍പത് മണിക്ക് മുന്‍പും കഴിക്കും. പ്രാക്ടീസുകള്‍ക്കിടയില്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടെ ജ്യൂസ് കുടിക്കാറുണ്ട് ഈ ബോക്‌സിങ് താരം.

''ആരോഗ്യപരമായ നിര്‍ദേശങ്ങള്‍ ചോദിക്കുന്നവരോടെല്ലാം ഞാന്‍ പറയാറുണ്ട്. നന്നായി വെള്ളമോ ജ്യൂസോ ഇടയ്ക്കിടെ കുടിക്കണമെന്ന് . കിടക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് പാല്‍ നിര്‍ബന്ധമായും കുടിക്കണമെന്ന് എല്ലാവരോടും നിര്‍ദേശിക്കാറുണ്ട്''.

uploads/news/2019/02/291191/starhelthmericom2802019c.jpg

മെന്റല്‍ ഫിറ്റ്‌നസ് ആവശ്യഘടകം


മെന്റല്‍ ഫിറ്റ്‌നസാണ് ബോക്‌സിങിനു ഏറ്റവും ആവശ്യമായ ഘടകമെന്ന് മേരികോം വിശ്വസിക്കുന്നു. ''മാനസികമായ തയാറെടുപ്പുകള്‍ ഉണ്ടെങ്കില്‍ മാത്രമേ എതിരാളിയെ നേരിടാനാകൂ. അതുകൊണ്ട് പരിശീലനവേളയില്‍ മസ്തിഷ്‌കത്തിന്റെയും കണ്ണുകളുടെയും ഏകോപനത്തിനു അനുയോജ്യമായ വ്യായാമങ്ങള്‍ പ്രത്യേകം ചെയ്യാറുണ്ട്. ഉച്ചയ്ക്ക് ശേഷം ഞാന്‍ ജിമ്മില്‍ പോകാറുണ്ട്.

മണിക്കൂറുകളോളം ജിം വര്‍ക്കൗട്ടുകള്‍ക്കായി ചെലവിടും. പുഷ്അപ്പ്‌സും സിറ്റ് അപ്പ്‌സും ജിം എക്‌സസൈസില്‍ ഉള്‍പ്പെടും. ദിവസവും 14 കിലോമീറ്റര്‍ ഓടാറുണ്ട്.

അതോടൊപ്പം മറ്റു ഫ്‌ളോറല്‍ എക്‌സര്‍സൈസുകളും ചെയ്യും.'' ബോക്‌സിങിനോടുള്ള അര്‍പണബോധമാണ് മേരികോം എന്ന അത്‌ലറ്റിന്റെ വിജയത്തിന് പിന്നില്‍. ദിവസവും 8 മണിക്കൂര്‍ വരെ പരിശീലനം നടത്തും. രാവിലത്തെ വ്യായാമവും മറ്റു പരിശീലനങ്ങളും നാല് മണിക്കൂര്‍ ഉണ്ടാകും. വൈകുന്നേരവും നാല് മണിക്കൂര്‍ പരിശീലനങ്ങള്‍ക്കായി കണ്ടെത്തും.

ആരോഗ്യം ശ്രദ്ധിക്കും


''ആരോഗ്യകാര്യങ്ങളില്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. നല്ല ബലവും ഫിറ്റ്‌നസും ഈ പ്രൊഫഷനു വളരെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിനു കൂടുതല്‍ കരുതല്‍ നല്‍കാറുണ്ട്. ബോക്‌സിങ് രംഗത്ത് നിലനില്‍ക്കണമെങ്കില്‍ കഠിന പ്രയത്‌നവും ഫിറ്റ്‌നസും നിലനിര്‍ത്തേണ്ടതുണ്ട്.

ഫിറ്റ്‌നസ് സംരക്ഷിക്കുകയെന്നത് എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. ഫിസിക്കല്‍ ഫിറ്റ്‌നസിനൊപ്പം ബോക്‌സിങിലെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന രീതിയായ 'ഫൈറ്റിങ്' അഭ്യസിക്കുന്നതിനും സമയം കണ്ടെത്താറുണ്ട്.

uploads/news/2019/02/291191/starhelthmericom2802019b.jpg

മറ്റു കായിക വിനോദങ്ങളെക്കാള്‍ ബോക്‌സിങിലാണ് പൂര്‍ണമായും ശ്രദ്ധിച്ചത്. എങ്കിലും മാസത്തില്‍ രണ്ട് തവണ ഫുട്‌ബോള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍ ഇവയൊക്കെ കളിക്കാറുണ്ട്.

ഫിറ്റ്‌നസിനൊപ്പം ഭക്ഷണത്തിലും അതീവ ശ്രദ്ധ നല്‍കാറുണ്ട്. ടൂര്‍ണമെന്റിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ പോകുമ്പോള്‍ ചൈനീസ് ഡിഷസാണ് കഴിക്കാറുള്ളത്. അവരുടെ ഭക്ഷണസംസ്‌കാരവും ഓരോ ഭക്ഷണത്തിലും ചേര്‍ക്കുന്ന ചേരുവകളുമൊക്കെ വളരെ ഇഷ്ടമാണ്''.

എങ്കിലും ഏറ്റവും രുചികരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം വീട്ടില്‍ ഉണ്ടാക്കുന്നതു തന്നെയാണെന്ന അഭിപ്രായക്കാരിയാണ് മേരികോം. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ക്കായി ചെറിയ പച്ചക്കറി തോട്ടവുമുണ്ട്.

കുട്ടികളുടെ ഇഷ്ടം പരിഗണിക്കും


മത്സരങ്ങള്‍ക്ക് പങ്കെടുക്കാന്‍ പോകുമ്പോള്‍ കുട്ടികളെയും വീട്ടിലെ അടുക്കളയുമാണ് മേരികോം ഏറ്റവുമധികം മിസ് ചെയ്യുന്നത്. പുതിയ ഡിഷസ് പരീക്ഷിക്കാന്‍ വളരെ താല്‍പര്യം കാണിക്കാറുമുണ്ട്.

''മത്സരങ്ങളുടെ ഭാഗമായി പല രാജ്യങ്ങളിലും പോകേണ്ടതായിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ ഭക്ഷണത്തെക്കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്. ചൈനയിലെ ഭക്ഷണങ്ങളാണ് എനിക്ക് ഏറ്റവും രുചികരമായി തോന്നിയത്.

ഡയറ്റിന്റെ ഭാഗമായി എനിക്ക് വ്യത്യസ്ത ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നതില്‍ പരിമിധികളുണ്ട്. എങ്കിലും ഓരോ രാജ്യങ്ങളിലെയും ഭക്ഷണത്തിന്റെ പ്രത്യേകതകളും രുചി വൈവിധ്യങ്ങളും ചോദിച്ചറിയും. വീട്ടിലെത്തിയാല്‍ കുട്ടികള്‍ക്ക് വേണ്ടി അതു പാകം ചെയ്തു നല്‍കും.

എന്റെ അമ്മ നന്നായി ഭക്ഷണം ഉണ്ടാക്കും. പുതിയ ഡിഷസ് പരീക്ഷിക്കാന്‍ എനിക്ക് പ്രചോദനം ലഭിച്ചത് അമ്മയില്‍ നിന്നാണ്. കുട്ടികള്‍ക്ക് ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണം വളരെ ഇഷ്ടമാണ്. അവര്‍ക്ക് വേണ്ടി പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തും.

എന്റെ അമ്മ ചെറുപ്പത്തില്‍ രുചിയുള്ള ഭക്ഷണം ഞങ്ങള്‍ക്ക് ഉണ്ടാക്കി തരുമായിരുന്നു. അതുകൊണ്ട് എന്റെ കുട്ടികള്‍ക്കും അവര്‍ക്കിഷ്ടമുള്ള ഭക്ഷണങ്ങള്‍ ഞാന്‍ തയാറാക്കി നല്‍കാറുണ്ട്. കുട്ടികളുടെ സന്തോഷമാണ് എന്റെയും സന്തോഷം''.

uploads/news/2019/02/291191/starhelthmericom2802019d.jpg

സന്തോഷമാണ് ഫിറ്റ്‌നസ് മന്ത്ര


ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുകയെന്നതാണ് മേരികോമിന്റെ ഫിറ്റ്‌നസ് മന്ത്ര. ''എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കാറുണ്ട്. മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കാന്‍ എന്റേതായ രീതികളുണ്ട്.

എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ മറക്കും. അതല്ലെങ്കില്‍ ഒറ്റയ്ക്കിരുന്ന് അല്‍പനേരം പാട്ട് കേള്‍ക്കാറുണ്ട്. അങ്ങനെ മനസിനെ ശാന്തമാക്കും, പോസിറ്റീവ് എനര്‍ജിയും ലഭിക്കാറുണ്ട്.

പാട്ട് കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടമായതുകൊണ്ട് പ്രത്യേകിച്ച് സമയമൊന്നും നിശ്ചയിച്ചിട്ടില്ല. എപ്പോഴും പാട്ടുകള്‍ കേള്‍ക്കാന്‍ താല്‍പര്യമാണ്. ട്രെയ്‌നിങിന്റെ സമയത്തും പാട്ടുകള്‍ കേള്‍ക്കാറുണ്ട്.

വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പോള്‍ ഇഷ്ടമുള്ള പാട്ടുകള്‍ പ്ലേ ചെയ്യാറുണ്ട്. ഇംഗ്ലീഷ്, ഹിന്ദി ഗാനങ്ങളാണ് കൂടുതലും കേള്‍ക്കാറുള്ളത്. ലതാ മങ്കേഷ്‌കറാണ് പ്രിയ ഗായകരില്‍ ഒരാള്‍.

കടപ്പാട്:
വിവിധ വെബ്‌സൈറ്റുകള്‍

Ads by Google
Ads by Google
Loading...
TRENDING NOW