Friday, June 21, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 10.39 AM

ഞാന്‍ മാറിയിട്ടുണ്ടോ എന്ന് അറിയില്ല, എന്നെ അടുത്തറിഞ്ഞപ്പോള്‍ പ്രേക്ഷകരുടെ തെറ്റിധാരണകള്‍ മാറി- പൃഥ്വിരാജ് മനസു തുറക്കുന്നു

''മലയാളത്തിലെ യൂത്ത് ഐക്കണായ പൃഥ്വിരാജ്, സംവിധാനവും നിര്‍മ്മാണവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ്. ലൂസിഫറില്‍ പൃഥ്വി ഒളിപ്പിച്ചിരിക്കുന്ന വിസ്മയങ്ങളെന്താണെന്നറിയാനുള്ള കാത്തിരിപ്പില്‍ നയന്‍ എന്ന ചിത്രം കൂടി സമ്മാനിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് പൃഥ്വിരാജ്.''
uploads/news/2019/02/290913/prithirajINW270219.jpg

കന്യകയാണ് ആദ്യമായി പൃഥ്വിരാജിനെ അങ്ങനെ വിളിച്ചത്, യങ് സൂപ്പര്‍ സ്റ്റാര്‍ എന്ന്. വര്‍ഷങ്ങള്‍ക്കുമുമ്പ് കന്യകയുടെ മുപ്പതാമതു വാര്‍ഷികത്തിനു നടത്തിയ യൂത്ത് ഐക്കണ്‍ യുവതാരനിശയില്‍ യങ് സൂപ്പര്‍ സ്റ്റാറിനുള്ള ബഹുമതി പൃഥിക്കായിരുന്നു.

ആ വിശേഷണം അസ്ഥാനത്തായില്ലെന്നു തെളിയിക്കുന്നതായിരുന്നു പൃഥ്വിയുടെ തുടര്‍ന്നുള്ള വളര്‍ച്ച. ഭാഷകളും കടന്ന് അഭിനയവും കടന്ന് പുതിയ പുതിയ മേഖലകളിലേക്ക്, പുതിയ വഴിത്തിരിവുകളിലേക്ക്...

മലയാള സിനിമാ പ്രേക്ഷകരെ എന്നും വിസ്മയത്തിലാഴ്ത്തിയിട്ടുള്ള റിയല്‍ ഹീറോ തന്നെയാണ് പൃഥ്വിരാജ്. പൃഥ്വി എന്നും നമുക്കൊരു സ്വകാര്യ അഹങ്കാരമാണ്. മികച്ച അഭിനേതാവ് എന്ന ലേബലില്‍ നിന്നു കൊണ്ടുതന്നെ സിനിമയിലെ മറ്റ് മേഖലകളിലും കഴിവ് തെളിയിക്കുകയാണ് അദ്ദേഹം. സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന നടന്‍ എന്ന ഇമേജ് പൃഥ്വിരാജിന് മുന്‍പേ ഉള്ളതാണ്.

നടന്‍ എന്ന നിലയില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധായകനാവുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ആദ്യ പ്രോജക്ടില്‍ നിര്‍മ്മാണ പങ്കാളിയാവുന്നത് സോണി പിക്ചേഴ്സ് എന്ന ബഹുരാഷ്ട്ര വിനോദസ്ഥാപനവും.

സിനിമയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങുന്ന പൃഥ്വിയ്ക്ക് കരുത്തേകി ഭാര്യ സുപ്രിയയും ഒപ്പമുണ്ട്. നയന്‍, ലൂസിഫര്‍ എന്നീ സിനിമകളെക്കുറിച്ചും മലയാളസിനിമയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പൃഥ്വിരാജ് കന്യകയോട്.

സയന്‍സ് ഫിക്ഷന്‍ ചിത്രം എന്നു വിശേഷിപ്പിക്കാവുന്ന നയനിലേക്കെത്തിയത്?


ഇതിനുമുന്‍പുണ്ടായ സിനിമകളെല്ലാം എന്നിലേക്കെത്തിയതുപോലെ തന്നെ. 2016 ലാണ് നയന്റെ സംവിധായകന്‍ ജോനൂസ് മുഹമ്മദ് എന്നെ വിളിച്ച് ഒരു തിരക്കഥ പറയാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. അഭിനേതാവെന്ന നിലയിലാണ് ജോനൂ എന്നെ സമീപിക്കുന്നത്. കഥ കേട്ടപ്പോള്‍ തന്നെ അഭിനയിക്കാമെന്ന് സമ്മതിച്ചു.

തിരക്കഥ കേട്ട അന്നുമുതല്‍ കഥയും കഥാപാത്രവും മനസിലുണ്ട്. ഞാന്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സബ്ജക്ട് കേള്‍ക്കുന്നത്. ഇന്ത്യയില്‍ ഒരുപാടൊന്നും കണ്ട് പരിചയിച്ചിട്ടില്ലാത്ത, മലയാളത്തില്‍ വളരെ വിരളമായ വിഷയം. നയന്‍ സയന്‍സ് ഫിക്ഷന്‍ സിനിമ മാത്രമല്ല.

ഹൊറര്‍, ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണെങ്കിലും അച്ഛന്റെയും മകന്റെയും വൈകാരിക ബന്ധമാണു പ്രമേയം. അതും സാധാരണമല്ല. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ഗ്ലോബല്‍ ഇവന്റിന്റെ ഭാഗമായി ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സംഭവങ്ങളും കഥാപാത്രങ്ങളുമാണ് ഇതിവൃത്തം.

നയന്‍ പോലൊരു പരീക്ഷണചിത്രം നിര്‍മ്മിക്കാനുള്ള കാരണം?


നയന്റെ കഥ കേള്‍ക്കുന്ന സമയത്തുതന്നെയാണ് ഞാന്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് ആലോചിക്കുന്നതും. നയന്‍ കേട്ടശേഷം ഞാന്‍ സുപ്രിയയുമായത് ഡിസ്‌കസ് ചെയ്തു. നിര്‍മ്മാണം ഏറ്റെടുക്കുന്നതിനോട് സുപ്രിയയ്ക്കും എതിരഭിപ്രായമുണ്ടായില്ല.

അഭിനേതാവെന്ന നിലയില്‍ വേറിട്ട സ്വഭാവമുള്ള സിനിമകള്‍ സൃഷ്ടിക്കപ്പെടണമെന്നും കണ്ടുപഴകിയ ദൃശ്യാനുഭവങ്ങളില്‍ നിന്നു വ്യതിചലിക്കുന്ന അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കണമെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ ഞാന്‍ വക്താവായി നില്‍ക്കുന്ന ആ വിശ്വാസത്തെ താങ്ങുന്ന സിനിമയാകണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. ഞാന്‍ കണ്ടതും കേട്ടതുമായ മലയാള സിനിമകളില്‍ നയന്‍ പോലെ ഒരു സിനിമ സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.

നയനെ സയന്‍സ് ഫിക്ഷന്‍ സിനിമ എന്ന് ലേബല്‍ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. പ്രേക്ഷകരെ ചെറിയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണത്. മുഴുനീള സയന്‍സ് ഫിക്ഷന്‍ ചിത്രമല്ലത്. മലയാളികളെ സംബന്ധിച്ചിടത്തോളം ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്തൊരു തലത്തില്‍ നില്‍ക്കുന്ന സിനിമയാണത്.

എന്റെ പ്രതീക്ഷ ഇതൊരു കൊമേഴ്ഷ്യല്‍ മൂവിയാണെന്നാണ്. ധൃതഗതിയില്‍ കഥപറയുന്ന, പ്രേക്ഷകരില്‍ ആകാംക്ഷയും ഭീതിയും ഉണര്‍ത്തുന്ന, പ്രണയവും നൊമ്പരവുമൊക്കെ ഉണ്ടാക്കുന്ന സിനിമ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുമെന്നാണെന്റെ വിശ്വാസം.

നയനില്‍ നിര്‍മ്മാതാവ് കൂടിയാണ്. സംവിധായകനും നിര്‍മ്മാതാവെന്ന നിലയില്‍ സുപ്രിയയും തന്ന സപ്പോര്‍ട്ട്?


സിനിമ ഒരു വണ്‍പ്ലേയര്‍ സ്പോട്ടല്ല. അടിസ്ഥാനപരമായി വിഷന്‍ എന്നത് സംവിധാകന്റേതാണെങ്കിലും എക്സിക്യൂഷനി ല്‍ എല്ലാവരും ഭാഗമാകും. ആ പ്രവര്‍ത്തികളില്‍ പൂര്‍ണ്ണമായും വിശ്വസിക്കുക എന്നതാണ് നിര്‍മാതാവ് എന്ന രീതിയില്‍ ചെയ്യേണ്ടത്. സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടതുമുതല്‍ എന്റെ വിശ്വാസം ഈ സിനിമയ്ക്കൊപ്പമുണ്ട്.

നയനില്‍ നിര്‍മാതാവെന്ന നിലയ്ക്ക് ഞാന്‍ വലിയ ജോലിയൊന്നും ചെയ്തിട്ടില്ല. ചെക്ക് ഒപ്പിടുക എളുപ്പമുള്ള കാര്യമാണല്ലോ. ഓണ്‍ ദ ഗ്രൗണ്ട് ഫീല്‍ഡ്‌വര്‍ക്ക് ചെയ്തത് സുപ്രിയ ആണ്. സുപ്രിയയും ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശവുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുക്കാ ന്‍ പിടിച്ചത്.

uploads/news/2019/02/290913/prithirajINW270219a.jpg

നയന്‍ ഒരു സീറോ കോംപ്രമൈസ് നിലപാടില്‍ എടുത്ത സിനിമയാണ്. ഈ സിനിമ ഷൂട്ട് ചെയ്യാന്‍ ഇന്ത്യയിലെ ആദ്യത്തെ ജെമിനി 5 കെ ക്യാമറ കൊണ്ടു വന്നു. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്.

വലിയൊരു ഭാഗം മണാലിയിലെ ആഡംബര ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുഴുവനായും ബ്ലോക്ക് ചെയ്താണ് ഷൂട്ട് ചെയ്തത്. ഇതൊക്കെ ചെയ്തിട്ടും ഈ സിനിമയുടെ തുടക്കത്തില്‍ ഞാന്‍ കരുതിയിരുന്ന ബജറ്റില്‍നിന്നു കുറവേ ചെലവായുള്ളൂ. സുപ്രിയയുടെയും ഹാരിസിന്റെയും ടെക്‌നിക്കല്‍ ടീമിന്റെയും മിടുക്കാണു കാരണം.

ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനെക്കുറിച്ച്?


ലൂസിഫറിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നു. മാര്‍ച്ച് അവസാനത്തോടെ തിയേറ്ററുകളിലെത്തും. ഞാന്‍ വളരെ ഭാഗ്യം ചെയ്ത പുതുമുഖ സംവിധായകനാണെന്ന തിരിച്ചറിവെനിക്കുണ്ട്. ഞാനൊരു നടനായതുകൊണ്ടുകൂടിയാണ് ഈ പ്രോജക്ടിന് ഇത്രയും ഹൈപ് കിട്ടിയത്.

ഇത്ര വലിയൊരു അവസരം കിട്ടാന്‍ കാരണം എന്റെ സംവിധായക മികവ് മാത്രമല്ലെന്ന് എനിക്ക് നന്നായറിയാം. ഇത്രയും പ്രതിഭകളൊന്നിക്കുമ്പോഴുണ്ടാകുന്നൊരു ഹൈപ്, അതിലെ ബിസിനസ് സാധ്യത അതെല്ലാം മുമ്പില്‍ കണ്ടുകൊണ്ടാണ് എല്ലാവരും ഈ പ്രോജക്ടിലേക്ക് വന്നെത്തിപ്പെട്ടത്.

ലൂസിഫറിനെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ നന്ദിയോടെ പറയാന്‍ ആഗ്രഹിക്കുന്നത് നിര്‍മ്മാതാവിനെക്കുറിച്ചാണ്. ലൂസിഫര്‍ വളരെ ചെലവേറിയ സിനിമയാണ്. ഞാനൊരു പുതുമുഖ സംവിധായകനായിട്ടുപോലും എന്റെ മനസിലുള്ളത് എന്താണോ അതങ്ങനെ തന്നെ എടുക്കണം. അതിന് ആവശ്യമായതെല്ലാം നല്‍കണം എന്ന് വാശി പിടിച്ച നിര്‍മ്മാതാവും എന്റെ സിനിമ എന്റെ കാഴ്ചപ്പാടിനനുസരിച്ച് തന്നെ ചിത്രീകരിക്കുന്ന ഒരു നായകനടനും എനിക്കുണ്ടായിരുന്നു. അവരോടൊക്കെ നന്ദി പറയണം.

എനിക്ക് സംവിധാനത്തില്‍ യാതൊരു മുന്‍പരിചയം ഇല്ലാതിരുന്നിട്ടും ഞാന്‍ കഥ പറഞ്ഞതിലും എങ്ങനെ ചിത്രീകരിക്കുമെന്ന് പറഞ്ഞതിലും അവര്‍ വിശ്വസിച്ചു എന്നത് വലിയൊരു ആത്മവിശ്വാസം നല്‍കി.

പിന്നെ ലൂസിഫര്‍ ദൈവാനുഗ്രഹമുള്ളൊരു സിനിമയാണ്. ഷൂട്ടിനിടയില്‍ പ്രളയമടക്കമുള്ള പ്രശ്നങ്ങള്‍ വന്നിട്ടും പ്ലാന്‍ ചെയ്തതുപോലെ തന്നെയാണ് ചിത്രീകരണം പൂര്‍ത്തിയായത്. അന്തിമമായ വിധിയെഴുതേണ്ടത് പ്രേക്ഷകരാണ്.

സംവിധായകനാകാന്‍ തയാറെടുപ്പുകള്‍?


അഭിനയിച്ച നൂറോളം സിനിമകളാണെന്റെ തയാറെടുപ്പ്. ഞാന്‍ സിനിമയെക്കുറിച്ച് പഠിക്കുന്നതു സിനിമയില്‍ പ്രവര്‍ത്തിച്ചുതന്നെയാണ്. ആരുടേയും അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടില്ല.

പക്ഷേ 100 സിനിമയില്‍ സഹസംവിധായകനായാല്‍ എന്ത് പഠിക്കാന്‍ കഴിയുമോ അതാണ് അഭിനയിച്ചിട്ട് പഠിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. നാളെയൊരുപക്ഷേ ലൂസിഫര്‍ കണ്ടിട്ട് ആരെങ്കിലുമൊക്കെ വിപരീതാഭിപ്രായം പറഞ്ഞേക്കാം.

അഭിനയിച്ച സിനിമകളുടെ സംവിധായകരില്‍ റോള്‍ മോഡല്‍ എന്ന് വിശേഷിപ്പിക്കാവുന്നത്?


ഒരാളല്ല ഒരുപാട് പേരുണ്ട്. അഭിനയിച്ചിട്ടുള്ള ഓരോ സിനിമകളില്‍ നിന്നും പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നീ പാഠങ്ങളൊക്കെ ഞാന്‍ മനസിലാക്കിയത് സിനിമയില്‍ നിന്നുകൂടിയാണ്.

ഒരുപാട് സംവിധായകര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ലൂസിഫര്‍ എഴുതും മുമ്പ് എന്നെ സ്വാധീനിച്ച സംവിധായകര്‍ക്ക് ഒരു ട്രിബ്യൂട്ട് എന്ന രീതിയിലൊരു സ്‌ക്രിപ്റ്റ് ചെയ്താലോ എന്നാലോചിക്കാതിരുന്നില്ല. അതെക്കുറിച്ച് ആലോചിക്കാന്‍ തന്നെ അരമണിക്കൂറെടുത്തപ്പോള്‍ അതത്ര എളുപ്പമല്ലെന്ന് മനസിലാക്കി വേണ്ടെന്ന് വച്ചു.

uploads/news/2019/02/290913/prithirajINW270219b.jpg

ഒരു പൃഥ്വി സിനിമയില്‍ സഹതാരങ്ങള്‍ക്ക് കിട്ടുന്ന സ്പേസിനെക്കുറിച്ച്...?


എന്റെ സിനിമയില്‍ മറ്റ് നടീനടന്മാര്‍ക്ക് വളരെ നല്ലൊരു സ്പേസ് ഉണ്ടാകണമെന്നും ആ സിനിമകളിലൂടെ അവര്‍ ശ്രദ്ധിക്കപ്പെടണമെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ ഇന്ന് മലയാള സിനിമയിലുണ്ട് എന്ന വസ്തുതയില്‍ അഭിമാനിക്കാറുമുണ്ട്.

ഒന്നിലധികം നായകന്മാരുള്ള സിനിമയില്‍ അഭിനയിക്കുന്നതിലും പ്രശ്നമില്ല. ഇനി വരുന്ന സിനിമയില്‍ ഞാനും സുരാജ് വെഞ്ഞാറമ്മൂടുമാണ് നായകന്മാര്‍. സിനിമയിലുണ്ടാകുന്ന മാറ്റങ്ങളെ അംഗീകരിക്കുന്ന ആളാണ് ഞാന്‍. ഒപ്പം അഭിനയിക്കുന്നവര്‍ക്കും ശ്രദ്ധ കിട്ടണമെന്നാണ് എന്റെ ആഗ്രഹം.

നല്ല സിനിമകളുടെ ഭാഗമായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് സംവിധായകനാകുന്നത്. ഇനി നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമോ എന്ന ആശങ്കയുണ്ടോ?


അതിനി കണ്ടറിയാം.

മോഹന്‍ലാല്‍, വിവേക് ഒബ്റോയി തുടങ്ങി വലിയൊരു താരനിരയുണ്ട് ലൂസിഫറില്‍. ഇവരുടെ അഭിനയമികവ് സിനിമയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞോ?


അതിനും മറുപടി പറയേണ്ടത് പ്രേക്ഷകരാണ്. നിലവില്‍ ലൂസിഫര്‍ എന്ന ചിത്രത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്നോടൊപ്പം ആ സിനിമയില്‍ പ്രവര്‍ത്തിച്ചവരും സംതൃപ്തരാണ്. എന്റെയോ ടീമംഗങ്ങളുടെയോ വിലയിരുത്തല്‍ പൂര്‍ണ്ണമായും ശരിയായിക്കൊള്ളണമെന്നില്ല.

ഞങ്ങള്‍ വളരെ വൈകാരികമായിട്ടാണ് ലൂസിഫറിനെ നോക്കി കാണുന്നത്. ഞാനെടുത്ത ഒരു സീന്‍, ഷോട്ട് എന്നതൊക്കെ എനിക്ക് വ്യക്തിപരമായി കണക്ട് ചെയ്യാന്‍ സാധിക്കും. അത് കണ്ടിട്ട് ഗംഭീരമായിരിക്കുന്നു എന്ന് ഞാന്‍ തന്നെ പറഞ്ഞിട്ട് കാര്യമില്ല. പ്രേക്ഷകരാണത് പറയേണ്ടത്.

നടന്‍, പ്രൊഡ്യൂസര്‍, സംവിധായകന്‍ ഇതില്‍ ഏത് റോളാണ് കൂടുതല്‍ ആസ്വദിക്കുന്നത്?


ബേസിക്കലി ഞാനൊരു നടനാണ്. എന്റെ ക്രാഫ്റ്റ് അഭിനയം തന്നെയാണ്. പക്ഷേ ഞാന്‍ ഏറ്റവുമധികം എന്‍ജോയ് ചെയ്തത് ലൂസിഫര്‍ ഡയറക്ട് ചെയ്തപ്പോഴാണ്. ആ ഷൂട്ടിങ് നല്ല രസമായിരുന്നു. എല്ലാ സിനിമകളും നമ്മെ പാഠങ്ങള്‍ പഠിപ്പിക്കും. പക്ഷേ സിനിമ പഠിപ്പിക്കുന്ന രീതിക്കുള്ള പ്രത്യേകത, നമ്മള്‍ അറിയില്ല നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന്. പിന്നീടായിരിക്കും നമ്മള്‍ പോലുമറിയാതെ ആ പാഠങ്ങള്‍ പ്രയോഗിക്കുന്നത്.

ലൂസിഫറില്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചത് ഒരുപാട് അഭിനേതാക്കളുമായി അടുത്തിടപഴകാന്‍ സാധിച്ചു എന്നതാണ്. പലപ്പോഴും ഒരു അഭിനേതാവ് വ്യക്തിപരമായി കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്ന ഒരു പ്രോസസ് ഉണ്ട്.

ഒരു സീന്‍ ചെയ്യുമ്പോഴോ കഥാപാത്രം ചെയ്യുമ്പോഴോ ആ സ്‌പേസിലേക്ക് അവര്‍ കടത്തി വിടുന്നത് ഒരു സംവിധായകനെയോ റൈറ്ററെയോ മാത്രമാവും. ലാലേട്ടനെയും മഞ്ജു വാര്യരെയും പോലെമുള്ള ലെജന്‍ഡറി ആക്‌ടേഴ്‌സിന്റെ കൂടെയൊക്കെ ഓരോ സീന്‍ ചെയ്യുമ്പോഴും അത് ഞാന്‍ അനുഭവിച്ചു.

കരിയറിന്റെ തുടക്കത്തില്‍ ഏറെ തെറ്റിധരിക്കപ്പെട്ട വ്യക്തിയാണ്. ഇപ്പോള്‍ പ്രേക്ഷകരുമായുള്ള അകലം കുറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു?


ഞാന്‍ മാറിയിട്ടുണ്ടോ എന്ന് എനിക്ക് പറയാനാവില്ല. പുറത്തു നിന്ന് എന്നെ നിരീക്ഷിക്കുന്നവര്‍ക്ക് കുറച്ചുകൂടി നന്നായത് പറയാന്‍ കഴിയും. എനിക്ക് തോന്നുന്നത് ഞാന്‍ മാറിയതിനേക്കാള്‍ ഞാനെന്ന വ്യക്തിത്വത്തെ ആളുകള്‍ മനസിലാക്കിയെന്നാണ്. സോഷ്യല്‍ മീഡിയയ്ക്കും അതിലൊരു പങ്കുണ്ട്.

ഞാന്‍ സിനിമയില്‍ വരുന്ന സമയത്തൊന്നും സോഷ്യല്‍ മീഡിയയ്ക്ക് ഇത്ര പ്രചാരമുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ എന്നെക്കുറിച്ചും എന്റെ വ്യക്തിത്വത്തെക്കുറിച്ചും കുറേക്കൂടി ആധികാരികമായി മനസിലാക്കാനുള്ള പ്ലാറ്റ്ഫോമുകള്‍ പ്രേക്ഷകര്‍ക്കുണ്ട്. അതിലൂടെ എന്നെ കുറച്ചു കൂടി അടുത്തറിയാനവര്‍ക്ക് സാധിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അടുത്തറിഞ്ഞപ്പോള്‍ തെറ്റിധാരണകള്‍ പലതും മാറിയിട്ടുണ്ടാകും.

uploads/news/2019/02/290913/prithirajINW270219c.jpg

സിനിമ എന്താണെന്ന് മനസിലാക്കി വിലയിരുത്തുന്ന തരത്തിലേക്ക് പ്രേക്ഷകര്‍ വളര്‍ന്നിരിക്കുന്നു. ആ മാറ്റത്തെ എങ്ങനെ കാണുന്നു?


പ്രേക്ഷകരുടെ ഈ മാറ്റം നല്ലതാണ്. ടെക്നോളജി തിരിച്ചറിഞ്ഞ് കൈയടിക്കുന്നതിനേക്കാള്‍, നല്ല ഉള്ളടക്കത്തെ തിരിച്ചറിഞ്ഞ് അതിനെ ആസ്വദിക്കാന്‍ പഠിച്ചൊരു പ്രേക്ഷക സമൂഹം ഇവിടെ വളര്‍ന്നു വരുന്നു എന്നതിലാണ് കൂടുതല്‍ സന്തോഷം.

ഞാന്‍ സിനിമയില്‍ വന്ന സമയത്ത് സിനിമ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ തന്നെ വേറെയായിരുന്നു. പാട്ട്, ആക്ഷന്‍, സംവിധായകന്‍, നിര്‍മ്മാതാവ് ഇതൊക്കെയാണന്ന് ശ്രദ്ധിച്ചിരുന്നത്. അതൊന്നും മാനദണ്ഡങ്ങളല്ല എന്നല്ല. പക്ഷേ സിനിമയുടെ ഉള്ളടക്കമാണ് ഏറ്റവും വലുത്.

അത് നന്നായാല്‍ ആരഭിനയിച്ചാലും ഇല്ലെങ്കിലും സിനിമ വിജയിക്കുമെന്നൊരു വിശ്വാസം ഇന്നുണ്ട്. സുഡാനി ഫ്രം നൈജീരിയ യൊക്കെ അതിനുദാഹരണമാണ്. പ്രേക്ഷകര്‍ സിനിമാ മേഖലയ്ക്ക് സമ്മാനിച്ച മാറ്റമാണത്. അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കേണ്ടത് നടീനടന്മാരാണ്.

അങ്ങനെ വരുമ്പോള്‍ താരങ്ങളുടെ പ്രസക്തി നഷ്ടമാകുമോ എന്ന് പലരും സംശയിച്ചേക്കാം. തെറ്റാണത്. താരങ്ങളുടെ പുതിയ തലങ്ങള്‍ പ്രേക്ഷകര്‍ തിരിച്ചറിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ന്യൂജനറേഷന്‍ എന്ന് ഇന്നത്തെ സിനിമകള്‍ ലേബല്‍ ചെയ്യുന്നതിനെക്കുറിച്ച് ?


ആ പദപ്രയോഗത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് തോന്നുന്നു. ന്യൂജനറേഷന്‍ എന്നത് സമയബന്ധിതമായൊരു വാക്കാണ്. ഇന്ന് ന്യൂജനറേഷന്‍ എന്ന് വിലയിരുത്തപ്പെടുന്ന സിനിമകള്‍ കുറച്ചുകാലം കഴിയുമ്പോള്‍ പഴയതാവും.

എഴുപതുകളിലും ന്യൂജന്‍ സിനിമകളുണ്ടായിരുന്നു. അന്നാ പദപ്രയോഗമില്ലായിരുന്നെന്ന് മാത്രം. നിര്‍മാല്യം അന്നത്തെ ന്യൂജനറേഷന്‍ സിനിമയായിരുന്നെന്നാണ് എന്റെ അഭിപ്രായം. സൗന്ദര്യ സങ്കല്‍പ്പങ്ങളിലും തിരക്കഥയിലും അഭിനയത്തിലും ഭയങ്കരമായ വിപ്ലവം സൃഷ്ടിച്ച സിനിമയാണത്. അച്ഛന്റെ ആദ്യ സിനിമ!

നയന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഏത് തരം സിനിമകളാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്്?


നല്ല സിനിമകള്‍ എന്നൊരു മാനദണ്ഡമേയുള്ളൂ. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന, വിനോദം പകരുന്ന സിനിമകളായിരിക്കും. കണ്ടുപഴകിയ അനുഭവങ്ങള്‍ സമ്മാനിക്കാത്ത സിനിമകളായിരിക്കണം എന്നൊരു നിര്‍ബന്ധമേയുള്ളൂ. അതില്‍ ആക്ഷന്‍, കോമഡി, സയന്‍സ് ഫിക്ഷന്‍, ഫാമിലി എന്നിങ്ങനെ എല്ലാ ശ്രേണിയിലും ഉള്‍പ്പെടുന്ന സിനിമകള്‍ വരാം.

ഏതെങ്കിലുമൊരു കഥാപാത്രം പിന്തുടരുന്നതായി തോന്നിയിട്ടുണ്ടോ?


എനിക്കുമാത്രമല്ല, എല്ലാ നടീനടന്മാര്‍ക്കുമങ്ങനെ ഉണ്ടാകുമെന്ന് തോന്നുന്നു. ഒരു സിനിമ ചെയ്യുമ്പോള്‍ 60 അല്ലെങ്കില്‍ 120 ദിവസത്തോളം ഷൂട്ടുണ്ടാകാം. ഓരോ സിനിമ ചെയ്തു കഴിയുമ്പോഴും അതിലെ കഥാപാത്രത്തിന്റെ ഹാങ്ങോവര്‍ ചെറുതായിട്ടുണ്ടാകും.

എനിക്കാ ഹാങ്ങോവര്‍ പൂര്‍ണ്ണമായും നഷ്ടമാകുന്നത് പുതിയൊരു സിനിമയുടെ സെറ്റില്‍ ചെല്ലുമ്പോഴാണ്. ഒരു സിനിമയുടെ ചുറ്റുപാടില്‍ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് ചെന്ന് ആ കഥാപാത്രമായി മാറുന്നതുവരെ മുമ്പ് ചെയ്ത കഥാപാത്രത്തിന്റെ ആത്മാവ് അഭിനേതാവിലുണ്ടാകും.

സിനിമ സംവിധായകന്റെ കലയോ അതോ അഭിനേതാവിന്റേതോ?


അടിസ്ഥാനപരമായി സിനിമ ടീം വര്‍ക്കാണ്. സംവിധായകന് ഒറ്റയ്ക്കൊരു നല്ല സിനിമ ചെയ്യാന്‍ കഴിയില്ല. അഭിനേതാവിന് ഒറ്റയ്ക്ക് നല്ല പ്രകടനം കാഴ്ച വയ്ക്കാനാവില്ല. തിരക്കഥാകൃത്ത് എത്ര നല്ല തിരക്കഥ എഴുതിയാലും അതൊരു നല്ല സിനിമയാവണം എന്നില്ല. ഇവയെല്ലാം ചേര്‍ന്ന് വരുമ്പോള്‍ മാത്രമാണ് സിനിമ എന്ന കലാരൂപം മികച്ച അനുഭവമായി മാറുന്നത്.
uploads/news/2019/02/290913/prithirajINW270219d.jpg

അലംകൃത ജീവിതത്തില്‍ വന്നശേഷമുള്ള മാറ്റങ്ങള്‍?


എന്നേക്കാള്‍ എനിക്കു ചുറ്റും നില്‍ക്കുന്നവര്‍ക്കാണ് ആ മാറ്റം കൂടുതല്‍ മനസിലാകുന്നത്. ഒരാള്‍ അച്ഛന്‍/അമ്മ ആയി മാറുമ്പോള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന പാഠം ക്ഷമയാണ്. ഏത് തൊഴില്‍ മേഖലയിലും വേണ്ട ഒന്നുമാണത്. പ്രത്യേകിച്ച് സിനിമയില്‍. അച്ഛന്‍ എന്ന നിലയില്‍ ഇപ്പോഴെനിക്ക് കുറച്ചുകൂടി ക്ഷമാശീലമുണ്ടായിട്ടുണ്ടാകാം.

പൃഥ്വിയുടെ സിനിമകളിെല അച്ഛന്‍-മകന്‍ ബന്ധവും ജീവിതവും?


ഞാനിതുവരെ ചെയ്ത സിനിമകളിലെ അച്ഛന്‍-മകന്‍ കഥാപാത്രങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാത്ത ബന്ധമായിരുന്നു ഞാനും അച്ഛനും തമ്മിലുണ്ടായിരുന്നത്. ഞാന്‍ സിനിമയിലെത്തിയതൊന്നും കാണാന്‍ അച്ഛനിന്നില്ലല്ലോ എന്നതാണെന്റെ സങ്കടം.

അച്ഛന്റെ കൂടി പ്രവര്‍ത്തനമേഖലയായ സിനിമയില്‍ ഇന്ന് ഞാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ കാണാന്‍ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്നഗ്രഹിക്കാറുണ്ട്. ഞാനും അച്ഛനും ഒരിക്കലും സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 13 വയസേയുള്ളു. ഞാനും ചേട്ടനും നടന്മാരാകുമെന്ന് അച്ഛനമ്മയോട് പറഞ്ഞതായി അമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ അഭിനയിക്കണമെന്നോ സിനിമയിലെത്തണമെന്നോ അച്ഛന്‍ എന്നോട് പറഞ്ഞിട്ടില്ല.

കഥാപാത്രത്തിനായുള്ള തയാറെടുപ്പുകള്‍?


എന്റെ തയാറെടുപ്പുകളെപ്പോഴും സ്‌ക്രിപ്റ്റിനെ ആസ്പദമാക്കിയാണ്. സ്‌ക്രിപ്റ്റില്‍ എത്രത്തോളം ക്ലാരിറ്റി കൂടുന്നവോ നടന്റെ പെര്‍ഫോമന്‍സും അത്രത്തോളം സൂക്ഷ്മത കൂടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നയനിലെ ആല്‍ബര്‍ട്ട് ലൂയിസണ്‍ ഒരുപാട് സങ്കീര്‍ണ്ണതകളുള്ള കഥാപാത്രമാണ്. സിനിമയുടെ ഓരോ ഘട്ടത്തിലും കഥാപാത്രരൂപീകരണത്തിന്റെ വ്യക്തതയാണ് എന്റെ പെര്‍ഫോമന്‍സ് നന്നാക്കാന്‍ സഹായിച്ചത്.

ഒരു സിനിമയിലെത്തുമ്പോള്‍ അതിന്റെ തിരക്കഥ വളരെ വ്യക്തമായി, ആഴത്തില്‍ പഠിച്ചിരിക്കുന്ന ഒരാളായി ഞാന്‍ മാറിയിട്ടുണ്ടാവും. തിരക്കഥ ആഴത്തില്‍ മനസിലേക്ക് ആവാഹിക്കുന്ന പ്രക്രിയയിലൂടെ കഥാപാത്രത്തിന്റെ രൂപം, മാനറിസങ്ങള്‍ എന്നിവ സബ്കോണ്‍ഷ്യസ് തലത്തില്‍ കയറിക്കൂടും.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW