Friday, June 21, 2019 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 03.22 PM

കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍

''കുട്ടികളിലെ ഇത്തരം മാറ്റങ്ങള്‍ ചില പെരുമാറ്റവൈകല്യങ്ങളുടെ പ്രകടനമായി മാത്രം കണകാക്കിയാല്‍ മതി. തലച്ചോറിലെ സ്വഭാവത്തെ നിയന്ത്രിക്കുന്ന ഭാഗത്ത് (ബിഹേവിയറല്‍ ഏരിയയില്‍) ഉണ്ടാകുന്ന പ്രശ്‌നങ്ങളും പെരുമാറ്റവൈകല്യത്തിന് കാരണമാകാം. ഇത് മരുന്നുകളിലൂടെ പരിഹരിക്കാവുന്നതാണ്''
uploads/news/2019/02/290686/kidspersntyproblm260219.jpg

അച്ചടക്കത്തോടെ വളര്‍ത്തിയ കുട്ടി പെട്ടെന്നൊരു ദിവസം മോശമായ ഭാഷ സംസാരിക്കുമ്പോള്‍, മറ്റു കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍ അമ്പരന്നുപോകും. എവിടുന്നു കിട്ടി അവന് ഈ ദുശീലങ്ങളെല്ലാം?

രക്ഷകര്‍ത്താക്കളെന്ന നിലയില്‍ ഇത് തങ്ങളുടെ പരാജയമാണോയെന്നുവരെ അവര്‍ ചിന്തിച്ചേക്കാം. 'അനുസരണയില്ലാത്ത കുട്ടി' എന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പഴികൂടിയാകുമ്പോള്‍ കുറ്റബോധം ഇരട്ടിക്കും.

ഇത്തരം സാഹചര്യങ്ങളില്‍ കുട്ടിയെ കുറ്റപ്പെടുത്തി അമിത ശിക്ഷകള്‍ നല്‍കി നേര്‍വഴിക്കു കൊണ്ടുവരാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ കുട്ടികളിലെ ഇത്തരം മാറ്റങ്ങള്‍ ചില പെരുമാറ്റവൈകല്യങ്ങളുടെ പ്രകടനമായി മാത്രം കണക്കാക്കിയാല്‍ മതി. തലച്ചോറിലെ സ്വഭാവത്തെ നിയന്ത്രിക്കുന്ന ഭാഗത്ത് (ബിഹേവിയറല്‍ ഏരിയയില്‍) ഉണ്ടാകുന്ന പ്രശ്‌നങ്ങളും പെരുമാറ്റവൈകല്യത്തിന് കാരണമാകാം. ഇത് മരുന്നുകളിലൂടെ പരിഹരിക്കാവുന്നതാണ്.

എന്തുകൊണ്ട് ഇങ്ങനെയൊക്കെ


കുട്ടികള്‍ വളരുന്തോറും അവര്‍ക്ക് വൈകാരികമായ പല ഘട്ടങ്ങളിലൂടെയും കടന്നു പോകേണ്ടി വരുന്നു. ഉത്കണ്ഠ, നിരാശ, കോപം, അസൂയ എന്നിങ്ങനെ ഒട്ടേറെ വികാരങ്ങള്‍ കുഞ്ഞുമനസുകളില്‍ കയറിക്കൂടുന്നു. ഇത്തരം കടുത്ത വികാരങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അവന് അതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞെന്നുവരില്ല. ഇത് കുട്ടിയുടെ സ്വഭാവത്തില്‍ പ്രതിഫലിക്കുകയും പെരുമാറ്റവൈകല്യമായി പ്രകടമാകുകയും ചെയ്യുന്നു.

കുട്ടികളില്‍ കാണപ്പെടുന്ന പെരുമാറ്റവൈകല്യങ്ങള്‍ മാനസിക വളര്‍ച്ചക്കനുസരിച്ചും സാഹചര്യങ്ങളനുസരിച്ചും അവര്‍ക്കുണ്ടാകുന്ന ആവശ്യങ്ങളനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. രണ്ട് വയസുവരെയുള്ള കുട്ടികളെ നിയന്ത്രണങ്ങള്‍ക്കു വിധേയമാക്കിയാല്‍ അവര്‍ കോപിച്ചു കരയുകയും അസ്വസ്ഥതരാവുകയും ചെയ്യാം.

വലുതാകുന്തോറും അവര്‍ ചുറ്റുപാടുകളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ തുടങ്ങുന്നു. അതോടെ ഉപദ്രവിക്കാനുള്ള ചിന്തകള്‍, ദുഃസ്വപ്നങ്ങള്‍, മരണ ഭയം എന്നീ അസ്വസ്ഥതകളിലൂടെ ഉത്കണഠ പ്രകടമാകുന്നു. കുട്ടികളില്‍ സാധാരണ കാണപ്പെടുന്ന പെരുമാറ്റവൈകല്യങ്ങള്‍ ഇവയാണ്.

അമിതകോപം


ആവശ്യപ്പെടുന്നതെന്തെങ്കിലും നല്കാതെ വരികയോ അപകടമുണ്ടാക്കുന്ന എന്തെങ്കിലും പ്രവര്‍ത്തികളില്‍നിന്ന് തടയുകയോ ചെയ്യുമ്പോള്‍ മിക്ക കുട്ടികളും അമിതകോപം പ്രകടിപ്പിക്കാറുണ്ട്. ഒന്നര വയസിനും നാലു വയസിനും ഇടയിലുള്ള കുട്ടികളിലാണ് ഇതു സാധാരണ കണ്ടുവരുന്നത്. ദുശാഠ്യംകൊണ്ട് അവര്‍ പരക്കം പായുകയും കണ്ണില്‍കണ്ടതെല്ലാം എടുത്തെറിഞ്ഞെന്നും വരാം.
uploads/news/2019/02/290686/kidspersntyproblm260219a.jpg

തറയില്‍ കിടന്നുരുളുകയും തലതല്ലി കരയുകയും ചെയ്യാം. കുട്ടിക്ക് അസ്വസ്ഥത പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഒഴിവാക്കാനാണ് മാതാപിതാക്കള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അവരുടെ എല്ലാ നിര്‍ബന്ധങ്ങളും സാധിച്ചു കൊടുക്കണമെന്നല്ല. കര്‍ക്കശമായ രീതികള്‍ ഒഴിവാക്കി നയപരമായി അവനെ അതില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കണം.

1. കുട്ടി വാശിപിടിക്കാന്‍ തുടങ്ങുമ്പോള്‍ അവന്റെ ശ്രദ്ധ മറ്റെന്തെങ്കിലും കാര്യത്തിലേക്ക് തിരിച്ചുവിടുക.
2. സാധനങ്ങള്‍ നശിപ്പിക്കാനുള്ള അവസരം നല്‍കരുത്.
3. ദുശാഠ്യം പിടിക്കുമ്പോള്‍ കുട്ടിക്കു പരിക്കു പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം.
4. കുട്ടിയുടെ വാശിക്ക് ഒരിക്കല്‍ വഴങ്ങികൊടുത്താല്‍ അവനില്‍ തെറ്റായ ധാരണ ഉണ്ടാകാന്‍ ഇത് കാരണമാകും. ഭാവിയില്‍ അനാവശ്യ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രോത്സാഹനമായി ഇത് മാറാം.
5. വാശിപ്പിടിക്കുന്നതിന് അവനെ ശിക്ഷിക്കരുത്. പ്രായമാകുമ്പോള്‍ ശരിയായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവന് കഴിവുണ്ടാകും.
6. ആറ് വയസിനു മുകളിലുള്ള കുട്ടികള്‍ ദുശാഠ്യം തുടരുന്നതു കണ്ടാല്‍ തീര്‍ച്ചയായും വിദഗ്ധ സഹായം തേടാവുന്നതാണ്.

അക്രമവാസന


ആവശ്യമുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ മിക്ക കുട്ടികളും ആക്രമണത്തിന്റെ മാര്‍ഗം സ്വീകരിക്കാറുണ്ട്. നാലു വയസുവരെയുള്ള കുട്ടികളില്‍ പൊതുവേ കാണപ്പെടുന്നൊരു പ്രശ്‌നമാണിത്. മറ്റുള്ളവരെ കടിക്കുക, ഇടിക്കുക, അടിക്കുക എന്നിങ്ങനെ ഏതെങ്കിലും രീതിയിലുള്ള ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഭൂരിപക്ഷം കുട്ടികളും ഒരിക്കലെങ്കിലും ഏര്‍പ്പെട്ടിരിക്കാം. അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഒരു മാര്‍ഗം മാത്രമാണിത്. ക്ഷമയില്ലായ്മയാണ് ഇതിന് ഒരു പ്രധാന കാരണം.

ടെലിവിഷനിലും മറ്റും കാണുന്ന അക്രമസംഭവങ്ങള്‍ ഇവര്‍ക്ക് പ്രോത്സാഹനമാകാറുണ്ട്. അതുപോലെ അച്ഛനമ്മമാര്‍ തമ്മിലുള്ള വാക്കുതര്‍ക്കങ്ങളും ലഹളകളും അതേ രീതിയില്‍ പ്രകടിപ്പിക്കാനുള്ള പ്രവണതയും ഇവര്‍ കാണിക്കാറുണ്ട്. മുതിര്‍ന്നവര്‍ ആവര്‍ത്തിച്ചുള്ള ഉപദേശങ്ങള്‍ നല്‍കിയിട്ടും കുട്ടിക്ക് ഈ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രത്യേക പരിചരണം ആവശ്യമാണ്.

1. കുട്ടിയോട് ശാന്തമായി ക്ഷോഭത്തിന്റെ കാരണം എന്താണെന്നു ചോദിച്ചു മനസിലാക്കണം.
2. മാനസികമായി അലട്ടുന്ന പ്രശ്‌നങ്ങള്‍ കയ്യാങ്കളിയിലൂടെയല്ല വാക്കുകളിലൂടെയാണ് പ്രകടിപ്പേക്കേണ്ടതെന്ന് അവരെ ബോധ്യപ്പെടുത്തുക.
3. ഉപദേശിച്ചിട്ടും കുട്ടി അക്രമവാസന തുടരുകയാണെങ്കില്‍ ഉറച്ച സ്വരത്തില്‍തന്നെ താക്കീത് ചെയ്യുക.
4. ചില അസുഖങ്ങള്‍ക്കുള്ള മരുന്നു കഴിക്കുന്നവരില്‍ അക്രമവാസന കാണാറുണ്ട്.

അനുസരണയില്ലായ്മ


ബാല്യം വിട്ട് കൗമാരത്തിലേക്ക് കുട്ടി കടക്കാന്‍ തുടങ്ങുന്നതോടെ മിക്ക മാതാപിതാക്കളെയും അലട്ടുന്ന പ്രശ്‌നമാണ് അനുസരണയില്ലായ്മയും നിഷേധ സ്വഭാവവും. കുട്ടികള്‍ സ്വന്തം വ്യക്തിത്വം നേടിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.

സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം കഴിക്കാനും വസ്ത്രം തെരഞ്ഞെടുക്കാനുമൊക്കെ ഇഷ്ടപ്പെടുന്ന പ്രായമാണിത്. കുട്ടികളുടെ ജീവിതത്തിലെ വളരെ സങ്കീര്‍ണമായ ഒരു കാലഘട്ടമാണിത്. അതിനാല്‍ ഈ പ്രായത്തില്‍ വളരെ കരുതലോടെയും ക്ഷമയോടെയും അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ മാതാപിതാക്കള്‍ക്കും കഴിയണം.

1. കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാവുന്നതാണ്. എന്നാല്‍ എല്ലാ കാര്യത്തിലും ഒരു പരിധി ഉണ്ടായിരിക്കണം.
2. കുട്ടിക്കു പരിധി നിര്‍ണയിക്കുന്ന കാര്യത്തില്‍ അച്ഛന്റെയും അമ്മയുടെയും കാഴ്ചപ്പാടുകള്‍ ഒരുപോലെയായിരിക്കണം.

uploads/news/2019/02/290686/kidspersntyproblm260219c.jpg

മോഷണസ്വഭാവം


ഇഷ്ടപ്പെടുന്നതെല്ലാം വാങ്ങി നല്‍കിയിട്ടും മക്കള്‍ മറ്റുള്ളവരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്നറിഞ്ഞാല്‍ ഏത് അച്ഛനും അമ്മയുമാണ് തളര്‍ന്നു പോകാത്തത്. എന്നാല്‍ ഒരു കുട്ടി മോഷണം നടത്തുന്നതു കണ്ടാല്‍ അവന്റെ പ്രായം കണക്കാക്കി മാത്രമേ ആ സംഭവം ഗൗരവമായെടുക്കാന്‍ പാടുള്ളൂ. ആറു വയസുവരെയുള്ള കുട്ടിക്ക് കടയില്‍നിന്ന് ഒരു സാധനം വിലകൊടുക്കാതെയെടുക്കുന്നത് തെറ്റാണെന്ന ബോധം ഉണ്ടാകില്ല.

കൗതുകകരമായി തോന്നുന്നവ കൈക്കലാക്കുക എന്ന രീതിയാണവര്‍ക്ക്. ചില കുട്ടികള്‍ അച്ഛനമ്മമാര്‍ തന്നെ സ്‌നേഹിക്കുന്നില്ലെന്ന ധാരണയില്‍ മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഉപാധിയായി മോഷണം നടത്തിയേക്കാം. മറ്റു ചില കുട്ടികള്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന വസ്തുക്കള്‍ മാതാപിതാക്കള്‍ വാങ്ങികൊടുക്കാതെ വരുമ്പോള്‍ മോഷണം നടത്താം.

1. കുട്ടിയെ മോഷണത്തിലേക്കു നയിച്ച കാരണങ്ങള്‍ ശാന്തമായി ചോദിച്ചു മനസിലാക്കണം. മോഷണം സമൂഹം അംഗീകരിക്കാത്ത ഒരു പ്രവര്‍ത്തിയാണെന്ന് അവരെ മനസിലാക്കണം.
2. മുതിര്‍ന്നവര്‍ എത്ര ശ്രമിച്ചിട്ടും കുട്ടിയുടെ മോഷണശീലം നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ വിദഗ്ധ സഹായം തേടാന്‍ മടിക്കരുത്.

വിരല്‍കുടി


മിക്ക കുട്ടികളിലും കണ്ടുവരുന്ന വളരെ സാധാരണമായ ഒരു പ്രശ്‌നമാണ് വിരല്‍കുടി. നടക്കാന്‍ തുടങ്ങുമ്പോഴേക്കും ഈ ശീലം മാറുന്നതുമാണ്. എന്നാല്‍ ചില കുട്ടികള്‍ ഒരു വയസിനുശേഷവും വിരല്‍കുടി തുടര്‍ന്നു വരാറുണ്ട്. ഇത് പലപ്പോഴും മാനസിക അസ്വസ്ഥതകളുടെ ഭാഗമായിരിക്കാം. അമിത ലജ്ജാശീലം സുരക്ഷിതത്വ ബോധമില്ലായ്മ, അമിത ഭയം എന്നിവയെല്ലാം വിരല്‍കുടി തുടരുന്നതിന് കാരണമാവാം. മാതാപിതാക്കള്‍ അടുത്തില്ലാത്ത കുട്ടികള്‍ക്ക് സാന്ത്വനത്തിന്റെ അനുഭവമായിരിക്കും ഇത് നല്‍കുന്നത്.

ആറുവയസുവരെ വിരല്‍കുടി ഗുരുതരമായ ഒരു പ്രശ്‌നമല്ല. പാല്‍പ്പലുകള്‍ പോയി സ്ഥിര ദന്തങ്ങള്‍ വരുന്നതോടെ പല്ലുകള്‍ പൊങ്ങിവരുന്നതിനും ക്രമം തെറ്റുന്നതിനുമൊക്കെ വില്‍ക്കുടി കാരണമാകാം. ചില കുട്ടികള്‍ ഇടയ്ക്കുവച്ച് നിര്‍ത്തിയ വിരല്‍കുടി വീണ്ടും തുടങ്ങുന്നതായി കാണാറുണ്ട്. വീട്ടില്‍ അപരിചിതനായ അതിഥി വരുക, ആദ്യമായി സ്‌കൂളില്‍ പോകുക തുടങ്ങി അരക്ഷിതബോധമുണ്ടാകുന്ന സമയങ്ങളിലായിരിക്കും ഇത് ആവര്‍ത്തിക്കുന്നത്.

കിടക്കയില്‍ മൂത്രമൊഴിക്കല്‍


ചെറിയ പ്രായത്തില്‍ കിടന്നുമുള്ളുന്നത് സാധാരണമാണ്. മൂന്ന് വയസാകുന്നതോടെ കുട്ടി പകല്‍ സമയത്ത് മൂത്രം നിയന്ത്രിക്കാനുള്ള കഴിവ് നേടിയിരിക്കും. ഇതോടെ ഈ പ്രശ്‌നത്തിന് പരിഹാരവുമാകും. രാത്രിയില്‍ ഈ കഴിവ് നേടിയെടുക്കാന്‍ കുറച്ചു കാലം കൂടിയെടുക്കും. എന്നാല്‍ ചില കുട്ടികള്‍ക്ക് ഇതിനു കഴിയാതെ വരുന്നു. മൂത്രമൊഴിക്കാന്‍ ചെറുപ്പത്തിലേ ശീലിപ്പിക്കാത്തതുകൊണ്ടോ ശക്തമായ മാനസികസമ്മര്‍ദങ്ങളോ കുട്ടിയുടെ ചുറ്റുപാടില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളോ ഒക്കെ ഇതിനു കാരണമായിത്തീരാറുണ്ട്.

മൂത്രനാളിയിലെ അണുബാധ പോലുള്ള ശാരീരിക പ്രശ്‌നങ്ങളും ചിലപ്പോള്‍ കുട്ടി അറിയാതെ തന്നെ കിടക്കയില്‍ മൂത്രം പോകുന്നതിന് കാരണമാകാം. കുട്ടിയെ ഡോക്ടറെ കാണിച്ച് രോഗമില്ലെന്ന് ഉറപ്പാക്കിയതിനുശേഷം മനഃശാസ്ത്രപരമായ പഠനങ്ങള്‍ നടത്തുക.

1. കിടന്നു മൂത്രം ഒഴിക്കുന്ന ദിവസങ്ങളില്‍ കുട്ടിയെ വഴക്കു പറയുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. അത് നിശബ്ദമായി അവഗണിക്കുക.
2. കുട്ടി ഉറങ്ങി 45 മിനിറ്റിനുശേഷം എഴുന്നേല്‍പ്പിച്ച് മൂത്രമൊഴിപ്പിക്കുക. ഇത് മൂത്രം നിയന്ത്രിക്കാനുള്ള കഴിവ് ഒരുപരിധിവരെ കിട്ടാന്‍ സഹായിക്കും.
3. മൂത്രമൊഴിക്കാത്ത ദിവസങ്ങളില്‍ കുട്ടിയെ അഭിനന്ദിച്ച് സംസാരിക്കുക.
4. അത്താഴത്തിനുശേഷം കുട്ടിക്ക് പാനീയങ്ങള്‍ നല്‍കാതിരിക്കുക.

എത്ര പരിശീലനം നല്‍കിയാലും കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം തുടരുന്ന കുട്ടികളുണ്ട്. അങ്ങനെയുള്ളവര്‍ക്ക് കിടക്കയില്‍ ഘടിപ്പിക്കാവുന്ന അലാറം നിര്‍ദേശിക്കാറുണ്ട്. ഉറക്കത്തില്‍ കുട്ടി മൂത്രമൊഴിക്കാന്‍ തുടങ്ങുമ്പോള്‍ അലാറം മുഴങ്ങുന്നു. ഇങ്ങനെ കുട്ടി ഉണര്‍ന്നു മൂത്രമൊഴിക്കാന്‍ ടോയ്‌ലറ്റില്‍ പോകുന്നതാണ്. കുറച്ചു മാസത്തേക്ക് ഇത് ശീലിക്കുന്നതിലൂടെ മൂത്രം നിയന്ത്രിക്കാനുള്ള കഴിവ് കുട്ടിക്ക് കിട്ടും.

uploads/news/2019/02/290686/kidspersntyproblm260219b.jpg

പേടി സ്വപ്നങ്ങള്‍


രാത്രിയില്‍ പേടി സ്വപ്നങ്ങള്‍ കണ്ട് കുട്ടി ഞെട്ടി ഉണര്‍ന്നു കരയാം. മൂന്ന് നാലു വയസാകുന്നതോടെയാണ് കുട്ടികള്‍ പേടി സ്വപനങ്ങ കണ്ട് ഉണര്‍ന്നു തുടങ്ങുന്നത്.

പേടിപ്പെടുത്തുന്ന ടെലിവിഷന്‍ പരിപാടികളും സിനിമയും കാണുക, ഭീകരകഥകള്‍ വായിക്കുക എന്നിവയെല്ലാം ഇതിനു കാരണമാകാം. അവരെ സംബന്ധിച്ചിടത്തോളം യക്ഷികളും ചെകുത്താന്‍മാരും രാക്ഷസന്മാരും പകല്‍ കാണുന്ന കാര്യങ്ങള്‍പ്പോലെ യഥാര്‍ഥമായി രാത്രിയില്‍ കാണുന്നു.

സാധാരണയായി കുട്ടികള്‍ വളര്‍ന്നു കഴിയുന്നതോടെ ഇത്തരം പ്രശ്‌നങ്ങളെ സ്വയം മറികടക്കുന്നതാണ്. എന്നാല്‍ പ്രായമായശേഷവും രാത്രിയിലെ പേടി തുടരുകയും ഉറക്കത്തില്‍ ഞെട്ടിയുണരുകയോ ചെയ്യുന്നുണ്ടെങ്കില്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണ്.

1. ഞെട്ടി ഉണരുന്ന കുട്ടിയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും അവര്‍ക്ക് ആത്മധൈര്യം പകര്‍ന്നു നല്‍കുകയും വേണം.
2. രാത്രിയില്‍ മുറിക്കകത്ത് ചെറിയ വെളിച്ചമുള്ള ബള്‍ബ് കത്തിക്കുന്നത് നല്ലതാണ്.
3. പേടിപ്പെടുത്തുന്ന സിനിമകളും പരിപാടികളും കാണുന്നതും ഭീകരകഥകള്‍ വായിക്കുന്നതും നിയന്ത്രിക്കുക.

നല്ല മാതാപിതാക്കളാകാം


1. കുസൃതി കുട്ടിയുടെ പഠനത്തെ ബാധിക്കുകയും സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം..
2. കുട്ടികളുടെ നല്ല റോള്‍മോഡലാകാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കാരണം സ്വയം അച്ചടക്കം പാലിച്ചാല്‍ മാത്രമേ കുട്ടികളെ അച്ചടക്കം ശീലിപ്പിച്ചിട്ടു കാര്യമുള്ളൂ.
3. കുട്ടികളുടെ മുമ്പില്‍വച്ച് രക്ഷിതാക്കള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കരുത്.

4. വടിയെടുക്കുന്നതിനേക്കാള്‍ നല്ലത് എന്തുകൊണ്ടാണ് ഒരു കാര്യം ചെയ്യണ്ട എന്നു പറഞ്ഞതെന്ന് കുട്ടിയെ മനസിലാക്കണം.
5. അക്രമ സ്വഭാവമുള്ള കംപ്യൂട്ടര്‍ ഗെയിംസ് ഒഴിവാക്കുക.
6. കുട്ടിയുടെ യഥാര്‍ഥ പ്രശ്‌നമെന്താണെന്നും അതിന്റെ കാരണമെന്താണെന്നും മാതാപിതാക്കള്‍ അറിയാന്‍ ശ്രമിക്കണം.

7. കുഞ്ഞിന് സ്‌നേഹവും പ്രോത്സാഹനവും നല്‍കി അവനില്‍ ശുഭാപ്തി വിശ്വാസം നിറയ്ക്കണം.
8. നല്ല പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അവരെ അഭിനന്ദിക്കുക.
9. അനാരോഗ്യകരമായ കുറ്റപ്പെടുത്തലുകളും താരതമ്യപ്പെടുത്തലുകളും ആരോഗ്യകരമല്ല. ഇത് നിഷേധ സ്വഭാവം പ്രകടിപ്പിക്കാന്‍ കാരണമാകാം.

10. കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവര്‍ക്ക് പരിഗണന നല്‍കാനും മടികാണിക്കരുത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്വന്തം കഴിവിനെക്കുറിച്ച് മതിപ്പുണ്ടാകാന്‍ ഇത് സഹായിക്കും.
11. പരസ്പര വിശ്വാസവും സ്‌നേഹവും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടി മാനസികമായി സുരക്ഷിതനായിരിക്കും.

കടപ്പാട്:
ഡോ. ലീന ഷെലിന്‍
ഡെവലപ്‌മെന്റല്‍ ആന്‍ഡ്
ബിഹേവിയറല്‍ പീഡിയാട്രീഷന്‍, കൊച്ചി

Ads by Google
Tuesday 26 Feb 2019 03.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW